സിപിഎം നേതാക്കളുടെ പേരെഴുതി വച്ച ശേഷം ആത്മഹത്യ ചെയ്ത പെരുനാട്ടിലെ സിപിഎം പ്രവര്‍ത്തകന്‍ ബാബു; വീടിനുള്ളില്‍ തൂങ്ങി മരിച്ച കടമ്പനാട് വില്ലേജ് ഓഫീസര്‍ മനോജ്; സിപിഎം നേതാക്കള്‍ കാരണം ജീവനൊടുക്കേണ്ടി വന്ന ഇവരുടെ കുടുംബങ്ങള്‍ക്ക് നീതിയില്ല; ഇത് 'പത്തനംതിട്ട' ചതിക്കഥ
പത്തനംതിട്ട: സിപിഎം നേതാക്കളുടെ പേര് എഴുതി വച്ച ശേഷം തൂങ്ങി മരിച്ച പെരുനാട്ടിലെ സിപിഎം പ്രവര്‍ത്തകന്‍ ബാബു. ഭരണപക്ഷ നേതാക്കളുടെ ഭീഷണിക്ക് വഴങ്ങാന്‍ കഴിയാതെ വീടിനുള്ളില്‍ തൂങ്ങി മരിച്ച കടമ്പനാട് വില്ലേജ് ഓഫീസര്‍ മനോജ്. ജില്ലയില്‍ സിപിഎമ്മിന്റെയും ഭരണ പക്ഷ നേതാക്കളുടെയും ഗുണ്ടായിസം കാരണം ജീവനൊടുക്കേണ്ടി വന്ന സാധുക്കളാണ് ഇവര്‍. അതില്‍ അവസാനത്തെയാളായി മാറിയത് കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവാണ്. ബാബുവിന്റെ ആത്മഹത്യാക്കുറിപ്പില്‍ തന്നെ ദ്രോഹിച്ച നേതാക്കളുടെ പേര് എഴുതി വച്ചിട്ടുണ്ടായിരുന്നു. ഒരു ചെറിയ കേസ് പോലും പോലീസ് എടുത്തില്ല. മനോജിന്റെ ആത്മഹത്യയ്ക്ക് കാരണക്കാരായവരെ കണ്ടെത്താന്‍ വേണ്ടി കുടുംബവും അടൂര്‍ താലൂക്കിലെ 12 വില്ലേജ് ഓഫീസര്‍മാരും നിരന്തരം സമരം നടത്തി. ഒന്നും സംഭവിച്ചില്ല. കുടുംബങ്ങള്‍ കോടതി കയറി ഇറങ്ങി നിയമ പോരാട്ടം നടത്തുന്നത് മാത്രം മിച്ചം. കണ്ണൂരിലെ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ പത്തനംതിട്ടയിലെ സിപിഎം എടുത്തത് സമാനതകളില്ലാത്ത പോരാട്ട നിലപാടാണ്. എന്നാല്‍ പത്തനംതിട്ടയിലെ മരണങ്ങളില്‍ പാര്‍ട്ടിയുടേത് വ്യത്യസ്ത സമീപനവും
തന്റെ ബില്‍ഡിങ് മറയത്തക്ക വിധം സിപിഎം നേതാക്കള്‍ വെയിറ്റിങ് ഷെഡ് നിര്‍മിച്ചതില്‍ മനം നൊന്ത് നേതാക്കളുടെ പേര് എഴുതി വച്ച ശേഷം റാന്നി പെരുനാട കണ്ണനുമണ്‍ മഠത്തുംമൂഴി ബാബു (68) 2022 സെപ്റ്റംബര്‍ 25 നാണ് ജീവനൊടുക്കിയത്. സിപിഎം ജില്ലാ കമ്മറ്റിയംഗവും പെരുനാട് പഞ്ചായത്ത് പ്രസിഡന്റുമായ പിഎസ് മോഹനന്‍, 13ാം വാര്‍ഡില്‍ നിന്നുള്ള സിപിഎമ്മിന്റെ പഞ്ചായത്തംഗം ശ്യാം, സിപിഎം ലോക്കല്‍ സെക്രട്ടറി റോബിന്‍ എന്നിവരാണ് തന്റെ മരണത്തിന് ഉത്തരവാദികളെന്ന് ബാബുവിന്റെ ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമായി എഴുതിയിരുന്നു. മടത്തും മുഴി പള്ളിയുടെ സ്ഥലത്തുള്ള ഒരു മരത്തില്‍ കെട്ടിത്തൂങ്ങി മരിച്ച നിലയിലാണ് ബാബുവിനെ കണ്ടത്. ലോക്കല്‍ സെക്രട്ടറി റോബിന്‍ അടക്കമുളള സിപിഎം നേതാക്കള്‍ തന്നെയാണ് മൃതദേഹം അഴിച്ചിറക്കിയതും അനന്തര നടപടികള്‍ സ്വീകരിച്ചതും. ഇതിന് ശേഷമാണ് ആത്മഹത്യാക്കുറിപ്പ് പുറത്തു വന്നത്.
