'താന്‍ പ്രവേശിച്ചത് തനിക്ക് 60 ശതമാനം ഷെയറുള്ള ജിമ്മില്‍; പരാതിക്കാരിയുമായി കേസ് നിലനില്‍ക്കുന്നതിനാല്‍ അവരില്ലാത്ത സമയത്ത് തന്റെ പേഴ്‌സണല്‍ മുറിയില്‍ എത്തിയതാണ്; പതിനായിരം രൂപ മോഷ്ടിക്കേണ്ട ഗതികേട് തനിക്കിപ്പോള്‍ ഇല്ല'; ജിമ്മില്‍ കയറിയതിന് മോഷണ കുറ്റത്തിന് കേസെടുത്തതില്‍ മറുനാടനോട് പ്രതികരിച്ചു റിയാലിറ്റി ഷോ താരം ജിന്റോ

'താന്‍ പ്രവേശിച്ചത് തനിക്ക് 60 ശതമാനം ഷെയറുള്ള ജിമ്മില്‍

Update: 2025-08-19 06:07 GMT

കൊച്ചി: ജിമ്മില്‍ കയറി മോഷണം നടത്തിയെന്ന പരാതിയില്‍ റിയാലിറ്റി ഷോ താരം ജിന്റോക്കെതിരെ പാലാരിവട്ടം പോലീസാണ് കേസെടുത്തത്. എന്നാല്‍, തനിക്കെതിരെ ഉന്നയിച്ച മോഷണം ആരോപണം തെറ്റാണെന്നാണ് ജിന്റോ മറുനാടന്‍ മലയാളിയോട് പ്രതികരിച്ചത്. തനിക്കെതിരെ ഉയര്‍ത്തിയ മോഷണ കേസ് കെട്ടിച്ചമച്ചതാണെന്ന് ജിന്റോ പ്രതികരിച്ചു.

താന്‍ പ്രവേശിച്ചത് തനിക്ക് 60 ഷെയറുള്ള ലീസിന് കൊടുത്ത ജിമ്മിലാണെന്നാണ് ജിന്റോ പരയുന്നത്. തനിക്ക് 60 ശതമാനം ഷെയറും പരാതിക്കാരിക്ക് 40 ശതമാനം ഷെയറും എന്ന വിധത്തിലാണ് എഗ്രിമെന്റുള്ളത്. കുറച്ചുകാലമായി ജിമ്മിന്റെ അക്കൗണ്ടിംഗില്‍ സംശയമുണ്ടായിരുന്നു. ഇപ്പോല്‍ പരാതി ഉന്നയിച്ച യുവതി തന്റെ സ്വകാര്യ അക്കൗണ്ടിലേക്ക് പണം മറ്റിയെന്നും ജിന്റോ ആരോപിക്കുന്നു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കം നിലനില്‍ക്കവേ യുവതി നല്‍കിയ കേസില്‍ ജിന്റോ ജാമ്യത്തിലാണ്.

യുവതി ജിമ്മിലുള്ളപ്പോള്‍ അവിടെ പ്രവേശിക്കാന്‍ പാടില്ലെന്നതു കൊണ്ടാണ് അതിരാവിലെ താന്‍ ജിമ്മില്‍ പ്രവേശിച്ചതെന്നാണ് ജിന്റോ പറയുന്നത്. ജിമ്മിലെ തന്റെ പേഴ്‌സണല്‍ റൂമില്‍ വരികയാണ് ചെയ്തത്. താന്‍ പണം മോഷ്ടിച്ചു എന്നത് തെറ്റായ ആരോപണമാണ്. ഇതേക്കുറിച്ച വിശദമായി വ്യക്തമാക്കാന്‍ വൈകുന്നേരം വാര്‍ത്താസമ്മേളനം നടത്തുമെന്നും ബിഗ് ബോസ് താരം പറഞ്ഞു.

കൊച്ചി വെണ്ണലയില്‍ ജിമ്മില്‍ കയറി ജിന്റോ മോഷണം നടത്തിയെന്ന പരാതിയില്‍ പാലാരിവട്ടം പോലീസാണ് ജിന്റോക്കെതിരെ കേസ് എടുത്തത്. ഓഫീസില്‍ സൂക്ഷിച്ചിരുന്ന ചില വിലപ്പെട്ട രേഖകളും പതിനായിരം രൂപയും മോഷ്ടിച്ചുവെന്നും ജിമ്മിലെ സിസിടിവി കാമറകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചുവെന്നും പരാതിക്കാരന് ആരോപിച്ചിരുന്നു. ജിന്റോ ജിമ്മില്‍ കയറുന്നത് സിസിടിവിയില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്.

പുലര്‍ച്ചെ 1.50നാണ് വെണ്ണലയിലുള്ള ജിമ്മില്‍ ജിന്റോ എത്തിയത്. റിയാലിറ്റി ഷോ താരമായ ജിന്റോയ്‌ക്കെതിരെ നേരത്തെയും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. മുന്‍പ് ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് ഇയാളെ എക്‌സൈസ് ചോദ്യം ചെയ്തിരുന്നു. കഞ്ചാവ് കേസില്‍ പിടിയിലായ തസ്‌ലിമയ്ക്ക് ജിന്റോയുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ചോദ്യം ചെയ്യല്‍. തസ്‌ലിമയെ അറിയാമെന്നും പിതാവ് മരിച്ചെന്നു പറഞ്ഞ് ആയിരം രൂപ ചോദിച്ചപ്പോള്‍ കൊടുത്തുവെന്നും മറ്റു ബന്ധങ്ങളില്ല എന്നുമായിരുന്നു ജിന്റോയുടെ വാദം.

എറണാകുളം കാലടി സ്വദേശിയായ ജിന്റോ സെലിബ്രിറ്റി ഫിറ്റ്‌നെസ്സ് ഗുരുവാണ്. നിരവധി സിനിമാതാരങ്ങളുടെയും കലാകാരന്മാരുടെയും കായികതാരങ്ങളുടെയും ഫിറ്റ്‌നസ്സ് പരിശീലകനെന്ന രീതിയിലും ഇദ്ദേഹം ശ്രദ്ധ നേടിയിട്ടുണ്ട്.മുന്‍ മിസ്റ്റര്‍ കേരള കൂടിയാണ് ജിന്റോ. 20 വര്‍ഷമായി ജിന്റോ ബോഡി ക്രാഫ്റ്റ് എന്ന സ്ഥാപനം നടത്തിവരികയാണ്. എറണാകുളം, കോതമംഗലം,മൂന്നാര്‍, ആലുവ, തിരുവനന്തപുരം എന്നിവിടങ്ങളിലായി എട്ടോളം ശാഖകളുണ്ട് ജിന്റോ ബോഡി ക്രാഫ്റ്റിന്.

Tags:    

Similar News