കന്നഡ നോവലിസ്റ്റ് എസ് എല്‍ ഭൈരപ്പ അന്തരിച്ചു; സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ അന്ത്യം

കന്നഡ നോവലിസ്റ്റ് എസ് എല്‍ ഭൈരപ്പ അന്തരിച്ചു; സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ അന്ത്യം

Update: 2025-09-24 12:13 GMT

ബെംഗളൂരു: പ്രശസ്ത കന്നഡ എഴുത്തുകാരനും സരസ്വതി സമ്മാന്‍ ജേതാവുമായ എസ് എല്‍ ഭൈരപ്പ (94) അന്തരിച്ചു. മൂന്ന് മാസമായി അദ്ദേഹം നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജയദേവ് മെമ്മോറിയല്‍ രാഷ്ട്രോത്ഥാന്‍ ആശുപത്രി ആന്‍ഡ് റിസര്‍ച്ച് സെന്റില്‍ ഉച്ചയ്ക്ക് 2.38 ന് ആയിരുന്നു മരണം. ഹൃദയാഘാതമാണ് മരണ കാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

സെപ്റ്റംബര്‍ 26 ന് അദ്ദേഹം വര്‍ഷങ്ങളായി താമസിച്ചിരുന്ന മൈസൂരുവില്‍ സംസ്‌കാരം നടത്തും. സെപ്റ്റംബര്‍ 25 ന് പൊതുജനങ്ങള്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കുന്നതിനായി മൃതദേഹം ബെംഗളൂരുവിലെ രവീന്ദ്ര കലാക്ഷേത്രയില്‍ എത്തിക്കും.

ഭൈരപ്പ ആറ് പതിറ്റാണ്ടിലേറെ നീണ്ട സര്‍ഗ്ഗ ജീവിതത്തില്‍ 25 നോവലുകള്‍ എഴുതി. അവസാനത്തേത് സ്ത്രീകളുടെ വീക്ഷണകോണിലൂടെയുള്ള രാമായണത്തിന്റെ പുനരാഖ്യാനമായ ഉത്തരകാണ്ഡം (2017) ആയിരുന്നു. ഉത്തരകാണ്ഡത്തിനുശേഷം, അദ്ദേഹം എഴുത്തില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ ആദ്യ നോവല്‍ ഭീമകായ 1958 ല്‍ പ്രസിദ്ധീകരിച്ചു.

മഹാഭാരതത്തിന്റെ പുനരാഖ്യാനമായ പര്‍വ (1979), വംശവൃക്ഷ (1965), ഗൃഹഭംഗ (1970) എന്നീ നോവലുകള്‍ കന്നഡ സാഹിത്യത്തിലെ ക്ലാസിക്കുകളായി കണക്കാക്കപ്പെടുന്നു. 2010-ല്‍ മന്ദ്ര (2001) എന്ന നോവലിന് സരസ്വതി സമ്മാന്‍ അവാര്‍ഡ് നേടി. 2023-ല്‍ അദ്ദേഹത്തിന് പത്മഭൂഷണ്‍ ലഭിച്ചു. അദ്ദേഹത്തിന്റെ നിരവധി നോവലുകള്‍ ബി. വി. കാരന്ത്, ഗിരീഷ് കര്‍ണാട്, ഗിരീഷ് കാസരവള്ളി, ടി. എന്‍. സീതാറാം എന്നിവര്‍ ചലച്ചിത്രമാക്കി.

Tags:    

Similar News