ഗസറ്റില്‍ പ്രസിദ്ധീകരിച്ച ബൈലോ അനുസരിച്ച് വിഷയങ്ങള്‍ അംഗങ്ങള്‍ക്ക് ബോര്‍ഡ് യോഗത്തില്‍ അവതരിപ്പിക്കാം; ജയകുമാറിന്റെ പുതിയ ഉത്തരവില്‍ എല്ലാം പ്രസിഡന്റ് അറിഞ്ഞു മതിയെന്നും; ഡെലിഗേഷന്‍ ഓഫ് പവേഴ്‌സ് പുനര്‍വ്യാഖ്യാനിക്കുന്നത് വിവാദങ്ങളുടെ ഉത്തരവാദിത്തം തലയില്‍ വരാതിരിക്കാനുള്ള മുന്‍കൂര്‍ ജാമ്യം; മുന്‍ ചീഫ് സെക്രട്ടറിയ്ക്ക് ഇതെന്തു പറ്റി? തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഈ ഉത്തരവ് ചട്ട വിരുദ്ധം
തിരുവനന്തപുരം: ശബരിമലയിലെ ബോര്‍ഡ് യോഗങ്ങളുടെ നടപടികളില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി പ്രസിഡന്റ് കെ ജയകുമാര്‍ പുറത്തിറക്കിയ പുതിയ ഉത്തരവ് നിയമവിരുദ്ധം. പ്രസിഡന്റിന്റെ മുന്‍കൂര്‍ അനുവാദമില്ലാതെ ഒരു വിഷയവും യോഗത്തിന്റെ പരിഗണനയ്ക്ക് വിടേണ്ടതില്ലെന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. എന്നാല്‍ നിലവിലെ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ് ഈ ഉത്തരവ്. സര്‍ക്കാര്‍ ഗസ്റ്റില്‍ പ്രസിദ്ധീകരിച്ച ബൈലോ പ്രകാരം ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റേയും അംഗങ്ങളുടേയും ചുമതലകള്‍ വിശദീകരിക്കുന്നുണ്ട്. ഈ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ് പുതിയ ഉത്തരവ്. കേരളത്തിന്റെ മുന്‍ ചീഫ് സെക്രട്ടറിയാണ് ജയകുമാര്‍. കേന്ദ്ര ഡെപ്യൂട്ടേഷനില്‍ ഉന്നത സ്ഥാനങ്ങളും വഹിച്ചു. മലയാള സര്‍വ്വകലാശാലയുടെ വിസിയുമായിരുന്നു. തിരുവനന്തപുരത്തെ ഐഎംജിയുടെ ഡയറക്ടറുമാണ്. ഇങ്ങനെ ഭരണപരിചയമുള്ള ജയകുമാറാന് ചട്ടങ്ങള്‍ക്ക് വിരുദ്ധമായ തീരുമാനങ്ങളെടുക്കുന്നത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി ജയകുമാര്‍ ചുമതലയേറ്റിട്ട് ആഴ്ച ഒന്നേ ആയുള്ളു. പഴയ പ്രസിഡന്റായ പി എസ് പ്രശാന്തിന്റെ അതേ പേഴ്‌സണല്‍ സെക്രട്ടറിയെയാണ് ജയകുമാറിനും അനുവദിച്ചിരിക്കുന്നത്. സാധാരണ നിലയില്‍ പ്രസിഡന്റ് മാറുമ്പോള്‍ പേഴ്‌സണല്‍ സെക്രട്ടറി മാറുന്നതാണ് കീഴ് വഴക്കം. അതിന് പോലും ജയകുമാറിനെ ചില കേന്ദ്രങ്ങള്‍ സമ്മതിച്ചില്ല. ഇതിനൊപ്പമാണ് മാധ്യമങ്ങള്‍ ചര്‍ച്ചയാക്കിയ ജയകുമാറിന്റെ ആദ്യ ഉത്തരവിലെ നിയമ വിരുദ്ധതയും ചര്‍ച്ചയാകുന്നത്.
