കൊല്ലത്തേയും ആലപ്പുഴയിലേയും തീരത്തെ 'പൊന്ന്' കടത്താന്‍ വേണ്ടത് പരിചയ സമ്പന്നര്‍! പെന്‍ഷന്‍ പ്രായം ഉയര്‍ത്തി കരിമണല്‍ കൊള്ളയടിക്കാനുള്ള നീക്കത്തിന് പിന്നില്‍ വമ്പന്‍ ലോബി; കുട പിടിച്ച് യൂണിയന്‍ നേതാക്കളും; കെ എം എം എല്ലില്‍ വിമരിക്കല്‍ പ്രായം ഉയര്‍ത്താന്‍ പറയുന്നത് പരിചയസമ്പന്നരായ ജീവനക്കാരുടെ അഭാവം എന്ന കോമഡി; കേരളം നീങ്ങുന്നത് നിയമന നിരോധനത്തിലേക്കോ?
കൊല്ലം: പൊതുമേഖലാ സ്ഥാപനമായ കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡില്‍ (കെ.എം.എം.എല്‍.) വിരമിക്കല്‍ പ്രായം ഉയര്‍ത്താന്‍ സമ്മര്‍ദത്തിന് പിന്നില്‍ കരിമണല്‍ മാഫിയ. വിരമിക്കല്‍ പ്രായം 58-ല്‍നിന്ന് 60 ആക്കി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് അംഗീകൃത തൊഴിലാളി സംഘടനകള്‍ ഒരുമാസംമുന്‍പ് മാനേജിങ് ഡയറക്ടര്‍ക്ക് കത്തുനല്‍കിയിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തില്ലെന്ന് 2022 നവംബറില്‍ മന്ത്രിസഭയെടുത്ത തീരുമാനം നിലനില്‍ക്കെ, പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയാല്‍ നിയമനം പ്രതീക്ഷിച്ചിരിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചടിയാകും. വിചിത്ര ന്യായങ്ങളാണ് ഇതിന് പിന്നില്‍ നടത്തുന്നത്. തീരത്തെ കരിമണല്‍ അനധികൃതമായി തട്ടിയെടുക്കാന്‍ ശ്രമിക്കുന്ന ലോബി സജീവമാണ്. ഈ ലോബിയ്ക്ക് സഹായം ചെയ്യുന്ന ഉദ്യോഗസ്ഥരെ നിലനിര്‍ത്താനാണ് പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത്.
സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്ന ഭരണപരിഷ്‌കാര കമ്മീഷന്‍ നിര്‍ദ്ദേശം നവംബര്‍ അവസാനം ചേര്‍ന്ന മന്ത്രിസഭായോഗം തള്ളിയിരുന്നു. എന്നാല്‍ അതിനുശേഷം പൊതുമേഖലാ സ്ഥാപനമായ നോര്‍ക റൂട്ട്‌സിലെ പെന്‍ഷന്‍ പ്രായം 60 ആയി ഉയര്‍ത്തി. ഇതിന് മുമ്പ് പൊതുമേഖലാ സ്ഥാപനങ്ങളില്‍ പെന്‍ഷന്‍ പ്രായം 60 ആക്കി ഉത്തരവ് ഇറങ്ങിയിരുന്നെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് തീരുമാനം പിന്‍വലിച്ചു. മറ്റൊരു പൊതുമേഖലാ സ്ഥാപനമായി എന്‍ബിഎസിലും പെന്‍ഷന്‍ പ്രായം 60 ആക്കാനുള്ള നീക്കങ്ങള്‍ തകൃതിയാണ്. ഇതെല്ലാം ബാധിക്കുന്നത് തൊഴില്‍ അന്വേഷകരെയാണ്. ഫലത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിയമന നിരോധന അവസ്ഥ താല്‍കാലികമായെങ്കിലും ഉണ്ടാകും. കേരളത്തിലെ പ്രധാന പൊതുമേഖലാ സ്ഥാപനമാണ് കെ എം എം എല്‍. ഇവിടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയാല്‍ ബാക്കി എല്ലാ പൊതു മേഖലാ സ്ഥാപനങ്ങളും ഈ അവകാശ വാദവുമായി എത്തും. ഇതോടെ ആയിരക്കണക്കിന് യുവാക്കള്‍ക്ക് ജോലി നഷ്ടത്തിന്റെ നിരാശയും ബാധിക്കും.
