നാക തകിടില്‍ നേരിട്ട് ഇടിമിന്നലേറ്റാല്‍ അതുണ്ടാക്കുക വമ്പന്‍ രാസ പ്രവര്‍ത്തനം; തുറന്ന ആകാശത്തിന് താഴെയുള്ള സന്നിധാന മേല്‍ക്കൂരയില്‍ സ്വര്‍ണ്ണം പൂശിയവര്‍ 1998ല്‍ ആ നാകതകിടിനെ 'പമ്പ' കടത്തിയോ? വിജയ് മല്യയുടെ ഉദ്ദേശ ശുദ്ധിയില്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പും സംശയം ഉയര്‍ന്നെങ്കിലും ആരും ഗൗരവത്തില്‍ എടുത്തില്ല; 'ഇറിഡിയം' ഫാക്ടര്‍ അട്ടിമറിയുടെ സാധ്യതകള്‍ വീണ്ടും ചര്‍ച്ചയില്‍; സ്‌പോണ്‍സര്‍മാരുടെ ലക്ഷ്യം അമൂല്യ വസ്തുക്കളുടെ കടത്തോ?

Update: 2025-10-03 07:40 GMT

തിരുവനന്തപുരം: നാകതകിടില്‍ ഇടിമിന്നല്‍ ഏറ്റാല്‍ അതിന് രാസ പരിണാമമുണ്ടാകും. നേരിട്ട് നാക തകിടില്‍ ഇടിമിന്നില്‍ ഏല്‍ക്കുന്നത് ശബരിമലയില്‍ ആയിരുന്നു. ആ ക്ഷേത്രത്തിന്റെ മേല്‍ക്കൂരയ്ക്ക് പണ്ട് നാക തകിടിന്റെ ബലമായിരുന്നു. ഈ തകിട് മാറ്റിയാണ് 1999ല്‍ ശബരിമലയുടെ മേല്‍ക്കൂര സ്വര്‍ണ്ണം പൂശിയത്. വിജയ് മല്യയായിരുന്നു അന്ന് സ്വര്‍ണ്ണം പൂശി പുതിയ മേല്‍ക്കൂര സമര്‍പ്പിച്ചത്. അപ്പോള്‍ മുമ്പുണ്ടായിരുന്ന മേല്‍ക്കൂരയ്ക്ക് എന്തു പറ്റി? ആര്‍ക്കും അറിയാത്ത ഉത്തരമാണ് ഇത്. ആ നാകതകിടിനെ ശബരിമലയില്‍ നിന്നും കടത്താനുള്ള തന്ത്രമായിരുന്നു 1999ലെ സ്വര്‍ണ്ണം പൂശല്‍ എന്ന വിലയിരുത്തല്‍ വീണ്ടും സജീവമാകുകയാണ്. ദ്വാരപാലക ശില്‍പ്പത്തില്‍ സ്വര്‍ണ്ണ കവര്‍ച്ച ചര്‍ച്ചയാകുമ്പോഴാണ് വിജയ് മല്യ മുമ്പ് നടത്തിയ സ്വര്‍ണ്ണം പൂശല്‍ നേര്‍ച്ചയും ചര്‍ച്ചകളില്‍ എത്തുന്നത്.

നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്ന നിരവധി ലോഹ വസ്തുക്കള്‍ ശബരിമലയിലുണ്ട്. പഴയ കൊടിമരത്തിലെ വെള്ളി കുതിരയുടെ അപ്രത്യക്ഷമാകല്‍ അടക്കം നിരവധി കാര്യങ്ങളെ സംശയ നിഴിലിലാക്കുന്നതാണ് ഇറിഡിയം ഫാക്ടര്‍. ഇറീഡിയം ഒരു അപൂര്‍വവും അത്യന്തം കാഠിന്യമുള്ള ട്രാന്‍സിഷന്‍ മെറ്റല്‍ ആണ്. പ്ലാറ്റിനം ഗ്രൂപ്പില്‍പ്പെടുന്ന ഈ മൂലകം പ്രകൃതിയില്‍ വളരെ വിരളമായി മാത്രമേ കണ്ടുവരൂ. ഉയര്‍ന്ന ഉരുകല്‍ സ്ഥാനവും, അമ്ല-ക്ഷാരങ്ങളോടും കാടായ കാലാവസ്ഥകളോടും അത്യന്തം പ്രതിരോധ ശേഷിയും ഉള്ളതിനാല്‍ ഇറീഡിയം വ്യാവസായികവും ശാസ്ത്രീയവുമായി നിരവധി മേഖലകളില്‍ പ്രാധാന്യമര്‍ഹിക്കുന്നു. ഇറീഡിയം ലോകത്തില്‍ ഏറ്റവും ദുര്‍ലഭമായതും ദീര്‍ഘായുസ്സുള്ളതുമായ ലോഹങ്ങളില്‍ ഒന്നാണ്. വ്യാവസായിക രംഗത്തും ശാസ്ത്രീയ ഗവേഷണങ്ങളിലും അതിന്റെ പ്രസക്തി ഇന്നും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. പ്രകൃതിയിലെ ലഭ്യത പരിമിതമാണെന്നതിനാല്‍ ഭാവിയില്‍ ഇറീഡിയത്തിന്റെ പ്രയോഗം കൂടുതല്‍ വിലപ്പെട്ടതാകും. ഇതിന് വലിയ വിലയാണുള്ളത്. ഈ സാധ്യത മനസ്സിലാക്കി ശബരിമലയിലെ നാകത്തകിട് ആരോ കൈക്കലാക്കിയെന്നാണ് സൂചന.

നാകത്തകിട് മാറ്റി സ്വര്‍ണ്ണം പൂശുമ്പോള്‍ തന്നെ ഈ ചര്‍ച്ച ശബരിമലയില്‍ നടന്നിരുന്നു. പക്ഷേ അന്വേഷണമൊന്നും നടന്നില്ല. ഭക്തന്റെ സ്വര്‍ണ്ണ സമര്‍പ്പണമെന്ന തരത്തില്‍ ചര്‍ച്ചകള്‍ക്ക് വികസന പരിവേഷവും കിട്ടി. എന്നാല്‍ കൊടിമരത്തിലെ വെള്ളി കുതിരയടക്കം പലര്‍ക്കും കൈമാറിയെന്ന സൂചനകള്‍ വരുമ്പോള്‍ ഇതിന് പിന്നിലെ സാമ്പത്തിക നേട്ടങ്ങളും ചര്‍ച്ചയാവുകയാണ്. വിജയ് മല്യ നിലവില്‍ ഇന്ത്യയില്‍ അല്ല. നിരവധി സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ പ്രതിയായ മല്യ ഇന്ന് വിദേശത്ത് സുഖവാസത്തിലാണ്. നാട്ടിലേക്ക് തിരിച്ചു കൊണ്ടു വരാനുള്ള ശ്രമവും എങ്ങുമെത്തുന്നില്ല. ഇന്ത്യയില്‍ വലിയ തോതില്‍ സ്വത്തുക്കള്‍ കണ്ടു കെട്ടുകയും ചെയ്തു. അപ്പോഴും ലണ്ടനിലും മറ്റും അത്യാഡംബര ജീവിതമാണ് മല്യ നയിക്കുന്നത്.

