എല്ലാത്തിനും അതിന്റെതായ സമയുമുണ്ട് ദാസാ! പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത്; തേങ്ങ ഉടയ്ക്ക് സ്വാമി; ലളിതമായ സംഭാഷണങ്ങളില്‍ ശ്രീനിവാസന്‍ ഒളിപ്പിച്ചത് ആക്ഷേപഹാസ്യത്തിന്റെ വലിയ ലോകം; മലയാളികളെ ചിരിയുടെയും ചിന്തയുടെയും ലോകത്തേക്ക് തുറന്നുവിട്ട് കാലത്തെ അതിജീവിച്ച ശ്രീനിവാസന്‍ സംഭാഷണങ്ങളുടെ കഥ

Update: 2025-12-20 05:15 GMT

തിരുവനന്തപുരം: തോപ്പില്‍ ഭാസിയും എസ്.എല്‍.പുരവും മുതല്‍ ടി.എ. റസാക്ക് വരെ നാടകപാരമ്പര്യമുളളവരായിരുന്നു ഒരു കാലത്ത് മലയാള സിനിമയിലെ തിരക്കഥാകൃത്തുക്കള്‍.ഇവരില്‍ നിന്ന് മാറി എംടി, പത്മരാജന്‍ എന്നിങ്ങനെ മലയാള തിരക്കഥയെ ഇതിവൃത്തപരായി മറ്റൊരു തലങ്ങളിലേക്ക് എത്തിച്ച എഴുത്തുകാര്‍ കടന്നു വന്നപ്പോഴും അടിസ്ഥാനപരമായി സാഹിത്യകാരന്‍മാരായ അവരുടെ രചനകളില്‍ സാഹിത്യാംശം ഏറി നിന്നിരുന്നു.കഥാപാത്രങ്ങളുടെ സംഭാഷണങ്ങളില്‍ പോലും അച്ചടിഭാഷയുടെ സ്വാധീനം പ്രകടമായി.എന്നാല്‍ ഈ ഒരു രീതിയെ അപ്പാടെ പൊളിച്ചുകളഞ്ഞാണ് ശ്രീനിവാസന്‍ മലയാള സിനിമയില്‍ തൂലിക ചലിപ്പിച്ചത്.

ശ്രീനിവാസന്റെ തിരക്കഥകളില്‍ ഫാന്റസിയുടെ നേരിയ അംശം പോലും കാണാനാവില്ല.ജീവിതത്തില്‍ നിന്ന് ചീന്തിയ ചോര തുടിക്കുന്ന ഏടുകളാണ് അദ്ദേഹത്തിന്റെ ഓരോ രചനയും. ദൈനംദിന ജീവിതത്തില്‍ മനുഷ്യന്‍ നേരിടുന്ന പ്രശ്‌നങ്ങളെ കൃത്യമായി അഭിസംബോധന ചെയ്യാന്‍ അദ്ദേഹം വ്യഗ്രത കാട്ടി.പ്രമേയ സ്വീകരണത്തില്‍ മാത്രമല്ല ആഖ്യാനത്തിലും കഥാസന്ദര്‍ഭങ്ങളും സംഭാഷണങ്ങളും രൂപപ്പെടുത്തുന്നതിലും അദ്ദേഹം പുതിയ പാത തന്നെ തുറന്നു.അന്നുവരെ മലയാളി കണ്ടുശീലിച്ച ആക്ഷേപഹാസ്യമായിരുന്നില്ല ശ്രീനിവാസന്റെത്.തന്റെ ചുറ്റുപാടുകളില്‍ നിന്നും കണ്ടെത്തി അതിന്റെ ഹാസ്യത്തിന്‍രെ മേമ്പൊടി ചേര്‍ത്താണ് അദ്ദേഹം അവതരിപ്പിച്ചത്.അതിനാല്‍ തന്നെ ആ തൂലികയില്‍ പിറന്ന സംഭാഷണങ്ങള്‍ അത്രയും കാലത്തെ അതിജീവിക്കുന്നതായിരുന്നു.

