തിരിച്ചു പോയാലും താങ്കള്‍ക്കൊന്നുമില്ല; എന്നാല്‍ ഞങ്ങള്‍ക്കങ്ങനെയല്ല; അച്ഛന്‍ മരിച്ചശേഷം ആ സ്ഥാനത്തുനിന്ന് ഞങ്ങള്‍ക്കുവേണ്ട എല്ലാ ഉത്തരവാദിത്വവും നിറവേറ്റിയതാണ് താങ്കള്‍! അങ്ങനെ മാധവ്ജി ഡല്‍ഹിയില്‍ തുടര്‍ന്നു; വിടവാങ്ങിയത് പ്രിയങ്കയുടെ ഈ കത്തില്‍ തീരുമാനം മാറ്റിയ ഒല്ലൂരുകാരന്‍

Update: 2024-12-18 02:17 GMT

തൃശ്ശൂര്‍: തികച്ചും അപ്രതീക്ഷിതമായിരുന്നു, സോണിയാഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി പി.പി. മാധവന്റെ മരണം. ഗാന്ധി കുടുംബവുമായി ഏറെ അടുപ്പമുണ്ടായിരുന്നു മാധവ്ജിയെന്ന പിപി മാധവന്. പി. പി. മാധവന്‍ ഭട്ടതിരിയുടെ ഭാര്യ സാവിത്രി അന്തര്‍ജനത്തെ തൃശ്ശൂരിലെ വീട്ടിലെത്തി ആശ്വസിപ്പിച്ച രാഹുല്‍ഗാന്ധി നല്‍കിയതും എത്രത്തോളം പ്രധാനപ്പെട്ട വ്യക്തിയായിരുന്നു മാധവ്ജിയെന്ന സന്ദേശമാണ്. സോണിയാഗാന്ധിയുടെയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെയും പ്രിയങ്കയുടെയും പേരിലുള്ള റീത്തുകളും രാഹുല്‍ ഗാന്ധി സമര്‍പ്പിച്ചു. ആദരമര്‍പ്പിച്ചശേഷം കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചാണ് അദ്ദേഹം മടങ്ങിയത്.

ഇന്ദിരാഗാന്ധിയുടെ കാലംമുതല്‍ ഗാന്ധി കുടുംബത്തോട് ചേര്‍ന്നുനിന്ന പി.പി. മാധവന്റെ വിരമിക്കല്‍ പ്രായം 60 തന്നെയായിരുന്നു. വിരമിച്ചാല്‍ നാട്ടിലേക്ക് തിരികെപ്പോകാനായിരുന്നു പിപി മാധവനും ആഗ്രഹിച്ചത്. എല്ലാവരും സമ്മതിച്ചു. ഇതിനിടെയാണ് പ്രിയങ്കാഗാന്ധിയുടെ ആ കത്ത് എല്ലാം തിരുത്തിയത്. 'തിരിച്ചുപോയാലും താങ്കള്‍ക്കൊന്നുമില്ല, കാരണം ഞങ്ങളെക്കൊണ്ട് താങ്കള്‍ക്ക് പ്രത്യേകിച്ചൊന്നും കിട്ടാനില്ല. എന്നാല്‍, ഞങ്ങള്‍ക്കങ്ങനെയല്ല, താങ്കള്‍ ഏറെ വിലപ്പെട്ടതാണ്. അച്ഛന്‍ മരിച്ചശേഷം ആ സ്ഥാനത്തുനിന്ന് ഞങ്ങള്‍ക്കുവേണ്ട എല്ലാ ഉത്തരവാദിത്വവും നിറവേറ്റിയതാണ് താങ്കള്‍.' കത്തിലെ ഈ വരികള്‍ മാധവ്ജിയെ സ്വാധീനിച്ചു. അങ്ങനെ ഡല്‍ഹിയില്‍ തുടര്‍ന്നു.

തികച്ചും അപ്രതീക്ഷിതമായിരുന്നു, സോണിയാഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി പി.പി. മാധവന്റെ മരണം. വിവരമറിഞ്ഞ സോണിയയും പ്രിയങ്കയും അപ്പോള്‍ത്തന്നെ ഡല്‍ഹിയിലെ വസതിയിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു. രാഹുല്‍ പുണെയിലായിരുന്നു. സോണിയയും വല്ലച്ചിറയിലെ തറവാട്ടിലെത്തുമെന്നായിരുന്നു ആദ്യസൂചന. എന്നാല്‍, സോണിയയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ഇത് വേണ്ടെന്ന് വച്ചു. കെ.സി. വേണുഗോപാല്‍ എം.പി., പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, രമേശ് ചെന്നിത്തല, വി.എം. സുധീരന്‍ തുടങ്ങിയവരും രാഹുലിനൊപ്പം ആദരാഞ്ജലികളര്‍പ്പിച്ചു.

