അന്വേഷണം പാര്‍ട്ടി പ്രഖ്യാപിച്ചാലും കൂടുതല്‍ പരാതികള്‍ എത്തുമോ എന്ന് ഭയം; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ അന്വേഷണ കമ്മിറ്റി വേണ്ടെന്ന നിലപാടില്‍ കെപിസിസി; യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം എ ഗ്രൂപ്പിന് മാത്രം നല്‍കുന്നത് പുന:പരിശോധിക്കും; വാട്ട്സാപ്പിലെ അടി ഒഴിവാക്കാന്‍ കര്‍ശന നിര്‍ദ്ദേശം; പരസ്യ ചര്‍ച്ചകള്‍ക്ക് വിലക്ക്

Update: 2025-08-23 03:52 GMT

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ ആരോപണങ്ങളില്‍ പ്രതിരോധത്തിലായിട്ടും അന്വേഷണം വേണ്ടെന്ന നിലപാടില്‍ കോണ്‍ഗ്രസ്. അന്വേഷണ കമ്മീഷനെ നിയോഗിക്കാനായിരുന്നു ആദ്യതീരുമാനമെങ്കിലും അതു തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍ ഉണ്ടായതിനെത്തുടര്‍ന്നാണ് അന്വേഷണ കമ്മിറ്റിയെ നിയോഗിക്കാനുള്ള തീരുമാനത്തില്‍ നിന്നും കെപിസിസി പിന്‍മാറുന്നത്. എ ഗ്രൂപ്പിനു വേണ്ടി മാത്രം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം മാറ്റിവക്കുന്നത് പുന:പരിശോധിക്കണമെന്നും ചില നേതാക്കള്‍. പാര്‍ട്ടിയുടെ ഔദ്യോഗിക വാട്ട്സാപ്പ് ഗ്രൂപ്പുകളിലെ തര്‍ക്കവും ആരോപണങ്ങളും പരസ്യചര്‍ച്ചയും ഒഴിവാക്കാന്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക്് പാര്‍ട്ടി നേതൃത്വം നിര്‍ദ്ദേശം നല്‍കി.

രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ അന്വേഷണ കമ്മീഷനെ നിയോഗിക്കാനായിരുന്നു ആദ്യ ഘട്ടത്തില്‍ കോണ്‍ഗ്രസ് തീരുമാനം. ഇക്കാര്യം ഒരു വിഭാഗം നേതാക്കളും വ്യക്തമാക്കിയിരുന്നു. ഏതെങ്കിലും തരത്തില്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ പരാതിയുമായി എത്തുമോ എന്ന ആശങ്കയാണ് അന്വേഷണം പ്രഖ്യാപിക്കുന്നതില്‍ നിന്ന് പിന്‍മാറാന്‍ കോണ്‍ഗ്രസ് നേതൃത്വത്തെ പ്രേരിപ്പിച്ചത്. ഇങ്ങനെ സംഭവിച്ചാല്‍ പരാതികള്‍ പൊലീസിന് കൈമാറേണ്ടിവരും. ഇത് പാര്‍ട്ടിയെ കൂടുതല്‍ പ്രതിരോധത്തിലാക്കും. ഈ സാഹചര്യത്തിലാണ് അന്വേഷണ കമ്മീഷനെ വയ്‌ക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് കെപിസിസി എത്തിയത്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ തുടര്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. അടിയന്തരമായി പുതിയ പ്രസിഡന്‍്റിനെ കണ്ടെത്തണമെന്ന ഹൈക്കമാന്‍ഡ് നിര്‍ദ്ദേശവും ലഭിച്ചിട്ടുണ്ട്. അതിന്‍െ്റ അടിസ്ഥാനത്തില്‍ ഇന്നും ചര്‍ച്ചകള്‍ തുടരും.

