മലയാള മനോരമയ്ക്ക് പിണറായി സര്‍ക്കാര്‍ നല്‍കാനുള്ളത് 17.5 കോടി! കിട്ടാനുള്ളത് വേണമെന്ന് പലകുറി ആവശ്യപ്പെട്ടിട്ടും കൊടുക്കാതെ പബ്ലിക് റിലേഷന്‍ വകുപ്പ്; കുടിശിക തരാതെ ഇനി സര്‍ക്കാര്‍ പരസ്യം നല്‍കില്ലെന്ന തിരുമാനവുമായി മനോരമ; ഇനി മലയാളികളുടെ പത്ര മുത്തശ്ശിയില്‍ മുഖ്യമന്ത്രിയുടെ ഫുള്‍ ഫിഗര്‍ വരില്ല; സാമ്പത്തിക പ്രതിസന്ധിക്ക് തെളിവായി മനോരമയുടെ 'നോ' പറച്ചില്‍

Update: 2025-08-07 05:53 GMT

തിരുവനന്തപുരം: നിലനില്‍പ്പിനായി സര്‍ക്കാര്‍ പരസ്യങ്ങളെ മാത്രം ആശ്രയിക്കുന്ന പത്രങ്ങളുള്ള സംസ്ഥാനത്ത് സര്‍ക്കാര്‍ പരസ്യം വേണ്ടെന്ന നിലപാടെടുത്ത് മലയാള മനോരമ. കഴിഞ്ഞ രണ്ടുവര്‍ഷം പരസ്യം നല്‍കിയ വകയില്‍ സംസ്ഥാന സര്‍ക്കാര്‍ 17.5 കോടിരൂപയാണ് മലയാള മനോരമക്കു നല്‍കാനുള്ളത്. കുടിശിക തുക ലഭിച്ചതിനുശേഷം മാത്രം ഇനി സര്‍ക്കാര്‍ പരസ്യം നല്‍കിയാല്‍ മതിയെന്ന തീരുമാനത്തിലാണ് മനോരമ. കേരളത്തില്‍ ഏറ്റവും സര്‍ക്കുലേഷനുള്ള പത്രമാണ് മനോരമ. മുത്തശ്ശി പത്രമെന്ന് വിളിക്കുന്ന മനോരമയ്ക്ക് സര്‍ക്കാര്‍ പരസ്യമില്ലാതെ തന്നെ മുമ്പോട്ട് പോകാന്‍ കഴിയും. എന്നാല്‍ സര്‍ക്കാരിന്റെ ആശയങ്ങള്‍ പരസ്യത്തിലൂടെ പരമാവധി പേരിലെത്തിക്കാന്‍ മനോരമയുടെ പത്രത്താള്‍ സര്‍ക്കാരിന് അനിവാര്യതയുമാണ്. പരസ്യം എടുക്കേണ്ടതില്ലെന്ന മനോരമയുടെ തീരുമാനം അതുകൊണ്ട് തന്നെ സര്‍ക്കാരിന് വലിയ തിരിച്ചടിയാണ്.

2023 മുതലുള്ള പരസ്യങ്ങള്‍ക്ക് മനോരമക്ക് സര്‍ക്കാര്‍ പണം നല്‍കാനുണ്ട്. നിരവധി തവണ ആവശ്യപ്പെട്ടിട്ടും സമയബന്ധിതമായി പണം നല്‍കാന്‍ പി.ആര്‍.ഡി തയ്യാറായില്ല. ഇതേത്തുടര്‍ന്ന് കുടിശിക ലഭിച്ചശേഷം മാത്രമേ ഇനി പരസ്യം നല്‍കുകയുള്ളൂയെന്ന് മനോരമ പി.ആര്‍.ഡിയെ അറിയിക്കുകയായിരുന്നു. കഴിഞ്ഞ ഒരുമാസമായി പി.ആര്‍.ഡി പരസ്യങ്ങള്‍ മലയാള മനോരമയില്‍ നല്‍കുന്നില്ല. കുടിശിക പൂര്‍ണ്ണമായി ലഭിച്ചാല്‍ മാത്രമേ സര്‍ക്കാര്‍ പരസ്യം ഇനി നല്‍കൂയെന്ന നിലപാട് മലയാള മനോരമ പരസ്യവിഭാഗം സ്ഥിരീകരിച്ചു. സര്‍ക്കാരിനേയും ഇക്കാര്യം അവര്‍ അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയ്ക്ക് തെളിവാണ് ഈ കുടിശികയെന്ന വാദവും സജീവമാണ്.

ടെണ്ടര്‍- നോണ്‍ ടെണ്ടര്‍ വിഭാഗത്തില്‍ പരസ്യം പ്രസിദ്ധീകരിച്ച വകയില്‍ വിവിധ പത്രമാധ്യമങ്ങള്‍ക്ക് കഴിഞ്ഞമാസം സര്‍ക്കാര്‍ 2.50 കോടിരൂപ അനുവദിച്ചിരുന്നു. 28 പത്രങ്ങള്‍ക്കാണ് സര്‍ക്കാര്‍ അംഗീകൃത പരസ്യങ്ങള്‍ ലഭിക്കുന്നത്. സര്‍ക്കാര്‍ പരസ്യങ്ങളില്‍ നിന്നും ലഭിക്കുന്ന പണത്തെ ആശ്രയിച്ചു മാത്രം നിലനില്‍ക്കുന്ന ചെറുകിട പത്രങ്ങളും സംസ്ഥാനത്തുണ്ട്. അച്ചടി മാധ്യമങ്ങളിലേക്ക് പരസ്യങ്ങള്‍ വന്‍തോതില്‍ തിരിച്ചുവരുന്നതായാണ് പഠനറിപ്പോര്‍ട്ടുകള്‍. രാജ്യത്തെ അച്ചടി മാധ്യമങ്ങളിലെ പരസ്യ വരുമാനത്തില്‍ ഏഴുശതമാനം വര്‍ധനയാണ് കഴിഞ്ഞ വര്‍ഷമുണ്ടായത്.

