നേപ്പാളിലെ ജെന്‍ സി പ്രക്ഷോഭത്തില്‍ കേരളത്തില്‍ നിന്നും ആയുധങ്ങള്‍? കേരളത്തില്‍ അന്വേഷണത്തിന് കേന്ദ്ര ഏജന്‍സികളെത്തും; ആയുധശേഖരം എത്തിക്കുമെന്ന് പറഞ്ഞ 'ഗ്രീനിഷ്' ആര്? കലാപത്തില്‍ പങ്കെടുത്ത മലയാളികളെക്കുറിച്ചും അന്വേഷണം; ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി ഉള്‍പ്പെടുന്ന സംഘവും സംശയ നിഴലില്‍
നേപ്പാളിലെ ജെന്‍ സി പ്രക്ഷോഭത്തില്‍ കേരളത്തില്‍ നിന്നും ആയുധങ്ങള്‍?
തിരുവനന്തപുരം: നേപ്പാളില്‍ നടന്ന ജെന്‍ സി പ്രക്ഷോഭത്തിലേക്ക് കേരളത്തില്‍ നിന്നും ആയുധശേഖരം എത്തിക്കുമെന്ന സാമൂഹ്യ മാധ്യമത്തിലെ ആഹ്വാനവും അതിനു പിന്നിലുള്ളവരെയും അന്വേഷിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍. ഇന്‍്റലിജന്‍സ് റിപ്പോര്‍ട്ടിന്‍െ്റ അടിസ്ഥാനത്തില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ച്് കേരള പോലീസ്. കലാപത്തില്‍ പങ്കെടുത്ത 'ഗ്രീനിഷ്' എന്നുപേരുള്ള ഡിസ്‌കോര്‍ഡ് അക്കൗണ്ട് ഉള്ളയാളുടെ മലയാളി ബന്ധങ്ങള്‍ ചികഞ്ഞ് സൈബര്‍ പോലീസ്. മലയാളികള്‍ കലാപത്തില്‍ പങ്കെടുത്തിട്ടുണ്ടോയെന്ന കാര്യവും അന്വേഷണത്തില്‍. രണ്ടു വര്‍ഷത്തിന് മുന്‍പ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും തോക്ക് ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കള്ളക്കടത്തു നടത്തിയ ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി ഉള്‍പ്പെടുന്ന സംഘവും സംശയ നിഴലില്‍.
നേപ്പാളിലെ ജെന്‍സി പ്രക്ഷോഭത്തിലേക്ക് കേരളത്തില്‍ നിന്ന് ആയുധ ശേഖരണത്തിന് ആഹ്വാനം നടന്നതായി നേപ്പാളിലെ കാഠ്മണ്ഡു പോസ്റ്റ് പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. സാമൂഹിക മാധ്യമമായ ഡിസ്‌കോര്‍ഡില്‍ കൂടി ആയുധ ശേഖരണത്തിന് ആഹ്വാനം ചെയ്യുന്നതിന്റേയും ഇതിനാവശ്യമായ സഹായങ്ങള്‍ സാമൂഹിക മാധ്യമത്തില്‍ കൂടി വാഗ്്ദാനം ചെയ്യുന്നതിന്റേയും ചാറ്റുകള്‍ കാഠ്മണ്ഡു പോസ്റ്റ് പുറത്തുവിട്ടു. ഓണ്‍ലൈന്‍ ഗെയിമര്‍മാര്‍ക്കിടയില്‍ വ്യാപക പ്രചാരത്തിലുള്ള ഡിസ്‌കോര്‍ഡ് പ്ലാറ്റ്ഫോം ആണ് പ്രതിഷേധക്കാര്‍ പ്രധാനമായും പ്രക്ഷോഭ ചര്‍ച്ചകള്‍ക്ക് ഉപയോഗിച്ചതെന്നാണ് റിപ്പോര്‍ട്ട്. അമേരിക്ക ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്ലാറ്റ്ഫോം ആണ് ഡിസ്‌കോര്‍ഡ്. പ്രതിഷേധം ഏകോപിപ്പിക്കുന്നതിനായി ഡിസ്‌കോര്‍ഡില്‍ പ്രത്യേക ചാനലുകള്‍ തന്നെ രൂപപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അഴിമതിക്കെതിരേ യുവത, യുവ ഹബ് തുടങ്ങിയ രണ്ട് ഡിസ്‌കോര്‍ഡ് സെര്‍വറുകളായിരുന്നു പ്രധാനമായും പ്രക്ഷോഭത്തിന് ഉപയോഗിച്ചത്. പ്രക്ഷോഭസ്ഥലം, സമയം, തന്ത്രം ഇവ കൃത്യമായി ആസൂത്രണം ചെയ്യാന്‍ ഇതിലൂടെ സാധിച്ചിരുന്നു.