എ ഗ്രൂപ്പില്‍ നിന്നുള്ള നേതാവാണ് പതിവായി അദ്ധ്യക്ഷ സ്ഥാനത്തേക്ക് വിജയിച്ചുവരാറുള്ളത്. ഉമ്മന്‍ചാണ്ടിയുടെ കാലത്താണ് എ ഗ്രൂപ്പിന് യൂത്ത് കോണ്‍ഗ്രസ് സ്ഥാനം എന്ന ഫോര്‍മുലയുണ്ടായത്. അന്ന് ഗ്രൂപ്പിലെ എല്ലാ നേതാക്കളുമായി ചര്‍ച്ച ചെയ്താണ് അന്തിമ തീരുമാനം എടുത്തത്. എന്നാല്‍ ഇപ്പോള്‍ എല്ലാം എ ഗ്രൂപ്പിന്റെ പേരില്‍ ഷാഫി പറമ്പില്‍ തീരുമാനിക്കുകയാണെന്ന പരാതിയാണ് ഉയരുന്നത്. പാലക്കാട് എംഎല്‍എയായിരുന്ന ഷാഫി വടകരയുടെ എംപിയായപ്പോഴും പാലക്കാട് തന്റെ പിന്‍ഗാമിയായി രാഹുലിനെ നിര്‍ത്തി. ഇത് പാലക്കാട്ടെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറിയായി. ഇതിനൊരു മാറ്റം കൊണ്ടുവരണമെന്നാണ് ചില മുതിര്‍ന്ന നേതാക്കള്‍ ഇപ്പോള്‍ വാദിക്കുന്നത്. അങ്ങനെയാണെങ്കില്‍ കോണ്‍ഗ്രസില്‍ പുതിയ ഗ്രൂപ്പ് സമവാക്യങ്ങള്‍ രൂപീകരിക്കേണ്ടിവരും.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന ആരോപണങ്ങളുമായി ബന്ധപ്പെട്ടു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ വാട്സാപ് ഗ്രൂപ്പില്‍ പോരു തുടരുന്നതിനാല്‍ ഇതിന് കര്‍ശന വിലക്ക് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം നല്‍കിയിട്ടുണ്ട്. ആരോപണങ്ങള്‍ പുറത്തുവന്നതിനു പിന്നില്‍ വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കിയാണെന്ന പരോക്ഷ വിമര്‍ശനമുയര്‍ത്തി രാഹുല്‍ അനുകൂലികള്‍ ഗ്രൂപ്പുകളില്‍ രംഗത്തെത്തിയിരുന്നു. അബിന്റെ ചിത്രം പശ്ചാത്തലമാക്കി, 'ബാഹുബലി' സിനിമയില്‍ നായകനെ കട്ടപ്പയെന്ന കഥാപാത്രം പിന്നില്‍നിന്നു കുത്തുന്ന പോസ്റ്റര്‍ കണ്ണൂരില്‍നിന്നുള്ള നേതാവ് ഗ്രൂപ്പില്‍ ഇട്ടതോടെയാണു പോരിനു തുടക്കമായത്. ഇതോടെ അബിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഗ്രൂപ്പില്‍ ചര്‍ച്ച കൊഴുത്തു. പിന്നില്‍നിന്നു കുത്തിയത് അബിന്‍ വര്‍ക്കിയാണെന്നു രാഹുല്‍ അനുകൂലികള്‍ ആരോപിച്ചു. പ്രസിഡന്റിന്റെ ചെയ്തികള്‍ പുറത്തുവന്നതിന് അബിന്‍ എന്തു പിഴച്ചെന്നു മറുവിഭാഗം തിരിച്ചടിച്ചു. ഇതിനിടെ, പോസ്റ്റര്‍ ഇട്ടയാള്‍ തന്നെ ഡിലീറ്റ് ചെയ്തു. രാഹുലും അബിന്‍ വര്‍ക്കിയും ഗ്രൂപ്പില്‍ നിശ്ശബ്ദത പാലിച്ചെങ്കിലും അനുയായികള്‍ പോരു തുടര്‍ന്നു. അതിരു വിട്ടതോടെ, സംഘടനാ ചുമതലയുള്ള അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പുഷ്പലത ഗ്രൂപ്പ് 'അഡ്മിന്‍ ഒണ്‍ലി'യാക്കി.

