ലാത്തൂരില്‍ നിന്നും ലോക്‌സഭയില്‍ എത്തിയത് ഏഴു തവണ; ആദ്യ യുപിഎ സര്‍ക്കാരില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി: അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ശിവരാജ് പാട്ടീലിന് ആദരാഞ്ജലികള്‍
അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി ശിവരാജ് പാട്ടീലിന് ആദരാഞ്ജലികള്‍
ലാത്തൂര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ ശിവരാജ് പാട്ടീല്‍ അന്തരിച്ചു. 91 വയസ്സായിരുന്നു. കാലത്ത് 6:30 ഓടെ ലാത്തുരിലെ വസതിയിലായിരുന്നു അന്ത്യം. അസുഖബാധിതനായി ദീര്‍ഘനാളായി വീട്ടില്‍ ചികിത്സയിലായിരുന്നു.
ലോക്‌സഭാ സ്പീക്കര്‍, കേന്ദ്ര മന്ത്രിസഭയിലെ വിവിധ പ്രധാന വകുപ്പുകള്‍ തുടങ്ങി നിരവധി സ്ഥാനങ്ങള്‍ ശിവരാജ് പാട്ടീല്‍ തന്റെ നീണ്ട രാഷ്ട്രീയ ജീവിതത്തില്‍ വഹിച്ചിട്ടുണ്ട്. ലാത്തൂരില്‍നിന്ന് ഏഴു തവണയാണ് ശിവരാജ് പാട്ടില്‍ ലോക്‌സഭയിലെത്തിയത്. 2004 മുതല്‍ 2008വരെ ആദ്യ യുപിഎ സര്‍ക്കാരില്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്നു. മഹാരാഷ്ട്രയിലെ ലാത്തുര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് ഏഴ് തവണ അദ്ദേഹം വിജയിച്ചിട്ടുണ്ട്.
2004 മുതല്‍ 2008 വരെ ആഭ്യന്തരമന്ത്രിയായിരുന്നു. 1991 മുതല്‍ 1996 വരെ ലോക്സഭയുടെ 10-ാമത് സ്പീക്കറായിരുന്നു. 2010 മുതല്‍ 2015 വരെ പഞ്ചാബിന്റെ ഗവര്‍ണറായും ചണ്ഡീഗഢ് കേന്ദ്രഭരണ പ്രദേശത്തിന്റെ അഡ്മിനിസ്ട്രേറ്ററായും അദ്ദേഹം സേവനമനുഷ്ഠിച്ചു. 2008ല്‍ മുംബൈ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ശിവരാജ് പാട്ടീല്‍ രാജിവച്ചിരുന്നു.
1935 ഒക്ടോബര്‍ 12-ന് ലാത്തൂരില്‍ വിശ്വനാഥ റാവുവിന്റെയും ഭാഗീരഥി ഭായിയുടേയും മകനായി ജനിച്ച പാട്ടീല്‍, ലത്തൂരിലെ മുനിസിപ്പല്‍ കൗണ്‍സില്‍ ചീഫായിട്ടാണ് തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. 70-കളുടെ തുടക്കത്തില്‍ എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഹൈദരാബാദിലുള്ള ഒസ്മാനിയ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിഎസ്സിയും ബോംബെ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് നിയമ ബിരുദവും നേടി.