രാഹുല്‍ മാങ്കൂട്ടത്തലിന്റെ അറസ്റ്റും ജയില്‍ വാസവും കഴിഞ്ഞപ്പോള്‍ പരാതിക്കാരി നാട്ടിലേക്ക് വന്നില്ല; അതിജീവിതയുടെ മൊഴിയില്‍ ഒപ്പ് വയ്പ്പിക്കാന്‍ കഴിയാതെ വെള്ളം കുടിച്ച് അന്വേഷണ സംഘം; ചട്ടം ലംഘിച്ചുള്ള അറസ്റ്റ് തിരിച്ചടിയാവുമെന്ന് ഭയന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതിയുടെ അനുമതി ചോദിക്കും; മാങ്കൂട്ടത്തില്‍ കേസില്‍ പോലീസ് കുടുങ്ങുമോ?

Update: 2026-01-15 07:38 GMT

തിരുവനന്തപുരം: പാതിരാത്രിയില്‍ ഹോട്ടല്‍ മുറിയില്‍ കയറി രാഹുല്‍ മാങ്കൂട്ടത്തിലിനെ പൊക്കിയ പോലീസിന് ഇപ്പോള്‍ വിനയാകുന്നത് അതിജീവിതയുടെ അസാന്നിധ്യം. മൂന്നാമത്തെ ബലാത്സംഗക്കേസില്‍ രാഹുലിനെ കുടുക്കി ജയിലിലടച്ചെങ്കിലും, കേസ് കോടതിയില്‍ എത്തുമ്പോള്‍ തിരിച്ചടിയാകുമോ എന്ന ഭയത്തിലാണ് അന്വേഷണ സംഘം. പരാതി നല്‍കിയ അതിജീവിത കാനഡയിലാണെന്നതും അറസ്റ്റ് കഴിഞ്ഞിട്ടും അവര്‍ നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറാകാത്തതുമാണ് പോലീസിനെ കുഴപ്പിക്കുന്നത്.

രാഹുലിനെ അറസ്റ്റ് ചെയ്യാന്‍ കാണിച്ച ആവേശം ഇപ്പോള്‍ പോലീസിന് തലവേദനയാവുകയാണ്. അതിജീവിത കാനഡയില്‍ ഇരുന്നുകൊണ്ട് നല്‍കിയ ഇമെയില്‍ പരാതിയുടെയും ഫോണ്‍ മൊഴിയുടെയും അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. എന്നാല്‍ നിയമപരമായ നടപടിക്രമങ്ങള്‍ അനുസരിച്ച് മൊഴി രേഖപ്പെടുത്തി അതില്‍ അതിജീവിത നേരിട്ട് ഒപ്പുവെക്കേണ്ടതുണ്ട്. അറസ്റ്റ് നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പരാതിക്കാരി വരാത്തതിനാല്‍ മൊഴിയില്‍ ഒപ്പുവെപ്പിക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ഇത് കോടതിയില്‍ രാഹുലിന് അനുകൂലമാകുമെന്നും ചട്ടം ലംഘിച്ചുള്ള അറസ്റ്റ് എന്ന ആരോപണം ഉയരുമെന്നും പോലീസ് ഭയക്കുന്നു.

സാധാരണ ഗതിയില്‍ നേരിട്ടെത്തി മൊഴി നല്‍കേണ്ട സാഹചര്യത്തില്‍ അതിജീവിത വിദേശത്താണെന്നത് വലിയ തിരിച്ചടിയാണ്. ഈ പ്രതിസന്ധി മറികടക്കാന്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴി മൊഴി രേഖപ്പെടുത്താനും രേഖകളില്‍ ഒപ്പുവെപ്പിക്കാനും അനുമതി തേടി പോലീസ് ഹൈക്കോടതിയെ സമീപിക്കും. ഇന്ത്യന്‍ എംബസി വഴിയോ വീഡിയോ കോണ്‍ഫറന്‍സ് വഴിയോ രഹസ്യമൊഴി രേഖപ്പെടുത്താനാണ് എസ്.പി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘം ശ്രമിക്കുന്നത്. ഇതിന് ഹൈക്കോടതി അനുമതി നല്‍കിയില്ലെങ്കില്‍ രാഹുലിന് എളുപ്പത്തില്‍ ജാമ്യം ലഭിക്കാനുള്ള വഴിയൊരുങ്ങും.