ബാബുവിന് മഠത്തുംമുഴിയില്‍ ഒരു ബില്‍ഡിങ് ഉണ്ട് ആയത് വാടകയ്ക്ക് കൊടുത്തിരിക്കുകയായിരുന്നു. അതിന് മുന്നില്‍ സിപിഎമ്മിന്റെ ഒരു വെയിറ്റിങ് ഷെഡ് ഉണ്ടായിരുന്നു. ഇത് പുതുക്കി പണിതു കൊണ്ടിരിക്കുകയാണ്. വെയിറ്റിങ് ഷെഡ് വന്നാല്‍ ബില്‍ഡിങ് മറയും. ഇതേച്ചൊല്ലി തര്‍ക്കം ഉണ്ടായിരുന്നു. 2022 ഫെബ്രുവരിയില്‍ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് വെയിറ്റിങ് ഷെഡ് നവീകരിക്കാന്‍ തീരുമാനിച്ചപ്പോള്‍ ബാബു എതിര്‍പ്പുമായി രംഗത്തു വന്നു. തന്റെ കട മറയുമെന്നും മാറ്റി സ്ഥാപിക്കണമെന്നും ബാബു ആവശ്യപ്പെട്ടിരുന്നു. കോട്ട പ്രഭുറാം മില്‍സ് ജീവനക്കാരനായ ബാബു ജോലിയില്‍ നിന്ന് വിരമിച്ച ശേഷം വാടക കെട്ടിടത്തില്‍ നിന്നുള്ള വരുമാനം കൊണ്ടാണ് ജീവിച്ചിരുന്നത്.
ഇവിടെ തര്‍ക്കം വന്നപ്പോള്‍ റാന്നി തഹസില്‍ദാര്‍ ഇടപെട്ട് സര്‍വേ നടത്തി. വെയിറ്റിങ് ഷെഡ് കടയുടെ മുന്നില്‍ നിന്ന് മാറ്റണമെന്നും പകരം റോഡ് സൈഡില്‍ തന്റെ വസ്തു വെയിറ്റിങ് ഷെഡിന് വേറെ നല്‍കാമെന്നും ബാബു പറഞ്ഞിരുന്നു. ഇരുകൂട്ടരുമായി ചര്‍ച്ചയും നടന്ന് ധാരണയിലെത്തിയെന്നാണ് സിപിഎം നേതാക്കള്‍ പറഞ്ഞത്. ആ ധാരണ പ്രകാരം തന്നോട് ലക്ഷങ്ങള്‍ കോഴ ആവശ്യപ്പെട്ടുവെന്നാണ് ബാബുവിന്റെ കത്തില്‍ ഉണ്ടായിരുന്നത്. പിഎസ് മോഹനന്‍ മുമ്പും നിരവധി ആരോപണങ്ങള്‍ നേരിട്ടിട്ടുള്ളയാളാണ്. മോഹനനും കൂട്ടര്‍ക്കുമെതിരേ കേസെടുക്കാതിരിക്കാന്‍ നിരവധി കാരണങ്ങളാണ് പോലീസ് നിരത്തിയത്. ആത്മഹത്യാ കുറിപ്പ് ബാബുവിന്റേത് തന്നെയാണെന്ന് ഉറപ്പിക്കാന്‍ വിദഗ്ധ പരിശോധന നടത്തണമത്രേ. ഇത് തന്റെ ഭര്‍ത്താവ് എഴുതിയതാണെന്ന് ഭാര്യ തറപ്പിച്ചു പറയുന്നു. പരാതികള്‍ നിരവധി മുഖ്യമന്ത്രിക്ക് അടക്കം പോയി. ഒന്നും സംഭവിച്ചില്ല. ഭര്‍ത്താവിന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ എത്തിക്കാന്‍ ഹൈക്കോടതിയില്‍ നിയമയുദ്ധം തുടരുകയാണ് ഈ വീട്ടമ്മ. മോഹനനും സംഘവും നെഞ്ചും വിരിച്ച് നാട്ടില്‍ നടക്കുന്നു.
