29.01.2024ന് ബയോപ്‌സി ടെസ്റ്റിനായി സാമ്പിള്‍ ശേഖരിച്ച് 02.02.2024ന് ലേക് ഷോറിലേക്ക് അയച്ചു; രോഗമില്ലെന്ന റിപ്പോര്‍ട്ട് 13.02.2024ന് സ്ഥാപനത്തില്‍ ലഭിച്ചു; എന്നിട്ടും 17.02.2024ന് വലതു സ്തനം മുറിച്ചു മാറ്റി; ഡോ ജോജോ വി ജോസഫിന് തുണയായി ജാമ്യമുള്ള വകുപ്പുകള്‍; കേരളത്തില്‍ രോഗികള്‍ സുരക്ഷിതരല്ല! ആ എഫ് ഐ ആര്‍ മറുനാടന്‍ പുറത്തു വിടുന്നു
കൊച്ചി: ജീവനുള്ള ശരീരത്തില്‍ നിന്നും ഒരു കുഴപ്പവുമില്ലാത്ത മാറിടം മുറിച്ചു മാറ്റിയിട്ടും പോലീസിന് അത് ജാമ്യമുള്ള കുറ്റകൃത്യം മാത്രം. ഷീജാ പ്രഭാകരന്‍ എന്ന 54കാരിയ്ക്ക് ക്യാന്‍സറില്ലെന്ന് വ്യക്തമാക്കുന്ന ബയോപ്‌സി റിപ്പോര്‍ട്ട് കൈയ്യില്‍ വച്ചായിരുന്നു കടവന്ത്രയിലെ ഇന്ദിരാഗാന്ധി ആശുപത്രി മാറിടം മുറിച്ചു മാറ്റിയ ഈ ശസ്ത്രക്രിയ ചെയ്യിപ്പിച്ചത്. ഒരാളുടെ അവയവം മനപ്പൂര്‍വ്വം മുറിച്ചെടുത്ത കേസ്. എന്നിട്ടും ബിഎന്‍എസിലെ 125, 125(ബി) വകുപ്പുകളില്‍ എഫ് ഐ ആര്‍ ഇട്ടു. 2024 ഓഗസ്റ്റ് 11നാണ് ഈ വിചിത്ര എഫ് ഐ ആര്‍. എടുത്തിരിക്കുന്നത്. രോഗിയുടെ അസുഖ വിവരം ഒന്നുച്ചത്തില്‍ ചോദിച്ചാല്‍ പോലും ജാമ്യമില്ലാ വകുപ്പെടുത്ത് രോഗികളുടെ ബന്ധുക്കളെ ജയിലില്‍ അടയ്ക്കുന്ന സാക്ഷര കേരളത്തിലാണ് മാറിടം വെറുതെ മുറിച്ചെടുത്ത ഡോക്ടര്‍ക്കെതിരെ നിസ്സാര വകുപ്പുകളില്‍ കേസെടുത്തത്. മൂന്ന് വര്‍ഷം വരെ തടവുള്ള ശിക്ഷാ വകുപ്പുകളായതു കൊണ്ട് തന്നെ ഡോക്ടര്‍ക്ക് ഒന്നും സംഭവിച്ചില്ലെന്നത് പോലെ വിലസാനുമാകുന്നു. ഡോക്ടര്‍മാര്‍ക്ക മാത്രമാകരുത് നിയമ പരിരക്ഷ. തെറ്റായ ചികില്‍സയ്ക്ക് വിധേയമാകുന്നവര്‍ക്ക് കൂടി ആശ്വാസം നല്‍കുന്നതാകണം നിയമം. കടവന്ത്ര പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറില്‍ ഗുരുതര വകുപ്പുകളുണ്ടായിരുന്നുവെങ്കില്‍ ഷീജാ പ്രഭാകരന് നീതി ഇതിന് മുമ്പേ കിട്ടുമായിരുന്നു.