കേരളത്തിലെ പരസ്യച്ചെലവിന്‍െ്റ 40 ശതമാനം അച്ചടി മാധ്യമങ്ങള്‍ക്കാണ്. 2023 ല്‍ 19,250 കോടിരൂപയാണ് രാജ്യത്തെ അച്ചടിരംഗത്തെ പരസ്യവരുമാനം. ഡിജിറ്റല്‍ മാധ്യമങ്ങളേക്കാള്‍ ബഹുദൂരം മുന്നിലാണ് അച്ചടി മാധ്യമങ്ങളുടെ വായനക്കാരിലുള്ള സ്വാധീനം. ദേശീയ ശരാശരിയുടെ നാലിരട്ടിയാണ് കേരളത്തില്‍ പത്രങ്ങളുടെ വ്യാപനം. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ സാമ്പത്തിക വര്‍ഷാവസാനത്തിലെ വന്‍ ചെലവിനുള്ള പണം കണ്ടെത്താന്‍ ബുദ്ധിമുട്ടുകയാണ് ട്രഷറി എന്നും റിപ്പോര്‍ട്ടുണ്ട്. കിട്ടാവിന്നിടത്തുനിന്നെല്ലാം പണം വാങ്ങിയാണ് മുന്നോട്ട് പോകുന്നത്. കേരളം ഇന്ന് നേരിടുന്ന ധനകാര്യ പ്രതിസന്ധിക്ക് രണ്ട് മാനങ്ങളുണ്ട്. ഒന്ന് സര്‍ക്കാരിന്റ സാമ്പത്തിക ഞെരുക്കം. ഇതൊരു രോഗലക്ഷണം മാത്രമാണ്. രണ്ടാമത്തേത് കേരള സമ്പദ് വ്യവസ്ഥയുടെ വികസന മുരടിപ്പാണ്. അതാണ് യഥാര്‍ത്ഥ രോഗമെന്ന വിലയിരുത്തലുമുണ്ട്.

വിഭാവനം ചെയ്തിരിക്കുന്ന സര്‍ക്കാര്‍ മെഷീനറിയേയും ക്ഷേമവ്യവസ്ഥയേയും താങ്ങി നിര്‍ത്താന്‍ പര്യാപ്തമായ ഒരു സമ്പദ് വ്യവസ്ഥ കേരളം വളര്‍ത്തിയെടുത്തിട്ടില്ല. തിരിച്ചു പറഞ്ഞാല്‍ നമ്മുടെ സമ്പദ് വ്യവസ്ഥയ്ക്ക് താങ്ങാന്‍ കഴിയാത്ത ഒരു മെഷിനറിയും ക്ഷേമ വ്യവസ്ഥയുമാണ് നിലനിര്‍ത്താന്‍ ശ്രമിക്കുന്നത്. ഈ വൈരുദ്ധ്യമാണ് സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയായി മാറുന്നതെന്നാണ് വിദഗ്ധ അഭിപ്രായം. ഇതിനിടെയിലും സര്‍ക്കാര്‍ പരസ്യങ്ങള്‍ക്കും മറ്റും വേണ്ടി പത്രങ്ങളെ ആശ്രയിക്കുന്നു. ഇതും കൊടുക്കാന്‍ കഴിയാത്ത സ്ഥിതിയിലേക്ക് കാര്യങ്ങളെത്തുകയാണ്.

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ക്ഷേമപെന്‍ഷന്‍കാര്‍ക്കും കൊടുക്കാനുള്ള കുടിശ്ശിക, കരാറുകാര്‍ക്കും സാധനങ്ങള്‍/ സേവനങ്ങള്‍ എന്നിവ നല്‍കുന്നവര്‍ക്കും കൊടുക്കാനുള്ള കുടിശ്ശിക, ഇതുകാരണം സാധനങ്ങളുടെയും സേവനങ്ങളുടെയും ലഭ്യതയില്‍ വരുന്ന മുടക്കം. (പൊതുമരാമത്ത്, മരുന്നുകളുടെ വിതരണം, ഉച്ചക്കഞ്ഞി, വനവാസി/ കായിക ഹോസ്റ്റലുകളുടെ പൂട്ടിയിടല്‍, സാംസ്‌കാരിക സ്ഥാപനങ്ങളിലെ സ്തംഭനാവസ്ഥ), സംസ്ഥാനവിഹിതം നല്‍്കാത്തതിനാല്‍ സംയുക്ത പദ്ധതികളുടെ സ്തംഭനം (ഉദാ: ജല്‍ജീവന്‍ മിഷന്‍), ഫണ്ടുകളുടെ വകമാറ്റല്‍ എന്നിവയല്ലാം പലപ്പോഴും ചര്‍ച്ചയായിരുന്നു.

Tags:    

Similar News