കറന്റ് വാങ്ങി മുടിഞ്ഞു; വൈദ്യൂതി ബോര്‍ഡ് വന്‍ കടക്കെണിയില്‍; 50,000 കോടിയോളം രൂപയുടെ സ്വകാര്യ മൂലധന നിക്ഷേപം സ്വീകരിക്കാനുള്ള പദ്ധതി ഉടന്‍ പ്രഖ്യാപിക്കും; ആവശ്യമുള്ളതില്‍ 80 ശതമാനം വൈദ്യുതിയും വാങ്ങുന്നത് പുറത്തു നിന്ന്; കഴിഞ്ഞ വര്‍ഷം വാങ്ങിയത് പതിനായിരം കോടിയോളം രൂപക്ക്
തിരുവനന്തപുരം: വൈദ്യൂതി പുറത്തുനിന്നും പണം കൊടുത്തു വാങ്ങി വന്‍ കടക്കെണിയിലായ കെ.എസ്.ഇ.ബിയില്‍ 50,000 കോടിയോളം രൂപയുടെ സ്വകാര്യ മൂലധന നിക്ഷേപം സംബന്ധിച്ച പദ്ധതി ആസൂത്രണം അവസാനഘട്ടത്തില്‍. സംസ്ഥാനത്തെ ജലവൈദ്യൂതി പദ്ധതികളില്‍ സ്വകാര്യ മൂലധന നിക്ഷേപം നടത്താനാണ് വൈദ്യൂതി ബോര്‍ഡ് പ്രധാനമായും ലക്ഷ്യമിടുന്നത്. കേരളത്തിന് ആവശ്യമുള്ള വൈദ്യൂതിയില്‍ 80 ശതമാനവും വാങ്ങുന്നത് പുറത്തുനിന്നാണ്. കഴിഞ്ഞ സാമ്പത്തികവര്‍ഷം വൈദ്യൂതി വാങ്ങാന്‍ വേണ്ടി മാത്രം കെ.എസ്.ഇ.ബിക്ക് ചെലവായത് 9930.72 കോടിരൂപയും. സംസ്ഥാനത്തിനു പുറത്തുളള താപനിലയങ്ങളില്‍ നിന്നാണ് പ്രധാനമായും വൈദ്യൂതി വാങ്ങുന്നത്. രാജ്യവ്യാപകമായി ഇന്ധനവിലയിലും ഗതാഗത ചെലവിലുമുണ്ടാവുന്ന വര്‍ദ്ധനവാണ് വൈദ്യൂതി വാങ്ങാനുള്ള വില കൂടാന്‍ കാരണമാകുന്നത്.
ഓരോ വര്‍ഷവും സംസ്ഥാനത്ത് വൈദ്യൂതി ഉപഭോഗം കൂടിവരുകയാണ്. അതിന് അനുസരിച്ച് പുറത്തുനിന്നു വാങ്ങുന്ന വൈദ്യൂതിയുടെ അളവും വര്‍4ിക്കുന്ന. 2022- 23 സാമ്പത്തിക വര്‍ഷം വൈദ്യുതി വാങ്ങാന്‍ ബോര്‍ഡിന് ചെലവായത് 11240.62 കോടി രൂപയായിരുന്നു. ഇത് 2023- 24 സാമ്പത്തിക വര്‍ഷത്തില്‍ 12982.59 കോടി രൂപയായി കൂടി. 2024- 25 സാമ്പത്തിക വര്‍ഷത്തില്‍ വൈദ്യൂതി വാങ്ങല്‍ ചെലവ് 9930.72 കോടി രൂപയായി. വേനല്‍ക്കാലത്ത്് വൈദ്യൂതി ഉപഭോഗം കുത്തനെ കൂടിയതോടെ ഈ സാമ്പത്തിക വര്‍ഷം കഴിഞ്ഞ തവണത്തേക്കാള്‍ കൂടുമെന്ന ആശങ്കയിലാണ് വൈദ്യൂതി ബോര്‍ഡ്. അമിത ആവശ്യകതയുള്ള പീക്ക് സമയങ്ങളില്‍ അധികവില നല്‍കി വൈദ്യുതി വാങ്ങുന്ന പ്രവണത കുറയ്ക്കാന്‍ ബോര്‍ഡ് ശ്രമിക്കുന്നണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള വൈദ്യൂതി കൈമാറ്റക്കരാറുകളിലും ബോര്‍ഡ് ഏര്‍പ്പെട്ടിട്ടുണ്ട്. പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഹിമാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും കൈമാറ്റ കരാറിലൂടെ ലഭിക്കുന്ന വൈദ്യുതി സംസ്ഥാനത്തെ വൈദ്യുതി ലഭ്യത കൂടുതലുളള ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുളള കാലയളവില്‍ തിരികെ നല്‍കും.
2030 ല്‍ സംസ്ഥാനത്തെ വൈദ്യൂതോല്‍പ്പാദനം പതിനായിരം മെഗാവാട്ടായി ഉയര്‍ത്താനാണ് ബോര്‍ഡ് ലക്ഷ്യമിടുന്നത്. അതു സാധ്യമാക്കണമെങ്കില്‍ വന്‍തോതിലുള്ള സാമ്പത്തിക ശേഷി ആവശ്യമാണ്. അതിനുവേണ്ടിയാണ് സ്വകാര്യ മൂലധന നിക്ഷേപം ബോര്‍ഡ് ലക്ഷ്യമിടുന്നത്. ജലവൈദ്യൂതി പദ്ധതികള്‍ ഉള്‍പ്പെടെയുള്ളവയില്‍ സ്വകാര്യ കമ്പനികളെ പങ്കെടുപ്പിക്കുന്ന പദ്ധതിയാണ് ബോര്‍ഡ് ആസൂത്രണം ചെയ്യുന്നത്. ഇതിനു വേണ്ടി ഏകദേശം 50,000 കോടി രൂപയ്ക്കു മുകളില്‍ മൂലധന നിക്ഷേപം ആവശ്യമാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സ്വകാര്യ- പൊതുപങ്കാളിത്തത്തോടെ വൈദ്യുത പദ്ധതികള്‍ നടപ്പാക്കാന്‍ മാര്‍ഗ നിര്‍ദേശം നല്‍കാനുള്ള ഇടനില ഏജന്‍സിയായി എസ്.ബി.ഐ കാപിറ്റല്‍ മാര്‍ക്കറ്റ്സ് ലിമിറ്റഡിനെ ബോര്‍ഡ് തെരഞ്ഞെടുത്തിരുന്നു.
