ഉടുപ്പിടാതെ മറുനാടനെ പൊക്കിയവര്‍ മാപ്പു പറയുമോ? മറുനാടന്റെ 'ഇരയെ' പൊക്കേണ്ട അവസ്ഥയില്‍ കേരളാ പോലീസ്! കെന്‍സാ തട്ടിപ്പില്‍ പിന്തരാങ്കാവ് പോലീസിന് ഗാനാ കിരണിനെതിരെ ഇടേണ്ടി വന്നത് ആറു എഫ് ഐ ആറുകള്‍; ഷിഹാബ് ഷായും മാനേജരും കൂടുതല്‍ കുരുക്കിലേക്ക്; അന്നത്തെ മറുനാടന്റെ അറസ്റ്റിന് കാരണം ഈ കേസിലെ സത്യം പുറത്തു പറഞ്ഞും; സത്യം തെളിയുമ്പോള്‍
കോഴിക്കോട്: കെന്‍സാ തട്ടിപ്പു കേസില്‍ വീണ്ടും എഫ് ഐ ആര്‍. കോഴിക്കോടെ പന്തീരാങ്കാവ് പോലീസ് ആറു പുതിയ കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. കോടതി നിര്‍ദ്ദേശ പ്രകാരമാണ് ഈ കേസുകള്‍. കെന്‍സയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകള്‍ മറുനാടന്‍ നല്‍കിയിരുന്നു. കെന്‍സയുടെ ഷിഹാബ് ഷായ്‌ക്കെതിരെ ഗള്‍ഫിലും നടപടികളുണ്ടായി. ജയിലില്‍ കിടക്കുകയും ചെയ്തു. ഷിഹാബ് ഷായുടെ മാനേജറായിരുന്ന ഗാനാ വിജയനും തട്ടിപ്പുകളില്‍ പങ്കാളിയായി. ഇതെല്ലാം വാര്‍ത്തയായി. അങ്ങനെ മറുനാടനെ കുടുക്കാന്‍ കേരളാ പോലീസിന് ഗാനാ വിജയന്‍ പരാതിയും നല്‍കി. അങ്ങനെ മറുനാടന്‍ എഡിറ്റര്‍ ഷാജന്‍ സ്‌കറിയയെ വീട്ടില്‍ നിന്നും ഷര്‍ട്ടു പോലും ഇടാതെ അറസ്റ്റു ചെയ്തു. ജയിലില്‍ അടയ്ക്കാനായിരുന്നു ഇത്. രാത്രിയില്‍ കോടതിയില്‍ നിന്നും ജാമ്യം കിട്ടിയതു കൊണ്ട് മാത്രം അത് നടന്നില്ല. അന്ന് ഗാനാ വിജയനെ പലരും പുകഴ്ത്തി. പ്രവാസിയായ യുവതിയെ അപമാനിച്ചതിനാണ് മറുനാടനെതിരായ നടപടി എന്നു പോലും പറഞ്ഞു. അന്ന് തന്നെ വസ്തുതകള്‍ മറുനാടന്‍ വിശദീകരിച്ചിരുന്നു. ഇപ്പോഴിതാ ഈ വസ്തുകളാണ് അംഗീകരിക്കുന്നത്. കെന്‍സാ തട്ടിപ്പില്‍ ഗാനാ വിജയനെതിരേയും കേസെടുത്തിരിക്കുന്നു. പന്തീരാങ്കാവില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഗാനാ കിരണ്‍ എന്ന് പേരു ചേര്‍ത്തിരിക്കുന്നത് മറുനാടനെതിരെ കള്ള പരാതി നല്‍കിയ ഗാനാ വിജയനെ സൂചിപ്പിച്ചാണ്. ബ്ഡ്‌സ് ആക്ടിലെ വകുപ്പുകള്‍ അടക്കം ഗാനാ വിജയനെതിരെ ചുമത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അവരെ കേരളാ പോലീസിന് അറസ്റ്റു ചെയ്യേണ്ടി വരും. മറുനാടനെതിരായ കേസില്‍ 'ഇരയായി' അവതരിപ്പിച്ച വ്യക്തിയാണ് ഗാനയെന്നതാണ് വസ്തുത.
