പണം വാങ്ങിയിട്ടും ഫ്‌ളാറ്റ് നല്‍കിയില്ല; ഒടുവില്‍ തട്ടിപ്പ് പൊളിച്ച് കെ റെറയുടെ ഇടപെടല്‍; ഗാലക്‌സി ബില്‍ഡേഴ്‌സിന് കിട്ടുന്നത് മുട്ടന്‍ പണി; പ്രസിമോന്റെ പോരാട്ടം വിജയമായി; കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി നീതിയൊരുക്കിയ കഥ

കൊച്ചി: കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (കെ-റെറ) കേരളത്തില്‍ വിപ്ലവമാണ് സൃഷ്ടിച്ചത്. കാലതാമസം നേരിടാതെയുള്ള പരാതി പരിഹാര സംവിധാനമാണ് കെ-റെറയുടെ പ്രത്യേകത. ഫ്‌ളാറ്റിന്റെ പേരില്‍ ആര്‍ക്കും ആരേയും പറ്റിക്കാന്‍ കഴിയാത്ത സംവിധാനം. പക്ഷേ വന്‍കിട മുതലാളിമാര്‍ക്കെതിരായണ് കെ റെറയുടെ ഉത്തരവുകള്‍. അതുകൊണ്ട് പരസ്യ മോഹികളായ പത്രങ്ങള്‍ അതൊന്നും വാര്‍ത്തയാക്കാറില്ല. അത്തരം ബ്രാഡന്‍ഡുകളില്‍ നിന്നും പണം വാങ്ങി പരസ്യം കൊടുക്കുന്നത് കൊണ്ടു മാത്രമാണ്. കൊച്ചിയിലെ ഫ്‌ലാറ്റ് വഞ്ചനയില്‍ ഒരു പ്രമുഖ മാധ്യമ സ്ഥാപനത്തിന്റെ ഉന്നത ഉദ്യോഗസ്ഥന്‍ പെട്ടിട്ടു പോലും ഒന്നും സംഭവിച്ചില്ല. പോലീസില്‍ പരാതി നല്‍കി കാത്തിരിക്കുകയാണ് ഈ വ്യക്തി. ഇതിനിടെയാണ് കെ റെറയില്‍ നിന്നും സാധാരണക്കാരന്‍ നീതി ഉറപ്പാക്കിയ സംഭവം പുറത്തേക്ക് വരുന്നത്.
കൊച്ചി ഇളംകുളത്തുള്ള ഗാല്ക്‌സി എമ്രാള്‍ഡിലാണ് പ്രസിമോന്‍ എന്ന സാധരണക്കാരന്‍ ഫ്‌ളാറ്റ് വാങ്ങാന്‍ ആഗ്രഹിച്ചത്. ഗാലക്‌സി ഹോം പ്രൈവറ്റ് ലിമിറ്റഡിന്റേതായിരുന്നു ഈ പ്രോജക്ട്. കൊച്ചിന്‍ ഷിപ്പിയാര്‍ഡിലെ ജീവനക്കാരനാണ് പാലക്കാട് സ്വദേശിയായ പ്രസിമോന്‍. റെയില്‍വേയിലെ സാധാരണ തൊഴിലാളിയായിരുന്ന പ്രസിമോന്റെ അച്ഛന്‍ വിരമിച്ചു. ഈ ആനുകൂല്യങ്ങള്‍ക്കൊപ്പം ലോണ്‍ കൂടി വാങ്ങി ഫ്‌ളാറ്റ് വാങ്ങുകയായിരുന്നു ലക്ഷ്യം. പണം നല്‍കി ഫ്‌ളാറ്റ് ബുക്ക് ചെയ്തു. മൂന്ന് കൊല്ലം കൊണ്ട് പണിത് കൊടുക്കുമെന്ന് അവര്‍ അവകാശപ്പെട്ടു. മൂന്ന് വര്‍ഷമായിട്ടും ആ ഫ്‌ളാറ്റിന്റെ ഫൗണ്ടേഷന്‍ പോലുമായില്ല. ഇതോടെ പ്രസിമോന്‍ കമ്പനിയെ സമീപിച്ചു. ഈ സമയം അവര്‍ മറ്റൊരു വാഗ്ദാനം നല്‍കി. അതായത് ഒരു ബെഡ് റൂം ഫ്‌ളാറ്റിനാണ് പ്രസിമോന്‍ ബുക്ക് ചെയ്തിരുന്നത്. കുറച്ചു കൂടി പണം കൊടുത്താല്‍ ഡബിള്‍ ബെഡ് റൂം ഫ്‌ളാറ്റ് മറ്റൊരിടത്ത് കൊടുക്കാമെന്നായിരുന്നു വാഗ്ദാനം. ഇതില്‍ പ്രസിമോനും താല്‍പ്പര്യം വന്നു. അങ്ങനെ കൂടുതല്‍ പണം കൊടുത്തു. ഏതാണ്ട് 34 ലക്ഷം രൂപയാണ് ഈ ഫ്‌ളാറ്റ് കമ്പനി പ്രസിമോനില്‍ നിന്നും വാങ്ങിയത്.
