മലയാളത്തില്‍ തുടങ്ങി ഇംഗ്ലീഷിലേക്ക് പ്രസംഗം മാറ്റിയ പ്രമുഖ നടി; നിങ്ങള്‍ ഈ കുണു കുണാന്നു പറയുന്നതു പാവപ്പെട്ട ഞങ്ങള്‍ക്ക് മനസിലാകുന്നില്ലെന്ന് തുറന്നു പറഞ്ഞ ഭീമന്‍! നിങ്ങള്‍ ലോകോത്തര നിലവാരമുള്ള സിനിമകളെക്കുറിച്ചു പറയുമ്പോള്‍ ഇവിടെയുള്ള ചിത്രാഞ്ജലി സ്റ്റുഡിയോയുടെ അവസ്ഥ നേരിട്ടു പോയി കാണണമെന്ന് മന്ത്രിക്കും ഉപദേശം; 'എന്റെ രഘു ചേട്ടാ... ഞാന്‍ വിശദമായ മറുപടി പറയാം'..! കോണ്‍ക്ലേവിലെ താരവും ഭീമന്‍ രഘു

Update: 2025-08-07 03:30 GMT

തിരുവനന്തപുരം: പുതിയ സിനിമാനയം രൂപീകരിക്കാന്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച സിനിമാ കോണ്‍ക്ലേവില്‍ സജീവമായി പങ്കെടുത്ത് താരമായത് ഭീമന്‍ രഘു. മലയാള സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ച നടക്കുന്നതിനാല്‍ മലയാളത്തില്‍ തന്നെ സംസാരിക്കണമെന്നു ശക്തിയായി വാദിക്കാനും ഭീമന്‍ രഘു മുന്നിട്ടിറങ്ങി.

ലിംഗനീതിയുമായി ബന്ധപ്പെട്ട സെഷനില്‍ ഒരു നടി സംസാരിച്ചു തുടങ്ങിയത് മലയാളത്തിലാണെങ്കിലും പതിയെ ഇംഗ്ലീഷിലേക്കു മാറി. കേട്ടിരുന്ന രഘു ചാടിയെണീറ്റു. മലയാള സിനിമ ചര്‍ച്ച മലയാളത്തില്‍ നടത്തണമെന്നും നിങ്ങള്‍ ഈ കുണു കുണാന്നു പറയുന്നതു പാവപ്പെട്ട ഞങ്ങള്‍ക്ക് മനസിലാകുന്നില്ലെന്നും രഘു തുറന്നടിച്ചു. ഇതു കേട്ട് പെട്ടെന്നു പ്രസംഗം നിര്‍ത്തിയ നടി വീണ്ടും സംസാരിച്ചു തുടങ്ങി. 'എന്നാല്‍ പിന്നെ നിങ്ങള്‍ ഇവിടെ ഇതു തുടര്‍ന്നോളൂ..' എന്നു പറഞ്ഞ് രഘു സദസിനെ താണു വണങ്ങി പുറത്തേക്കു പോകുകയും ചെയ്തു.

പീന്നീട് നടത്തിയ ഓപ്പണ്‍ഫോറത്തിലും രഘു സസാംസ്‌കാരിക മന്ത്രി സജി ചെറിയാനു മുന്നില്‍ എണീറ്റു നിന്നു. നിങ്ങള്‍ ലോകോത്തര നിലവാരമുള്ള സിനിമകളെക്കുറിച്ചു പറയുമ്പോള്‍ ഇവിടെയുള്ള ചിത്രാഞ്ജലി സ്റ്റുഡിയോയുടെ അവസ്ഥ നേരിട്ടു പോയി കാണണമെന്നായിരുന്നു രഘുവിന്റെ അഭിപ്രായം. 'എന്റെ രഘു ചേട്ടാ... ഞാന്‍ വിശദമായ മറുപടി പറയാം'.. എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ചിത്രാജ്ഞലിയുമായി ബന്ധപ്പെട്ട മറ്റു ചില വിവാദങ്ങളും കോണ്‍ക്ലേവിലുണ്ടായി. ഡിബിംഗ് ആര്‍ട്ടിസ്റ്റിനുണ്ടായ ദുരനുഭവമാണ് പറഞ്ഞത്. മതിയായ കരുതലുകള്‍ അവിടെ ഇല്ലെന്ന സന്ദേശമാണ് ഇതിലൂടെ ചര്‍ച്ചയായത്. സജീവമായി ചര്‍ച്ച നടന്ന കോണ്‍ക്ലേവില്‍ ഭീമന്‍ രഘുവിന്റെ ചിത്രാജ്ഞലി പരാമര്‍ശം ഏറെ ശ്രദ്ധേയമായി എന്നതാണ് വസ്തുത. ചിത്രാജ്ഞലിയുടെ അവകാശികളായ കേരളാ ചലച്ചിത്ര വികസന കോര്‍പ്പറേഷനും കോണ്‍ക്ലേവിന്റെ സംഘാടകരില്‍ ഒരാളായിരുന്നു.