ഏതായാലും ശബരിമല ശ്രീകോവിലിലുള്ള ദ്വാരപാലക വിഗ്രഹങ്ങളില്‍ പൊതിഞ്ഞ സ്വര്‍ണം ഇരുപതു വര്‍ഷം കൊണ്ട് ചെമ്പായി മാറിയ സംഭവത്തിനു പിന്നിലും ദുരൂഹതകള്‍ ഏറെയാണ്. നായനാര്‍ സര്‍ക്കാറിന്റെ ഭരണകാലത്ത് എന്‍. ഭാസ്‌ക്കരന്‍ നായര്‍ പ്രസിഡന്റും എം.വി.ജി നമ്പൂതിരി, കാവിയാട് ദിവാകര പണിക്കര്‍ എന്നിവര്‍ മെമ്പര്‍മാരുമായിരുന്ന കാലത്താണ് യുബി ഗ്രൂപ്പ് ചെയര്‍മാന്‍ വിജയ് മല്യ ശബരിമല ശ്രീകോവില്‍ സ്വര്‍ണം പൊതിഞ്ഞത്. 30.3 കിലോ സ്വര്‍ണവും 1900 കിലോ ചെമ്പും ഉപയോഗിച്ചായിരുന്നു നിര്‍മിതി. അതായത് മുമ്പുണ്ടായിരുന്ന നാക തകിട് തീര്‍ത്തും അപ്രത്യക്ഷമായി. അന്ന് ദ്വാരപാലക ശില്‍പ്പവും പൊതിഞ്ഞിരുന്നു.

ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം 2019ല്‍ ദ്വാരപാലക ശില്‍പ്പങ്ങള്‍ക്ക് മങ്ങല്‍ സംഭവിച്ചു എന്ന കാരണത്താല്‍ ഇളക്കി മാറ്റിയത് വെറും ചെമ്പുപാളികളായിരുന്നു എന്ന് അന്നത്തെ ദേവസ്വം ബോര്‍ഡ് മെമ്പര്‍ എ. പത്മകുമാര്‍ പറയുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റി എന്ന സ്‌പോണ്‍സറുടെ കൈവശം ചെന്നൈയിലേക്ക് കൊടുത്തുവിട്ട പാളികള്‍ അവിടെ എത്തി പരിശോധിച്ച് മഹസര്‍ തയാറാക്കിയ അന്നത്തെ തിരുവാഭരണ കമ്മിഷണര്‍ കെ.എസ്. ബൈജുവും പാളികള്‍ ചെമ്പാണെന്നാണ് രേഖപ്പെടുത്തിയത്. എന്നാല്‍ വിജയ് മല്യ ശ്രീകോവിലില്‍ പാനലുകളായി തിരിച്ച് പൂര്‍ണമായും ചെമ്പില്‍ സ്വര്‍ണം പൊതിയുകയായിരുന്നു എന്നാണ് രേഖകളും വാര്‍ത്തകളും വ്യക്തമാക്കുന്നത്. പിന്നീട് എങ്ങിനെ സ്വര്‍ണം ചെമ്പായി എന്നതിലാണ് ദുരൂഹത.

2019ല്‍ ദ്വാരപാലക ശില്‍പ്പത്തില്‍ നിന്നും 42.8 കിലോ തൂക്കം വരുന്ന 14 ചെമ്പു പാളികളാണ് ഇളക്കി മാറ്റിയതെന്ന് മഹസര്‍ സാക്ഷ്യപ്പെടുത്തുന്നു. സ്വര്‍ണം പൂശിയ പാളികള്‍ എന്ന് പ്രത്യേകം പരാമര്‍ശിച്ചിട്ടില്ലെന്ന കാര്യം ശ്രദ്ധേയമാണ്. ഇലക്ട്രോ പ്ലേറ്റിംഗിലൂടെ സ്വര്‍ണം പൂശിയ പാളികള്‍ സന്നിധാനത്ത് തിരിച്ചെത്തിക്കുമ്പോള്‍ 4.41 കിലോ എങ്ങനെ കുറഞ്ഞു എന്നതിനും ഉത്തരമില്ല. 1998ല്‍ നേര്‍ത്ത സ്വര്‍ണ പാളികളാണ് കട്ടിയുള്ള ചെമ്പിനു മീതെ പൊതിഞ്ഞതെങ്കില്‍ 2019ല്‍ സ്വര്‍ണം പ്ലേറ്റ് ചെയ്യുകയായിരുന്നു. ആ സ്ഥിതിക്ക് ബാക്കി സ്വര്‍ണം എവിടെയാണെന്ന ചോദ്യം ഏറെ പ്രസക്തമാണ്.

Tags:    

Similar News