ഈ കേസുമായി ബന്ധപ്പെട്ട വിശദ വീഡിയോ സ്‌റ്റോറി ചുവടെ
സാമ്പത്തിക തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് കേരള പോലീസ് തിരയുന്ന മലയാളി യു.എ.ഇ. സെന്‍ട്രല്‍ ജയിലില്‍ കിടക്കുകയും ചെയ്തു. തൃശ്ശൂര്‍ വെങ്കിടങ്ങ് സ്വദേശി ഷിഹാബ് ഷാ ആണ് അല്‍ ഐന്‍ ജയിലില്‍ ആയത്. സാമ്പത്തിക തട്ടിപ്പു കേസില്‍ തന്നെയാണ് യു.എ.ഇ. പോലീസും അറസ്റ്റ് ചെയ്തിരിക്കുന്നത്. വയനാട്ടിലെ കെന്‍സ ഹോള്‍ഡിങ്, കെന്‍സ വെല്‍നസ് ഉടമയാണ് ഷിഹാബ് ഷാ. അര്‍മാനി ക്ലിനിക്, അര്‍മാനി പോളി ക്ലിനിക് എന്നിവയുടെ മറവിലായിരുന്നു ദുബായിലെ തട്ടിപ്പ്. 400 കോടിയോളം രൂപയാണ് ഇയാള്‍ ഒട്ടേറെ പേരില്‍നിന്ന് തട്ടിയെടുത്തത്. ആഡംബര വില്ലകള്‍, റിസോര്‍ട്ട് ആശുപത്രി എന്നിവയുടെ മറവിലായിരുന്നു തട്ടിപ്പ്. ദുബായ്, ഷാര്‍ജ, അജ്മാന്‍, അബുദാബി അടക്കമുള്ള സ്ഥലങ്ങളിലും ജോര്‍ജിയ പോലുള്ള രാജ്യങ്ങളിലെ ആളുകളേയും ഇയാള്‍ തട്ടിപ്പിനിരയാക്കിയതായാണ് ആരോപണം. ഫെബ്രുവര്‍ 17-ന് ഷാര്‍ജയില്‍ വെച്ചാണ് അറസ്റ്റിലാകുന്നത്. തുടര്‍ന്ന് അബുദാബിക്ക് കൈമാറി. പിന്നീട് അബുദാബിയിലെ അല്‍ ഐന്‍ സെന്‍ട്രല്‍ ജയിലിലാണ് ഷിഹാബ് ഷാ എത്തി. ഇതിനിടെയാണ് ഇയാളുടെ മാനേജറായ യുവതി മറുനാടനെതിരെ കേസ് കൊടുത്തത്. പോലീസ് ഒന്നും പരിശോധിക്കാതെ കേസെടുക്കുകയും ചെയ്തു. അറസ്റ്റിലേക്ക് കാര്യങ്ങളെത്തിക്കാനായിരുന്നു ഇതെല്ലാം.
കെന്‍സയുടെ മറവില്‍ നിരവധി പ്രവാസി മലയാളികളും സ്വദേശികളും തട്ടിപ്പിനിരയായിട്ടുണ്ട്. വയനാട്, ഇടുക്കിഎന്നിവിടങ്ങളില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വില്ലകള്‍ കാണിച്ച് നിക്ഷേപം സ്വീകരിക്കുക, ഇടയ്ക്കുവെച്ച് ആ പദ്ധതി ഉപേക്ഷിച്ച് അതേ സ്ഥലത്ത് മറ്റൊരു പദ്ധതി പ്രഖ്യാപിച്ച് അതിലേക്ക് നിക്ഷേപം സ്വീകരിക്കുക എന്നതായിരുന്നു തട്ടിപ്പിന്റെ രീതി. യു.എ.ഇയിലെ മലയാളി സമൂഹത്തില്‍നിന്ന് മാത്രം 200 കോടിയോളം രൂപ തട്ടിച്ചിട്ടുണ്ടെന്നാണ് വിവരം. വയനാട്ടിലെ പദ്ധതികളുടെ പേരില്‍ തട്ടിപ്പിനിരയാക്കപ്പെട്ടവരില്‍ ഏറെയും പ്രവാസി മലയാളികള്‍ തന്നെയാണ്. ഇതുമായി ബന്ധപ്പെട്ട കേസില്‍ കേരള പോലീസ് നാളുകള്‍ക്ക് മുമ്പേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അതിന് ശേഷം ഷിഹാബ് ഷാ കേരളത്തിലേക്ക് വന്നിട്ടില്ല. പിന്നീട് ഗാനാ വിജയനാണ് കാര്യങ്ങള്‍ ഏകോപിപ്പിച്ചത്. ഇത്തരത്തില്‍ ഗാനാ വിജയന്‍ കൂടി ഇടപെട്ടതിന്റെ പേരില്‍ വഞ്ചിക്കപ്പെട്ടവരാണ് ഇപ്പോള്‍ കോടതിയെ സമീപിച്ച് കേസെടുപ്പിച്ചത്.
