പ്രശസ്ത ആണവ ശാസ്ത്രജ്ഞന്‍ രാജഗോപാല ചിദംബരം അന്തരിച്ചു; വിട പറഞ്ഞത് പൊഖ്‌റാന്‍ ആണവ പരീക്ഷണങ്ങള്‍ അടക്കം നിര്‍ണായക പങ്കുവഹിച്ച ശാസ്ത്രജ്ഞന്‍
മുംബൈ: ഇന്ത്യയുടെ പ്രശസ്ത ആണവ ശാസ്ത്രജ്ഞന്‍ രാജഗോപാല ചിദംബരം (89) അന്തരിച്ചു. മുംബൈയിലെ ജസ്ലോക് ആശുപത്രിയില്‍ പുലര്‍ച്ചെ 3.20 ഓടെയാണ് അന്ത്യം. ഇന്ത്യയുടെ ആണവശക്തി ഉയര്‍ത്തിയ 1975ലെയും 1998ലെയും ആണവപരീക്ഷണങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ചയാളാണ് രാജഗോപാല ചിദംബരം. ഇന്ത്യാ ഗവണ്‍മെന്റിന്റെ പ്രിന്‍സിപ്പല്‍ സയന്റിഫിക് അഡൈ്വസര്‍ (2001-2018), ഭാഭാ ആറ്റോമിക് റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ (1990-1993), ആണവോര്‍ജ്ജ കമീഷന്‍ ചെയര്‍മാന്‍, ഗവണ്‍മെന്റ് സെക്രട്ടറി തുടങ്ങിയ നിരവധി പദവികള്‍ വഹിച്ചിട്ടുണ്ട്.
ഇന്റര്‍നാഷണല്‍ ആറ്റോമിക് എനര്‍ജി ഏജന്‍സിയുടെ (1994-1995) ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സിന്റെ ചെയര്‍മാനായിരുന്ന അദ്ദേഹം ഇന്ത്യയുടെ ആണവശേഷി രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചയാളാണ്. ഇന്ത്യയുടെ തദ്ദേശീയമായ സൂപ്പര്‍ കമ്പ്യൂട്ടറുകളുടെ വികസനത്തിന് തുടക്കമിടുന്നതിലും രാജ്യത്തുടനീളമുള്ള ഗവേഷണ-വിദ്യാഭ്യാസ സ്ഥാപനങ്ങളെ ബന്ധിപ്പിക്കുന്ന ദേശീയ വിജ്ഞാന ശൃംഖലയുടെ ആശയം രൂപപ്പെടുത്തുന്നതിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചു.
1975-ല്‍ പത്മശ്രീ, 1999-ല്‍ പത്മവിഭൂഷണ്‍ എന്നിവയുള്‍പ്പെടെയുള്ള ബഹുമതികള്‍ നല്‍കി അദ്ദേഹത്തെ ആദരിച്ചിരുന്നു. 1974ലെ പൊഖ്‌റാന്‍ ആണവ പരീക്ഷണത്തിനു നേതൃത്വം നല്‍കിയതിനെ തുടര്‍ന്ന് അമേരിക്ക ചിദംബരത്തിനു വീസ നിഷേധിച്ചു. സാങ്കേതിക വിദ്യകള്‍ വിദേശത്തുനിന്ന് വാങ്ങുന്നതിനോട് ചിദംബരത്തിന് എതിര്‍പ്പായിരുന്നു. നൂതന സാങ്കേതിക വിദ്യകള്‍ രാജ്യത്ത് വികസിപ്പിക്കണമെന്ന കാഴ്ചപ്പാടായിരുന്നു.