ഒമ്പത് വോള്‍ട്ട് മാത്രം കടത്തി വിടുന്ന സൗരോര്‍ജവേലിയില്‍ എങ്ങനെ ഹൈവോള്‍ട്ടേജില്‍ വൈദ്യുതി വന്നു? വനപാലകരുടെ ചോദ്യത്തിന് മണിമണി പോലെ ഉത്തരം നല്‍കിയ തോട്ടം ജീവനക്കാരന്‍; ഉടമ അറസ്റ്റിലാകുമെന്ന് വന്നപ്പോള്‍ നാടകീയമായി ജനീഷ്‌കുമാറിന്റെ രംഗപ്രവേശം; പാടത്ത് കോന്നി എംഎല്‍എ നടത്തിയ ഷോ മലയോരജനതയ്ക്ക് വേണ്ടിയെന്നത് വെറും പ്രചരണമോ? കുറ്റം ചെയ്ത തോട്ടം ഉടമയെ സംരക്ഷിക്കാനോ?

Update: 2025-05-17 07:09 GMT

കോന്നി: ആന ഷോക്കേറ്റ് ചരിഞ്ഞതിന്റെ പേരില്‍ കസ്റ്റഡിയില്‍ എടുത്ത തോട്ടം തൊഴിലാളിയെ ഫോറസ്റ്റ് ഓഫീസില്‍ ചെന്ന് സിനിമ സ്റ്റൈലില്‍ ഇറക്കി കൊണ്ടു വന്ന കെ.യു. ജനീഷ്‌കുമാര്‍ എം.എല്‍.എ ഇപ്പോള്‍ മലയോര ജനതയ്ക്ക് ഹീറോയാണ്. ഒരു ജനപ്രതിനിധി ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത നിയമലംഘനമാണ് ചെയ്തിട്ടുള്ളതെങ്കിലും ഫോറസ്റ്റുകാരോടുള്ള എതിര്‍പ്പ് കാരണം നാട്ടുകാര്‍ എം.എല്‍.എയ്ക്കൊപ്പമാണ്. വനപാലകര്‍ പറയുന്ന വസ്തുതകള്‍ ഒക്കെ ബധിരകര്‍ണങ്ങളില്‍ പതിക്കും. ശരിക്കും എന്താണ് പാടത്ത് സംഭവിച്ചത്? എം.എല്‍.എ ഈ ബഹളമൊക്കെ കൂട്ടിയത് ആര്‍ക്ക് വേണ്ടിയാണ്? മലയോര ജനതയ്ക്ക് വേണ്ടിയോ അതോ തനിക്ക് വേണ്ടപ്പെട്ട കൈതച്ചക്ക തോട്ടം ഉടമയെ കേസില്‍ നിന്ന് ഊരിയെടുക്കാനോ?

