ആലപ്പുഴ ജിംഖാനയുടെ സംവിധായകന്‍ വലിച്ചത് കൊച്ചിയിലെ 'അതിസമ്പന്ന കുടുംബാംഗം' വഴി കിട്ടിയ കഞ്ചാവ്; വാണിജ്യ മേഖലയെ നിയന്ത്രിക്കുന്ന കുടുംബത്തിലെ യുവാവിനെ എക്‌സൈസ് ചോദ്യം ചെയ്യുന്നത് ലഹരി മാഫിയയുടെ വഴി അറിയാന്‍; പണക്കാരനായ യുവാവ് മൊഴി നല്‍കാന്‍ എത്തുമോ എന്നത് സംശയത്തില്‍; മറൈന്‍ ഡ്രൈവിലെ പൂര്‍വ ഗ്രാന്‍ഡ് ബേയില്‍ കുരുക്കഴിയുമോ?
കൊച്ചി: സംവിധായകരായ ഖാലിദ് റഹ്‌മാന്‍, അഷ്റഫ് ഹംസ, സുഹൃത്ത് ഷാലി മുഹമ്മദ് എന്നിവര്‍ക്ക് ഹൈബ്രിഡ് കഞ്ചാവിന്റെ ഇടനിലക്കാരനെ പരിചയപ്പെടുത്തിയത് കൊച്ചിയിലെ അതിസമ്പന്ന കുടുംബത്തിലെ യുവാവ്. എറണാകുളത്ത് ഉന്നത വാണിജ്യ സ്ഥാപനങ്ങള്‍ ഉള്ള കുടുംബത്തിലെ അംഗമാണ് ഇയാള്‍. സ്വന്തമായി ആശുപത്രി അടക്കം ഉണ്ടെന്നാണ് സൂചന. അതുകൊണ്ട് തന്നെ വളരെ കരുതലോടെയാണ് എക്‌സൈസ് നീക്കങ്ങള്‍. നാളെ ഈ യുവാവ് മൊഴി നല്‍കാന്‍ എത്തുമോ എന്ന സംശയവും എക്‌സൈസിനുണ്ട്. മൊഴി നല്‍കാന്‍ എത്തിയില്ലെങ്കില്‍ യുവാവിനെ അറസ്റ്റു ചെയ്യും. പക്ഷേ ജാമ്യം ഉള്ള കേസായതിനാല്‍ മൊഴി നല്‍കാനെത്തി അറസ്റ്റു ചെയ്താലും വലിയ പ്രതിസന്ധിയുണ്ടാകില്ല.
എക്‌സൈസ് അന്വേഷണ സംഘം ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇയാള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. നാളെ എത്തണമെന്നാണ് ആവശ്യം. യുവാവ് ലഹരി വില്പന സംഘത്തിലെ കണ്ണിയാണെന്ന് സംശയിക്കുന്നു. ഷാലി മുഹമ്മദിന്റെ സുഹൃത്താണ് ഇയാള്‍. ഇടനിലക്കാരന്റെ ഫോണ്‍ നമ്പര്‍മാത്രമേ നല്‍കിയുള്ളൂ എന്നാണ് യുവാവ് എക്‌സൈസിനെ പ്രാഥമികമായി അറിയിച്ചത്. എന്നാല്‍ വിശദ ചോദ്യം ചെയ്യല്‍ അനിവാര്യതയാണ്. യുവാവിനെ ചോദ്യം ചെയ്ത ശേഷം സംവിധായകരെയും ഷാലി മുഹമ്മദിനെയും നോട്ടീസ് നല്‍കി വിളിപ്പിക്കാനാണ് തീരുമാനം. