പ്രമുഖ വ്യവസായി ലോർഡ് സ്വരാജ് പോൾ അന്തരിച്ചു; വിടവാങ്ങിയത് വ്യവസായ, രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിൽ പതിറ്റാണ്ടുകളോളം നിറഞ്ഞുനിന്ന വ്യക്തിത്വം; ഇന്ത്യ-യുകെ ബന്ധത്തിന് ശക്തി പകർന്ന വ്യവസായി; സംഭാവനകൾ എക്കാലവും ഓർമിക്കപ്പെടുമെന്ന് നരേന്ദ്ര മോദി
ലണ്ടൻ: പ്രവാസി വ്യവസായിയും യുകെ ആസ്ഥാനമായുള്ള കപാറോ ഗ്രൂപ്പിന്റെ സ്ഥാപകനുമായ സ്വരാജ് പോൾ (94) അന്തരിച്ചു. ലണ്ടനിലായിരുന്നു അന്ത്യം. ബ്രിട്ടീഷ് പാർലമെന്റിന്റെ ഉപരിസഭയായ ഹൗസ് ഓഫ് ലോർഡ്‌സിലെ ആജീവനാന്ത അംഗമായിരുന്ന അദ്ദേഹം, ഇന്ത്യയും യുകെയും തമ്മിലുള്ള നയതന്ത്ര, വ്യാവസായിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ച വ്യക്തിത്വമായിരുന്നു.
1968-ൽ സ്ഥാപിച്ച കപാറോ ഗ്രൂപ്പ് ഇന്ന് സ്റ്റീൽ, എൻജിനിയറിങ് രംഗത്തെ ഒരു ബഹുരാഷ്ട്ര കമ്പനിയാണ്. യുകെ, വടക്കേ അമേരിക്ക, ഇന്ത്യ, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലായി 40-ൽ അധികം ശാഖകളുള്ള സ്ഥാപനത്തിൽ പതിനായിരത്തിലധികം ജീവനക്കാരുണ്ട്. ഏകദേശം രണ്ട് ബില്യൺ പൗണ്ട് ആസ്തിയുള്ള സ്വരാജ് പോൾ, ഈ വർഷത്തെ സൺഡേ ടൈംസ് സമ്പന്ന പട്ടികയിൽ 81-ാം സ്ഥാനത്തായിരുന്നു. അദ്ദേഹത്തിന്റെ മകൻ ആകാശ് പോളാണ് നിലവിൽ കപാറോ ഇന്ത്യയുടെ ചെയർമാനും കപാറോ ഗ്രൂപ്പിന്റെ ഡയറക്ടറും.
1931 ഫെബ്രുവരി 18-ന് പഞ്ചാബിലെ ജലന്ധറിൽ ജനിച്ച സ്വരാജ് പോൾ, 1966-ലാണ് യുകെയിലേക്ക് എത്തുന്നത്. രക്താർബുദം ബാധിച്ച മകൾ അംബികയുടെ ചികിത്സാർത്ഥമായിരുന്നു ഈ യാത്ര. നാലാം വയസ്സിൽ മകൾ മരണപ്പെട്ടതിനെ തുടർന്ന്, അവളുടെ ഓർമ്മയ്ക്കായി അദ്ദേഹം 'അംബിക പോൾ ഫൗണ്ടേഷൻ' സ്ഥാപിച്ചു. കുട്ടികളുടെയും യുവാക്കളുടെയും ആരോഗ്യ, വിദ്യാഭ്യാസ ക്ഷേമത്തിനായി ഈ ഫൗണ്ടേഷൻ പ്രവർത്തിച്ചുവരുന്നു. 2015-ൽ മകൻ അംഗദ് പോളിന്റെയും 2022-ൽ ഭാര്യ അരുണയുടെയും മരണശേഷം അവരുടെ ഓർമ്മയ്ക്കായും അദ്ദേഹം നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
1975-ൽ ഇൻഡോ-ബ്രിട്ടീഷ് അസോസിയേഷൻ സ്ഥാപിച്ച അദ്ദേഹം ദീർഘകാലം അതിന്റെ ചെയർമാനായിരുന്നു. 1996-ൽ ബ്രിട്ടീഷ് രാജ്ഞി അദ്ദേഹത്തിന് പ്രഭു പദവി നൽകി ഹൗസ് ഓഫ് ലോർഡ്‌സിൽ ആജീവനാന്ത അംഗമാക്കി. വ്യവസായ, രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിൽ പതിറ്റാണ്ടുകളോളം നിറഞ്ഞുനിന്ന, ബ്രിട്ടനിലെ ഇന്ത്യൻ സമൂഹത്തിന്റെ ഏറ്റവും ശക്തരായ വക്താക്കളിൽ ഒരാളെയാണ് സ്വരാജ് പോളിന്റെ വിയോഗത്തിലൂടെ നഷ്ടമാകുന്നത്.
അതേസമയം, സ്വരാജ് പോളിന്റെ നിര്യാണത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. 'വ്യവസായം, ജീവകാരുണ്യം, പൊതുസേവനം എന്നീ മേഖലകളിലെ അദ്ദേഹത്തിന്റെ സംഭാവനകളും ഇന്ത്യയുമായുള്ള അടുത്ത ബന്ധത്തിനായി അദ്ദേഹം നൽകിയ പിന്തുണയും എക്കാലവും ഓർമിക്കപ്പെടും,' എന്ന് മോദി എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. അദ്ദേഹവുമായി പലതവണ സംവദിച്ചിട്ടുള്ളത് ഓർക്കുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.