നടന്ന സംഭവങ്ങള്‍ പരിശോധിച്ചാല്‍ ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാകും. മേയ് 10 ന് ഉച്ചയ്ക്കാണ് കലഞ്ഞൂര്‍ പഞ്ചായത്ത് ആറാം വാര്‍ഡ് കുളത്തുമണ്‍ ശിവക്ഷേത്രത്തിന് സമീപത്ത് കാട്ടുകൊമ്പനെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കോട്ടയം ഹൈറേഞ്ച് സര്‍ക്കിളിലെ ഫോറസ്റ്റ് വെറ്റിനറി ഓഫീസര്‍ ഡോ. അന്‍മോദിന്റെ നേതൃത്വത്തില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ ആന ചരിഞ്ഞത് ഹൈവോള്‍ട്ട് ഷോക്കേറ്റാണെന്ന് കണ്ടെത്തി. സാധാരണ സൗരോര്‍ജവേലിയില്‍ കൂടി ബാറ്ററിയില്‍ നിന്ന് കടത്തി വിടുന്നത് ഒമ്പത് വോള്‍ട്ട് വൈദ്യുതിയാണ്. ഇതേറ്റാല്‍ ആന ചരിയില്ല. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഫോറസ്റ്റ് അധികൃതര്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിരുന്നു. നടുവത്തുമൂഴി വനം റേഞ്ചിലെ പാടം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ കണ്ട കാട്ടാനയുടെ ജഡത്തിന് മൂന്നു ദിവസം പഴക്കമുണ്ടായിരുന്നു. 25 നും 30 നും ഇടയില്‍ പ്രായമുള്ള ആനയാണ് ചരിഞ്ഞത്. ഇതേപ്പറ്റി വിശദമായ അന്വേഷണത്തിന് വനം വിജിലന്‍സ് വിഭാഗത്തെ വനംമന്ത്രി എ.കെ. ശശീന്ദ്രന്‍ ചുമതലപ്പെടുത്തിയിരുന്നു. നേരത്തേ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ നിയോഗിച്ച മൂന്നംഗ സമിതി നടത്തുന്ന അന്വേഷണത്തിന് പുറമേയാണിത്. കാട്ടാന ചരിഞ്ഞത് കണ്ടെത്തുന്നതിലും റിപ്പോര്‍ട്ട് ചെയ്യുന്നതിലും കാലതാമസം നേരിട്ടുവെന്ന് ബോധ്യപ്പെട്ടതിനാല്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് മനഃപൂര്‍വമായ വീഴ്ച ഉണ്ടായിട്ടുണ്ടോ എന്നും വിജിലന്‍സ് വിഭാഗം പരിശോധിക്കുന്നുണ്ട്.

വനപാലകരുടെ അന്വേഷണം സ്വാഭാവികമായും ആന ചരിഞ്ഞു കിടന്ന സൗരോര്‍ജവേലിയിലേക്കും കൈതച്ചക്ക തോട്ടത്തിലേക്കും അതിന്റെ ഉടമയിലേക്കും ചെല്ലും. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങുമ്പോള്‍ ഈ തോട്ടവുമായി ബന്ധപ്പെട്ട ഉടമ, തൊഴിലാളികള്‍, പരിസരവാസികള്‍ എന്നിവരിലേക്കും ചെല്ലും. അതിന്റെ ഭാഗമായിട്ടാണ് കൈതച്ചക്ക തോട്ടത്തിലെ തൊഴിലാളികളെ ഓരോന്നായി മൊഴി എടുക്കാന്‍ വിളിപ്പിച്ചത്. കേസ് എടുത്തുവെന്ന് അറിഞ്ഞതോടെ ഉടമ മുങ്ങി. ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുകയാണ് എന്നാണ് വിവരം.