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഹാജരാകാന്‍ സമീര്‍ താഹിറിന് എക്സൈസ് നോട്ടീസ് നല്‍കി. ഏഴ് ദിവസത്തിനകം അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസില്‍ ഹാജരാകണം. സമീറിന്റെ ഫ്‌ലാറ്റില്‍ കഞ്ചാവ് ഉപയോഗിക്കാന്‍ ഒരുങ്ങുമ്പോഴായിരുന്നു ഖാലിദ് റഹ്‌മാന്‍ അടക്കമുള്ളവരെ എക്‌സൈസ് പിടികൂടിയത്. സംവിധായകര്‍ക്കു കഞ്ചാവ് നല്‍കിയ ആളെ പരിചയപ്പെടുത്തിയ ആളെ വിളിച്ചുവരുത്തുമെന്ന് അസിസ്റ്റന്റ് എക്സൈസ് കമ്മിഷണര്‍ എം.എഫ്. സുരേഷ് പറഞ്ഞു. അതിനുശേഷമാവും കഞ്ചാവ് വിതരണം ചെയ്തയാളെ ചോദ്യം ചെയ്യുക. കേസിലെ മൂന്നാമന് ഇതുമായി ബന്ധപ്പെട്ട അഞ്ചാമെന്റ് നമ്പര്‍ കൊടുത്തത് നാലാമനാണ്. ഈ നാലാമനാണ് അതിസമ്പന്ന കുടുംബാഗം. ഫ്ളാറ്റില്‍ ഒന്നരമസമായി ലഹരി ഉപയോഗം നടക്കുന്നുവെന്നും കഞ്ചാവ് അല്ലാതെ മറ്റു ലഹരികള്‍ ഉണ്ടായിരുന്നു എന്നാണു ലഭിച്ച വിവരമെന്നും റിപ്പോര്‍ട്ടുണ്ട്.
ഒന്നരമാസത്തിലേറെയായി സിനിമാക്കാര്‍ക്കു പിന്നാലെ ഉണ്ടായിരുന്നു എക്സൈസ് ഉദ്യോഗസ്ഥര്‍. ഒരുമാസം മുമ്പുനടന്ന ഓപ്പറേഷനില്‍ നിന്നു സിനിമക്കാര്‍ രക്ഷപ്പെട്ടതു തലനാരിഴയ്ക്കാണ്. സിനിമക്കാരും സെലിബ്രിറ്റികളും അടക്കം ഹൈ പ്രൊഫൈല്‍ കക്ഷികള്‍ തങ്ങുന്ന ഇടമാണ് മറൈന്‍ ഡ്രൈവിലെ പൂര്‍വ ഗ്രാന്‍ഡ് ബേ. ഇവിടെ ഫ്ളാറ്റ് നമ്പര്‍ 506 ല്‍ ആണ് പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ സമീര്‍ താഹിര്‍ താമസിച്ചിരുന്നത്. കൊച്ചിയിലെ സിനിമക്കാരുടെ ഒത്തുകൂടല്‍ കേന്ദ്രമാണിത്. നിരവധി ഹിറ്റ് സിനിമകളുടെ ചര്‍ച്ചകളും ആലോചനകളും നടന്നിരുന്നത് ഈ ഫ്ളാറ്റ് കേന്ദ്രീകരിച്ചായിരുന്നു. സംവിധായകര്‍ക്കുപുറമെ നടന്‍മാര്‍, ഛായാഗ്രാഹകര്‍, തിരക്കഥാകൃത്തുകള്‍ എന്നിങ്ങനെ സിനിമ മേഖലയിലെ പ്രമുഖരെല്ലാം പലപ്പോഴായി ഈ ഫ്ളാറ്റിലെത്തിയിട്ടുണ്ട്. കഞ്ചാവിനപ്പുറം സിന്തറ്റിക് ലഹരി വലിയതോതില്‍ ഇവിടെ ഉപയോഗിച്ചിരുന്നുവെന്ന വിവരം വിശ്വസിക്കാവുന്ന കേന്ദ്രത്തില്‍ നിന്നു ലഭിച്ചു. പതിവായി ഫ്ളാറ്റിലെത്തിയിരുന്ന ആളുകളെ മഫ്തിയിലുള്ള എക്സൈസ് സംഘം നിരീക്ഷിച്ചു. ഒരു ദിവസം രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് സംഘം ഗ്രാന്‍ഡ് ബേയില്‍ എത്തി. നടന്‍മാരും സംവിധായകരുമടക്കം അന്ന് അവിടെ ഒത്തുകൂടിയിരുന്നു.