രാഹുല്‍ മാങ്കൂട്ടത്തിലിന് പകരക്കാരനെ കണ്ടെത്താന്‍ ദീപ ദാസ് മുന്‍ഷി നേതാക്കളുമായി ചര്‍ച്ച തുടരുകയാണ്. യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി ബിനു ചുള്ളിയില്‍, സംസ്ഥാന ഉപാധ്യക്ഷന്‍ അബിന്‍ വര്‍ക്കി, ഒ ജെ ജനീഷ്, കെ എം അഭിജിത്ത്, ജെ എസ് അഖില്‍ എന്നിവരെയാണ് പ്രധാനമായും പരിഗണിച്ചത്. ഇതിനിടെയാണ് ജിന്‍ഷാദ് ജിന്നാസിനെ ആക്കിയേ മതിയാകൂവെന്ന് ഷാഫി നിര്‍ബന്ധം പിടിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് ദേശീയ ഭാരവാഹിപ്പട്ടിക പുറത്തുവന്നതിന് പിന്നാലെ സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി- യുവജന സംഘടനകളില്‍ അതൃപ്തി പരസ്യമായിരുന്നു. കെഎസ്യു മുന്‍സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്തിന് ഭാരവാഹിത്വം നിഷേധിച്ചത് ചൂണ്ടിക്കാട്ടി പ്രതികരണവുമായി പലരും രംഗത്തെത്തി. യൂത്ത് കോണ്‍ഗ്രസ്- കെഎസ്യു നേതൃസ്ഥാനങ്ങളിലുള്ള, അഭിജിത്തിനെ അനുകൂലിക്കുന്നവരാണ് പരസ്യവിമര്‍ശനവുമായി എത്തിയത്. അഭിജിത്തിനെ മാറ്റിനിര്‍ത്തിയവര്‍ അയോഗ്യത കൂടി പറയണം എന്നാണ് സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി അന്ന് പ്രചരിപ്പിക്കപ്പെട്ട പോസ്റ്റുകളിലെ ആവശ്യം. അഭിജിത്ത് കെഎസ്യു പ്രസിഡന്റ് ആയിരുന്ന കാലത്തെ സമരങ്ങള്‍ അടക്കം ഓര്‍മപ്പെടുത്തിയാണ് പ്രതികരണങ്ങള്‍ ഏറേയും.

ബിനു ചുള്ളിയില്‍, ജിന്‍ഷാദ് ജിന്നാസ്, ശ്രീലാല്‍ ശ്രീധര്‍, ഷിബിന വി.കെ. എന്നിവരാണ് സംസ്ഥാനത്തുനിന്ന് ഭാരവാഹിപ്പട്ടികയില്‍ ഇടം പിടിച്ചത്. സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പ്രഖ്യാപിച്ച പട്ടികയില്‍ നാലുപേരും ദേശീയ സെക്രട്ടറി സ്ഥാനത്തേക്കാണ് തിരഞ്ഞെടുക്കപ്പെട്ടത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായിരുന്നു ജിന്‍ഷാദും ശ്രീലാല്‍ ശ്രീധറും. വൈസ് പ്രസിഡന്റാണ് ഷിബിന. മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ബിനു. രാഹുല്‍ മാങ്കൂട്ടത്തില്‍ സംസ്ഥാന പ്രസിഡന്റായ സംഘടനാ തിരഞ്ഞെടുപ്പില്‍ ബിനുവിന്റെ പേരും യൂത്ത് കോണ്‍ഗ്രസ് തലപ്പത്തേക്ക് പരിഗണിച്ചിരുന്നു. എന്നാല്‍, അവസാനനിമിഷം ബിനു മത്സരത്തില്‍ പത്രികപോലും നല്‍കാതെ പിന്മാറുകയായിരുന്നു. സംസ്ഥാന രാഷ്ട്രീയത്തില്‍ കെ.സി. വേണുഗോപാലിനോട് ചേര്‍ന്നുനില്‍ക്കുന്ന യുവനേതാവാണ് ബിനു. ഷാഫി പറമ്പില്‍- രാഹുല്‍ മാങ്കൂട്ടത്തില്‍ പക്ഷത്തിനൊപ്പമുള്ള നേതാവാണ് ജിന്‍ഷാദ്. അന്ന് അഭിജിത്തിനെ വെട്ടിയാണ് ജിന്‍ഷാദിനെ ദേശീയ സെക്രട്ടറിയാക്കിയത്. അഭിജിത്തിനുവേണ്ടി അന്ന് സാമൂഹികമാധ്യമങ്ങളില്‍ ശബ്ദം ഉയര്‍ത്തിയവരില്‍ നിലവിലെ കെഎസ് യു സംസ്ഥാന വൈസ് പ്രസിഡന്റും ജനറല്‍ സെക്രട്ടറിമാരും മുതല്‍ ജില്ലാ പ്രസിഡന്റുമാര്‍ വരേയുണ്ട്.

Tags:    

Similar News