ദേശീയപാത വികസനത്തിന്റെ ഭാഗമായി ആലപ്പുഴയില്‍ ഏറ്റെടുത്ത ദേവസ്വം ക്ഷേത്രങ്ങളുടെ ഭൂമി വില വാങ്ങിയത് സര്‍ക്കാര്‍! പിണറായി സര്‍ക്കാര്‍ ക്ഷേത്ര സ്വത്ത് കൊള്ളയടിച്ചതിന് ഈ വിവരാവകാശം തെളിവ്; അരൂര്‍ മുതല്‍ കൃഷ്ണപുരം വരെയുള്ള ഏറ്റെടുക്കലില്‍ ദേവസ്വം ബോര്‍ഡിന് കിട്ടിയത് കെട്ടിടങ്ങളുടെ നഷ്ടപരിഹാരം മാത്രം; അതിവിചിത്രം ഈ ഏറ്റെടുക്കല്‍; ആ ക്ഷേത്രങ്ങള്‍ ദുരവസ്ഥയില്‍
ആലപ്പുഴ: ദേശീയപാത വികസനത്തിന്റെ ഭാഗമായി ആലപ്പുഴയില്‍ ഏറ്റെടുത്ത ദേവസ്വം ക്ഷേത്രങ്ങളുടെ ഭൂമി വില വാങ്ങിയത് സര്‍ക്കാര്‍! ആലപ്പുഴയില്‍ ഏറ്റെടുത്തത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വക 17 ക്ഷേത്രങ്ങളുടെ ഭൂമിയും കെട്ടിടങ്ങളുമാണ്. ആകെ 27.01 കോടി രൂപയാണ് നഷ്ടപരിഹാരമായി നല്‍കിയത്. ഭൂമി വില സംസ്ഥാന സര്‍ക്കാരിനും കെട്ടിടത്തിന്റെ വില ദേവസ്വം ബോര്‍ഡിനുമാണ് നല്‍കിയിട്ടുള്ളത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളുടെ ഉടമസ്ഥന്‍ ദേവസ്വം ബോര്‍ഡാണ്. അതുകൊണ്ട് തന്നെ മുഴുവന്‍ തുകയും പോകേണ്ടത് ദേവസ്വം ബോര്‍ഡിലേക്കാണ്. എന്നാല്‍ കെട്ടിടങ്ങളുടെ മൂല്യം മാത്രമേ ദേവസ്വം ബോര്‍ഡിനുള്ളൂ. ഇതിലൂടെ ദേവസ്വം ഭൂമികളുടെ അവകാശി തങ്ങളാണെന്ന് സമര്‍ത്ഥിക്കുകയാണ് സര്‍ക്കാര്‍.
ക്ഷേത്രങ്ങള്‍ക്ക് താന്ത്രിക ചടങ്ങുകള്‍ നടത്തുന്നതിനും, പുന:പ്രതിഷ്ഠ തുടങ്ങിയ ചടങ്ങുകള്‍ നടത്തുന്നതിനും പ്രത്യേകമായി തുക അനുവദിച്ചിട്ടില്ലെന്നും ദേശീയപാത ലാന്‍ഡ് അക്വിസിഷന്‍ വിഭാഗം, വിവരാവകാശ നിയമപ്രകാരം വിഎച്ച്പി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. അനില്‍ വിളയിലിന് നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നു. ആലപ്പുഴയില്‍ അരൂര്‍ മുതല്‍ കൃഷ്ണപുരം വരെയാണ് ദേവസ്വം ബോര്‍ഡിന്റെ 17 ക്ഷേത്രഭൂമികളും കെട്ടിടങ്ങളും ഏറ്റെടുത്തത്. വലിയ തുക നഷ്ടപരിഹാരമായി സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും ലഭിച്ചിട്ടും ക്ഷേത്രങ്ങളുടെ വികസനത്തിനായി ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ല. ഭൂമി ഏറ്റെടുത്ത ക്ഷേത്രങ്ങള്‍ മതില്‍ കെട്ടി സംരക്ഷിക്കാന്‍ പോലും തയ്യാറായിട്ടില്ല. പല ക്ഷേത്രങ്ങളുടെയും നിലവിലെ കെട്ടിടങ്ങള്‍ പലതും അത്യന്തം ശോചനീയാവസ്ഥയിലാണ്. അതായത് ആ ഫണ്ട് ദേവസ്വം ബോര്‍ഡ് എല്ലാ അര്‍ത്ഥത്തിലും കൈക്കലാക്കി. വസ്തുവിന്റെ വില സര്‍ക്കാരും.
