മത്സ്യതൊഴിലാളിയായ അച്ഛന്‍; തൊഴിലുറപ്പിന് പോകുന്ന അമ്മ; പത്താമനായി ക്രീസിലെത്തിയപ്പോള്‍ അവസാന ദിനം ബാക്കിയുണ്ടായിരുന്നത് 14 ഓവര്‍; മധ്യപ്രദേശ് മോഹത്തെ തകര്‍ത്തത് മകന്റെ പ്രതിരോധ മതില്‍; 35 പന്തില്‍ പുറത്താകാതെ നേടിയ ആ നാലു റണ്‍സിന് സെഞ്ച്വറിയെ വെല്ലും തിളക്കം; രഞ്ജിയില്‍ കേരളം പ്രതീക്ഷ കാത്തത് മമ്മൂട്ടിയുടെ സ്വന്തം നാട്ടുകാരനിലൂടെ; എംഡി നിധീഷെന്ന സൂപ്പര്‍ ബൗളറുടെ കഥ

Update: 2025-01-27 09:53 GMT

തിരുവനന്തപുരം: ആദ്യ ഇന്നിംഗ്സില്‍ ബൗളിംഗില്‍ കേരളത്തിന്റെ സൂപ്പര്‍ ഹീറോയായി എംഡി നിധീഷ്. പിന്നീട് ബാറ്റിംഗില്‍ 22 പന്തില്‍ നിന്നും റണ്‍സൊന്നും നേടാനായില്ലെങ്കിലും എതിരാളിക്ക് നിധീഷിനെ എറിഞ്ഞിടാന്‍ കഴിഞ്ഞില്ല. രണ്ടാം ഇന്നിംഗ്സില്‍ 35 പന്തിനെ നേരിട്ട നിധീഷ് വീണ്ടും എതിരാളിക്ക് വിക്കറ്റ് നല്‍കിയില്ല. ഈ പ്രകടനമാണ് രഞ്ജി ട്രോഫിയില്‍ കേരളത്തിന് വീണ്ടും പ്രതീക്ഷയാകുന്നത്. അസാമാന്യ ധീരതയോടെയാണ് രണ്ടാം ഇന്നിംഗ്സില്‍ കേരളത്തിന് സമനില ഉറപ്പാക്കാനായി നിധീഷ് പ്രതിരോധകോട്ട തീര്‍ത്തത്. എറണാകുളം കാഞ്ഞിരമറ്റത്താണ് താമസമെങ്കിലും നിധീഷിന്റെ വേരുകള്‍ ചെന്ന് നില്‍ക്കുന്നത് മമ്മൂട്ടിയുടെ നാടായ ചെമ്പിലാണ്. നിധീഷിന്റെ അച്ഛന്‍ മത്സ്യതൊഴിലാളിയാണ്. അമ്മയ്ക്കുള്ള വരുമാന മാര്‍ഗ്ഗം തൊഴിലുറപ്പ് ജോലിയും. ചെമ്പിലാണ് അമ്മയുടെ വീട്. എന്നാല്‍ അച്ഛന്റെ നാടായ കാഞ്ഞിരമറ്റത്താണ് ഇപ്പോള്‍ താമസം.