തൊഴില്‍സുരക്ഷിതത്വവും ലിംഗസമത്വവും സ്ത്രീസുരക്ഷയും ഉറപ്പാക്കി മലയാള സിനിമാ മേഖലയെ ലോകനിലവാരത്തിലേക്ക് ഉയര്‍ത്താനുതകുന്ന നിര്‍ദേശങ്ങളുമായാണ് സിനിമാ കോണ്‍ക്ലേവിന് സമാപനം ഉണ്ടായത്. പ്രൊഡക്ഷന്‍ ബോയ് മുതല്‍ സംവിധായകന്‍ വരെ സിനിമയ്ക്ക് മുന്നിലും അണിയറയിലുമുള്ള എല്ലാവരെയും പങ്കെടുപ്പിച്ചുള്ള വിപുലമായ ചര്‍ച്ചയ്ക്കാണ് രണ്ടുനാള്‍ തലസ്ഥാനം സാക്ഷ്യം വഹിച്ചത്. തെറ്റുകള്‍ക്കെതിരെ കര്‍ശനനടപടിയുണ്ടാകുന്ന, വിവേചനരഹിതമായ പെരുമാറ്റവും പ്രവര്‍ത്തനവും എല്ലാത്തലത്തിലും ഉറപ്പുവരുത്തുന്നതാകും നയമെന്ന് കോണ്‍ക്ലേവിലെ ആശയങ്ങളും നിര്‍ദേശങ്ങളും ക്രോഡീകരിച്ച് മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കി. മൂന്നുമാസത്തിനകം സര്‍ക്കാര്‍ നയം പ്രഖ്യാപിക്കും. കോണ്‍ക്ലേവില്‍ ഉയര്‍ന്ന ആശയങ്ങളും നിര്‍ദേശങ്ങളും മൂന്ന് ദിവസത്തിനകം ചലച്ചിത്ര വികസനകോര്‍പറേഷന്റെയും ചലച്ചിത്ര അക്കാദമിയുടെയും വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. പൊതുജനങ്ങള്‍ക്ക് 15 ദിവസത്തിനകം അഭിപ്രായം അറിയിക്കാം. വിദഗ്ധസമിതി പരിശോധിച്ചാണ് കരട് നയമുണ്ടാക്കുക.

ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ക്ക് കരാര്‍പ്രകാരമുള്ള വേതനം, ഭക്ഷണം, തൊഴില്‍ ചെയ്യാനുള്ള അടിസ്ഥാന സൗകര്യം എന്നിവ ഉറപ്പാക്കും. സിനിമാനിര്‍മാണവുമായി ബന്ധപ്പെട്ട അനുമതികള്‍ക്കായി ഏകജാലകസംവിധാനം ഏര്‍പ്പെടുത്തും. ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കും. സിനിമടെലിവിഷന്‍ മേഖല ഉള്‍ക്കൊള്ളിച്ചാണ് നയവും നിയമനിര്‍മാണവും നടത്തുകയെന്നും മന്ത്രി പറഞ്ഞു. സ്വതന്ത്ര സിനിമയ്ക്ക് സര്‍ക്കാര്‍ തിയേറ്ററുകളില്‍ ഒരുഷോ അനുവദിക്കും. സിനിമാമേഖലയില്‍ പരിശീലനം നല്‍കാന്‍ പദ്ധതി നടപ്പാക്കും. കലാകാരന്മാര്‍ക്കുള്ള ക്ഷേമനിധി, പെന്‍ഷന്‍,- ഇന്‍ഷൂറന്‍സ് എന്നിവ കാലോചിതമായി പരിഷ്‌കരിക്കും.

സര്‍ക്കാര്‍ ഒടിടി പ്ലാറ്റ്ഫോം ശക്തിപ്പെടുത്തും. തിയേറ്ററുകളില്‍ ഇ ടിക്കറ്റിങ് ശക്തിപ്പെടുത്തും. ചിത്രാഞ്ജലിയുടെ നവീകരണം ഒരുവര്‍ഷത്തിനകം പൂര്‍ത്തിയാക്കും. പ്രമുഖ സിനിമാപ്രവര്‍ത്തകരുടെ സ്മരണ നിലനിര്‍ത്താന്‍ മ്യൂസിയം സ്ഥാപിക്കും-മന്ത്രി പറഞ്ഞു.

Tags:    

Similar News