പോലീസിന്റെ നിസ്സാര വകുപ്പിലെ എഫ് ഐ ആര്‍ കാരണമാണ് സത്യസന്ധമായ വാര്‍ത്ത നല്‍കിയ മറുനാടന്‍ മലയാളിയെ അപഹസിക്കും വിധം രംഗത്തു വരാന്‍ ഡോക്ടര്‍ക്ക് കഴിഞ്ഞത്. എന്നാല്‍ മറുനാടന്‍ പറഞ്ഞത് സത്യസന്ധമാണെന്ന് എഫ് ഐ ആറിലും ഇല്ല. എല്ലാ ചികില്‍സാ പിഴവ് വസ്തുതയും അതിലുണ്ട്. ഇവിടെ ചികില്‍സാ പിഴവ് മാത്രമല്ല ശരീരത്തിലെ ഒരു ഭാഗവും നഷ്ടമായിരിക്കുന്നു. നിസ്സാര വകുപ്പുകളില്‍ തീര്‍ക്കേണ്ട കുറ്റകൃത്യം ആയിരുന്നില്ല ഇത്. ഏതായാലും പോലീസ് എഫ് ഐ ആറില്‍ മൂന്ന് പ്രതികളുണ്ട്. തൃശൂര്‍ റൂറലിലെ ജീവ സ്‌പെഷ്യാലിറ്റ് ഹോസ്പിറ്റലാണ് ആദ്യ പ്രതി. ഇന്ദിരാ ആശുപത്രി രണ്ടാം പ്രതി. മൂന്നാം പ്രതി ഡോ ജോജോ വി ജോസഫും. 2024 ഓഗസ്റ്റില്‍ തന്നെ ഈ കേസ് എടുത്തിട്ടുണ്ട്. ജാമ്യമുള്ള കുറ്റമായതു കൊണ്ട് പുറത്ത് എല്ലാവരും വിലസുന്നു. നീതി തേടിയാണ് ഷീജയും കുടുംബവും മറുനാടനെ തേടിയെത്തിയത്. അവരുടെ ഭാഗത്താണ് നീതിയെന്ന് വിശദീകരിക്കുന്നത് തന്നെയാണ് എഫ് ഐ ആറിലെ വാചകങ്ങളും.
ഒന്നും രണ്ടും പ്രതിസ്ഥാപനങ്ങളുടേയും മൂന്നാം പ്രതിയുടെയും ഉദാസീനതയും അലംഭാവവും അശ്രദ്ധയും കൊണ്ട് ആവലാതിക്കാരിയുടെ വലതു സ്തനത്തിനുണ്ടായ വേദനയുടെ ചികില്‍സ സംബന്ധമായി ഒന്നാം പ്രതി സ്ഥാപനം 23.01.2024 തീയതി ആവലാതിക്കാരിയുടെ ബയോപ്‌സി ടെസ്റ്റ് നടത്തി ആവലാതിക്കാരിയുടെ വലതു സ്തനത്തിന് ക്യാന്‍സര്‍ ബാദയുണ്ടെന്ന തെറ്റായ റിസള്‍ട്ട് നല്‍കിയതിനെ തുടര്‍ന്ന് തുടര്‍ ചികില്‍സയ്ക്കായി രണ്ടാം പ്രതിസ്ഥാപനത്തില്‍ ചികില്‍സയ്ക്ക് എത്തി. 29.01.2024ന് കടവന്ത്രയിലുള്ള രണ്ടാം പ്രതിസ്ഥാപനത്തില്‍ ചികില്‍സ തേടിയ ആവലാതിക്കാരിയുടെ ബയോപ്‌സി ടെസ്റ്റിനായി സാമ്പിള്‍ ശേഖരിച്ച് 02.02.2024ന് ലേക് ഷോര്‍ ആശുപത്രിയിലേക്ക് അയച്ചു. ആ ടെസ്റ്റ് റിപ്പോര്‍ട്ട് 13.02.2024ന് രണ്ടാം പ്രതിസ്ഥാപനത്തില്‍ ലഭിച്ചു. എന്നിട്ടും അത് പരിശോധിക്കാതെ 17.02.2024ന് ആവലാതിക്കാരിയുടെ വലതു സ്തനം മുറിച്ചു മാറ്റി-ഇതാണ് എഫ് ഐ ആര്‍ വിശദീകരിക്കുന്നത്. മൂന്നാം പ്രതിയുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയയെന്നും പറയുന്നുണ്ട്. പോലീസ് തയ്യാറാക്കിയ പ്രഥമ വിവര റിപ്പോര്‍ട്ടില്‍ പറയുന്നതേ മറുനാടനും വാര്‍ത്തയാക്കിയിട്ടുള്ളൂ. ഇതിനെയാണ് ഡോ ജോജോ വി ജോസഫ് വളച്ചൊടിച്ച് ചില ഡോക്ടര്‍മാരുടെ സഹായത്തോടെ വ്യാജ പ്രചരണത്തിന് എത്തിയത്. ഈ സാഹചര്യത്തിലാണ് എഫ് ഐ ആര്‍ അടക്കം പുറത്തു വിടുന്നത്.