പെന്‍ഷന്‍ പ്രായം കൂട്ടാനുള്ള വിഷയം കെ.എം.എം.എല്‍. ഡയറക്ടര്‍ ബോര്‍ഡില്‍ വെച്ച് തീരുമാനമെടുപ്പിച്ച് സര്‍ക്കാരിലേക്ക് അയയ്ക്കാനാണ് ശ്രമം നടക്കുന്നത്. ഭരണകക്ഷി യൂണിയന്റെ ഒരു നേതാവാണ് നീക്കത്തിനു പിന്നിലെന്ന് കമ്പനിയിലെ ഒരുവിഭാഗം ആരോപിക്കുന്നു. ഈ നേതാവ് കരിമണല്‍ മാഫിയയുടെ ഏജന്റാണ്. നാലുവര്‍ഷമായി കെ.എം.എം.എല്ലില്‍ സ്ഥിരനിയമനങ്ങള്‍ നടത്തിയിട്ടില്ല. 2022-ല്‍ കേരള പബ്ലിക് എന്റര്‍പ്രൈസസ് സെലക്ഷന്‍ ആന്‍ഡ് റിക്രൂട്ട്‌മെന്റ് ബോര്‍ഡിന് നിയമനച്ചുമതല കൈമാറിയിരുന്നു. എന്നാല്‍ ഇതുവരെ ഒരു നിയമനംപോലും നടത്തിയില്ല. ഒട്ടേറെ ഒഴിവുകള്‍ നികത്താനുണ്ട്. റാങ്കു ലിസ്റ്റുകളും നിലവിലുണ്ട്. വിരമിക്കല്‍ പ്രായം കൂട്ടിയാല്‍ ജോലി പ്രതീക്ഷിക്കുന്ന യുവാക്കള്‍ നിരാശരാകും. കരിമണല്‍ കൊള്ളയ്ക്ക് വേണ്ടിയാണ് ഈ നീക്കമെന്നത് പകല്‍ പോലെ വ്യക്തമാണ്.
പെന്‍ഷന്‍ പ്രായം ഉയര്‍ത്താനായി സി.ഐ.ടി.യു., ഐ.എന്‍.ടി.യു.സി., എസ്.ടി.യു., യു.ടി.യു.സി. എന്നീ സംഘടനകളുടെ ജനറല്‍ സെക്രട്ടറിമാരാണ് മാനേജിങ് ഡയറക്ടര്‍ക്ക് നല്‍കിയ കത്തില്‍ ഒപ്പിട്ടിരിക്കുന്നത്. ലാഭത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന സ്ഥാപനത്തില്‍ പരിചയസമ്പന്നരായ ജീവനക്കാരുടെ അഭാവംമൂലം ഗുരുതര പ്രതിസന്ധി നേരിടുന്നുണ്ടെന്നാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്. അഴിമതി നടത്തുന്നതിലെ പരിചയസമ്പന്നര്‍ക്ക് വേണ്ടിയാണ് ഈ നീക്കമെന്നാണ് ഉയരുന്ന ആരോപണം. ഇത് യുവാക്കളെ ബാധിക്കുകയും ചെയ്യും. ഇത്തരം വിഷയം കേരളത്തിലെ യുവജന പ്രസ്ഥാനങ്ങളും ഏറ്റെടുക്കുന്നില്ലെന്നതാണ് വസ്തുത.