പ്രസിഡന്റ് അംഗീകരിച്ച വിഷയങ്ങളില്‍ മേലുള്ള വിശദമായ ബോര്‍ഡ് കുറിപ്പുകള്‍ ഏകീകരിച്ച് ഒരു ഫോള്‍ഡറിലാക്കി അജണ്ട ഇനങ്ങള്‍ ബോര്‍ഡ് മീറ്റിങിന് മുന്‍പായി പ്രസിഡന്റ്, അംഗങ്ങള്‍ എന്നിവര്‍ക്ക് നല്‍കണം. ബോര്‍ഡ് അംഗങ്ങള്‍ ഒപ്പിട്ട തരുന്ന മാസ്റ്റര്‍ കോപ്പി കണ്‍സോളിഡേറ്റ് ചെയ്യേണ്ടതും അടുത്ത ബോര്‍ഡ് മീറ്റിങില്‍ കഴിഞ്ഞ ബോര്‍ഡ് മീറ്റിങിന്റെ മിനുട്സ് സ്ഥിരികരിക്കേണ്ടതുമാണ്. അധികാരം കൈമാറേണ്ടതായ കാര്യങ്ങളില്‍ അതത് ഡിപ്പാര്‍ട്ടുമെന്റ് തന്നെ തീരുമാനം എടുക്കേണ്ടതാണെന്നാണ് ജയകുമാറിന്റെ ഉത്തരവ്. അതായത് പ്രസിഡന്റ് അംഗീകരിച്ച വിഷയങ്ങള്‍ മാത്രമേ ബോര്‍ഡിന്റെ പരിഗണനയില്‍ വരാവൂ എന്നതാണ് ജയകുമാറിന്റെ ഉത്തരവ്. നിയമവും ചട്ടങ്ങളും അടിസ്ഥാനമായിട്ടാവണം ബോര്‍ഡന്റെ പ്രവര്‍ത്തനം. ട്രാവന്‍കൂര്‍ കൊച്ചിന്‍ ഹിന്ദു റിലീജിയസ് ആക്ട് 1950ന്റെ അടിസ്ഥാനത്തിലാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തനം. ഇതിന് വേണ്ടി 1953 മേയ് 26ന് വിശദമായ ഗസറ്റ് രേഖയും പുറത്തിറങ്ങി. ഇതില്‍ എങ്ങനെയാണ് ബോര്‍ഡ് പ്രവര്‍ത്തിക്കേണ്ടതെന്ന് വിശദീകരിക്കുന്നുണ്ട്. ഈ വിശദീകരണത്തിലെ അഞ്ചാം ഭാഗമായാണ് ബോര്‍ഡ് അംഗങ്ങള്‍ക്കും നേരിട്ട് വിഷയങ്ങള്‍ ബോര്‍ഡ് യോഗത്തില്‍ അവതരിപ്പിക്കാമെന്ന് പറയുന്നത്.
ഇതിനൊപ്പം ഡെലിഗേഷന്‍ ഓഫ് പവേഴ്‌സിനെ കുറിച്ചും പുതിയ ഉത്തരവ് വിശദീകരിക്കുന്നു. ഇത് അനുസരിച്ച് തീരുമാനിക്കേണ്ട കാര്യങ്ങള്‍ അതാതു ഡിപ്പാര്‍ട്ട്‌മെന്റ് തെന്നെ തീരുമാനം എടുക്കണമെന്നാണ് നിര്‍ദ്ദേശം. ഇതിലൂടെ വിവാദ വിഷയങ്ങളൊന്നും ദേവസ്വം ബോര്‍ഡിന്റെ അജണ്ടയായി വരുന്നില്ലെന്ന് ഉറപ്പിക്കാനാണ് ശ്രമം. ഇവിടേയും നിയമവിരുദ്ധതയുണ്ട്. നിലവിലെ ചട്ട പ്രകാരം ഒരു വിഷയം ബോര്‍ഡ് അംഗത്തിന്റെ അധീനതയില്‍ പെട്ടതാണെങ്കിലും ഫയല്‍ പരിശോധനയ്ക്ക് ശേഷം അത് അനിവാര്യമാണെങ്കില്‍ ബോര്‍ഡിലേക്ക് അയക്കാനും മെമ്പര്‍മാര്‍ക്ക് അവകാശമുണ്ട്. ഈ അവകാശം അടക്കം വേണ്ടെന്ന് വച്ച് അധികാര വികേന്ദ്രീകരണത്തിലൂടെ ബോര്‍ഡ് പ്രധാന ഉത്തരവാദിത്തങ്ങളില്‍ നിന്നും രക്ഷപ്പെടുകയാണ്. ഉദാഹരണത്തിന് ശബരിമലയിലെ സ്വര്‍ണ്ണ പാളിയില്‍ മങ്ങല്‍ കണ്ടാല്‍. അത് പരിഹരിക്കാന്‍ ബോര്‍ഡിനെ സമീപിക്കാതെ തന്നെ ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് സ്വന്തം നിലയില്‍ ഇനി കാര്യങ്ങളെടുക്കാം. അതിന് അധികാരം നല്‍കുന്നതാണ് ഈ ഉത്തരവ് എന്നും വ്യാഖ്യാനമുണ്ട്. വിവാദങ്ങളുടെ ഉത്തരവാദിത്തങ്ങളില്‍ നിന്നും രക്ഷപ്പെടാനുള്ള തന്ത്രമാണ് ഈ ഉത്തരവെന്നും വാദമുയരുന്നു.
