സഹകരണ വിശ്വസ്തതയില്‍ വാസവന് പോലും സംശയമുണ്ടായിരുന്ന പോത്തന്‍കോട്ടെ ബാങ്ക്; മുക്കുപണ്ടം തട്ടിപ്പിലെ കോടികളുടെ കവര്‍ച്ചയിലെ അന്വേഷണം അട്ടിമറിച്ചു; എട്ടു കോടി തട്ടിയെടുത്തവരില്‍ നേതാവിന്റെ ഭാര്യയില്‍ നിന്നും ചില്ലിക്കാശ് പോലും തിരിച്ചു പിടിച്ചില്ല; അയിരൂപ്പാറ ഫാര്‍മേഴ്സ് സര്‍വീസ് സഹകരണ ബാങ്കില്‍ വീണ്ടും തട്ടിപ്പ്; ഗൃഹോപകരണ ഷോറൂം സംശയ നിഴലില്‍
തിരുവനന്തപുരം: കരുവന്നൂരടക്കം സംസ്ഥാനത്തെ വിവിധ സഹകരണ ബാങ്കുകളിലെ ക്രമക്കേടുകള്‍ പുറത്തുവരുന്നതിനിടെ സഹകരണ സ്ഥാപനങ്ങളുടെ വിശ്വാസ്യത സംബന്ധിച്ച് ചോദ്യം സജീവ ചര്‍ച്ചയായിരുന്നു. നിക്ഷേപിക്കുന്ന പണം തിരിച്ചുകിട്ടുമോ എന്നതടക്കമാണ് നിക്ഷേപകരുടെ ആശങ്ക. ഇത്തരം ചര്‍ച്ചകള്‍ക്കിടെ സംസ്ഥാന സഹകരണ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി വിഎന്‍ വാസവന്‍ തന്നെ നിയമസഭയില്‍ ഒരു പട്ടിക പുറത്തു വിട്ടിരുന്നു.
കാസര്‍കോട് എംഎല്‍എ എന്‍എ നെല്ലിക്കുന്ന് സഭയില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കാണ് മന്ത്രി വിഎന്‍ വാസവന്‍ മറുപടി നല്‍കി. ഈ പട്ടികയില്‍ ഉള്‍പ്പെട്ട ബാങ്കാണ് തിരുവനന്തപുരത്തെ പോത്തന്‍കോട് അയിരൂപ്പാറ ഫാര്‍മേഴ്സ് സര്‍വീസ് സഹകരണ ബാങ്ക്. പക്ഷേ ഇപ്പോഴും കെടുകാര്യസ്ഥതയുടെ വഴിയേയാണ് ഈ ബാങ്കിന്റെ പോക്ക്. പോത്തന്‍കോട് അയിരൂപ്പാറ ഫാര്‍മേഴ്സ് സര്‍വീസ് സഹകരണ ബാങ്കില്‍ കോടികണക്കിന് രൂപയുടെ തിരിമറിയുണ്ടായിട്ടും നടപടിയുണ്ടാകാത്തത് അധികൃതരുടെ ഉന്നതതല ബന്ധത്തെ തുടര്‍ന്നെന്ന് ആരോപണം സജീവമാണ്.
ബാങ്ക് ഭരണാധികാരികളും ജീവനക്കാരും ചേര്‍ന്ന് കോടിക്കണക്കിനു രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് മുഖ്യമന്ത്രിക്ക് നല്‍കിയ പുതിയ പരാതിയില്‍ പറയുന്നത്. രണ്ടു ബാങ്ക് ജീവനക്കാര്‍ ചേര്‍ന്ന് മുക്കുപണ്ടം പണയം വെച്ചും അല്ലാതെയും ബാങ്കില്‍ നിന്നും എട്ടു കോടി രൂപ തട്ടിയെടുതാതായും ആക്ഷേപം നേരത്തെ ഉയര്‍ന്നിരുന്നു. അതിന് ശേഷം 2018 ലാണ് അഡ്മിനിസ്ട്രേറ്റര്‍ക്കു ബാങ്കിന്റെ ഭരണം നല്‍കുന്നത്. ഈ ഭരണം ആണ് ബാങ്കില്‍ ഇപ്പോള്‍ നടക്കുന്നത്. ഇതിന് മുമ്പ് കോടികളുടെ തട്ടിപ്പ് നടത്തിയ രണ്ട് ജീവനക്കാരും ഇടത് മുന്നണിയുടെ ഉന്നത നേതൃത്വവുമായി ബന്ധമുള്ളവരാണെന്നാണ് പരാതിയില്‍ പറയുന്നത്. ഒരാള്‍ സിപിഎം ഏരിയ കമ്മിറ്റി അംഗത്തിന്റെ ഭാര്യയും, മറ്റൊരാള്‍ സഹകരണ യൂണിയന്‍ സംസ്ഥാന നേതാവും ആയിരുന്നതായാണ് പറയുന്നത്.