ശ്രീനിവാസന്റെ ശ്രദ്ധേയമായ ചില സംഭാഷണങ്ങളെ പരിശോധിക്കാം

1.എല്ലാത്തിനും അതിന്റെതായ സമയമുണ്ട് ദാസ: എന്നും ഏത് അവസരത്തിലും മലയാളി എടുത്തു പ്രയോഗിക്കുന്ന ശ്രീനിവാസന്‍ സംഭാഷണമാണ് എല്ലാത്തിന്റെ അതിന്റെതായ സമയമുണ്ട് ദാസ എന്ന നാടോടിക്കാറ്റിലെ സംഭാഷണം.അഭ്യസ്ഥ വിദ്യരും ജോലിയില്ലാത്തതുമായ യുവാക്കളുടെ അവസ്ഥയെ വളരെ മനോഹരമായി ചിത്രീകരിച്ച സിനിമയിലെ ഈ സംഭാഷണം സാന്ദര്‍ഭീകമായും അല്ലാതെയും മലയാളി ഇന്നും പ്രയോഗിക്കുന്നു.

2.വിഘടന വാദികളും പ്രതിക്രിയ വാദികളും തമ്മിലുള്ള സജീവമായ അന്തര്‍ധാര: കാലത്തെ അതീജീവിത്ത സിനിമ ഇറങ്ങിയ കാലം തൊട്ട് ഈ കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പില്‍ വരെ ഏവരും എടുത്ത് പ്രയോഗിച്ച നിരവധി രാഷ്ട്രീയ ആക്ഷേപഹാസ്യ സംഭാഷണങ്ങളാല്‍ സമ്പന്നമാണ് സന്ദേശം സിനിമ.എന്നാലും നമ്മള്‍ എങ്ങിനെ തോറ്റു? എല്ലാവരും സാക്ഷരത നേടിയതാണ് നമുക്ക് തിരിച്ചടിയായത്, പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത് തുടങ്ങി എണ്ണമറ്റ നുറുങ്ങു സംഭാഷണങ്ങള്‍.ഈ ചിത്രത്തിലെ തന്നെ ശ്രദ്ധേയമായ ഒരു സംഭാഷണമാണ് വിഘടനവാദികളും പ്രതിക്രിയ വാദികളും തമ്മിലുള്ള അന്തര്‍ധാര സജീവമാണ് എന്നത്.പാര്‍ട്ടി ക്ലാസുകളിലെ പ്രയോഗങ്ങളെ ഇത്രമേല്‍ പൊള്ളിച്ച സംഭാഷണം വേറെയുണ്ടോ എന്നത് തന്നെ സംശയമാണ്.

3.നടി കുളത്തിലേക്ക് ചാടുകയാണല്ലോ.. ക്യാമറയും ചാടട്ടെ: ചിന്തവിഷ്ടയായ ശ്യാമളയിലെ നടി കുളത്തിലേക്ക് ചാടുകയാണല്ലോ ക്യാമറയും ചാടട്ടെ എന്ന സംഭാഷണം ഇന്നും പല സന്ദര്‍ഭങ്ങളിലും ഉപയോഗിച്ചുവരുന്നതാണ്.അറിയാത്ത മേഖലയില്‍ ജോലിക്കെത്തുമ്പോള്‍ സന്ദര്‍ഭത്തിന് അനുസരിച്ചല്ലെങ്കിലും മലയാളി ഈ സംഭാഷണം എടുത്ത് പ്രയോഗിക്കുന്നതായി കാണാം.അതുപോലെ തന്നെ സ്റ്റാര്‍ട്ട് ആക്ഷന്‍ കട്ട് ഇതിലേതാ മനസിലാകാത്തത് എന്ന സംഭാഷണവും കാലത്തെ അതിജീവിച്ചതാണ്.

4. എനിക്കുണ്ട് ചില പ്രശ്‌നങ്ങള്‍, തനിക്കുമുണ്ട് അതിലേറെ പ്രശ്‌നങ്ങള്‍, എങ്കില്‍ പിന്നെ ആ പ്രശ്‌നങ്ങള്‍ പരസ്പരം പങ്കിട്ട് നമുക്ക് ഒരുമിച്ച് പൊയ്ക്കൂടെ: വരവേല്‍പ്പ് എന്ന സിനിമയിലെ നായികാ നായകന്മാരുടെ പ്രണയം പങ്കുവെക്കുന്ന ഈ രംഗത്തിലെ സംഭാഷണങ്ങളും മലയാളിക്ക് മറക്കാനാവാത്തതാണ്.സാധാരണക്കാരന്റെ പ്രണയാഭ്യര്‍ത്ഥനയെ ഇത്രയും മനോഹരമായി അവതരിപ്പിച്ച സംഭാഷണങ്ങള്‍ ശ്രീനിവാസന്‍ സിനിമകളില്‍ കാണാം.മിഥുനത്തിലെ ശ്രീനിവാസന്റെ തന്റെ കഥാപാത്രം പറയുന്ന ഒരാള്‍ക്ക് ഒരാളെ പ്രണയിക്കാന്‍ ആരുടെയും സമ്മതം വേണ്ട എന്ന സംഭാഷണവും മലയാളി പലയാവര്‍ത്തി എടുത്തുപയോഗിച്ചതാണ്.

