രാജകുടുംബത്തെ തേച്ച് അമേരിക്കയിലേക്ക് ഓടിയ ഹാരി രാജകുമാരന് മടങ്ങിയെത്തേണ്ടി വരും; വിസ അപേക്ഷയില്‍ കള്ളം പറഞ്ഞു എന്ന ആരോപണവുമായി ബന്ധപ്പെട്ട രേഖകള്‍ പുറത്തുവിടാന്‍ അമേരിക്കന്‍ കോടതി നിര്‍ദ്ദേശിച്ചു; പണി പാളുമോ എന്ന് ഭയന്ന് ഹാരിയും മേഗനും

രാജകുടുംബത്തെ തേച്ച് അമേരിക്കയിലേക്ക് ഓടിയ ഹാരി രാജകുമാരന് മടങ്ങിയെത്തേണ്ടി വരും

Update: 2025-03-16 01:48 GMT

ന്യൂയോര്‍ക്ക്: ഹാരി രാജകുമാരന്റെ അമേരിക്കന്‍ ജീവിതം അവസാനിക്കാറായോ? ഹാരിയുടെ വിസ അപേക്ഷയുമായി ബന്ധപ്പെട്ട രേഖകള്‍ എല്ലാം വരുന്ന ചൊവ്വാഴ്ചയ്ക്ക് മുന്‍പായി പുറത്തു വിടണമെന്ന് അമേരിക്കന്‍ കോടതി നിര്‍ദ്ദേശം. വിസ അപേക്ഷയില്‍ ഹാരി കള്ളം പറഞ്ഞു എന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു വിസ അപേക്ഷയും അതുമായി ബന്ധപ്പെട്ട ഫയലുകളും പ്രസിദ്ധപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ പരാതി ഉയര്‍ന്നത്. ജഡ്ജ് കാള്‍ നിക്കോളാസ് ഇപ്പോള്‍ ഈ രേഖകള്‍ പുറത്തു വിടാന്‍ ഉത്തരവിട്ടതോടെ ഹാരിയുടെ രഹസ്യം പുറത്തവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഏതൊക്കെ രേഖകളാണ് പുറത്തുവിടുക എന്നത് ഇനിയും വ്യക്തമായിട്ടില്ലെങ്കിലും വിസ അപേക്ഷയില്‍, മയക്ക് മരുന്ന് ഉപയോഗിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഹാരി ഇല്ല എന്ന് ഉത്തരം പറഞ്ഞോ എന്ന് തെളിയിക്കുന്ന ഫോമുകള്‍ ഉള്‍പ്പടെയുള്ളവ പുറത്തു വിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട മൂന്ന് രേഖകള്‍ പുറത്തു വിടാന്‍ തയ്യാറാണെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി നേരത്തെ കോടതിയില്‍ സമ്മതിച്ചിരുന്നു. അതാണ് കോടതി ഇപ്പോള്‍ സമ്മതിച്ചിരിക്കുന്നത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ഒരു രേഖ സ്വകാര്യമായി സൂക്ഷിക്കേണ്ടതുണ്ടെന്നും ഡി എച്ച് എസ് കോടതിയില്‍ പറഞ്ഞിരുന്നു.

അമേരിക്കന്‍ കുടിയേറ്റ വിഷയങ്ങള്‍ നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി, വിവരാവകാശ നിയമപ്രകാരം വലതുപക്ഷ ചിന്തകരുടെ കൂട്ടായ്മയായ ഹെറിറ്റേജ് ഫൗണ്ടേഷന്‍ നല്‍കിയ അപേക്ഷ കഴിഞ്ഞ വര്‍ഷം നിരാകരിച്ചിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു ഫൗണ്ടേഷന്‍ കോടതിയെ സമീപിച്ചത്. മയക്കുമരുന്ന് ഉപയോഗിച്ചോ എന്ന ചോദ്യത്തിന് ഹാരി നുണ പറഞ്ഞിരിക്കാം എന്നാണ് ഫൗണ്ടേഷന്‍ പറയുന്നത്. തന്റെ ഓര്‍മ്മക്കുറിപ്പായ സ്പെയറിലും അതുപോലെ നെറ്റ്ഫ്‌ലിക്സ് സീരീസിലും ഹാരി തന്റെ മയക്കുമരുന്ന് ഉപയോഗത്തെ കുറിച്ച് പറയുന്നുണ്ട്.

കോടതി വിധി വന്നതോടെ ഹാരിയുടെ അമേരിക്കയിലെ ജീവിതം ഇനിയും തുടരാന്‍ കഴിയുമോ എന്ന ആശങ്ക ഉയര്‍ന്നിരിക്കുകയാണ്. വിസ അപേക്ഷയില്‍ നുണ പറഞ്ഞു എന്ന് തെളിഞ്ഞാല്‍, സ്വാഭാവികമായും വിസ റദ്ദാക്കപ്പെടും. അങ്ങനെയായാല്‍ ഹാരിക്ക് അമേരിക്കയില്‍ നിന്നും ബ്രിട്ടനിലേക്ക് മടങ്ങേണ്ടതായി വരും. എന്നാല്‍, ഹാരിയെ നാടുകടത്താന്‍ താന്‍ ഉത്തരവിടുകയില്ലെന്ന് കഴിഞ്ഞ ദിവസം ട്രംപ് സൂചിപ്പിച്ചിരുന്നു.

Tags:    

Similar News