കൂടുതല്‍ സ്ഥാപിത ശേഷി, ഉയര്‍ന്ന മൂലധന നിക്ഷേപം, പമ്പ്ഡ് സ്റ്റോറേജ്, ചെറുകിട ജലവൈദ്യുത പദ്ധതികള്‍ ആരംഭിക്കല്‍, പദ്ധതികളില്‍ പങ്കാളിത്തം ആഗ്രഹിക്കുന്ന കമ്പനികളുമായുള്ള കൂടിക്കാഴ്ച, അനുമതി പത്രം ഒപ്പുവെപ്പിക്കല്‍, പദ്ധതി മൂലധനം സ്വരൂപിക്കല്‍. എല്ലാത്തിന്റെയും ഉപദേശകരായി കാപ്സ് പ്രവര്‍ത്തിക്കും. റിന്യുവബ്ള്‍ പവര്‍ കോര്‍പറേഷന്‍ കേരള ലിമിറ്റഡിനെ കേരള സ്റ്റേറ്റ് ഗ്രീന്‍ എനര്‍ജി കമ്പനിയാക്കി ബോണ്ടുകളിറക്കിയും ഡെപ്പോസിറ്റ് വാങ്ങിയും സ്വകാര്യപങ്കാളിത്തത്തോടെ വൈദ്യുത പദ്ധതികള്‍ നടപ്പാക്കുന്ന കാര്യം പഠിച്ച് അഭിപ്രായം സമര്‍പ്പിക്കാന്‍ ചെയര്‍മാന്‍ ഓഫിസര്‍മാരുടെ സംഘടനകളോട് നിര്‍ദേശിച്ചിരുന്നു. ഇതിന്റെ തുടർച്ചയാണ് കെഎസ്ഇബിയുടെ പുതിയ നീക്കം.
വൈദ്യുതി ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് ആറ് പുതിയ ചെറുകിട ജലവൈദ്യുത പദ്ധതികള്‍ കൂടി ആരംഭിക്കുമെന്ന് മന്ത്രി കെ. കൃഷ്ണന്‍ കുട്ടി അറിയിച്ചിരുന്നു. ഇടുക്കി ജില്ലയിലെ മാങ്കൂളം, ആനക്കയം, ലാട്രം, കോട്ടയം ജില്ലയിലെ അപ്പര്‍ ചെങ്കളം, മാര്‍മല, കോഴിക്കോട് ജില്ലയിലെ വാലന്‍തോട്, എന്നിവിടങ്ങളിലാണ് പുതിയ ചെറുകിട ജലവൈദ്യുത പദ്ധതികള്‍ വരുന്നത്. ഇതില്‍ ഇടുക്കി ലാട്രം മേഖലയില്‍ വരുന്ന ജലവൈദ്യുത പദ്ധതിക്ക് വൈദ്യുതി ബോര്‍ഡ് റെഗുലേറ്ററി കമ്മീഷന്റെ അനുമതി ലഭിക്കാനുണ്ട്. മാങ്കുളത്ത് ദിവസേന 40 മെഗാ വാട്ട് വൈദ്യുതി ഉത്പാദനം ലക്ഷ്യമിടുന്ന ജലവൈദ്യുത പദ്ധതിയുടെ ടെന്‍ഡര്‍ നടപടികളും ആരംഭിച്ചിട്ടുണ്ട്. ആനക്കയത്ത് 7.5 മെഗാ വാട്ട്, ആപ്പര്‍ ചെങ്കുളത്ത് 24 മെഗാ വാട്ട്, ലാട്രം 3.5 മെഗാ വാട്ട്, മാര്‍മലയില്‍ 7 മെഗാ വാട്ട്, വാലന്‍തോട് 7.5 മെഗാ വാട്ട് എന്നിങ്ങനെ ശേഷിയുള്ള ജലവൈദ്യുത പദ്ധതികളാകും പുതുതായി ആരംഭിക്കുക.
പീക്ക് ടൈമില്‍ വൈദ്യുതി ഉത്പാദനത്തിന്റെ തോത് ഉയര്‍ത്താന്‍ ലക്ഷ്യമിട്ട് ഇടുക്കി, ശബരിഗിരി, ഇടമലയാര്‍ എക്സ്റ്റന്‍ഷന്‍ പദ്ധതികള്‍ക്കു രൂപം നല്‍കുമെന്നും മന്ത്രി അറിയിച്ചിരുന്നു. പീക്ക് സമയത്തെ വൈദ്യുതി ആവശ്യം നിറവേറ്റുന്നതിന് 500 മൊവാട്ട് വീതമുളള രണ്ടു ബാറ്ററി എനര്‍ജി സ്റ്റോറേജ് പദ്ധതികളും 3150 മെഗാവാട്ട് ശേഷിയുളള പമ്പ്ഡ് സ്റ്റോറേജ് പദ്ധതികളും വൈദ്യൂതി ബോര്‍ഡ് പ്രഖ്യാപിച്ചിരുന്നു.