മന്ത്രി കെ. രാജന്‍, കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍, എം.എല്‍.എ.മാരായ കെ.കെ. രാമചന്ദ്രന്‍, റോജി എം. ജോണ്‍, സനീഷ് കുമാര്‍ ജോസഫ്, ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത്, കൈതപ്രം ദാമോദരന്‍ നമ്പൂതിരി തുടങ്ങിയവരും അന്ത്യോപചാരമര്‍പ്പിച്ചു. തൃശ്ശൂര്‍ ഒല്ലൂര്‍ തൈക്കാട്ടുശ്ശേരി പട്ടത്ത് മനയ്ക്കല്‍ കുടുംബാംഗമായിരുന്നു മാധവന്‍. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലായിരുന്നു അന്ത്യം. കുഴഞ്ഞുവീണ അദ്ദേഹത്തെ എയിംസില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അര നൂറ്റാണ്ടോളം കാലം ഗാന്ധി കുടുംബവുമായി ചേര്‍ന്നു പ്രവര്‍ത്തിച്ച മാധവന് ആദരാഞ്ജലി അര്‍പ്പിക്കാാണ് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തൃശൂരിലെ വീട്ടിലെത്തിയത്. നമ്പര്‍ 10 ജന്‍പഥിലെ സന്ദര്‍ശകര്‍ക്കും നേതാക്കള്‍ക്കും മറക്കാനാവാത്ത വ്യക്തിത്വമായിരുന്നു മാധവന്റേത്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് മാത്രമല്ല വളര്‍ന്നു വരുന്ന യുവ നേതാക്കള്‍ക്കും മാര്‍ഗദര്‍ശനമേകി സഹായങ്ങളും ഉപദേശങ്ങളുമായി ഡല്‍ഹിയില്‍ മാധവനുണ്ടായിരുന്നു. വലിപ്പച്ചെറുപ്പം നോക്കാതെ 10 ജന്‍പഥിലേക്കെത്തുന്ന സന്ദര്‍ശകരെ സ്വീകരിച്ച ഗാന്ധി കുടുംബത്തിന്റെ വിശ്വസ്ഥനായ പ്രൈവറ്റ് സെക്രട്ടറി.

തൃശൂര്‍ ഒല്ലൂര്‍ തൈക്കാട്ടുശേരിയിലെ പിപി മാധവന്‍ ജീവിതത്തിലെ ഏറിയ കാലവും ഡല്‍ഹിയിലായിരുന്നു. ചെറുശ്ശേരി പട്ടത്ത് മനയ്ക്കല്‍ കുടുംബാംഗമായ മാധവന്‍ ഡല്‍ഹിയിലെ രാഷ്ട്രീയ നീക്കങ്ങളും അധികാരച്ചരടു വലികളും ഏറെക്കണ്ടയാളാണ്. 1984ല്‍ വിന്‍സെന്റ് ജോര്‍ജ് എന്ന കരുത്തനായ പ്രൈവറ്റ് സെക്രട്ടറി രാജീവ് ഗാന്ധിയുടെ സഹായിയായി എത്തുന്നു. 1991 ല്‍ രാജീവിന്റെ മരണത്തെ തുടര്‍ന്ന് അദ്ദേഹം സോണിയയുടെ സെക്രട്ടറിയായി തുടര്‍ന്നു. ഡല്‍ഹിയിലെ അധികാര കേന്ദ്രങ്ങളിലെ കരുത്തനായിരുന്ന വിന്‍സെന്റ് ജോര്‍ജിനെ പിന്തുടര്‍ന്നാണ് മാധവന്‍ സോണിയയുടെ സെക്രട്ടറിയായി എത്തിയത്.

ഒല്ലൂരിലെ പിപി മാധവന്റെ അദ്ദേഹത്തിന്റെ വീട്ടിലെത്തിയ രാഹുല്‍ ഗാന്ധി 45 മിനുട്ടോളം അവിടെ ചെലവഴിച്ചു. ബന്ധുക്കളെ ആശ്വസിപ്പിച്ചു. മാധവന്റെ മൃതദേഹത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. കേന്ദ്ര ഗവണ്‍മെന്റ് ജീവനക്കാരനായി ഡല്‍ഹി ജീവിതം ആരംഭിച്ച മാധവന്‍ ഇന്ത്യന്‍ ഇന്റലിജന്‍സില്‍ ജോലി ചെയ്തിരുന്ന സഹോദരന്‍ വഴിയാണ് പ്രധാനമന്ത്രിയുടെ ഓഫിസില്‍ ഒഴിവുണ്ടെന്ന് അറിയുന്നത്. പിന്നീട് സാക്ഷാല്‍ ഇന്ദിരാ ഗാന്ധിക്ക് മുന്നിലേക്ക്.

പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി നേരിട്ടാണ് അദ്ദേഹത്തിന്റെ അഭിമുഖം നടത്തിയത്. 'ഐ തിങ്ക് ദിസ് ബോയ് ഈസ് ഗുഡ്, ടേക്ക് ഹിം' എന്നാണ് അഭിമുഖത്തിന് ശേഷം മാധവനെ കുറിച്ച് ഇന്ദിരാ ഗാന്ധി ഫയലില്‍ കുറിച്ചത്. ഇന്ദിരാ ഗാന്ധിക്ക് ശേഷം രാജീവ് ഗാന്ധിയുടെ നിഴലായും പിപി മാധവന്‍ കൂടെയുണ്ടായിരുന്നു. പിന്നീട് സോണിയാ ഗാന്ധിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി.

Tags:    

Similar News