ദേവസ്വം ബോര്‍ഡിലെ ഓരോ വകുപ്പിന്റേയും ചുമതലകള്‍ ഓരോ അംഗങ്ങള്‍ക്കായിരിക്കും. അങ്ങനെ ചുമതലയായി കിട്ടുന്ന വകുപ്പുകളില്‍ ബോര്‍ഡിന്റെ അനുമതി അനിവാര്യമായ വിഷയങ്ങളെ ബോര്‍ഡിന്റെ പരിഗണനയ്ക്ക് വിടാമെന്നാണ് ആ ചട്ടം വിശദീകരിക്കുന്നത്. അതയാത് ഒരു ബോര്‍ഡ് അംഗത്തിന്റെ തന്റെ പരിഗണനയില്‍ വരുന്ന വിഷയങ്ങള്‍ പരിശോധിച്ച് നേരിട്ട് ബോര്‍ഡ് യോഗത്തില്‍ അവതരിപ്പിക്കാന്‍ കഴിയും-ഇതാണ് ചട്ടം. എന്നാല്‍ പുതിയ ഉത്തരവ് പ്രകാരം എല്ലാം ജയകുമാറിന്റെ അനുമതിയോടെ മാത്രം ബോര്‍ഡിലേക്ക് വയ്ക്കാന്‍ കഴിയൂവെന്നാണ് പറയുന്നത്. അതായത് ഗസറ്റ് നോട്ടിഫിക്കേഷന് വിരുദ്ധമാണ് പുതിയ ഉത്തരവ്. ഈ ഗസ്റ്റ് നോട്ടിഫിക്കേഷനില്‍ സര്‍ക്കാര്‍ അനുമതിയോടെ മാറ്റം വരുത്തണം. അങ്ങനെ മാറ്റം വരുത്തിയ ശേഷം ഇറക്കേണ്ടതായിരുന്നു പുതിയ ഉത്തരവ്. അതയാത് ഇത്തരമൊരു താല്‍പ്പര്യം ജയകുമാറിനുണ്ടെങ്കില്‍ അക്കാര്യം ആദ്യം സര്‍ക്കാരിനെ അറിയിക്കണം. അതിന് ശേഷം സര്‍ക്കാര്‍ ബൈലോ ഭേദഗതിയുമായി മുമ്പോട്ട് പോയി. അത് ഗസ്റ്റ് വിജ്ഞാപനമാകണം. അത്തരം നടപടി ക്രമങ്ങളൊന്നും പാലിക്കാത്തതു കൊണ്ട് തന്നെ ഇനിയും അംഗങ്ങള്‍ക്ക് നേരിട്ട് വിഷയങ്ങള്‍ ബോര്‍ഡ് യോഗത്തില്‍ അവതരിപ്പിക്കാം. മുന്‍ മന്ത്രി കൂടിയായ കെ രാജുവാണ് ദേവസ്വം ബോര്‍ഡിലെ സിപിഐ അംഗം. മറ്റേത് അഡ്വ പിഡി സന്തോഷ് കുമാര്‍ എന്ന സിപിഎം അംഗവും. ഇവര്‍ രണ്ടു പേരും തല്‍കാലം ജയകുമാറിന് വിരുദ്ധമായി ഒന്നും ചെയ്യില്ല. അതുകൊണ്ട് തന്നെ ഈ ഉത്തരവിനെ അവര്‍ ചോദ്യം ചെയ്യാനും സാധ്യതയില്ല. പക്ഷേ വിഷയം കോടതിയ്ക്ക് മുമ്പിലോ സര്‍ക്കാരിന് മുന്നിലോ എത്തിയാല്‍ ദേവസ്വം പ്രസിഡന്റിന് ഉത്തരവ് തിരുത്തേണ്ടി വരും.
