എങ്കില്‍ ക്യമാറയും കൂടെ ചാടട്ടേ.... വിജയേട്ടന് ബിസിനസ് പറ്റില്ല..... 'നമ്മളില്‍ ആര്‍ക്കാണ് കൂടുതല്‍ സൗന്ദര്യം? കാപട്യങ്ങളെയും കപട ആത്മീയതയെയും വിചാരണ ചെയ്ത സമാനതകളില്ലാത്ത 'ചിന്താവിഷ്ടയായ ശ്യാമള'; സുന്ദരിയായ ഭാര്യയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയ തളത്തില്‍ ദിനേശന്‍; തിരക്കഥ മോഷ്ടിച്ച ഉദയനാട് താരം; അരക്ഷിതാവസ്ഥയുടെയും സംശയരോഗത്തിന്റെയും പരിച്ഛേദം; ശ്രീനിവാസന്‍ വരച്ചുകാട്ടിയത് മധ്യവര്‍ഗ്ഗ പ്രതിസന്ധികള്‍

Update: 2025-12-20 05:05 GMT

കൊച്ചി: മലയാള സിനിമയിലെ റിയലിസ്റ്റിക് സിനിമകളുടെ സുവര്‍ണ്ണകാലത്തിന് പുതിയ അര്‍ത്ഥതലങ്ങള്‍ നല്‍കിയ രണ്ട് ക്ലാസിക്കുകളാണ് 'വടക്കുനോക്കിയന്ത്രം', 'തലയണമന്ത്രം' എന്നീ ചിത്രങ്ങള്‍. ശ്രീനിവാസന്റെ തൂലികയില്‍ പിറന്ന സംവിധാനത്തില്‍ ശ്രദ്ധേയമായ ചിത്രം. ശ്രീനിവാസന്റെ തന്റെ സിനിമാ ബുദ്ധി കൊണ്ട് മലയാള പ്രേക്ഷകരെ കീഴടങ്ങിയ സംവിധായക സംരഭമായിരുന്നു രണ്ടും. രണ്ടും സൂപ്പര്‍ഹിറ്റ്.

മലയാളിയുടെ ശരാശരി മനോഭാവങ്ങളെയും അപകര്‍ഷതാബോധത്തെയും ഇത്രമേല്‍ കൃത്യമായി മറ്റൊരു ചലച്ചിത്രകാരനും വെള്ളിത്തിരയില്‍ അടയാളപ്പെടുത്തിയിട്ടില്ല. 'വടക്കുനോക്കിയന്ത്രം' എന്ന ചിത്രത്തിലെ തളത്തില്‍ ദിനേശന്‍ വെറുമൊരു കഥാപാത്രമല്ല, മറിച്ച് പല പുരുഷന്മാരും ഉള്ളില്‍ ഒളിപ്പിച്ചുവെച്ചിരിക്കുന്ന അരക്ഷിതാവസ്ഥയുടെയും സംശയരോഗത്തിന്റെയും പരിച്ഛേദമായിരുന്നു. സ്വന്തം വ്യക്തിത്വത്തെക്കുറിച്ച് ആത്മവിശ്വാസമില്ലാത്ത ഒരു മനുഷ്യന്‍ തന്റെ സുന്ദരിയായ ഭാര്യയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നതും, അതിനായി നടത്തുന്ന വിഫലമായ പരിശ്രമങ്ങളും ഹാസ്യത്തിന്റെ അകമ്പടിയോടെ അവതരിപ്പിക്കുമ്പോള്‍ തന്നെ അത് പ്രേക്ഷകന്റെ ഉള്ളില്‍ ഒരു വിങ്ങലായി പടര്‍ന്നു. 'നമ്മളില്‍ ആര്‍ക്കാണ് കൂടുതല്‍ സൗന്ദര്യം?' എന്ന ദിനേശന്റെ ചോദ്യം ഇന്നും മലയാളിയുടെ അപകര്‍ഷതാബോധത്തിന് നേരെയുള്ള പരിഹാസമായി തുടരുന്നു.

കാപട്യങ്ങളെയും കപട ആത്മീയതയെയും ശ്രീനിവാസന്‍ വിചാരണ ചെയ്ത സമാനതകളില്ലാത്ത സൃഷ്ടിയാണ് 'ചിന്താവിഷ്ടയായ ശ്യാമള'. ഒരു കുടുംബനാഥന്‍ തന്റെ ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടി ആത്മീയതയുടെയും സന്യാസത്തിന്റെയും വഴിതേടി പോകുന്നത് എത്രത്തോളം വലിയ വിഡ്ഢിത്തമാണെന്ന് ഈ ചിത്രത്തിലൂടെ അദ്ദേഹം ലോകത്തിന് കാണിച്ചുകൊടുത്തു. ഈ സിനിമയിലെ 'ക്യാമറയും കൂടെ ചാടട്ടെ' എന്ന പ്രയോഗം ശ്രീനിവാസന്റെ നിശിതമായ പരിഹാസത്തിന്റെ മറ്റൊരു അടയാളമാണ്. 'ക്യാമറയും കൂടെ ചാടട്ടെ' എന്നത് ഏതൊരു അഭിനയത്തെയും കാപട്യത്തെയും പരിഹസിക്കാന്‍ മലയാളി ഉപയോഗിക്കുന്ന മൂര്‍ച്ചയുള്ള വാക്കായി നിലനില്‍ക്കുന്നു.