സിന്തറ്റിക് ലഹരിയുടെ സാന്നിധ്യവും ഫ്ളാറ്റിലുണ്ടെന്നു വിവരം കിട്ടി. എന്നാല്‍ അന്നു കെട്ടിടത്തിലെ മറ്റൊരു നിലയിലുണ്ടായ തര്‍ക്കം എക്സൈസിന്റെ ലക്ഷ്യം തുലച്ചു. അഭിഭാഷകരായ ചിലര്‍ ഉള്‍പ്പെട്ട തര്‍ക്കം ബഹളത്തിലേക്കു നയിച്ചു. ഈ ബഹളംകേട്ടു സമീര്‍ താഹിറിന്റെ ഫ്ളാറ്റിലുണ്ടായിരുന്നവര്‍ സ്ഥലംവിട്ടു. കഴിഞ്ഞ മാര്‍ച്ച് പതിനാറിന് ഓപ്പറേഷന്‍ പാളിയെങ്കിലും എക്സൈസ് ഉദ്യോഗസ്ഥര്‍ ക്ഷമയോടെ കാത്തിരുന്നു. ഫ്ളാറ്റില്‍ നിരീക്ഷണം കൂടുതല്‍ കര്‍ശനമാക്കി. അങ്ങനെയാണ് വീണ്ടും എക്സൈസ് സംഘം ഗ്രാന്‍ഡ് ബേയിലേക്ക് എത്തുന്നവത്. രാത്രി പതിനൊന്നു മണിയോടെയെത്തിയ എക്സൈസ് ഇന്‍സ്പെക്ടര്‍ പ്രമോദും സംഘവും ഫ്ളാറ്റ് നമ്പര്‍ 506 ലക്ഷ്യമാക്കിനീങ്ങി. വാതില്‍ മുട്ടിയതോടെ ഒരാള്‍ മുറി തുറന്നു. മുറി തുറന്ന വഴി ഉദ്യോഗസ്ഥര്‍ അകത്തുകയറി. കട്ടിലില്‍ ഹൈബ്രിഡ് കഞ്ചാവും വലിക്കാനുള്ള ബോങ് (ചില്ലുകൊണ്ടുള്ള കുഴലുപോലുള്ള ഉപകരണം), കഞ്ചാവ് പൊടിക്കാനുള്ള ക്രഷര്‍ എന്നിവ സജ്ജമാക്കി ലഹരി ഉപയോഗിക്കാനുള്ള തയാറെടുപ്പിലായിരുന്നു മൂന്നുപേര്‍. സംവിധായകരായ ഖാലിദ് റഹ്‌മാനും അഷ്റഫ് ഹംസയും സുഹൃത്ത് ഷാലിഫ് മുഹമ്മദും ഒന്നര ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായാണു പിടിയിലായത്.
ബാങ്കോക്കിലും തായ് ലാന്‍ഡിലും ഉത്പാദിപ്പിക്കുന്ന കഞ്ചാവ് ഇവരുടെ കൈവശം വന്നത് എങ്ങനെ, ആരു കൈമാറി എന്നീ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുകയാണ് എക്സൈസ്. ഷാലിഫ് മുഹമ്മദാണു കഞ്ചാവ് അന്നു മുറിയിലെത്തിച്ചത്. ഷാലിഫിന്റെ സുഹൃത്താണ് അതിസമ്പന്ന കുടുംബാഗം. ആലപ്പുഴ ജിംഖാനയെന്ന സിനിമ ഹിറ്റായി ഓടുമ്പോഴാണ് അതിന്റെ സംവിധായകനായ ഖാലിദ് റഹ്‌മാനെ കഞ്ചാവുമായി പിടികൂടിയത്.