ആരോഗ്യ മാഫിയ സംസ്ഥാനത്ത് ശക്തമാണ്. അതുകൊണ്ട് തന്നെ ഇത്തരം വാര്‍ത്തകള്‍ മുഖ്യധാരാ മാധ്യമങ്ങള്‍ പരസ്യം മോഹിച്ച് മുക്കും. എന്നാല്‍ അത് മറുനാടന്‍ ചെയ്യില്ല. സത്യസന്ധമാണെങ്കില്‍ വാര്‍ത്തയും നല്‍കും. രോഗികളോട് ഡോക്ടര്‍മാര്‍ കാട്ടുന്ന ഇത്തരം ക്രൂരതകള്‍ എന്തു കൊണ്ട് പോലീസിന് നിസ്സാര വകുപ്പിലെ കുറ്റമാകുന്നുവെന്നതാണ് ഉയരുന്ന ചോദ്യം. സാധാരണക്കാരില്‍ നിന്നും ഫീസ് വാങ്ങി രോഗമില്ലാത്ത മാറിടം മുറിച്ചു മാറ്റുകയായിരുന്നു ഇവിടെ ഡോക്ടര്‍. ബയോപ്‌സി റിപ്പോര്‍ട്ടിലെ പിഴവുകള്‍ കാരണം ഡോക്ടര്‍മാര്‍ക്ക് ഇത്തരം പിഴവുകള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ ഇവിടെ ക്യാന്‍സര്‍ ഇല്ലെന്ന റിപ്പോര്‍ട്ട് ആശുപത്രിയില്‍ എത്തിയ ശേഷമാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം മുറിച്ച സ്തനം വിശദ പരിശോധന നടത്തിയപ്പോഴും ക്യാന്‍സര്‍ ഇല്ലെന്ന് വ്യക്തം. ലേക് ഷോര്‍ ആശുപത്രിയിലെ പരിശോധനാ റിപ്പോര്‍ട്ട് അവഗണിച്ചത് മനപ്പൂര്‍വ്വം ആകാനാണ് സാധ്യത. എന്നാല്‍ കുറ്റകൃത്യത്തിന്റെ വ്യാപ്തിയില്‍ പോലീസ് എഫ് ഐ ആറില്‍ വകുപ്പുകള്‍ ചേര്‍ത്തില്ല. ഇത് ഡോക്ടര്‍ക്ക് തുണയായി മാറി.
