അഗവര്‍വാളിന് മുന്നില്‍ 'ബിഎസ്എഫ്' കുരക്ക്; റവാഡയും പുരോഹിത്തും കേന്ദ്ര താക്കോല്‍ സ്ഥാനങ്ങളിലും; ഈ മൂന്ന് പേരേയും അന്തിമ ചുരുക്കപ്പട്ടികയില്‍ നിന്നും കേന്ദ്ര ഏജന്‍സി വെട്ടിയാല്‍ 'അത്ഭുതം' സംഭവിക്കും; അജിത് കുമാര്‍ കേരളാ പോലീസ് മേധാവിയാകുമോ? യോഗേഷ് ഗുപ്തയ്ക്കും മനോജ് എബ്രഹാമിനും സാധ്യത ഏറെ; എല്ലാം 'മോദി' നിശ്ചയിക്കും!
തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയായി ആരെത്തും? സ്ഥാനത്തേക്ക് പരിഗണിക്കുന്ന ഉദ്യോഗസ്ഥരുടെ പട്ടിക കേന്ദ്രാനുമതിക്കായി അയക്കുമ്പോള്‍ 30 വര്‍ഷം സേവനം പൂര്‍ത്തിയാക്കിയ ആറു ഐപിഎസ് ഉദ്യോഗസ്ഥരുടെ പേരാണ് ഇതിലുള്ളത്. ഇതില്‍ നിന്നും മൂന്ന് പേരുടെ ചുരുക്കപ്പട്ടിക കേന്ദ്രം തിരിച്ചു കൈമാറും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടേയും പിന്തുണയുള്ളവര്‍ മാത്രമേ അന്തിമ ചുരുക്കപ്പട്ടികയില്‍ ഇടംപിടിക്കൂ. അപ്പോഴും അന്തിമ തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്റേതാകും.
റോഡ് സേഫ്റ്റി കമ്മിഷണര്‍ നിധിന്‍ അഗര്‍വാളിന്റെ പേരാണ് പട്ടികയില്‍ ആദ്യമുള്ളത്. ഇന്റലിജന്‍സ് ബ്യൂറോ അഡിഷണല്‍ ഡയറക്ടര്‍ റവാഡ ചന്ദ്രശേഖര്‍, വിജിലന്‍സ് മേധാവി യോഗേഷ് ഗുപ്ത, ക്രമസമാധാന ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാം, എസ്പിജി അഡിഷണല്‍ ഡയറക്ടര്‍ സുരേഷ് രാജ് പുരോഹിത് എന്നിവര്‍ പട്ടികയിലുണ്ട്. മുന്‍ എംഎല്‍എ പി.വി. അന്‍വറിന്റെ ആരോപണത്തില്‍ അന്വേഷണം നേരിടുന്ന എം.ആര്‍. അജിത് കുമാറും പട്ടികയിലുണ്ട്. സംസ്ഥാന പോലീസ് മേധാവിയായ ഷേഖ് ദര്‍വേസ് സാഹിബ് ജൂണ്‍മാസമാണ് വിരമിക്കുന്നത്. ഈ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ പട്ടിക കൈമാറിയത്.
ബി എസ് എഫിന്റെ ഡയറക്ടര്‍ ജനറലായിരുന്നു നിധിന്‍ അഗര്‍വാള്‍. കേന്ദ്ര അനിഷ്ടത്തിലാണ് അവിടെ നിന്നും നീക്കി നിധിനെ കേരളാ കേഡറിലേക്ക് അയച്ചത് കേന്ദ്ര സര്‍ക്കാരാണ്. ഈ പ്രശ്നമുള്ള നിധിനെ കേരളത്തിലെ ഡിജിപി പട്ടികയില്‍ കേന്ദ്രത്തിലെ യുപിഎസ് സി പരിഗണിക്കുമോ എന്നത് നിര്‍ണ്ണായകമാണ്. നിധിനെ പരിഗണിച്ചാല്‍ സീനിയോറിട്ടി മാനദണ്ഡത്തില്‍ നിധിനും റവാഡ ചന്ദ്രശേഖറും യോഗേഷ് ഗുപ്തയും ഡിജിപി പട്ടികയില്‍ എത്തും. ഇതില്‍ നിന്നും ഒരാളെ പിണറായി സര്‍ക്കാരിന് തിരഞ്ഞെടുക്കാം. നിലവില സാഹചര്യത്തില്‍ വിജിലന്‍സ് ഡറക്ടറായ യോഗേഷ് ഗുപ്തയ്ക്ക് ഈ ഘട്ടത്തില്‍ നറുക്കു വീഴാന്‍ സാധ്യത ഏറെയാണ്.
