ചെന്നിത്തലയെ ഇറക്കി ഹൈക്കമാന്‍ഡ് കളി മാറ്റുന്നു; നല്‍കുന്നത് സമുദായ നേതാക്കളെ പിണക്കരുതെന്ന സന്ദേശം; തരൂരിനേയും ഷാഫിയേയും മുന്നില്‍ നിര്‍ത്തുന്നത്‌യുവാക്കളേയും ജെന്‍സികളേയും ചേര്‍ത്തു നിര്‍ത്താന്‍; പ്രചാരണ സമിതിയുടെ നായകനാക്കി ചെന്നിത്തലയെ മാറ്റുന്നത് എന്‍ എസ് എസിനേയും എസ് എന്‍ ഡി പിയേയും അടുപ്പിക്കാന്‍; ഗ്രൂപ്പുകളെ ഒതുക്കാന്‍ പുതിയ 'സോഷ്യല്‍ എന്‍ജിനീയറിംഗ്'; കെപിസിസിയുടെ ചുമതല ആര്‍ക്കു നല്‍കും?
തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രചരണം നയിക്കാന്‍ രമേശ് ചെന്നിത്തലയെ നിയമിച്ച നീക്കം സംസ്ഥാന നേതൃത്വത്തിന്റെ വീഴ്ചകള്‍ പരിഹരിക്കാന്‍. എല്ലാ സാമുദായിക -യുവ പ്രാതിനിധ്യവും ഉറപ്പാക്കിയാണ് ഹൈക്കമാന്‍ഡ് പ്രചാരണകമ്മിറ്റി പുനഃസംഘടിപ്പിച്ചത്. കൂട്ടായ നേതൃത്വം നിയമസഭാ തെരഞ്ഞെടുപ്പില്‍ നയിക്കുമെന്ന കൃത്യമായ സന്ദേശമാണ് നല്‍കുന്നത്. വിവിധ ഘടകങ്ങളെ സംയോജിപ്പിച്ച് കൊണ്ടുപോകാനുള്ള രമേശ് ചെന്നിത്തലയുടെ കഴിവ് തന്നെയാണ് അതിന് ഹൈക്കമാന്‍ഡിനെ പ്രേരിപ്പിച്ച ഘടകം. കേരളത്തില്‍ പ്രതിപക്ഷ നേതാവാണ് നിലവില്‍ സംസ്ഥാന കോണ്‍ഗ്രസിന്റെ കാര്യങ്ങളില്‍ നിര്‍ണ്ണായക തീരുമാനം എടുത്തിരുന്നത്. സാമൂഹിക ഗ്രൂപ്പുകളെ ഉള്‍പ്പെടെ കൈകാര്യം ചെയ്യുന്നതില്‍ അദ്ദേഹത്തിന്റെ പരിചയ സമ്പത്തിലെ കുറവ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന് പലപ്പോഴും കടുത്ത വെല്ലുവിളിയായി. കോണ്‍ഗ്രസുമായി ദീര്‍ഘകാല ബന്ധമുള്ള എന്‍എസ്എസെന്ന പ്രബല സാമുദായിക സംഘടനയുമായുള്ള അകല്‍ച്ചയാണ് അതില്‍ പ്രധാനഘടകം.