ഷീജാ പ്രഭാകരന്റെ കണ്ണീര്‍ കഥ ചുവടെ
കാന്‍സര്‍ ഇല്ലാ എന്ന റിപ്പോര്‍ട്ട് വക വയ്ക്കാതെ മാറിടം മുറിച്ചുമാറ്റി എറണാകുളം കടവന്ത്രയിലെ ഇന്ദിരാഗാന്ധി സഹകരണാശുപത്രി. തൃശൂര്‍ വരന്തരപ്പിള്ളി സ്വദേശിനിയായ 54 വയസ്സുകാരി ഷീജാ പ്രഭാകരന്റെ വലതു മാറിടമാണ് മുറിച്ചു മാറ്റിയത്. സംഭവത്തില്‍ കടവന്ത്ര പോലീസ് കേസെടുത്തിട്ടുണ്ട്. 2024 ലാണ് സംഭവം. മാറിടത്തില്‍ വേദന വന്നതിനെ തുടര്‍ന്ന് ഷീജാ പ്രഭാകരന്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ പോളി ടി ജോസഫ് സ്വകാര്യ പ്രാക്ടീസ് നടത്തുന്ന കൊടകര ശാന്തി ഹോസ്പിറ്റലില്‍ ചികിത്സ തേടി. പ്രാഥമിക പരിശോധനയില്‍ ബ്രസ്റ്റ് കാന്‍സറാണെന്ന സംശയം ഡോക്ടര്‍ പ്രകടിപ്പിച്ചു. സ്ഥിരീകരിക്കാനായി തൃശൂരിലെ ജീവാ ലബോറട്ടറീസിലേക്ക് ബയോപ്‌സി പരിശോധനയ്ക്ക് അയച്ചു. പരിശോധനാ ഫലം പോസിറ്റീവായിരുന്നു. ഉടന്‍ ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടര്‍ പോളി ടി ജോസഫ് പറഞ്ഞു. മറ്റൊരു ആശുപത്രിയില്‍ കൂടി പോയി രോഗം സ്ഥിരീകരിക്കാന്‍ തീരുമാനിച്ച ഷീജ ശാന്തി ഹോസ്പിറ്റലിനേക്കാള്‍ കുടുതല്‍ സൗകര്യമുള്ള കൊച്ചിയിലെ ഇന്ദിരാ ഗാന്ധി ആശുപത്രിയില്‍ എത്തി.
2024 ഫെബ്രുവരി 2 ന് ക്യാന്‍സര്‍ ചികിത്സാ വിദഗ്ദ്ധന്‍ ഡോ. വിപി ഗംഗാധരനെയാണ് കണ്ടത്. റിസള്‍ട്ട് നോക്കിയ ശേഷം ഉടന്‍ ശസ്ത്രക്രിയ നടത്തണമെന്ന് അദ്ദേഹം പറഞ്ഞു. അതിന് മുന്‍പ് തൃശൂരിലെ ലബോറട്ടറിയില്‍ പരിശോധിച്ച ബയോപ്‌സി സാംപിള്‍ വീണ്ടും പരിശോധിക്കണമെന്നും അതിന് ശേഷം മാത്രമേ സര്‍ജറി നടത്തൂ എന്നും ഡോക്ടര്‍ ഷീജയോട് പറഞ്ഞു. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം അതേ ദിവസം രാത്രിയോടെ തൃശൂരിലെ ലാബില്‍ നിന്നും ബയോപ്‌സി സാംപിള്‍ ആശുപത്രിയിലെത്തിച്ചു. അവിടെ നിന്നും ബയോപ്‌സിക്കായി ലേക്ക് ഷോര്‍ ആശുപത്രിയിലേക്ക് സാംപിള്‍ അയച്ചു. പിന്നീട് കണ്ടത് ഡോക്ടര്‍ ബിനിലിനെയാണ്. മറ്റ് പരിശോധനകള്‍ നടത്തിയ ശേഷം ഉടന്‍ സര്‍ജറി നടത്തണമെന്ന് അറിയിച്ചു.