2015-ലാണ് ബാണാസുര സാഗര്‍ ഡാമിന് സമീപത്ത് റോയല്‍ മെഡോസ് എന്ന ടൂറിസം പദ്ധതി പ്രഖ്യാപിച്ച് നിക്ഷേപം സ്വീകരിക്കുന്നത്. ഡാമിന് സമീപത്ത് വില്ലകള്‍ പണിത് കമ്പനി തന്നെ അവ വാടകക്കെടുത്ത് നിക്ഷേപകര്‍ക്ക് 25,000 രൂപ പ്രതിമാസം നല്‍കുമെന്നായിരുന്നു വാഗ്ദാനം. ഇത്തരത്തില്‍ 40 ലക്ഷം മുതല്‍ 60 ലക്ഷം രൂപ വരെ ഓരോ വില്ലകള്‍ക്കും വേണ്ടി മലയാളി പ്രവാസികള്‍ നിക്ഷേപിച്ചു. പിന്നീട് ഇവിടെ ടൂറിസം പദ്ധതി നടപ്പായില്ല. വില്ലകള്‍ പണിതു. പക്ഷെ, പദ്ധതി നടപ്പിലാകാതെ മൂന്നര സെന്റ് സ്ഥലവും ഒരു വില്ലയും കിട്ടിയതു കൊണ്ട് പ്രവാസികള്‍ക്ക് പ്രത്യേകിച്ച് പ്രയോജനവും ഉണ്ടായിരുന്നില്ല. ഇതിനെത്തുടര്‍ന്ന് ഇവരില്‍ പലരും കേസിന് പോയി. 2019-ല്‍ വീണ്ടും ഇതേസ്ഥലത്ത് മറ്റൊരു പദ്ധതിയുമായി ഇയാള്‍ രംഗത്ത് വന്നു. ആയുര്‍വേദ ആശുപത്രി തുടങ്ങുന്നുവെന്ന് പറഞ്ഞ് പുതിയൊരു പദ്ധതി പ്രഖ്യാപിച്ചു. ഇതിലേക്കും നിക്ഷേപം സ്വീകരിച്ചു.
ഇതിന് വേണ്ടി രണ്ട് കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു. എന്നാല്‍, ഇത് പൂര്‍ണ്ണമായും വയനാട്ടിലെ ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍മ്മാണ നിയന്ത്രണങ്ങള്‍ ലംഘിച്ചു കൊണ്ടുള്ള കെട്ടിടങ്ങളായിരുന്നു. അതുകൊണ്ട് തന്നെ കെട്ടിടങ്ങള്‍ക്ക് നമ്പര്‍ പോലും ലഭിച്ചില്ല. പഞ്ചായത്ത് കെട്ടിടങ്ങളുടെ ഒക്ക്യുപന്‍സി സര്‍ട്ടിഫിക്കറ്റ് റദ്ദു ചെയ്യുകയും ചെയ്തു. ആ പദ്ധതിയും അങ്ങനെ മുടങ്ങി. ഈ രണ്ട് പദ്ധതികളിലായി പണം നിക്ഷേപിച്ച പ്രവാസികളും തട്ടിപ്പിനിരയായി. അവര്‍ നല്‍കിയ സിവില്‍ കേസുകള്‍ പലതും സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ കോടതികളിലും നിലവിലുണ്ട്. മമ്മൂട്ടിയെ അടക്കം ബ്രാന്‍ഡ് അംബാസിഡറാക്കിയായിരുന്നു പ്രചരണം.