അതും വെറും വാഗ്ദാനമായി. ഗാലക്‌സി ഹോമിനെതിരെ പരാതി കൊടുത്തു. ജനപക്ഷം ബെന്നിയിലൂടെ സംഭവം പുറംലോകത്ത് എത്തി. എന്നാല്‍ പ്രസിമോനേയും ജനപക്ഷം ബെന്നിയേയും പ്രതിയാക്കി കേസ് കൊടുക്കുകയായിരുന്നു ഗാലക്‌സി ഹോം ചെയത്. അതായത് പണം നല്‍കി വര്‍ഷങ്ങള്‍ക്ക് ശേഷവും ഫ്‌ളാറ്റ് കിട്ടിയില്ലെന്ന പരാതിയ്ക്ക് പ്രതികാരമായിരുന്നു കേസ്. സാധാരണക്കാരനായിട്ട് പോലും പ്രസിമാന്‍ തളര്‍ന്നില്ല. കെ റെറയില്‍ പരാതി നല്‍കി. വിശദവാദങ്ങള്‍ കേട്ടു. പണം കൊടുത്ത അന്ന് മുതല്‍ 16 ശതമാനം വച്ച് പലിശ നല്‍കാനായിരുന്നു ഉത്തരവ്. അതിനെതിരെ അപ്പലേറ്റ് അതോറിട്ടിയില്‍ ബില്‍ഡേഴ്‌സ് പരാതിയുമായി പോയി. അതും തള്ളിയിരിക്കുന്നു. പുതിയ ഉത്തരവ് പ്രകാരം കണക്ക് നോക്കുമ്പോള്‍ ഫ്‌ളാറ്റും പണിത് നല്‍കണം ഇതിനൊപ്പം പ്രസിമോന് പലിശ ഇനത്തില്‍ 25 ലക്ഷം രൂപയും കൊടുക്കണം. അതായത് എല്ലാ അര്‍ത്ഥത്തിലും പ്രസിമോന് നീതിയായി. പക്ഷേ ഇത് മുന്‍നിര മാധ്യമങ്ങളാരും വാര്‍ത്തയാക്കുന്നില്ല, ഫ്‌ളാറ്റ് കിട്ടിയില്ലെങ്കില്‍ മാത്രമല്ല നിമര്‍മ്മിച്ചു കിട്ടുന്ന ഫ്‌ളാറ്റിന് മതിയായ ക്രമീകരണങ്ങളില്ലെങ്കിലും കെ റെറയില്‍ നിന്നും നീതി കിട്ടും. നിലവിലെ നിയമ പ്രകാരം വാങ്ങുന്ന പണത്തിന്റെ ഒരു ഭാഗം കമ്പനി ബാങ്കില്‍ സൂക്ഷിക്കണം. പണമില്ലാത്തവര്‍ക്ക് ഫ്‌ളാറ്റ് നിര്‍മ്മാണവും അസാധ്യമാണ്.
കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ രജിസ്റ്റര്‍ ചെയ്യിപ്പിക്കുന്നതിനോടൊപ്പം അവ കൃത്യമായി നിരീക്ഷിക്കുന്നു എന്നതാണ് സുതാര്യതയുടെ പ്രധാന ചുവടുവെയ്പായി കെ-റെറ കണക്കാക്കുന്നത്. രജിസ്‌ട്രേഷന്‍ കാലാവധി കഴിഞ്ഞിട്ടും പുതുക്കാതെ, അലോട്ടികളോടുള്ള ഉത്തരവാദിത്തം നിറവേറ്റാതെയിരിക്കുന്ന പ്രൊമോട്ടര്‍മാര്‍ക്ക് നോട്ടീസ് അയച്ച്, രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അതാതു സമയങ്ങളില്‍ റെറ ആവശ്യപ്പെടുന്നുണ്ട്. ആര്‍ക്കിടെക്ട്‌സ് സര്‍ട്ടിഫിക്കറ്റ്, സാമ്പത്തിക കണക്കുകളുടെ വാര്‍ഷിക റിപ്പോര്‍ട്ട് എന്നിവ സമര്‍പ്പിക്കുന്നതില്‍ ആരൊക്കെ വീഴ്ച വരുത്തുന്നു എന്ന് നിരീക്ഷിക്കുന്നുണ്ട്. റെറ രജിസ്‌ട്രേഷന്‍ നമ്പര്‍ പരസ്യത്തില്‍ കാണിക്കാത്ത ഒരുപാട് പേര്‍ക്ക് നോട്ടീസ് കൊടുക്കുകയും തിരുത്താത്തവര്‍ക്ക് പിഴയീടാക്കുകയും ചെയ്യുന്നുണ്ട്. ഏതു മാധ്യമത്തില്‍ പ്രസിദ്ധീകരിക്കുന്ന പരസ്യമായാലും അവയിലെല്ലാം പ്രൊജക്റ്റിന്റെ വിശദാംശങ്ങളിലേക്ക് നയിക്കുന്ന ക്യൂആര്‍ കോഡ് പ്രദര്‍ശിപ്പിക്കണമെന്ന് നിര്‍ബന്ധമാണ്.