മറ്റൊരു പൊതുമേഖലാ സ്ഥാപനമായ കേരള വനം വികസന കോര്‍പ്പറേഷനില്‍ വിരമിക്കല്‍ പ്രായം ഉയര്‍ത്താന്‍ നീക്കം നടന്നിരുന്നു. ഒടുവില്‍ വിരമിക്കല്‍ പ്രായം ഉയര്‍ത്താനാവില്ലെന്നു കാട്ടി ഒക്ടോബര്‍ എട്ടിന് സര്‍ക്കാര്‍ ഉത്തരവിറക്കി. എന്നാല്‍ കോടതി ഉത്തരവ് വാങ്ങി വിരമിക്കല്‍ തീയതിക്കുശേഷവും സര്‍വീസില്‍ തുടരുന്ന ഉദ്യോഗസ്ഥന്‍ ഇപ്പോഴും ജോലി ചെയ്യുന്നുണ്ട്. വനം വികസന കേര്‍പ്പറേഷനില്‍ സി.ഐ.ടി.യു. വിരമിക്കല്‍ പ്രായം ഉയര്‍ത്തുന്നതിനെ എതിര്‍ക്കുകയായിരുന്നു. എന്നാല്‍ കെ.എം.എം.എല്ലില്‍ സി.ഐ.ടി.യു. അനുകൂലിക്കുകയാണ്. ഇതിന് പിന്നില്‍ കരിമണല്‍ ലോബിയുടെ സ്വാധീനമാണെന്നാണ് ആരോപണം.
ചവറ കെ.എം.എം.എല്ലില്‍ സര്‍വമാനദണ്ഡങ്ങളും ലംഘിച്ച് തൊഴില്‍ നിയമനം നടന്നത് അടക്കം പല ഗുരുതര ആരോപണവും നേരത്തെ ഉയര്‍ന്നിട്ടുണ്ട്. ഓപ്പറേറ്റര്‍ ടെക്‌നീഷ്യന്‍ തസ്തികയില്‍ പരീക്ഷയ്ക്ക് ഉയര്‍ന്ന മാര്‍ക്ക് നല്‍കിയവരെ ഒഴിവാക്കി പരീക്ഷയില്‍ പരാജയപ്പെട്ടവര്‍ നിയമനം നേടി. നിയമനങ്ങളില്‍ നടന്ന ഗുരുതരമായ ചട്ടലംഘമാണെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പുറത്തു വന്നിരുന്നു. കെ.എം.എം.എല്ലിലേ ടൈറ്റാനിയം ഡയോക്‌സൈഡ് യൂണിറ്റിലേക്ക് ഓപ്പറേറ്റര്‍, ടെക്‌നീഷ്യന് നിയമനത്തിലാണ് ആരെയും ഞെട്ടിക്കുന്ന നിയമനം. കോടികളുടെ അഴിമതിക്ക് വേണ്ടിയായിരുന്നു പരീക്ഷ മുതല്‍ നിയമനം വരെയുള്ള നടപടികളെന്ന് പകല്‍പോലെ വ്യക്തമായിരുന്നു. ട്രേഡ് യൂണിയനുകള്‍ കോഴ വാങ്ങി നിയമനം നടത്തുന്നവെന്ന് പണ്ടേ ആരോപണമുള്ള കെ.എം.എം.എല്ലില്‍ ഇപ്പോഴും അതെല്ലാമാണ് നടക്കുന്നത്.
ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ, ആറാട്ടുപുഴ പഞ്ചായത്തുകളിലെ തീരപ്രദേശത്തെ കരിമണല്‍ ഖനനം ഏറെ സമരങ്ങള്‍ക്കും വിവാദങ്ങള്‍ക്കും കാരണമായിരുന്നു. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് എണ്ണപോലെ സമ്പത്താണ് കരിമണല്‍ കേരളത്തിന്. സംസ്ഥാന വ്യവസായവകുപ്പിനു കീഴിലുള്ള ഏറ്റവും പ്രധാനപ്പെട്ട പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നായ കൊല്ലം ചവറയിലെ കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡില്‍ (കെഎംഎംഎല്‍) നിന്നു പുറത്തുവരുന്ന അഴിമതിവിവരങ്ങള്‍ ഏതു മെറ്റലിനെക്കാളും കാഠിന്യമുള്ളതാണ്. കേരളത്തിനു മുതല്‍ക്കൂട്ടായ സ്ഥാപനത്തില്‍നിന്നു വഴിവിട്ട പല ഇടപാടുകളിലായി കോടികള്‍ ഒഴുകിപ്പോകുമ്പോഴും സര്‍ക്കാര്‍ പതിവു മൗനത്തിലാണ്. ഇവിടെയാണ് പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള നീക്കം. കൊല്ലം, ആലപ്പുഴ ജില്ലകളുടെ തീരപ്രദേശത്തെ കരിമണലിനെ ആശ്രയിച്ചു നിലനില്‍ക്കുന്നതും നേരിട്ടും അല്ലാതെയും ഉപജീവനത്തിനായി ആയിരക്കണക്കിനുപേര്‍ ആശ്രയിക്കുന്നതുമായ ഒരു സ്ഥാപനത്തെ അധികാരത്തണലില്‍ പലര്‍ ചേര്‍ന്ന് കറവപ്പശുവാക്കി മാറ്റുകയാണ്.