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത 'തലയണമന്ത്രം' മധ്യവര്‍ഗ്ഗ മലയാളി കുടുംബങ്ങളിലെ ദുരഭിമാനത്തെയും അത്യാഗ്രഹത്തെയും പച്ചയായി വരച്ചുകാട്ടി. കാഞ്ചന എന്ന കഥാപാത്രത്തിലൂടെ മറ്റുള്ളവരെ അനുകരിക്കാനും അവര്‍ക്ക് മുകളില്‍ നില്‍ക്കാനും ശ്രമിക്കുന്ന ഒരു ശരാശരി മലയാളിയുടെ മാനസികാവസ്ഥയെ ശ്രീനിവാസന്‍ തന്റെ തിരക്കഥയിലൂടെ കീറിമുറിച്ചു. സ്വന്തം ചുറ്റുപാടുകളെ അംഗീകരിക്കാന്‍ മടിക്കുന്നതും, ആര്‍ഭാടങ്ങള്‍ക്ക് പിന്നാലെ ഓടി ഒടുവില്‍ സ്വയം കുഴിയില്‍ വീഴുന്നതുമായ മനുഷ്യരുടെ കഥ പറഞ്ഞ ഈ ചിത്രം സാമൂഹിക വിമര്‍ശനത്തിന്റെ ഉത്തമ ഉദാഹരണമായി.

വലിയ ലോകത്തെ ചെറിയ മനുഷ്യരുടെ ജീവിതവും ചെറിയ ലോകത്തെ വലിയ മനുഷ്യരുടെ ജീവിതവും അസാധാരണ ശൈലിയില്‍ പകര്‍ത്തി എഴുതിയ അതുല്യ കലാകാരനായിരുന്നു ശ്രീനിവാസന്‍. തൊട്ടതെല്ലാം പൊന്നാക്കിയ മലയാള സിനിമയിലെ ബഹുമുഖ പ്രതിഭ. അഞ്ച് പതിറ്റാണ്ട് നീണ്ട ശ്രീനിവാസന്റെ സിനിമാ ജീവിതം അവസാനിക്കുന്നത് മറ്റാര്‍ക്കും എത്തിപ്പിടിക്കാന്‍ കഴിയാത്ത നേട്ടങ്ങളോടെയാണ്. അതാണ് ശ്രീനാവാസിന്റെ എഴുത്തിന്റെ ആഴവും അഭിനയത്തിന്റെ പരപ്പും.

പ്രിയദര്‍ശന്‍ ചെയ്ത ചതിയാണ് തന്നെ തിരക്കഥാകൃത്ത് ആക്കിയതെന്ന് ശ്രീനിവാസന്‍ പതിവ് ശൈലിയില്‍ സരസമായി പലവട്ടം പറഞ്ഞിട്ടുണ്ട്. എന്നാല്‍ അത് മലയാള സിനിമയുടെ ഭാഗ്യമായിരുന്നെന്ന് കാലം തെളിയിച്ചു. ഊതി കാച്ചിയെടുത്ത പൊന്നു പോലെ ശ്രീനിവാസന്‍ എഴുതിയതും അഭിനയിച്ച് ഫലിപ്പിച്ചതുമായ കഥാപാത്രങ്ങള്‍ മിക്കതും നമുക്ക് ചിരപരിചയമുള്ളവരായിരുന്നു. അത്രമേല്‍ മലയാളി പൊതുസമൂഹത്തോട് ചേര്‍ന്ന് നില്‍ക്കുന്നവരായിരുന്നു. അതുവരെയുള്ള നായക സങ്കല്‍പ്പത്തെ പൊളിച്ചെഴുതുന്നതായിരുന്നു. അതുകൊണ്ടാണ് അതെല്ലാം കാലാതിവര്‍ത്തിയാകുന്നത്. തലയണമന്ത്രവും വടക്കുനോക്കിയന്ത്രവും ചിന്താവിഷ്ടയായ ശ്യാമളയുമൊക്കെ ക്ലാസിക്കുകള്‍ ആകുന്നതും അങ്ങനെയാണ്.

അസാധാരണ മനക്കരുത്തിന്റേയും പോരാട്ടവീര്യത്തിന്റെയും പ്രതീകമായിരുന്നു ശ്രീനിവാസന്‍. ഒരു ശരാശരി മലയാളിയുടെ ജീവിതത്തിന്റെ വിവിധ തലങ്ങള്‍ ഹൃദയസ്പര്‍ശിയായി ശ്രീനിവാസന്‍ എഴുതി, അഭിനയിച്ച് ഫലിപ്പിച്ചു. അതില്‍ നഗ്നമായ ജീവിത യാഥാര്‍ഥ്യങ്ങളുണ്ട്, പ്രണയമുണ്ട്, വിരഹമുണ്ട്, നിസഹായതയുണ്ട്, നിഷ്‌കളങ്കമായ സ്നേഹമുണ്ട്, സൗഹൃദമുണ്ട്, വെറുപ്പും പ്രതികാരവുമുണ്ട്, നെഞ്ചില്‍ തറയ്ക്കുന്ന ആക്ഷേപഹാസ്യമുണ്ട്, നിശിതമായ വിമര്‍ശനമുണ്ട്, അപ്രിയ സത്യങ്ങളുമുണ്ട്.

Tags:    

Similar News