5.ഇവിടെ വരുന്നവര്‍ക്കെല്ലാം നൂറു രൂപ വച്ചുകൊടുക്കുന്നെന്ന് കേട്ടു: അഴകിയ രാവണനിലെ ശ്രീനിവാസന്‍ തന്നെ അവതരിപ്പിച്ച നോവലിസ്റ്റ് അമ്പുജാക്ഷന്‍ പറയുന്ന ഇവിടെ വരുന്നവര്‍ക്കൊക്കെ നൂറുരൂപ വച്ചു കൊടുക്കുന്നുണ്ടെന്ന് കേട്ടു.. അത് വാങ്ങാന്‍ വന്നതാണ് എന്ന സംഭാഷണവും ശ്രീനിവാസന്റെ ശ്രദ്ധേയ സംഭാഷണമാണ്.സൗഹൃദങ്ങള്‍ക്കിടയിലും ചില സന്ദര്‍ഭോചിതമായും ഇന്നും നമ്മുടെ നിത്യജീവിതിത്തില്‍ മായാതെ നില്‍ക്കുന്നുണ്ട് ഈ രംഗം.

6.മേക്കപ്പിനൊക്കെ ഒരു പരിധിയില്ലടെയ്: സിനിമാ മേഖലയെ അതേ മേഖലയിലിരുന്നുകൊണ്ട് നിശിതമായി വിമര്‍ശിച്ച ചിത്രമായിരുന്നു ഉദയനാണ് താരം.സിനിമാരംഗത്തെ പൊങ്ങച്ചത്തെ പൊളിച്ചുകളഞ്ഞ നിരവധി സംഭാഷണങ്ങള്‍ ഇതില്‍ കാണം.മേക്കപ്പിനൊക്കെ ഒരു പരിധിയില്ലടെയ്..ഇങ്ങനെ വേണം അഭിനയിക്കാന്‍ അവന് ബുദ്ധിയുണ്ട്..എന്റെ തല എന്റെ ഫുള്‍ ഫിഗര്‍.. എന്റെ ആരാധകര്‍ വരുന്നത് എന്നെ കാണാനാണ് എന്നിങ്ങനെ പോകുന്നു സംഭാഷണങ്ങള്‍.ഒടുവില്‍ ചിത്രത്തിന്റെ ആകെത്തുകയെ ഒരൊറ്റ സംഭാഷത്തില്‍ ഒതുക്കുന്ന ശ്രീനിവാസന്‍ മാജിക്കും ഇവിടെ കാണം..താരങ്ങളല്ല.. മികച്ച സംവിധായകരും തിരക്കഥാകൃത്തുക്കളുമാണ് താരങ്ങളെ സൃഷ്ടിക്കുന്നത്.

കപടബുദ്ധിജീവിനാട്യമില്ലാത്തവയാണ് ശ്രീനിവാസന്‍ സിനിമകള്‍.ആഖ്യാനത്തിലെ ഡയറക്ട്‌നസാണ് അതിന്റെ ജീവബിന്ദു.താന്‍ പറയാനുദ്ദേശിക്കുന്ന വിഷയം എല്ലാ അര്‍ത്ഥത്തിലും പൂര്‍ണ്ണമായി തന്നെ പ്രേക്ഷകന് ഉള്‍ക്കൊളളാന്‍ പാകത്തില്‍ ആവിഷ്‌കരിക്കപ്പെടണമെന്ന ശാഠ്യക്കാരനാണ് അദ്ദേഹം.സിനിമ പോലെ ഒരു ജനകീയ കലാരൂപത്തിന് അത്തരമൊരു സമീപനം അനിവാര്യമാണെന്നും അദ്ദേഹം വിശ്വസിക്കുന്നുവെന്ന് പലപ്പോഴായി അദ്ദേഹം പറഞ്ഞിട്ടുണ്ട്.ചിത്രങ്ങള്‍ ഇറങ്ങി വര്‍ഷങ്ങള്‍ക്കിപ്പുറവും നിലനില്‍ക്കുന്ന ഇത്തരം സംഭാഷണങ്ങള്‍ അടിവരയിടുന്നതും അതാണ്.

Tags:    

Similar News