ചെകിട്ടത്ത് ആഞ്ഞടിച്ചു, നിലത്തിട്ട് ചവിട്ടി, തലയിൽ ഇടിച്ച് പരിക്കേൽപ്പിച്ചു; യുണൈറ്റഡ് നഴ്‌സ് അസോസിയേഷൻ ഭാരവാഹികളെ സംഘം ചേർന്ന് മർദിച്ചു; അക്രമം കേരളാ നഴ്സിംഗ് കൗൺസിൽ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിൽ പങ്കെടുക്കാനെത്തിയപ്പോൾ; ഗുണ്ടാ വിളയാട്ടം തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗം; പ്രതികളെ പിടികൂടിയില്ലെങ്കിൽ പണിമുടക്കിലേക്കെന്നും യു.എൻ.എ
തിരുവനന്തപുരം: യുണൈറ്റഡ് നഴ്‌സ് അസോസിയേഷൻ ഭാരവാഹികളെ ആക്രമിച്ച സംഭവത്തിൽ കേസെടുത്ത് പോലീസ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് യു.എൻ.എ ഭാരവാഹികളായ നൈജു, മാത്യു, എബിച്ചൻ എന്നിവർക്കെതിരെ അക്രമമുണ്ടായത്. മുൻവൈരാഗ്യത്തെ തുടർന്നാണ് അക്രമമെന്നാണ് പരാതി. സംഭവത്തിൽ കണ്ടാലറിയാവുന്ന 3 ഓട്ടോറിക്ഷാ ഡ്രൈവർമാർ ഉൾപ്പെടെ അഞ്ച് പേർക്കെതിരെ തമ്പാനൂർ പോലീസ് കേസെടുത്തു. കേരളാ നഴ്സിംഗ് കൗൺസിൽ ഇലക്ഷൻ വോട്ടെണ്ണലിൽ പങ്കെടുക്കാനെത്തിയ പത്തനംതിട്ട ജില്ലാ കമ്മറ്റി അംഗങ്ങൾക്ക് നേരെയാണ് ആക്രമമുണ്ടായത്.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി 10.45നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. തമ്പാനൂർ മാഞ്ഞാലിക്കുളം ഭാഗത്ത് നിന്നും ആർഎംഎസിലേക്ക് ആഹാരം കഴിക്കാൻ പോകുന്നതിനിടെയാണ് പരാതിക്കാർക്കെതിരെ അക്രമമുണ്ടായത്. മാഞ്ഞാലിക്കുളത്തുള്ള ഹോട്ടൽ ഹൈലാൻഡിന് സമീപത്ത് വെച്ചായിരുന്നു ആക്രമം. ഓട്ടോറിക്ഷ ഡ്രൈവർ പരാതിക്കാരിൽ ഒരാളായ മാത്യുവിനെ അസഭ്യം പറയുകയും ചെകിട്ടിൽ ആഞ്ഞടിക്കുകയുമായിരുന്നു. ശേഷം ഇയാൾ മാത്യുവിനെ നിലത്ത് തള്ളിയിടുകയായിരുന്നു. നിലത്ത് വീണ മാത്യുവിനെ പ്രതി വയറ്റിലും, നെഞ്ചിലും ചവിട്ടി പരിക്കേൽപ്പിച്ചു.
തടയാൻ ശ്രമിച്ച മറ്റ് ഭാരവാഹികളെയും ഒപ്പമുണ്ടായിരുന്ന പ്രതികൾ ക്രൂരമായി മർദിച്ചെന്നാണ് പരാതി. 3 ഓട്ടോറിക്ഷ ഡ്രൈവർമാർ ഉൾപ്പെടെ കണ്ടാലറിയാവുന്ന 5 പേർക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതികളിലൊരാൾ കയ്യിൽ കരുതിയിരുന്ന ആയുധം കൊണ്ട് നൈജുവിന്റെ തലയിൽ ഇടിച്ചു. പിന്നാലെ ആർഎംഎസ് ഭാഗത്ത് നിന്നും ഓട്ടോറിക്ഷയിൽ വന്ന പ്രതികളിലൊരാൾ പരാതിക്കാരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ശേഷം എബിച്ചന്റെ ചെകിട്ടിൽ ആഞ്ഞടിക്കുകയുമായിരുന്നു. സംഭവ സ്ഥലത്തുണ്ടായിരുന്ന ഓട്ടോറിക്ഷക്കാരും, ഹോട്ടൽ ജീവനക്കാരും, സെക്യുരിറ്റികളും ഓടിയെത്തിയതോടെ പ്രതികൾ ഓട്ടോയിൽ സ്ഥലം വിടുകയായിരുന്നു.
മുൻ വൈരാഗ്യത്തെ തുടർന്നായിരുന്നു അക്രമം എന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ ഇന്നലെയാണ് പോലീസ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ 296(b), 126(2), 115(2), 118(1), 3(5) വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അക്രമത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. അതേസമയം, പ്രതികൾക്കായി അന്വേഷണം തുടരുകയാണ്. പ്രതികളെ പിടികൂടാനായില്ലെങ്കിൽ പണിമുടക്ക് അടക്കമുള്ള സമരത്തിലേക്ക് കടക്കുമെന്നാണ് യുഎൻഎ നേതാക്കൾ പറയുന്നത്. നഴ്സിംഗ് കൗൺസിൽ ഇലക്ഷൻ അട്ടിമറിക്കാനുള്ള ഗൂഢാലോചനയാണ് അക്രമത്തിന് പിന്നിലെന്ന് സംഘടന സംശയിക്കുന്നതായാണ് സൂചന.