സീറ്റ് എന്നത് വൈകാരികമായി നല്‍കാനുള്ള ഒന്നല്ല; ഏറെനാള്‍ മണ്ഡലത്തില്‍ പ്രവര്‍ത്തിച്ചു എന്നത് മാത്രം സീറ്റ് കിട്ടാനുള്ള മാനദണ്ഡവുമല്ല; സീറ്റ് മോഹികള്‍ക്ക് കെ.സിയുടെ 'ഷോക്ക് ട്രീറ്റ്മെന്റ്'; ഗ്രൂപ്പും വൈകാരികതയും ഔട്ട്, വിജയസാധ്യത മാത്രം ഇന്‍; സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ നിര്‍ണ്ണായകമാവുക കനഗോലുവിന്റെ അടക്കം സര്‍വ്വേകള്‍; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ചിത്രം ഉടന്‍ തെളിയും
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പതിവ് ശൈലികള്‍ പൊളിച്ചെഴുതാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. സീറ്റ് മോഹിച്ച് ഡല്‍ഹിക്ക് വണ്ടി കയറുന്നവര്‍ക്കും ഗ്രൂപ്പ് നേതാക്കളുടെ പിന്‍ബലത്തില്‍ പത്രിക ഉറപ്പിച്ചവര്‍ക്കും കടുത്ത മുന്നറിയിപ്പാണ് ഹൈക്കമാന്‍ഡ് നല്‍കിയിരിക്കുന്നത്. വിജയസാധ്യത മാത്രമാണ് ഏക മാനദണ്ഡമെന്നും വൈകാരികതയ്‌ക്കോ വ്യക്തിപരമായ അടുപ്പത്തിനോ സ്ഥാനാര്‍ത്ഥിത്വത്തില്‍ സ്ഥാനമില്ലെന്നും കെ.സി. വേണുഗോപാല്‍ കെപിസിസി നേതൃത്വത്തെയും പ്രതിപക്ഷ നേതാവിനെയും കര്‍ശനമായി അറിയിച്ചു കഴിഞ്ഞു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ ദിവസങ്ങള്‍ക്കുള്ളില്‍ നിശ്ചയിക്കുമെന്നാണ് സൂചന.
മണ്ഡലത്തില്‍ കാലങ്ങളായി പ്രവര്‍ത്തിച്ചുവെന്നതോ, നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്നതോ സീറ്റ് ലഭിക്കാനുള്ള യോഗ്യതയല്ലെന്ന് ഹൈക്കമാന്‍ഡ് വ്യക്തമാക്കുന്നു. 'സീറ്റ് എന്നത് വൈകാരികമായി നല്‍കാനുള്ള ഒന്നല്ല. ഏറെനാള്‍ മണ്ഡലത്തില്‍ പ്രവര്‍ത്തിച്ചു എന്നത് മാത്രം സീറ്റ് കിട്ടാനുള്ള മാനദണ്ഡവുമല്ല,' എന്നാണ് കെ.സി. വേണുഗോപാല്‍ നല്‍കിയ നിര്‍ദ്ദേശം. വിജയസാധ്യത ഉറപ്പില്ലാത്തവര്‍ക്ക് സീറ്റ് നല്‍കേണ്ടതില്ലെന്ന നിലപാട് സ്വന്തം അടുപ്പക്കാരോട് പോലും കെ.സി. തുറന്നു പറഞ്ഞിട്ടുണ്ട്. സുനില്‍ കനഗോലുവും അഞ്ചോളം സര്‍വ്വേകളും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന്റെ കടിഞ്ഞാണ്‍ ഇത്തവണ ഹൈക്കമാന്‍ഡ് ഏല്‍പ്പിച്ചിരിക്കുന്നത് പ്രമുഖ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ സുനില്‍ കനഗോലുവിനെയാണ്. താഴെത്തട്ടിലെ യാഥാര്‍ത്ഥ്യങ്ങള്‍ അറിയാന്‍ നിലവില്‍ അഞ്ചോളം വ്യത്യസ്ത സര്‍വ്വേകളാണ് കേരളത്തില്‍ നടക്കുന്നത്.
നേതാക്കളുടെ ശുപാര്‍ശയെക്കാള്‍ സര്‍വ്വേ ഫലങ്ങള്‍ക്കാകും ഹൈക്കമാന്‍ഡ് മുന്‍ഗണന നല്‍കുക. തദ്ദേശ തിരഞ്ഞെടുപ്പില്‍ അടക്കം ഇത് ഫലം കണ്ടു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളിലുണ്ടായ പരാജയങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട്, ഓരോ മണ്ഡലത്തിലും വോട്ടര്‍മാരുടെ പള്‍സ് അറിഞ്ഞുള്ള സ്ഥാനാര്‍ത്ഥികളെ മാത്രമേ ഇത്തവണ പരിഗണിക്കൂ. സീറ്റിനായി ഡല്‍ഹിയില്‍ സമ്മര്‍ദ്ദം ചെലുത്താനെത്തിയ പല നേതാക്കളെയും കെ.സി. വേണുഗോപാല്‍ ഇതേ മറുപടി നല്‍കി മടക്കി അയച്ചു. 'വിജയസാധ്യത ഉണ്ടോ എന്ന് അറിയാന്‍ ഡല്‍ഹി വരെ വരേണ്ടതില്ല, സര്‍വ്വേയില്‍ നിങ്ങളുടെ പേരുണ്ടെങ്കില്‍ സ്ഥാനാര്‍ത്ഥിത്വം ഉറപ്പാണ്,' എന്നാണ് അദ്ദേഹം നേതാക്കളോട് വ്യക്തമാക്കിയത്.