പരാതികള്‍ ഉണ്ടായപ്പോള്‍ തട്ടിപ്പ് നടത്തിയ ഒരാളില്‍ നിന്നും പണം തിരിച്ചു പിടിച്ചു. എന്നാല്‍ ഉന്നത ബന്ധമുള്ള സിപിഎം ഏരിയ കമ്മിറ്റി അംഗത്തിന്റെ ഭാര്യയില്‍ നിന്നും ഒരു രൂപ പോലും നാളിതുവരെ തിരികെ ഈടാക്കാനും കഴിഞ്ഞിട്ടില്ല എന്നാണ് സൂചന. ഇപ്പോഴും തട്ടിപ്പ് തുടരുന്നുവെന്നാണ് പുതിയ പരാതി. പക്ഷേ പരിശോധനകള്‍ക്ക് സര്‍ക്കാര്‍ തയ്യാറാകുന്നില്ല. മൂന്ന് അഡ്മിനിസ്ട്രേട്ടര്‍മാരും ബാങ്കിന് കോടികളുടെ നഷ്ടം വരുത്തിയതെന്നതാണ് പുതിയ പരാതി. സിപിഎം സ്വാധീനം ഉപയോഗിച്ച് വലിയ തിരിമറികളാണ് ബാങ്കില്‍ നടത്തുന്നതെന്നാണ് ആരോപണം. മുപ്പതു കോടിയില്‍പരം രൂപയുടെ നഷ്ടം ബാങ്കിന് സംഭവിച്ചതായും, ഈ തുക തട്ടിയത് ഭരണാധികാരികളും ജീവനക്കാരും ചേര്‍ന്നാണെന്നും പരാതിയില്‍ പറയുന്നു.
സ്വകാര്യ ബാങ്കുമായി ചേര്‍ന്ന് നടത്തിയ ഇടപാടില്‍ ദുരൂഹത നിലനില്‍ക്കുന്നതായും, ടി ഡി എസ് ഇനത്തില്‍ മാത്രം ബാങ്കിന് 27,94,000/രൂപയുടെ നഷ്ടം ഉണ്ടാക്കിയതായും ആരോപണമുണ്ട്. 2018-ല്‍ എട്ടു കോടിയുടെ വെട്ടിപ്പ് നടന്ന സമയം ബാങ്ക് അഞ്ചു കോടി രൂപയുടെ ലാഭത്തില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. അതിനെ തുടര്‍ന്ന് വന്ന അഡ്മിനിസ്ട്രേറ്റര്‍ ഭരണം 2020-2021 വരെ ഉള്ള ഓഡിറ്റ് പ്രകാരം പതിനേഴു കോടി രൂപക്കുമേല്‍ (17,29,42,199.99 രൂപ) ബാങ്കിന് നഷ്ടം ഉണ്ടാക്കിയതായി സഹകരണ ഡിപ്പാര്‍ട്മെന്റ് നടത്തിയ ഓഡിറ്റിംഗില്‍ നിന്നും വ്യക്താമാണെന്നും പരാതി പറയുന്നു.
2020-2021 കാലയളവില്‍ മാത്രം ബാങ്കിന് 1,83,95,893.99 രൂപയുടെ നഷ്ടം വരുത്തി. ഇപ്പോള്‍ ബാങ്ക് മുപ്പത്തിയൊന്നു കോടി രൂപയുടെ നഷ്ടത്തിലാണെന്നാണ് സൂചന. ഈ നില തുടര്‍ന്നാല്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ ബാങ്ക് വലിയ പ്രതിസന്ധിയിലാകും. ഇത് ബാങ്കില്‍ നിക്ഷേപിച്ചിട്ടുള്ള സാധാരണക്കാരെയാവും ബാധിക്കുക. ബാങ്കില്‍ നിന്നും വന്‍തോതില്‍ പണം അപഹരിക്കപ്പെടുന്നുണ്ട്. ഓഡിറ്റ് വിഭാഗം പല ആവര്‍ത്തി ആവശ്യപ്പെട്ടിട്ടും ഭരണകര്‍ത്താക്കള്‍ ബോധപൂര്‍വം രേഖകള്‍ നല്‍കുന്നില്ല എന്നും സഹകരണ ഡിപ്പാര്‍ട്മെന്റ് അഴിമതിക്ക് ഒത്താശ നല്‍കുന്നതായും പരാതിയില്‍ പറയുന്നു. കൂടാതെ ബാങ്കിന്റെ ഗൃഹോപകരണ ഷോറൂമിലും കോടികളുടെ അഴിമതി നടത്തുന്നതായും ആക്ഷേപമുണ്ട്. എന്നാല്‍ സഹകരണ രജിസ്ട്രാര്‍ക്കും, മുഖ്യമന്ത്രിക്കും അടക്കം രേഖകള്‍ സഹിതം പരാതി ബോധിപ്പിച്ചെങ്കിലും ബാങ്ക് അധികാരികളുടെ സ്വാധിനം കാരണം ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് ആരോപണം.
2018ല്‍ പുറത്തു വന്ന അയിരൂപ്പാറ ഫാര്‍മേഴ്‌സ് ബാങ്കില്‍ മുക്കുപണ്ടം പണയം വച്ച് കോടികള്‍ തട്ടിയെടുത്ത കേസ് ഏവരേയും ഞെട്ടിച്ചിരുന്നു. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയും ചെയ്തു. തട്ടിപ്പില്‍ ബാങ്ക് ജീവനക്കാര്‍ക്ക് അടക്കം കൂടുതല്‍ പേര്‍ക്ക് പങ്കെന്ന പൊലീസ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചത്. പോത്തന്‍കോട് സ്വദേശിയായ റീന ഒന്നര വര്‍ഷത്തിനിടെ മുക്കുപണ്ടം പണയം വച്ച് നാല് കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. റീനയും സഹായികളായ ഷീബ, ഷീജ , സാജിത് എന്നിവരെയും പോത്തന്‍കോട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബാങ്ക് മാനേജരും ക്‌ളര്‍ക്കും റീനയുടെ മറ്റൊരു ബന്ധുവും അടക്കം മൂന്ന് പേര്‍ കുടി തട്ടിപ്പില്‍ പങ്കെന്നും കണ്ടെത്തി. എന്നാല്‍ ഇവരില്‍ മാത്രം ഒതുങ്ങുന്നതല്ല തട്ടിപ്പെന്നായിരുന്നു പൊലീസിന്റെ വിലയിരുത്തല്‍.