കട്ടിളപ്പടിയിലെ പാളികള്‍ സ്വര്‍ണം പൂശണമെന്ന എക്സിക്യൂട്ടീവ് ഓഫീസറുടെ അപേക്ഷ താന്‍ ബോര്‍ഡിന്റെ പരിഗണനയ്ക്ക് അയക്കുക മാത്രമാണ് ചെയ്തതെന്നും പ്രസിഡന്റായിരുന്ന പത്മകുമാര്‍ അമിത താത്പര്യമെടുത്ത് നടപടി വേഗത്തിലാക്കിയെന്നും ദേവസ്വം മുന്‍ കമ്മീഷണറായ എന്‍ വാസു പ്രത്യേക അന്വഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ കമ്മീഷണറായിരിക്കെ വാസു നല്‍കിയ ശുപാര്‍ശയനുസരിച്ചാണ് മറ്റുവിഷയങ്ങള്‍ക്കൊപ്പം ബോര്‍ഡ് ഇതിലും തീരുമാനമെടുത്തതെന്നാണ് പത്മകുമാര്‍ നല്‍കിയ മൊഴി. ബോര്‍ഡ് യോഗം പരിഗണിക്കേണ്ട വിഷയങ്ങളെ കുറിച്ചും വ്യവസ്ഥാപിത നടപടിക്രമം ഇല്ലെന്ന് ഇതോടെ വ്യക്തമായി. രേഖകളില്‍ തിരുത്തല്‍ വരുത്താറുണ്ടായിരുന്നുവെന്നും കണ്ടെത്തി. ദേവസ്വം യോഗത്തിന്റെ അജണ്ടയില്‍ പത്മകുമാര്‍ തിരുത്തല്‍ വരുത്തിയെന്ന് എസ്ഐടിയും കണ്ടെത്തി. ഈ സാഹചര്യത്തിലാണ് എല്ലാം പ്രസിഡന്റ് അറിഞ്ഞ് രേഖയായി ദേവസ്വം ബോര്‍ഡിന്റെ പരിഗണനയിലേക്ക് കൊണ്ടു വരുന്ന ഉത്തരവ് ജയകുമാര്‍ ഇറക്കിയത്. പക്ഷേ ഇത്തരമാരു മാറ്റത്തിന് സര്‍ക്കാരിന്റെ നടപടിക്രമങ്ങള്‍ കൂടി വേണമെന്നതാണ് വസ്തുത. ഭരണപരിചയമുള്ള ജയകുമാറിനെ പോലൊരാള്‍ക്ക് ചട്ടം മറികടന്ന് എങ്ങനെ ഇത്തരത്തിലൊരു ഉത്തരവ് ഇറക്കാനായി എന്ന ചോദ്യവും സജീവ ചര്‍ച്ചയാണ്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായ കെ ജയകുമാറിന്റെ പരിഷ്‌കരണ മോഹവമൊന്നും നടക്കില്ലെന്ന വാര്‍ത്ത നേരത്തെ പുറത്തു വന്നിരുന്നു. മുന്‍ പ്രസിഡന്റ് പ്രശാന്തിന്റെ അടുപ്പക്കാര്‍ തന്നെ ജയകുമാറിന്റെ പേഴ്സണല്‍ സ്റ്റാഫിലും തുടരും. സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും ഡെപ്യൂട്ടേഷനില്‍ ജയകുമാറിന് പേഴ്സണല്‍ സ്റ്റാഫ് അനുവദിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ അതൊന്നും നടന്നില്ല. പഴയ വീഞ്ഞ് പുതിയ കുപ്പിയിലായ പോലെയായി കാര്യങ്ങള്‍. തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ടുകള്‍ പ്രസിഡന്റിനായി ഒപ്പിട്ട് വാങ്ങേണ്ടത് പേഴ്സണല്‍ സെക്രട്ടറിയാണ്. നിലവിലെ സാഹചര്യത്തില്‍ പല വിജിലന്‍സ് റിപ്പോര്‍ട്ടുകളും ഇനി വെളിച്ചെ കാണില്ല. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ സിപിഎം അനുകൂല സംഘടകനള്‍ എതിര്‍ത്തിട്ടും മന്ത്രി വിഎന്‍ വാസവിന്റെ പിടിവാശിയാണ് വിജയിക്കുന്നത്. ശബരിമലയിലെ സ്വര്‍ണ്ണ കൊള്ള അന്വേഷണം എന്‍ പ്രശാന്തിലേക്ക് എത്തുമെന്ന് സൂചനകളുണ്ട്. ഇത് മനസ്സിലാക്കി കൂടിയാണ് നടപടികള്‍. 2025ലെ ദ്വാരപാലക ശില്‍പ്പ കേസ് അന്വേഷണം അട്ടിമറിക്കാനും ഫയല്‍ നീക്കങ്ങള്‍ അറിയാനും കൂടിയാണ് ജയകുമാറിന്റെ പേഴ്സണല്‍ സ്റ്റാഫില്‍ മന്ത്രി ഓഫീസ് ഇടപെടല്‍ നടത്തിയത്. ഏത് പ്രസിഡന്റ് വന്നാലും പേഴ്സണല്‍ സ്റ്റാഫ് മാറുന്നത് പതിവാണ.് കെ ജയകുമാറിനെ നിയമിച്ചപ്പോള്‍ അത് അട്ടിമറിക്കപ്പെടുന്നു.