മറ്റ് രണ്ട് കേസുകളില്‍ രാഹുലിന് ഹൈക്കോടതിയില്‍ നിന്ന് അറസ്റ്റ് തടഞ്ഞുകൊണ്ട് ഇടക്കാല സംരക്ഷണം ഉണ്ടായിരുന്നു. ഇത് മറികടക്കാനാണ് മൂന്നാമതൊരു പരാതിയില്‍ പോലീസ് ധൃതിപിടിച്ച് അറസ്റ്റ് രേഖപ്പെടുത്തിയത്. പരാതിക്കാരി നാട്ടിലില്ലാത്ത സാഹചര്യത്തില്‍ നടന്ന അറസ്റ്റ് നിയമപരമായി നിലനില്‍ക്കില്ലെന്നാണ് രാഹുലിന്റെ അഭിഭാഷകര്‍ വാദിക്കുന്നത്. അറസ്റ്റിന് കാണിച്ച വേഗത അതിജീവിതയുടെ ഒപ്പ് വാങ്ങുന്നതിലോ നടപടിക്രമം പാലിക്കുന്നതിലോ കാണിക്കാത്തതാണ് പോലീസിനെ കുരുക്കുന്നത്.

രാഹുലിനെതിരെ നേരത്തെ രണ്ട് കേസുകള്‍ നിലവിലുണ്ടായിരുന്നു. എന്നാല്‍ ഈ രണ്ട് കേസുകളിലും അറസ്റ്റ് തടഞ്ഞുകൊണ്ട് ഹൈക്കോടതി ഇടക്കാല ഉത്തരവ് നല്‍കി. ഈ പ്രതിസന്ധി മറികടക്കാന്‍ പോലീസ് കണ്ടെത്തിയ വഴിയാണ് കാനഡയിലുള്ള യുവതിയുടെ ഇമെയില്‍ പരാതിയെന്ന വാദം ഉയരുന്നുണ്ട്. പരാതിക്കാരിയായ യുവതി വര്‍ഷങ്ങളായി കാനഡയിലാണ്. പോലീസിന്റെ നിര്‍ദ്ദേശപ്രകാരം അവര്‍ നാട്ടിലെത്തുമെന്ന് കരുതിയിരുന്നെങ്കിലും വ്യക്തിപരമായ കാരണങ്ങളാല്‍ മടങ്ങി വരാന്‍ കഴിയില്ലെന്ന് അവര്‍ അറിയിച്ചതായാണ് വിവരം.

പുതിയ ഭാരതീയ നാഗരിക് സുരക്ഷാ സംഹിത നിയമ പ്രകാരം അതിജീവിതയുടെ മൊഴി രേഖപ്പെടുത്തുമ്പോള്‍ അതില്‍ നേരിട്ട് ഒപ്പുവെക്കണം. ഡിജിറ്റല്‍ ഒപ്പുകള്‍ പലപ്പോഴും ഇത്തരം ക്രിമിനല്‍ കേസുകളില്‍ വിചാരണ വേളയില്‍ വെല്ലുവിളിക്കപ്പെടാം. മജിസ്ട്രേറ്റിന് മുന്നില്‍ നേരിട്ട് ഹാജരായി നല്‍കുന്ന രഹസ്യമൊഴി കേസില്‍ അതിപ്രധാനമാണ്. പരാതിക്കാരി വിദേശത്തായതിനാല്‍ ഇത് അസാധ്യമായി തുടരുന്നു.

രാഹുലിനെ അറസ്റ്റ് ചെയ്യുന്നതിന് മുന്‍പ് പരാതിക്കാരിയുടെ വിശദമായ മൊഴി നേരിട്ട് രേഖപ്പെടുത്തേണ്ടതായിരുന്നു എന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഫോണ്‍ മൊഴിയുടെ മാത്രം അടിസ്ഥാനത്തില്‍ നടന്ന അറസ്റ്റ് 'രാഷ്ട്രീയ പ്രേരിതമാണെന്ന' വാദത്തിന് ഇത് ബലം നല്‍കുന്നു.

Tags:    

Similar News