ഊര്‍ജിതമാക്കിയ അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് കൈതച്ചക്ക തോട്ടത്തിലെ തൊഴിലാളിയായ തമിഴ്നാട്ടുകാരനെ കഴിഞ്ഞ 13 ന് വനപാലകര്‍ കസ്റ്റഡിയില്‍ എടുത്തത്. ഈ വിവരം അറിഞ്ഞാണ് എം.എല്‍.എ പാടം ഫോറസ്റ്റ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തിയത്. തൊഴിലാളിയെ അറസ്റ്റ് ചെയ്തതിന്റെ രേഖകള്‍ കാണിക്കാന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. ഒരാളെ അറസ്റ്റ് ചെയ്യുന്നതിന് ചില നടപടി ക്രമങ്ങള്‍ ഉണ്ടെന്നും എം.എല്‍.എ സൂചിപ്പിച്ചു. എന്നാല്‍, അറസ്റ്റ് ചെയ്തിട്ടില്ലെന്നും മഹസര്‍ എഴുതുന്നതേയുള്ളൂവെന്നും തൊഴിലാളിയുടെ മൊഴിയില്‍ അയാളെ അറസ്റ്റ് ചെയ്യാന്‍ ആവശ്യമായ വസ്തുതകള്‍ ഉണ്ടെന്നും ഫോറസ്റ്റ് അധികൃതര്‍ അറിയിച്ചതോടെ എം.എല്‍.എ മേശയില്‍ അടിച്ചു ആക്രോശിക്കുകയായിരുന്നു. തോന്ന്യാസമാണോ കാണിക്കുന്നത്. മനുഷ്യന്‍ സഹിക്കുന്നതിനും ക്ഷമിക്കുന്നതിനും പരിധിയുണ്ട്്. ഫോറസ്റ്റ് സ്റ്റേഷന്‍ കത്തിക്കുമെന്നും വീണ്ടും നക്സല്‍ ആക്രമണം ഉണ്ടാകുമെന്നും എം.എല്‍.എ പറഞ്ഞു. തൊഴിലാളിയെ കസ്റ്റഡിയില്‍ എടുത്ത നടപടി ക്രമങ്ങളും അറസ്റ്റും നിയമവിധേയമാണോയെന്ന് പരിശോധിക്കാന്‍ എം.എല്‍.എ ഒപ്പമുണ്ടായിരുന്ന ഡിവൈ.എസ്.പി രാജപ്പന്‍ റാവുത്തറോട് നിര്‍ദേശിച്ചു.

കാട്ടാന കാരണം നാട്ടുകാര്‍ക്ക് ജീവിക്കാന്‍ വയ്യാത്ത സ്ഥിതിയാണ്. കാട്ടാന ആക്രമിച്ചാലും ജനങ്ങള്‍ക്കാണ് കുറ്റം. ഒറ്റ ദിവസം മാത്രം 11 പേരെയാണ് നിങ്ങള്‍ കസ്റ്റഡിയില്‍ എടുത്തത്. ജനങ്ങളുടെ പ്രതിഷേധത്തില്‍ പങ്കെടുത്താണ് താന്‍ വരുന്നതെന്നും പറഞ്ഞ എം.എല്‍.എ കസ്റ്റഡിയില്‍ എടുത്ത തൊഴിലാളിയെ ഇറക്കി കൊണ്ട് പോവുകയും ചെയ്തു.

ഫോറസ്റ്റുകാര്‍ പറയുന്നത് അനുസരിച്ച് ആന ചരിഞ്ഞത് എങ്ങനെയെന്നും തോട്ടം ഉടമയ്ക്ക് ഇതു സംബന്ധിച്ചുള്ള പങ്കും കസ്റ്റഡിയില്‍ എടുത്ത തൊഴിലാളി പറഞ്ഞിട്ടുണ്ട്. ഈ മൊഴിയും മഹസറും രേഖപ്പെടുത്തുമ്പോഴാണ് എംഎല്‍എ പാഞ്ഞെത്തി തടഞ്ഞത്. തൊഴിലാളിയുടെ കുറ്റസമ്മതമൊഴി രേഖപ്പെടുത്തി അയാളെ അറസ്റ്റ് ചെയ്യാനുള്ള നീക്കമാണ് ഫോറസ്റ്റ് നടത്തിക്കൊണ്ടിരുന്നത്. തൊഴിലാളി അറസ്റ്റ് ചെയ്യപ്പെടുന്നതോടെ കളി മാറും. ഉടമയടക്കം എല്ലാവരും കുടുങ്ങും. ഇപ്പോള്‍ ഹൈക്കോടതിയില്‍ നല്‍കിയിട്ടുളള മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിപ്പോകും. സ്വാഭാവികമായും ജാമ്യാപേക്ഷയില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് ചോദിക്കും. അപ്പോള്‍ ജീവനക്കാരന്‍ അറസ്റ്റിലായതും അയാളുടെ മൊഴിയുമൊക്കെ ഹൈക്കോടതിക്ക് മുന്നിലെത്തും. ഇതോടെ ജാമ്യഹര്‍ജി തള്ളിപ്പോവുകയും ചെയ്യും.