കഴിഞ്ഞ മാര്‍ച്ച് 11 നാണ് അടൂര്‍ കടമ്പനാട് വില്ലേജ് ഓഫീസര്‍ പള്ളിക്കല്‍ പയ്യനല്ലൂര്‍ ഇളംപള്ളില്‍ കൊച്ചുതുണ്ടില്‍ കുഞ്ഞുകുഞ്ഞിന്റെ മകന്‍ കെ. മനോജ് (46) വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. ആത്മഹത്യയ്ക്ക് കാരണം സിപിഎം സഖാക്കളെന്ന് ആരോപണവുമായി ബന്ധുക്കള്‍ രംഗത്തു വന്നിരുന്നു. മനോജിന്റെ സംസ്‌കാരത്തിന് ശേഷം മാധ്യമങ്ങള്‍ക്ക് മുന്നിലാണ് ബന്ധുക്കള്‍ തുറന്നടിച്ചത്. പാര്‍ട്ടി സഖാക്കളുടെ ഭീഷണിയാണ് മനോജിനെ മരണത്തിലേക്ക് നയിച്ചതെന്നും ഇവര്‍ പറയുന്നു.
രാവിലെ 10 മണിക്ക് ശേഷമാണ് മനോജിനെ കിടപ്പുമുറിയിലെ ഫാനില്‍ മുണ്ടില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടത്. വീട്ടുകാര്‍ കെട്ട് അറുത്ത് തൊട്ടടുത്തുള്ള സ്വകാര്യ ക്ലിനിക്കിലെ ഡോക്ടറെ വിളിച്ചു വരുത്തി പരിശോധിച്ചു. മനോജ് മരിച്ചതായി ഡോക്ടര്‍ വിധിയെഴുതി. മനോജിന്റെ ഭാര്യ സുധീന ശൂരനാട് എല്‍.പിസ്‌കൂളിലെ ടീച്ചറാണ്. ഇവര്‍ സ്‌കുളിലേക്ക് പോയതിന് ശേഷമാണ് മനോജ് ജീവനൊടുക്കിയത്. ഭാര്യയ്ക്കും മകള്‍ക്കും ഭാര്യാപിതാവിനും അനിയത്തിക്കുമൊപ്പമാണ് മനോജ് താമസിച്ചിരുന്നത്.