കമ്പനിയില്‍ ടൈറ്റാനിയം ഡയോക്‌സൈഡ് ഉല്‍പാദിപ്പിക്കുമ്പോള്‍ പുറന്തള്ളുന്ന അയണ്‍ ഓക്‌സൈഡ് മൂലമുള്ള മലിനീകരണം തടയാനുള്ള പദ്ധതിക്കു ഡല്‍ഹി ആസ്ഥാനമായ സ്വകാര്യ കമ്പനിക്കു കരാര്‍ നല്‍കിയതില്‍ വന്‍ അഴിമതി നടന്നുവെന്നു ആരോപണമുയര്‍ന്നു. കമ്പനിയില്‍ കെട്ടിക്കിടക്കുന്ന അയണ്‍ ഓക്‌സൈഡ് മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ കരാര്‍ നല്‍കിയതിലും വന്‍ ക്രമക്കേടുണ്ടെന്ന വിവരവും പുറത്തുവന്നു. ടണ്ണിനു പതിനായിരത്തോളം രൂപ വീതം കൊച്ചിയിലെ കമ്പനിക്കു നല്‍കി അയണ്‍ ഓക്‌സൈഡ് നീക്കം ചെയ്യുമ്പോള്‍ കമ്പനിക്കു നഷ്ടമാകുന്നതു കോടികളാണ്. പണം നല്‍കി അയണ്‍ ഓക്‌സൈഡ് കൊണ്ടുപോകാമെന്നു ചില കമ്പനികള്‍ വച്ച ഓഫര്‍ കെഎംഎംഎല്‍ തള്ളിക്കളഞ്ഞത് എന്തുകൊണ്ടെന്ന ചോദ്യത്തിനും ഉത്തരമില്ല.
കെഎംഎംഎലിലെ ക്ലോറിനേഷന്‍ പ്ലാന്റില്‍ ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുവായ കാല്‍സിനേറ്റഡ് പെട്രോളിയം കോക്ക് ഉള്‍പ്പെടെയുള്ളവ മൂന്നിരട്ടി വരെ വിലയ്ക്കു വാങ്ങിക്കൂട്ടിയതു മുതല്‍ കമ്പനിയുടെ പ്രധാന ഉല്‍പന്നമായ ടൈറ്റാനിയം ഡയോക്‌സൈഡ് നിറയ്ക്കുന്ന സഞ്ചികള്‍ വാങ്ങിയതില്‍ വരെ കോടികളുടെ ക്രമക്കേടു നടന്നു. കോടികളുടെ ലാഭമുണ്ടാക്കിക്കൊണ്ടിരുന്ന സ്ഥാപനം കെടുകാര്യസ്ഥതയും ഉല്‍പാദനക്കുറവും മൂലം പതിയെ നഷ്ടത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്നുവെന്നതാണ് ബാക്കിപത്രം ഇതിന് പിന്നിലെ അഴിമതിക്കാര്‍ക്ക് വീണ്ടും ജോലിയില്‍ തുടരാന്‍ അവസരം നല്‍കുകയാണ് വിരമിക്കല്‍ പ്രായം ഉയര്‍ത്തുന്നതിലൂടെ ചില ഗൂഡശക്തികള്‍ ലക്ഷ്യമിടുന്നത്.