ഗ്രൂപ്പ് വീതംവെപ്പിലൂടെ സീറ്റുകള്‍ ഒപ്പിക്കാമെന്ന് കരുതിയിരുന്നവര്‍ക്ക് ഹൈക്കമാന്‍ഡിന്റെ ഈ കടുത്ത നിലപാട് വലിയ തിരിച്ചടിയായിട്ടുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പക്വതയും പ്രായോഗികതയും സമന്വയിപ്പിച്ചുകൊണ്ട് കേരളം തിരിച്ചുപിടിക്കാനുള്ള വലിയൊരു പരീക്ഷണത്തിനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. കനഗോലുവിന്റെ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതോടെ പല പ്രമുഖരും പട്ടികയില്‍ നിന്ന് പുറത്തായേക്കുമെന്നാണ് ലഭിക്കുന്ന സൂചനകള്‍. വിജയ സാധ്യത മാത്രമാകും നിര്‍ണ്ണായകം. ഓരോ മണ്ഡലത്തിലും വിജയ സാധ്യതയുള്ളവരുടെ ഒന്നിലധികം പേരുടെ പട്ടികയാകും സര്‍വ്വേക്കാര്‍ നല്‍കുക. ഇത് പരിശോധിച്ച് അന്തിമ തീരുമാനം ഹൈക്കമാണ്ട് എടുക്കും. കേരളത്തിലെ സര്‍വ്വേകള്‍ എല്ലാം അന്തിമ ഘട്ടത്തിലേക്ക് കടന്നിട്ടുണ്ട്.
സുനില്‍ കനഗോലുവിന്റെ നേതൃത്വത്തിലുള്ള ടീം തയ്യാറാക്കിയ പ്രാഥമിക റിപ്പോര്‍ട്ടുകള്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ വലിയ ചലനങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. യുവത്വത്തിന് മുന്‍ഗണനയുണ്ടാകും.കനഗോലുവിന്റെ സര്‍വ്വേ പ്രകാരം ഭരണവിരുദ്ധ വികാരം വോട്ടാക്കി മാറ്റാന്‍ 'ക്ലീന്‍ ഇമേജ്' ഉള്ള പുതുമുഖങ്ങള്‍ വരണമെന്നാണ് ജനഹിതം. ഇത് മുന്‍നിര്‍ത്തി 30 മുതല്‍ 40 ശതമാനം വരെ സീറ്റുകള്‍ യുവാക്കള്‍ക്കും വനിതകള്‍ക്കുമായി മാറ്റിവെക്കാന്‍ ഹൈക്കമാന്‍ഡ് ആലോചിക്കുന്നുണ്ട്. അബിന്‍ വര്‍ക്കി അടക്കം യുവനേതാക്കളുടെ പേരുകള്‍ പല മണ്ഡലങ്ങളിലും മുന്‍നിരയിലുണ്ട്. തുടര്‍ച്ചയായി രണ്ട് തവണ പരാജയപ്പെട്ടവര്‍ക്കും, ഒരേ മണ്ഡലത്തില്‍ മൂന്നിലധികം തവണ മത്സരിച്ചവര്‍ക്കും ഇത്തവണ സീറ്റ് നല്‍കരുതെന്നാണ് സര്‍വ്വേയിലെ പ്രധാന നിര്‍ദ്ദേശം. ജനങ്ങള്‍ക്ക് മുഖപരിചയം മടുത്ത നേതാക്കളെ മാറ്റിയാല്‍ മാത്രമേ നിഷ്പക്ഷ വോട്ടുകള്‍ യുഡിഎഫിലേക്ക് വരൂ എന്ന് കനഗോലു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ടെന്നാണ് സൂചന.
എറണാകുളം, കോട്ടയം ജില്ലകളില്‍ യുഡിഎഫിന് അനുകൂലമായ കാറ്റ് വീശുന്നുണ്ടെന്ന് സര്‍വ്വേ സൂചിപ്പിക്കുന്നു. ഈ ജില്ലകളില്‍ കരുത്തരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയാല്‍ ക്ലീന്‍ സ്വീപ്പ് സാധ്യമാണ്. തീരദേശ മേഖല: വിഴിഞ്ഞം മുതല്‍ മലബാര്‍ വരെയുള്ള തീരദേശ മേഖലകളില്‍ സര്‍ക്കാരിനെതിരെയുള്ള വികാരം വോട്ടായി മാറാന്‍ സാധ്യതയുണ്ട്. ഇവിടെ സമുദായിക സമവാക്യങ്ങള്‍ പാലിക്കുന്ന യുവസ്ഥാനാര്‍ത്ഥികളെയാണ് സര്‍വ്വേ നിര്‍ദ്ദേശിക്കുന്നത്.