ഡിസ്‌കോര്‍ഡിലെ ആയുധ ശേഖരണത്തിനായുള്ള ആഹ്വാനങ്ങളും ചര്‍ച്ചകളും അതിന് തയ്യാറായുള്ള മറുസന്ദേശങ്ങളുമാണ് പുറത്തു വന്നത്. പ്രതിഷേധം അവസാനിപ്പിക്കാതെ നീണ്ടു നില്‍ക്കണമെന്ന തരത്തിലാണ് സന്ദേശങ്ങള്‍. ഇതില്‍ ഗ്രീനിഷ് (Greenishhhhhh) എന്ന പേരിലുള്ള ഡിസ്‌കോര്‍ഡ് അക്കൗണ്ടില്‍ നിന്നുള്ള ചാറ്റുകളിലാണ് കേരളം കടന്നു വന്നത്. സെപ്റ്റംബര്‍ എട്ടിന് രാത്രി 11.49 ന് ഇയാള്‍ തന്റെ ഡിസ്‌കോര്‍ഡ് അക്കൗണ്ടില്‍ 'തോക്കുകള്‍ വേണം' എന്ന് കുറിച്ചു. രണ്ടു മിനിറ്റിന് ശേഷം ഇതേയാള്‍ തന്നെ, ഇന്ത്യയില്‍ നിന്ന് തോക്കുകള്‍ ഇറക്കുമതി ചെയ്യാന്‍ തനിക്ക് സാധിക്കുമെന്ന് അവകാശപ്പെട്ടു. രാത്രി 11.51 ന് ഇന്ത്യയില്‍ നിന്ന് താന്‍ ഇറക്കുമതി ചെയ്യാമെന്നും 50 ഓളം ഗ്രനേഡുകള്‍ വന്നേക്കുമെന്നും വീണ്ടും കുറിച്ചു. രാത്രി 11.56 ന് വീണ്ടും ഒരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടു. കേരളത്തില്‍ എനിക്കൊരു ഡീലറെ അറിയാം. ഞാന്‍ ആവശ്യപ്പെട്ടാല്‍ അയാള്‍ക്ക് കൊണ്ടുവരാന്‍ സാധിക്കുമെന്നും അറിയിച്ചു. ഇതിനിടയില്‍ ചിലര്‍ അച്ചടക്കം പാലിക്കാന്‍ ആഹ്വാനം ചെയ്യുന്നുണ്ട്. ഇതേസമയം തന്നെ ഡിസ്‌കോര്‍ഡില്‍ വ്യാപകമായ വ്യാജപ്രചാരണങ്ങളും നടന്നുകൊണ്ടിരുന്നു.
2025 സെപ്റ്റംബര്‍ എട്ടിനാണ് ആയിരക്കണക്കിന് യുവജനങ്ങള്‍ കാഠ്മണ്ഡുവിലെ തെരുവുകളിലിറങ്ങിയത്. ഒപ്പം പൊഖ്റ, ബട്വാള്‍, ബൈരഹവ, ഭരത്പുര്‍ തുടങ്ങിയ പ്രധാന നഗരങ്ങളിലും പ്രതിഷേധം നടന്നു. അവര്‍ പാര്‍ലമെന്റ് കെട്ടിടത്തിന് ചുറ്റും ഒത്തുകൂടി. പ്രതിഷേധക്കാര്‍ ദേശീയ പതാകകള്‍ വീശി, ദേശീയഗാനം ആലപിച്ചു, അഴിമതിക്കും സെന്‍സര്‍ഷിപ്പിനുമെതിരെ മുദ്രാവാക്യം വിളിച്ചു. പ്രതിഷേധക്കാര്‍ ബാരിക്കേഡുകള്‍ തകര്‍ത്തതോടെ പ്രകടനങ്ങള്‍ അക്രമാസക്തമാകുകയായിരുന്നു. പ്രക്ഷോഭത്തിനിടയില്‍ ഇന്‍ഡ്യയില്‍ നിന്നും പ്രത്യേകിച്ച് കേരളത്തില്‍ നിന്നും ആയുധ ശേഖരം എത്തുമെന്ന ആഹ്വാനം പുറത്തുവന്നത് ഞെട്ടലോടെയാണ് കേന്ദ്ര സര്‍ക്കാര്‍ നോക്കിക്കാണുന്നത്. കേരളത്തിലേക്ക് ആധുനിക ആയുധ ശേഖരങ്ങള്‍ കടത്തുന്ന സംഭവം അപൂര്‍വമായി മാത്രമുള്ളതാണ്. ഇതാണ് അന്വേഷണ ഏജന്‍സികളെ കുഴയ്ക്കുന്നത്.
രണ്ടുവര്‍ഷത്തിന് മുന്‍പ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് കടത്തുകയായിരുന്ന ആയുധ ശേഖരം കര്‍ണാടക പോലീസ് പിടികൂടിയിരുന്നു. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി ടി.കെ രജീഷ് ഉള്‍പ്പെട്ട സംഘമാണ് ഇതിനു പിന്നിലെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തി രജീഷിനെ ബംഗളൂരു പോലീസ് ഈ കേസില്‍ ചോദ്യം ചെയ്തിരുന്നു. മ്യാന്‍മറില്‍ നിന്നും കള്ളക്കടത്തായി നാഗാലാന്‍ഡില്‍ എത്തിച്ച് തോക്കുകളായിരുന്നു കേരളത്തിലേക്കു കടത്താന്‍ ശ്രമിച്ചിരുന്നത്. ഇത്തരത്തില്‍ വന്‍തോതില്‍ കേരളത്തിലേക്ക്് ആയുധ ശേഖരം എത്തുന്നതായി കേന്ദ്ര ഏജന്‍സികളും സംശയം പ്രകടിപ്പിച്ചിരുന്നു. അതുകൊണ്ടാണ് നേപ്പാളിലെ ജെന്‍ സി പ്രക്ഷോഭത്തില്‍ കേരളത്തില്‍ നിന്നും ആയുധ ശേഖരം എത്തിക്കാമെന്ന ആഹ്വാനം അന്വേഷണ ഏജന്‍സികള്‍ ഗൗരവമായി കാണുന്നത്.