അമ്പലപ്പുഴയിലെ ഇരട്ടക്കുളങ്ങര മഹാദേവ ക്ഷേത്രത്തിനാണ് ഏറ്റവും കൂടുതല്‍ നഷ്ടപരിഹാരം അനുവദിച്ചത്. 7.767 കോടി രൂപ. വണ്ടാനം ശ്രീധര്‍മശാസ്താ ക്ഷേത്രത്തിന് 3.59 കോടിയും, നീര്‍ക്കുന്നം ശ്രീശങ്കരനാരായണ ക്ഷേത്രത്തിന് 4.49 കോടിയും അനുവദിച്ചു. ചെറിയ കലവൂര്‍ ക്ഷേത്രം-60.24 ലക്ഷം, വലിയകലവൂര്‍ ക്ഷേത്രം-1.23 കോടി, പുറക്കാട് ആനന്ദേശ്വരം ക്ഷേത്രം-33.25 ലക്ഷം, ഉറിയരി ഉണ്ണിത്തേവര്‍ ക്ഷേത്രം-72.90 ലക്ഷം, നവരാക്കല്‍ ക്ഷേത്രം- 1.24 കോടി, കാഞ്ഞൂര്‍ ക്ഷേത്രം-2.41 കോടി, ഹരിപ്പാട് സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രം-7.38 ലക്ഷം, കൃഷ്ണപുരം ശ്രീകൃഷ്ണക്ഷേത്രം-1.13 കോടി, പള്ളിപ്പാട് ശ്രീകൃഷ്ണക്ഷേത്രം-7.44 ലക്ഷം, പുറക്കാട് മുരിക്കുവേലി ക്ഷേത്രം-1.02 കോടി, പട്ടണക്കാട് മഹാദേവ ക്ഷേത്രം-1.11 കോടി, തുറവൂര്‍ മഹാക്ഷേത്രം-38. 42 ലക്ഷം, കീരിക്കാട് രാമപുരം ക്ഷേത്രം -24.72 ലക്ഷം രൂപ, കുമാരപുരം തിരുവിലഞ്ഞാല്‍ ദേവീ ക്ഷേത്രത്തിന് ഭൂമിക്ക് 53.25 ലക്ഷവും, കെട്ടിടത്തിന് നഷ്ടപരിഹാരമായി 1.21 ലക്ഷം രൂപയുമാണ് അനുവദിച്ചത്. ഇതില്‍ രാമപുരം ക്ഷേത്രത്തിന്റെ തുക തര്‍ക്കമുള്ളതിനാല്‍ ജില്ലാ കോടതിയിലാണ് കെട്ടിവച്ചിരിക്കുന്നത്.
ക്ഷേത്രങ്ങളുടെ വികസന, സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന പതിവു പല്ലവിയാണ് ദേവസ്വം ബോര്‍ഡ് നടത്തുന്നത്. വസ്തുക്കച്ചവടത്തിലൂടെ സര്‍ക്കാരിനും കെട്ടിടം പൊളിച്ചതിലൂടെ ദേവസ്വം ഖജനാവിനും കനം കൂടി. ആലപ്പുഴയില്‍ ഏറ്റവും കൂടുതല്‍ നഷ്ടപരിഹാരം ലഭിച്ച ഇരട്ടക്കുളങ്ങര ക്ഷേത്രത്തിന്റെ അവസ്ഥ ദയനീയമാണ്. ദേശീയപാതയോരത്തെ ക്ഷേത്രക്കുളം മലിനമാണ്. സംരക്ഷണ ഭിത്തിയുമില്ല. മതില്‍ കെട്ടി സംരക്ഷിക്കാനും നടപടിയില്ല. മീന്‍ വണ്ടികളില്‍ നിന്നുള്ള മലിനജലം ക്ഷേത്രക്കുളത്തിലേക്ക് ഒഴുക്കുന്നതായും പരാതികള്‍ ഉയരുന്നു. പക്ഷേ ഇതൊന്നും പരിഹരിക്കാന്‍ ആരും തയ്യാറാകുന്നില്ല. ക്ഷേത്ര സ്വത്തുക്കളൊന്നും സര്‍ക്കാര്‍ കൈവിയ്ക്കില്ലെന്ന് പറയുന്നവരാണ് സിപിഎം. എന്നാല്‍ ഇവിടെ വസ്തുവില സര്‍ക്കാര്‍ കൊണ്ടു പോകുന്നു.
ദേവസ്വം ക്ഷേത്രങ്ങളിലേതിന് സമാനമായി മറ്റ് ക്ഷേത്രങ്ങളും സ്ഥലവും കെട്ടിടവും വിട്ടു നല്‍കിയിട്ടുണ്ട്. ഇങ്ങനെ സ്വകാര്യ വ്യക്തികളുടെയും ട്രസ്റ്റിന്റേയും നിയന്ത്രണത്തിലുള്ള ഭൂമിയ്ക്ക് ദേശീയ പാതാ അഥോറിട്ടിയില്‍ നിന്നും കിട്ടിയ നഷ്ടപരിഹാരം ക്ഷേത്ര വികസനത്തിന് തന്നെ വിനിയോഗിച്ചു. എന്നാല്‍ തിരുവിതാംകുര്‍ ദേവസ്വം ബോര്‍ഡ് മാത്രം അത് സ്വന്തം ഫണ്ടിലിട്ട് ക്ഷേത്രങ്ങളെ ശോചനീയാവസ്ഥയില്‍ തള്ളിവിടുകയായിരുന്നു.
