മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരിയമ്മ അന്തരിച്ചു; അന്ത്യം എളമക്കരയിലെയിലെ വസതിയില്‍; വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു; സംസ്‌കാരം നാളെ
കൊച്ചി: നടന്‍ മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരിയമ്മ അന്തരിച്ചു. 90 വയസായിരുന്നു. പക്ഷാഘാതത്തെ തുടര്‍ന്ന് 10 വര്‍ഷത്തിലേറെയായി ചികിത്സയിലായിരുന്നു ശാന്തകുമാരിയമ്മ. മോഹന്‍ലാലും വീട്ടിലേക്ക് എത്തിയിട്ടുണ്ട്. പരിചരിക്കുന്ന ആളുകളാണ് മരണസമയത്ത് ശാന്തകുമാരി അമ്മയുടെ ഒപ്പമുണ്ടായിരുന്നത്. കൊച്ചി എളമക്കരയിലെയിലെ മോഹന്‍ലാലിന്റെ വസതിയിലായിരുന്നു താമസം. അമ്മയുമായി അതീവ ഹൃദയബന്ധം പുലര്‍ത്തിയിരുന്ന മോഹന്‍ലാല്‍, തിരക്കുകള്‍ക്കിടയിലും അമ്മയുടെ പരിചരണത്തിനായി സമയം കണ്ടെത്തിയിരുന്നു. നിയമ സെക്രട്ടറിയായിരുന്ന പരേതനായ വിശ്വനാഥന്‍ നായരാണ് ഭര്‍ത്താവ്. മൂത്തമകന്‍ പ്യാരിലാല്‍ 2000 ല്‍ മരണപ്പെട്ടിരുന്നു.
എളമക്കരയില്‍ വീടിനടുത്തുള്ള അമൃത ആശുപത്രിയിലാണ് ശാന്തകുമാരിയമ്മയുടെ ചികിത്സ നടത്തിയിരുന്നത്. മരണവിവരം അറിഞ്ഞ് സഹപ്രവര്‍ത്തകരും സിനിമാപ്രവര്‍ത്തകരും വീട്ടിലേക്ക് എത്തിച്ചേരുന്നുണ്ട്. അമ്മക്കൊപ്പമുള്ള മനോഹരമായ ചിത്രങ്ങളാണ് മോഹന്‍ലാല്‍ പങ്കുവെച്ചിട്ടുള്ളത്. പല വേദികളിലും അമ്മയെക്കുറിച്ച് അതിവൈകാരികമായി ലാല്‍ സംസാരിച്ചിട്ടുണ്ട്. 89ാം പിറന്നാള്‍ ദിനത്തില്‍ അമ്മയ്ക്കായി മോഹന്‍ലാല്‍ എളമക്കരയിലെ വീട്ടില്‍ സംഗീതാര്‍ച്ചന നടത്തിയിരുന്നു.
മലയാളികളുടെ പ്രിയതാരം മോഹന്‍ലാലിന്റെ സിനിമാ ജീവിതത്തിലെ വലിയൊരു സ്വാധീനമായിരുന്നു ശാന്തകുമാരി. പല വേദികളിലും അദ്ദേഹം അത് തുറന്നുപറയുകയും ചെയ്തിട്ടുണ്ട്. അടുത്തിടെ തനിക്ക് ലഭിച്ച ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്‌കാര നേട്ടം അമ്മയ്‌ക്കൊപ്പം പങ്കുവെക്കാന്‍ സാധിച്ചത് വലിയ ഭാഗ്യമെന്ന് മോഹന്‍ലാല്‍ പ്രതികരിച്ചിരുന്നു. പുരസ്‌കാരം ലഭിച്ചവിവരം അറിഞ്ഞ് നടന്‍ ആദ്യം സന്ദര്‍ശിച്ചതും അമ്മയെ ആയിരുന്നു.