നിധിന്‍ അഗര്‍വാളിനെ പരിഗണിച്ചില്ലെങ്കില്‍ റവാഡയും യോഗേഷ് ഗുപ്തയും മനോജ് എബ്രഹാമും പട്ടികയിലെ ആദ്യ മൂന്ന് പേരുകാരായി മാറും. ഇത്തരമൊരു പട്ടിക സര്‍ക്കാരിന് മുന്നിലേക്ക് വന്നാല്‍ മനോജ് എബ്രഹാമിനേയും പരിഗണിക്കും. സര്‍ക്കാര്‍ കൈമാറിയ ആറു പേരുടെ പട്ടികയില്‍ റവാഡയും സുരേഷ് രാജ് പുരോഹിതും കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്. ഇവരെ കേന്ദ്രം ഒഴിവാക്കാനും സാധ്യതയുണ്ട്. അതിസുപ്രധാന ചുമതലകളിലാണ് സുരേഷ് രാജ് പുരോഹിതും റവാഡയും പ്രവര്‍ത്തിക്കുന്നത്. അങ്ങനെ ഈ പേരുകളും ബിഎസ് എഫിലെ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ നിധന്റേയും പേര് ഒഴിവാക്കപ്പെട്ടാല്‍ കേരളാ കേഡറിലുള്ള മറ്റ് മൂന്ന് പേര്‍ മാത്രമാകും അന്തിമ പട്ടികയില്‍ ഉണ്ടാവുക.
അങ്ങനെ വന്നാല്‍ യോഗേഷ് ഗുപ്തയും മനോജ് എബ്രഹാമും അജിത് കുമാറും ഡിജിപിയ്ക്കായുള്ള അന്തിമ സാധ്യതാ പട്ടികയില്‍ എത്തും. അങ്ങനെ ഒരു പട്ടിക വന്നാല്‍ ഈ സമയം ആരെയാകും സര്‍ക്കാര്‍ ഡിജിപിയാക്കുക എന്നത് നിര്‍ണ്ണായകമാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ അതിവിശ്വസ്തനായ എംആര്‍ അജിത് കുമാറിനും സാധ്യത കൂടും. സാധാരണ നിലയില്‍ കേരളം അയക്കുന്ന പട്ടികയിലെ സീനിയോറിട്ടി പ്രകാരമുള്ള ആദ്യ മൂന്ന് പേരെ നിശ്ചയിച്ച് തിരിച്ചയയ്ക്കുകയാണ് കേന്ദ്ര യുപിഎസ് സി സാധാരണ ചെയ്യുക.
മുമ്പ് സീനിയറായിരുന്ന ടോമന്‍ തച്ചങ്കരിയെ വിജിലന്‍സ് കേസുകളുടെ അടിസ്ഥാനത്തില്‍ വെട്ടിയ സംഭവമുണ്ട്. യുപിഎസ് സി യോഗത്തില്‍ കേരളത്തിനെ പ്രതിനിധീകരിച്ച് ചീഫ് സെക്രട്ടറി പങ്കെടുക്കും. അതുകൊണ്ട് തന്നെ ചീഫ് സെക്രട്ടറിയുടെ നിലപാടും നിര്‍ണ്ണായകമാകും. കേന്ദ്രത്തില്‍ നിന്നും ആരെയെല്ലാം മുമ്പോട്ട് വച്ചാലും കേരളത്തില്‍ നിലവില്‍ ജോലിയെടുക്കുന്ന ഐപിഎസുകാരനെ മാത്രമേ പോലീസ് മേധാവിയാകൂവെന്ന സൂചനകളുമുണ്ട്.
അതു കൊണ്ട് തന്നെ യോഗേഷ് ഗുപ്ത, മനോജ് എബ്രഹാം, അജിത് കുമാര്‍ എന്നിവരില്‍ ഒരാള്‍ക്കാകും സാധ്യത. ഇതില്‍ ആരാകും ഡിജിപി എന്നത് കേന്ദ്രം നല്‍കുന്ന മൂന്ന് പേരുടെ അന്തിമ ചുരുക്കപ്പെട്ടികയാകും നിശ്ചയിക്കുക.