ആറന്മുള വില്ലേജ് ഓഫീസര്‍ ആയിരുന്ന മനോജ് കടമ്പനാട് വില്ലേജ് ഓഫീസര്‍ ആയിട്ടെത്തി ഏതാനും മാസങ്ങള്‍ക്ക് ശേഷമാണ് ജീവനൊടുക്കിയത്. ഔദ്യോഗിക ജോലികള്‍ എല്ലാം പൂര്‍ത്തിയാക്കി അവസാനത്തെ അപേക്ഷയും വീട്ടിലിരുന്ന് ഓണ്‍ലൈനായി തീര്‍പ്പാക്കിയതിന് ശേഷമാണ് മനോജ് തൂങ്ങി മരിച്ചത്്. രാവിലെ വന്ന ഒരു ഫോണ്‍ കോളിന് ശേഷം മനോജ് അസ്വസ്ഥനായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ആത്മഹത്യാ പ്രേരണ നടത്തിയവരെ കണ്ടെത്തണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. മണ്ണെടുപ്പുമായി ബന്ധപ്പെട്ട് സഖാക്കളില്‍ നിന്ന് സമ്മര്‍ദം ഉണ്ടായിരുന്നു. അഞ്ചു സെന്റ് വസ്തുവുമായി ബന്ധപ്പെട്ട നിയമപ്രശ്നത്തില്‍ മനോജിന് ഭീഷണി ഉണ്ടായിരുന്നുവെന്നും പറയുന്നു.
സിപിഎമ്മിന്റെ ഒരു നേതാവിന്റെ സാമ്രാജ്യമാണ് കടമ്പനാട്.. അത് പഞ്ചായത്ത് ആയാലും വില്ലേജ് ഓഫീസ് ആയാലും എല്ലാ വിധ അഴിമതികള്‍ക്കും ക്രമക്കേടുകള്‍ക്കും കുട പിടിക്കാന്‍ ഈ നേതാവ് ഇടപെടുമായിരുന്നുവെന്നാണ് മുന്‍പ് ഇവിടെ ജോലി ചെയ്തിരുന്നവരുടെ അനുഭവം. ഈ നേതാവുമായി കോര്‍ക്കാത്ത വില്ലേജ് ഓഫീസര്‍മാര്‍ ഇവിടെ കുറവാണ്. എതിര്‍ത്ത് നില്‍ക്കാന്‍ കഴിവില്ലാത്തവര്‍ അവധി എടുത്ത് പോവുകയോ സ്ഥലലം മാറ്റം വാങ്ങുകയോ ചെയ്യുകയാണ് പതിവ്. മനോജിനും ഈ നേതാവില്‍ നിന്ന് കടുത്ത മാനസിക സമ്മര്‍ദവും ഭീഷണിയും നേരിടേണ്ടി വന്നിരുന്നുവെന്ന് പറയുന്നു. അതാണ് ജീവനൊടുക്കുന്നതിലേക്ക് നയിച്ചതെന്നും പറയുന്നു. സഹപ്രവര്‍ത്തകരും വീട്ടുകാരും ഇക്കാര്യം പറയുന്നുണ്ട്. എന്നാല്‍, നേതാവിന് വേണ്ടി പൊലീസ് വിടുപണി ചെയ്യുകയാണ് എന്നാണ് ആരോപണം. കുറിപ്പെഴുതി വച്ചശേഷമാണ് മനോജ് ജീവനൊടുക്കിയത്.
മനോജിന്റെ മരണത്തെ തുടര്‍ന്ന് 12 വില്ലേജ് ഓഫീസര്‍മാര്‍ ചേര്‍ന്ന് അന്വേഷണം ആവശ്യപ്പെട്ട് കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിന്മേല്‍ അടൂര്‍ ആര്‍ഡിഓയുടെ അന്വേഷണ റിപ്പോര്‍ട്ട് വന്നു. പിന്നെ ഒരു നടപടിയും ഉണ്ടായില്ല. മനോജിന്റെ രണ്ടു ഫോണുകളും പോലീസ് കൊണ്ടു പോയിരുന്നു. ആരൊക്കെ വിളിച്ചുവെന്നതിന് അതില്‍ തെളിവുണ്ടായിരുന്നു. പക്ഷേ, പിന്നീട് യാതൊരു അന്വേഷണം നടന്നിട്ടില്ല. നീതി ലഭിക്കാതെ അലയുകയാണ് മനോജിന്റെ കുടുംബം.