ഗാലക്‌സി ഹോം തട്ടിപ്പിന്റെ വിശദ വീഡിയോ സ്‌റ്റോറി ചുവടെ
ഇപ്പോഴും കെ-റെറ അതിന്റെ പ്രധാന സ്റ്റേക്ക്ഹോള്‍ഡര്‍മാരായ പ്രൊമോട്ടര്‍മാര്‍, ഉപഭോക്താക്കള്‍, ഏജന്റുമാര്‍ എന്നിവരെ ബോധവല്‍ക്കരിക്കുന്നുണ്ട്. അതിന്റെ ഫലമായി പാര്‍പ്പിട വാണിജ്യ വ്യവസായ ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള കൂടുതല്‍ റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നു. പോസ്റ്റ് രജിസ്‌ട്രേഷന്‍ റെറ കംപ്ലയന്‍സിനെക്കുറിച്ചും കെ-റെറ പ്രൊമോട്ടര്‍മാര്‍ക്ക് നിരന്തരം അവബോധം നല്‍കിക്കൊണ്ടിരിക്കുന്നുണ്ട്. വലിയ ഒരു ഭൂമി ചെറു പ്ലോട്ടുകളാക്കി വിഭജിച്ച് വാസയോഗ്യമായ പ്ലോട്ടുകളാക്കി വില്‍ക്കുന്നത് റെറയില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതായ റിയല്‍ എസ്റ്റേറ്റ് പദ്ധതിയാണ്. കെ-റെറയുടെ തുടക്കകാലത്ത് ഫ്ളാറ്റുകളും വില്ലകളും മാത്രമായിരുന്നു കൂടുതലും രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് പ്ലോട്ട് പദ്ധതികളുടെ രജിസ്ട്രേഷന്‍ മുന്‍ വര്‍ഷങ്ങളിലേതിനേക്കാള്‍ വര്‍ധിച്ചു എന്നു കാണാം. 2022ല്‍ ഏഴ് പ്ലോട്ട് പദ്ധതികള്‍ മാത്രം രജിസ്റ്റര്‍ ചെയ്തപ്പോള്‍ 2023ല്‍ 24 പ്ലോട്ട് പദ്ധതികളാണ് രജിസ്റ്റര്‍ ചെയ്തത്. ഇപ്പോഴത് വലിയ തോതില്‍ കൂടിയിരിക്കുന്നു.
രജിസ്റ്റര്‍ ചെയ്യാത്ത പ്ലോട്ട് പദ്ധതികള്‍ കേന്ദ്രീകരിച്ച് കെ-റെറ നടത്തിയ വിശദമായ ഔദ്യോഗിക പരിശോധനകളും അതിനെത്തുടര്‍ന്ന് നിരവധി പദ്ധതികള്‍ക്ക് അയച്ചിട്ടുള്ള കാരണം കാണിക്കല്‍ നോട്ടീസുകളും പ്ലോട്ട് പദ്ധതികളുടെ രജിസ്ട്രേഷന്‍ വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. ഫ്ളാറ്റുകളുടെയും വില്ലകളുടെയും ആധാര രജിസ്ട്രേഷന്‍ സമയത്ത് ആധാരത്തോടൊപ്പം പദ്ധതികളുടെ റെറ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും റെറ നിഷ്‌കര്‍ഷിക്കുന്ന രജിസ്റ്റേര്‍ഡ് എഗ്രിമെന്റ് ഫോര്‍ സെയിലിന്റെ പകര്‍പ്പും ഹാജരാക്കണമെന്ന് ഈയിടെ ഉത്തരവിറങ്ങിയിരുന്നു.