പ്രതിപക്ഷ നേതാവിന്റെ നിലപാടുകളോട് വിയോജിപ്പ് രേഖപ്പെടുത്തി എന്‍എസ്എസും എസ് എന്‍ഡിപിയും രംഗത്തും വന്നതും കാര്യങ്ങള്‍ വഷളാക്കി. പലഘട്ടത്തില്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വവും പ്രതിപക്ഷ നേതാവും രണ്ടുതട്ടിലാണ് യാത്ര. പുതുതയുഗയാത്രയില്‍ ഉള്‍പ്പെടെ പലതിലും പ്രതിപക്ഷ നേതാവ് പാര്‍ട്ടി നേതൃത്വത്തെ പരിഗണിക്കുന്നില്ലെന്നും പരാതിഉയര്‍ന്നിട്ടുണ്ട്. പാര്‍ട്ടി നേതൃത്വത്തെ ഇരുട്ടില്‍ നിര്‍ത്തിയുള്ള ഇത്തരം നിലപാട് ഗുണം ചെയ്യില്ലെന്നും ഹൈക്കമാന്‍ഡ് നേതൃത്വം വിലയിരുത്തുന്നുണ്ട്. എഐസിസി നീരീക്ഷകരും, കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയും ഹൈക്കമാന്‍ഡിന് നല്‍കിയ റിപ്പോര്‍ട്ടും ഇത്തരത്തിലാണെന്നാണ് സൂചന. പലപ്പോഴും സതീശനും കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വവും തമ്മിലുള്ള സ്വരച്ചേര്‍ച്ചയില്ലായ്മ പാര്‍ട്ടി പുനഃസംഘടന പോലുള്ള കാര്യങ്ങളെ അനിശ്ചിതത്തിലാക്കിയെന്ന ആക്ഷേപം നിലനില്‍ക്കുന്ന ഘട്ടത്തിലാണ് പ്രചരണകമ്മിറ്റിയുടെ പുനസംഘടന. ഇനി കെപിസിസി അധ്യക്ഷന്‍ ചുമതലയിലും ഒരാളെത്തും. സമുദായിക സമവാക്യങ്ങള്‍ പരിഗണിച്ചാകും നിയമനം. പക്ഷേ ഗ്രൂപ്പ് പോര് കൂട്ടുന്ന ആരേയും നിയോഗിക്കുകയുമില്ല.
സതീശന്റെ ഭാഗത്തുള്ള ഇത്തരം പ്രതീകൂല ഘടകങ്ങളെ മറികടക്കാനാണ് രമേശ് ചെന്നിത്തല സുപ്രധാന പദവിയിലേക്ക് നിയമിച്ചതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. കൂടാതെ കുറച്ചുകാലമായി ദേശീയ നേതൃത്വമായി അകന്നു നിന്നിരുന്ന ശശി തരൂരിനെ പ്രചരണകമ്മിറ്റിയുടെ ഉപാധ്യക്ഷനായി നിയമിച്ചതും ശ്രദ്ധേയമായി. എല്ലാവരെയും ഉള്‍ക്കൊണ്ടാണ് ദേശീയ നേതൃത്വം മുന്നോട്ട് പോകുന്നതെന്ന സന്ദേശം നല്‍കാന്‍ ഇതിലൂടെ കഴിഞ്ഞു. രമേശ് ചെന്നിത്തലയ്ക്ക് കൂടുതല്‍ ഉത്തരവാദിത്തം പാര്‍ട്ടി നേതൃത്വം ഏല്‍പ്പിക്കുക വഴി രമേശ് ചെന്നിത്തലയുടെ പരിചയ സമ്പത്തിലൂടെ സതീശനിലൂടെ സംസ്ഥാന നേതൃത്വം നേരിട്ട സുമുദായ നേതാക്കളുയര്‍ത്തിയ വിമര്‍ശനത്തിലെ രാഷ്ട്രീയ പ്രതിസന്ധി മറികടക്കാന്‍ കഴിയുമെന്ന കണക്ക് കൂട്ടിലിലാണ്. ചെന്നിത്തലയ്ക്ക് എന്‍എസ്എസ് നേതൃത്വവുമായള്ള അടുപ്പം കൂടുല്‍ കോണ്‍ഗ്രസിനും യുഡിഎഫിനും പ്രയോജനം ചെയ്യുമെന്നും യുഡിഎഫ് ക്യാമ്പ് വിലയിരുത്തുന്നുണ്ട്.