സര്‍ജറിക്കായി ഓണ്‍കോളജി സര്‍ജന്‍ ഡോ. ജോജോ വി ജോസഫിനെയാണ് കണ്ടത്. സര്‍ജന്റെ നിര്‍ദ്ദേശ പ്രകാരം ഫെബ്രുവരി 16 ന് ആശുപത്രിയില്‍ അഡ്മിറ്റായി. 17 ന് ഷീജയുടെ മാറിടം ശസ്ത്രക്രിയ നടത്തി നീക്കം ചെയ്തു. ശസ്ത്രക്രിയയ്ക്ക് ശേഷം വീട്ടിലെത്തിയപ്പോഴാണ് മൊബൈലില്‍ പകര്‍ത്തിയ ലേക്ക് ഷോര്‍ ആശുപത്രിയിലെ ബയോപ്‌സി റിസള്‍ട്ട് വ്യക്തമായി പരിശോധിക്കുന്നത്. അപ്പോഴാണ് ആ ഞെട്ടിക്കുന്ന സത്യം മനസ്സിലാവുന്നത്. കാന്‍സര്‍ ഇല്ലാ എന്ന്. ശസ്ത്രക്രിയ നടത്തിയ ഭാഗം വീണ്ടും ലേക്ക് ഷോര്‍ ആശുപത്രിയില്‍ ബയോപ്‌സിക്ക് അയച്ചപ്പോഴും കിട്ടിയ റിസള്‍ട്ടിലും കാന്‍സര്‍ ഇല്ലാ. ഇതോടെ മെഡിക്കല്‍ ഫീല്‍ഡില്‍ ജോലി ചെയ്യുന്ന ബന്ധു ലേക്ക് ഷോര്‍ ആശുപത്രിയില്‍ ബയോപ്‌സിക്ക് കൊടുത്ത സാംപിള്‍ തിരികെ വാങ്ങി തൃശൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വീണ്ടും ബയോപ്‌സി ചെയ്തു. അപ്പോഴും റിസള്‍ട്ട് നെഗറ്റീവായിരുന്നു. കാന്‍സര്‍ ഇല്ല. അപ്പോഴാണ് ലേക്ക് ഷോര്‍ ആശുപത്രിയില്‍ നടത്തിയ ബയോപ്‌സ് റിസള്‍ട്ട് നോക്കാതെയാണ് ഡോ.ജോജോ വി ജോസഫ് സര്‍ജറി നടത്തിയത് എന്ന് മനസ്സിലായത്.
കാന്‍സറില്ലാതിരുന്ന തന്റെ മാറിടം മുറിച്ചു മാറ്റിതിനെതിരെ ഷീജ പരാതിയുമായി മുന്നോട്ട് പോയി. കടവന്ത്ര പോലീസ് തൃശൂരിലെ ജീവാ ലബോറട്ടറീസ്, കടവന്ത്ര ഇന്ദിരാ ഗാന്ധി ഹോസ്പിറ്റല്‍, ഡോ. ജോജോ വി ജോസഫ് എന്നിവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ബി.എന്‍.എസ് 125, 125(b) വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. അതേ സമയം തൃശൂരിലെ ജീവാ ലബോറട്ടറീസില്‍ നിന്നും ലഭിച്ച ബയോപ്‌സി റിപ്പോര്‍ട്ട് അനുസരിച്ചാണ് സര്‍ജറി നടത്തിയത് എന്ന് ഡോ.ജോജോ വി ജോസഫ് മറുനാടനോട് പ്രതികരിച്ചു. ചികിത്സയ്ക്ക് എത്തുന്നവര്‍ കൊണ്ടു വരുന്ന പരിശോധനാ ഫലം വീണ്ടും പരിശോധിപ്പിക്കാറില്ലെന്നും ഡോക്ടര്‍ പറയുന്നു. ഞങ്ങള്‍ നല്‍കുന്ന റിസള്‍ട്ട് വച്ച് ആരും സര്‍ജറി ചെയ്യാറില്ലാ എന്നാണ് തെറ്റായ റിപ്പോര്‍ട്ട് നല്‍കിയ തൃശൂരിലെ ജീവാ ലബോറട്ടറിയുടെ വിചിത്രമായ പ്രതികരണം. സര്‍ജറിക്ക് ശേഷം ശാരീരികമായും മാനസികമായും ഏറെ ബുദ്ധിമുട്ടിലാണെന്നും കാന്‍സറില്ലാത്ത അമ്മയുടെ മാറിടം മുറിച്ചു മാറ്റിയവര്‍ക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും ഷീജയുടെ മകള്‍ കാവ്യ പറഞ്ഞു.
വിഷയത്തില്‍ മറുനാടന്‍ നല്‍കിയ വാര്‍ത്തയുടെ ലിങ്കുകള്‍ ചുവടേ:
--
