വയനാട്ടിലെ മേപ്പാടിയില്‍ പുഴുവരിച്ച അരിയും ഭക്ഷ്യ വസ്തുക്കളും വിതരണം ചെയ്‌തെന്ന പരാതി; പഞ്ചായത്ത് വിതരണം ചെയ്തത് പഴയ സ്റ്റോക്കോ ഭക്ഷ്യധാന്യങ്ങള്‍ മാറ്റിയതോ? വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി

വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി

Update: 2024-11-08 12:52 GMT

തിരുവനന്തപുരം: വയനാട് ജില്ലയിലെ മേപ്പാടി ഗ്രാമപഞ്ചായത്ത് പുഴുവരിച്ച അരിയും ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്‌തെന്ന പരാതിയില്‍ വിജിലന്‍സ് അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവിട്ടു. സംഭവവുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് കുറിപ്പ് നല്‍കിയിരുന്നു. തുടര്‍ന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

മേപ്പാടി പഞ്ചായത്തിലെ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് ലഭിച്ച ഭക്ഷ്യവസ്തുക്കള്‍ പുഴുവരിച്ച നിലയില്‍ കണ്ടെത്തിയ വാര്‍ത്തയുടെ പശ്ചാത്തലത്തിലാണ് അന്വേഷണം. പഞ്ചായത്ത് വിതരണം ചെയ്തത് പഴയ സ്റ്റോക്ക് ആണോ ലഭ്യമായ ഭക്ഷ്യധാന്യങ്ങള്‍ മാറ്റിയോ എന്നിങ്ങനെയുള്ള കാര്യങ്ങളും അന്വേഷണ വിധേയമാക്കും. ഇത് സംബന്ധിച്ച് പ്രാഥമിക അന്വേഷണം നടത്തി അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു.

താല്‍ക്കാലിക പുനരധിവാസത്തിന്റെ ഭാഗമായി മേപ്പാടി പഞ്ചായത്തിലെ 19ാം വാര്‍ഡ് കുന്നമ്പറ്റയില്‍ വാടകയ്ക്കു താമസിക്കുന്ന മുണ്ടക്കൈചൂരല്‍മല സ്വദേശികളായ 3 കുടുംബങ്ങള്‍ക്കു ബുധനാഴ്ച ഉദ്യോഗസ്ഥര്‍ വിതരണം ചെയ്ത കിറ്റിലാണ് ഉപയോഗശൂന്യമായ ഭക്ഷ്യവസ്തുക്കള്‍ ലഭിച്ചത്. പുഴുവരിക്കുന്ന അരിയും പ്രാണികള്‍ നിറഞ്ഞ ആട്ടയും കട്ട പിടിച്ച റവയുമാണ് ഇവയിലുള്ളത്. ഉപയോഗ്യമല്ലാത്ത വസ്ത്രങ്ങളും കിറ്റിലുണ്ടായിരുന്നു. സംഭവത്തില്‍ അടിയന്തര അന്വേഷണം നടത്തി ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മിഷന്‍ ചെയര്‍മാന്‍ ഡോ. ജിനു സഖറിയ ഉമ്മന്‍ എഡിഎമ്മിനു നിര്‍ദേശം നല്‍കിയിരുന്നു.

Tags:    

Similar News