ഷാഫി പറമ്പിലിനെ കണ്‍വീനര്‍ ആക്കിയതിലൂടെ മുസ്ലീം വിഭാഗത്തെ കൂടുതല്‍ കോണ്‍ഗ്രസിലേക്ക് അടുപ്പിക്കാന്‍ കഴിയുമെന്ന കണക്ക് കൂട്ടലും ദേശീയ നേതൃത്വത്തിനുണ്ട്. എല്ല സമുദായ,മതവിഭാഗത്തില്‍ നിന്നുമുള്ള പ്രതിനിധികളെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയതും എഐസിസിയുടെ സോഷ്യല്‍ എഞ്ചിനിയറിംഗ് വൈദഗ്ധ്യത്തിന് തെളിവായി. സ്ഥാനാര്‍ഥി നിര്‍ണയം, പ്രചാരണം തുടങ്ങിയ സുപ്രധാന കാര്യങ്ങളില്‍ ഇനിമുതല്‍ 'ഒറ്റയാള്‍ പോരാട്ട'മല്ല, മറിച്ച് കൂട്ടായ നേതൃത്വമാണ് വേണ്ടതെന്ന കടുത്ത സന്ദേശമാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഇതിലൂടെ കേന്ദ്ര നേതൃത്വം നല്‍കുന്നത്. ചെന്നിത്തലയെ മുന്‍നിര്‍ത്തി ഒരു തിരുത്തല്‍ നടപടിക്ക് ദേശീയ നേതൃത്വം തയ്യാറാകുന്നുവെന്നാണ് വിലയിരുത്തല്‍. മുസ്ലിം വിഭാഗത്തെയും യുവാക്കളെയും ഒപ്പം നിര്‍ത്താന്‍ ഷാഫിയുടെ സാന്നിധ്യം സഹായിക്കുമെന്ന് എ.ഐ.സി.സി. കരുതുന്നു. ചെന്നിത്തലയുടെ അനുഭവസമ്പത്തും സാമുദായിക നേതാക്കളുമായുള്ള അദ്ദേഹത്തിന്റെ വ്യക്തിപരമായ അടുപ്പവും വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വലിയ രാഷ്ട്രീയ മൈലേജ് നല്‍കുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് ക്യാമ്പ്.
കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന് നിയമസഭയിലേക്ക് മത്സരിക്കേണ്ട നിയോഗം എത്തും. ഈ സാഹചര്യത്തില്‍ പുതിയ ചുമതലക്കാരനേയും നിയോഗിക്കും. ക്രൈസ്തവ സഭയില്‍ നിന്നുളള നേതാവാകും കെപിസിസിയുടെ തലപ്പത്ത് എത്തുകയെന്നാണ് വിലയിരുത്തല്‍. പേരാവൂര്‍ മണ്ഡലത്തില്‍ നിന്ന് വീണ്ടും ജനവിധി തേടാന്‍ സണ്ണി ജോസഫിന് ഹൈക്കമാന്‍ഡ് പച്ചക്കൊടി കാട്ടിയതോടെയാണ് അധ്യക്ഷ കസേരയില്‍ പുതിയൊരാളെ നിയോഗിക്കേണ്ടി വരുന്നത്. കണ്ണൂര്‍ പേരാവൂര്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ കൂടിയായ സണ്ണി ജോസഫ് അധ്യക്ഷ പദവിയിലിരുന്ന് മത്സരിക്കുന്നത് പ്രായോഗികമല്ലെന്നാണ് എഐസിസിയുടെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ താല്‍ക്കാലിക ചുമതലയോ അല്ലെങ്കില്‍ പുതിയ അധ്യക്ഷനെയോ ഉടന്‍ പ്രഖ്യാപിച്ചേക്കും.
ക്രൈസ്തവ സഭകളില്‍ നിന്നുള്ള ഒരു പ്രമുഖ നേതാവിനെ തന്നെ കെപിസിസി അധ്യക്ഷനായി കൊണ്ടുവരാനാണ് നീക്കം. സണ്ണി ജോസഫിനെ മാറ്റുമ്പോള്‍ പകരം മറ്റൊരു ക്രൈസ്തവ മുഖം വരുന്നത് വോട്ട് ബാങ്ക് സുരക്ഷിതമാക്കാന്‍ സഹായിക്കുമെന്ന് ഹൈക്കമാന്‍ഡ് കണക്കുകൂട്ടുന്നു. പത്തനംതിട്ട എംപി ആന്റോ ആന്റണി, മുന്‍ യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ എന്നിവരുടെ പേരുകള്‍ക്കാണ് നിലവില്‍ മുന്‍തൂക്കം. ഇതില്‍ ബെന്നി ബെഹനാന് താല്‍ക്കാലിക ചുമതല നല്‍കാനുള്ള സാധ്യതകളാണ് ശക്തം. ആന്റേയ്ക്ക് ശബരിമല വിവാദം വിനയാണ്. ഒപ്പം കൊടിക്കുന്നില്‍ സുരേഷ്, കെ.സി. ജോസഫ് എന്നിവരുടെ പേരുകളും പട്ടികയിലുണ്ട്.