ആന ഷോക്കേറ്റ് ചരിഞ്ഞത് നിസാരസംഭവം അല്ല. വനനിയമം അനുസരിച്ച് വലിയ കുറ്റകൃത്യം തന്നെയാണ്. ആന ചത്തത് എംഎല്‍എയുടെ ഇടപെടലിലൂടെ ചര്‍ച്ചയാകാതെ പോയിരിക്കുകയാണ്. ഇടിമിന്നലേറ്റ് സൗരോര്‍ജവേലിയിലൂടെ അമിത വൈദ്യുതി പ്രവഹിച്ചപ്പോള്‍ ആന അതില്‍ പിടിച്ചതാണ് അപകട കാരണമെന്നൊരു പ്രചാരണം ശക്തമായി നടക്കുന്നുണ്ട്. എംഎല്‍എയുടെ ഫോറസ്റ്റ് സ്റ്റേഷന്‍ പ്രകടനത്തോടെ പ്രധാന വിഷയം മാറിപ്പോയി. എംഎല്‍എയ്ക്ക് വേണ്ടപ്പെട്ടയാളാണ് തോട്ടം ഉടമ എന്നതാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം. ഇയാളെ രക്ഷപ്പെടുത്തുന്നതിനുളള നീക്കത്തിന്റെ ഭാഗമായിട്ടാണ് ഫോറസ്റ്റ് സ്റ്റേഷനില്‍ സീന്‍ ഉണ്ടാക്കിയത്. മലയോര കര്‍ഷകരുടെ മുഴുവന്‍ ചുമതലയും ഒരു മിനുട്ടില്‍ ഏറ്റെടുത്ത ജനീഷ് ജനങ്ങള്‍ക്ക് മുന്നില്‍ ഹീറോയായി. ഇതോടെ വലിയൊരു ക്രൈം ഒളിപ്പിക്കപ്പെട്ടു. പക്ഷേ, വനംവകുപ്പ് ശക്തമായി തന്നെ മുന്നോട്ടു പോവുകയാണ്. വനമെന്നത് കണ്‍കറന്റ് ലിസ്റ്റില്‍പ്പെട്ട വിഷയമാണ്. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് തുല്യഅധികാരമാണ് ഇതിലുള്ളത്. അതു കൊണ്ടു തന്നെ സംസ്ഥാനത്തിന് മാത്രമായി ഒന്നും ചെയ്യാന്‍ കഴിയില്ല.

ഇതിനിടെ വനപാലകര്‍ക്കെതിരേ പോലീസിനെ സ്വാധീനിച്ച് കേസ് എടുപ്പിച്ചിട്ടുണ്ട്. കൈതത്തോട്ടത്തിലെ അതിഥിത്തൊഴിലാളി സെന്തു മണ്ഡല്‍ നല്‍കിയ പരാതിയില്‍ മൂന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് കേസ്. തോട്ടത്തിലെ തൊഴി ലാളികളായ ബംഗാള്‍ സ്വദേശി ളെ അകാരണമായി പാടം ഫോറസ്റ്റ് സ്റ്റേഷനില്‍ തടഞ്ഞു വച്ചെന്നു കാട്ടിയാണു കൂടല്‍ സ്റ്റേഷനില്‍ പരാതി നല്‍കിയത്. അസഭ്യം വിളിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. തൊഴിലാളികളെ സ്റ്റേ ഷനില്‍ നിന്നു വിട്ടയയ്ക്കാത്തതിനാല്‍ ആറര ടണ്‍ കൈതച്ചക്ക കയറ്റി അയയ്ക്കാന്‍ കഴിയാതെ ഉപയോഗ ശൂന്യമായെന്നും പരാതിയില്‍ പറയുന്നു. കണ്ടാലറിയുന്ന മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് കേസ്.

Similar News