തിരുവല്ലം ക്ഷേത്രത്തിലെ അന്നദാന തട്ടിപ്പ്, അച്ചന്‍ കോവില്‍ അഴിമതി, മലയാലപുഴയിലെ സസ്പെന്‍ഷനിടെ ഉയര്‍ന്ന സ്ത്രീ പീഡനം അങ്ങനെ പല വിഷയങ്ങളില്‍ കുടുങ്ങിയവരുണ്ട്. ഈ അന്വേഷണത്തില്‍ പ്രതിയ്ക്ക് ഒന്നും സംഭവിക്കില്ലെന്ന് കൂടി വ്യക്തമാക്കുകയാണ് ഈ നിയമനങ്ങള്‍. ഏറെ പ്രതീക്ഷയാണ് ജയകുമാറിന്റെ നിയമനം വിശ്വാസികള്‍ക്ക് നല്‍കിയത്. ദേവസ്വം സംവിധാനത്തെ അടിമുടി ഉടച്ചു വാര്‍ക്കുമെന്നും വിലയിരുത്തലുകളെത്തി. എന്നാല്‍ ഒന്നും സംഭവിക്കില്ലെന്ന് വ്യക്തമാകുകയാണ് പേഴ്സണല്‍ സ്റ്റാഫ് നിയമനം. ദേവസ്വം ബോര്‍ഡില്‍ അവതരിപ്പിക്കുന്ന വിഷയങ്ങളില്‍ ഇനി പ്രസിഡന്റിന്റെ മുന്‍കൂര്‍ അനുമതി വേണം എന്നും തീരുമാനമുണ്ട്. അതായത് എല്ലാ അര്‍ത്ഥത്തിലും അജണ്ട പ്രസിഡന്റ് നിശ്ചയിക്കും. ഫലത്തില്‍ ഇതെല്ലാം പേഴ്സണല്‍ സെക്രട്ടറിയുടെ കൈയ്യിലൂടെയാകും കടന്നു പോവുക. അതുകൊണ്ട് തന്നെ ദേവസ്വം ബോര്‍ഡിലെ ഓരോ നീക്കവും സര്‍ക്കാര്‍ സംവിധാനത്തിന് അറിയാനാകും. സിപിഎം അനുകൂല സംഘടനയുടെ എതിര്‍പ്പുള്ളവര്‍ക്ക് മന്ത്രി ഓഫീസില്‍ സ്വാധീനം ഏറെയാണ്. ഇത് തന്നെയാണ് പുതിയ ഉത്തരവിലും നിറയുന്നത്. അതയാത് പ്രതിസ്ഥാനത്തുള്ളവരുടെ കൈയ്യില്‍ ദേവസ്വം ബോര്‍ഡ് ഭരണം തുടരും. ദേവസ്വം ബോര്‍ഡിലെ നന്തന്‍കോട്ടെ ആസ്ഥാനത്തില്‍ പല അഴിമതിക്കാരുമുണ്ട്. ഇവരാണ് ദേവസ്വം ഭരണം അട്ടിമറിക്കുന്നതെന്ന ആക്ഷേപം സജീവമാണ്. ജയകുമാര്‍ തലപ്പത്ത് എത്തുമ്പോഴും അതിന് മാറ്റമുണ്ടാകുന്നില്ല.