ഇന്ത്യന്‍ ക്രിക്കറ്റിലെ കരുത്തരാണ് മധ്യപ്രദേശ്. മുന്‍ രഞ്ജി ട്രോഫി ചാമ്പ്യന്‍മാര്‍. ശുഭം ശര്‍മ്മയുടെ ക്യാപ്ടന്‍സിയില്‍ രജത് പട്ടിദാറും വെങ്കിടേഷ് അയ്യരും കുല്‍ദീപ് സെന്നും ആവേശ് ഖാനും അടങ്ങുന്ന സന്തുലിത ടീം. ഈ ടീമിനെതിരെയാണ് കേരളം ആദ്യ ഇന്നിംഗ്സ് ലീഡിന്റെ മികവില്‍ നിര്‍ണ്ണായക മത്സരത്തില്‍ 3 പോയിന്റ് നേടിയത്. ഈ സീസണില്‍ രഞ്ജി സാധ്യത സജീവമാക്കാന്‍ മധ്യപ്രദേശിന് ജയം അനിവാര്യതയായിരുന്നു. കപ്പിനും ചുണ്ടിനും ഇടയില്‍ ആ ജയം അവര്‍ക്ക് നഷ്ടമായി എന്നതാണ് യാഥാര്‍ത്ഥ്യം. ആദ്യ ഇന്നിംഗ്സില്‍ 160 റണ്‍സിന് മധ്യപ്രദേശ് തകര്‍ന്നടിഞ്ഞു. തിരുവനന്തപുരം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തിലെ പിച്ചിലെ ഈര്‍പ്പം മുതലെടുത്ത് ന്യൂബോളില്‍ എംഡി നിധീഷ് തകര്‍ത്തെറിഞ്ഞപ്പോള്‍ മധ്യപ്രദേശ് തകര്‍ന്നടിഞ്ഞു. പക്ഷേ കേരളവും ബാറ്റിംഗില്‍ പതറി. എങ്ങനെയോ ഏഴ് റണ്‍സ് ലീഡ് നേടി. രണ്ടാം ഇന്നിംഗ്സില്‍ ഉഗ്രപ്രതാപം മധ്യപ്രദേശ് വീണ്ടെടുത്തു. എട്ട് വിക്കറ്റ് നഷ്ടത്തില്‍ 369 റണ്‍സിന് ഡിക്ലയര്‍ ചെയ്തു. മൂന്നാം ദിനം ഒരു മണിക്കൂര്‍ ശേഷിക്കേയായിരുന്നു ഈ ഡിക്ലറേഷന്‍. ജയിക്കാനും തോല്‍ക്കാനും കേരളം സാധ്യത കണ്ടു. പക്ഷേ തിരഞ്ഞെടുത്ത ബാറ്റിംഗ് ശൈലി നോക്കിയാല്‍ അത് സമനിലയ്ക്ക് വേണ്ടിയുള്ളതായിരുന്നു. വേണ്ടപ്പോള്‍ ബാറ്റിംഗ് മറക്കുന്ന കേരള നിര വീണ്ടും പതറി. അവിടെ ഒരു അസാധ്യ പ്രകടനം. അതാണ് കേരളത്തിന് സമനില നല്‍കിയത്. ആദ്യ ഇന്നിംഗ്സിലെ അഞ്ചു വിക്കറ്റ് നേട്ടക്കാരന്‍ രണ്ടാം ഇന്നിംഗ്സില്‍ നോട്ടൗട്ടായി. 35 പന്തുകള്‍ പ്രതിരോധിച്ച നിധീഷ് അങ്ങനെ അസാധ്യമെന്ന് കരുതിയ സമനില കേരളത്തിന് നല്‍കി. വാലറ്റത്ത് കേരളം ഏക്കാലവും ഓര്‍ക്കേണ്ട ചെറുത്ത് നില്‍പ്പ്.

രണ്ടാം ഇന്നിംഗ്സിലെ കൂറ്റന്‍ ലക്ഷ്യത്തിന് മുന്നില്‍ കേരള പതറി. അക്ഷയ് ചന്ദ്രന്റെ 24 റണ്‍സായിരുന്നു ആദ്യ അഞ്ച് ബാറ്റ്സ്മാന്മാരിലെ ടോപ് സ്‌കോര്‍. റോഹന്‍ കുന്നുമ്മല്‍ എട്ടും റോണ്‍ റോജര്‍ ഒന്നും സച്ചിന്‍ ബേബി മൂന്നും സല്‍മാന്‍ നിസാര്‍ അഞ്ചും റണ്‍സെടുത്ത് മടങ്ങി. സല്‍മാന്‍ പുറത്താകുമ്പോള്‍ കേരളത്തിന്റെ സ്‌കോര്‍ അഞ്ചു വിക്കറ്റിന് 47 റണ്‍സ്. ആറാം വിക്കറ്റിലായിരുന്നു ചെറുത്തു നില്‍പ്പുകളുടെ തുടക്കം. ജലജ് സക്സേന 32 റണ്‍സുമായി പുറത്തായി. പിന്നാലെ സര്‍വാത്തെ ബാറ്റിംഗിന് എത്തി. മുഹമ്മദ് അസറുദ്ദീനുമായി ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ 90 റണ്‍സ് കൂട്ടിചേര്‍ത്തു സര്‍വാത്തെ. 68 റണ്‍സെടുത്ത് മുഹമ്മദ് അസറുദ്ദീന്‍ മടങ്ങുമ്പോള്‍ സ്‌കോര്‍ 211. അതു കഴിഞ്ഞെത്തിയത് ബാബാ അപരാജിതായിരുന്നു. കേരളത്തിന് വേണ്ടി കളിക്കുന്ന ഇതര സംസ്ഥാനത്തു നിന്നുള്ള രണ്ടു താരങ്ങള്‍ ക്രിസില്‍. കരുതലോടെ അവര്‍ മുമ്പോട്ട് പോകുമ്പോള്‍ അപ്രതീക്ഷിതമായി സര്‍വാത്തെയും വീണു. എണ്‍പത് റണ്‍സെടുത്ത സര്‍വാത്തെ പുറത്തേക്ക് പോകുമ്പോള്‍ കേരളം എട്ടിന് 248 റണ്‍സെന്ന നിലയിലായി. പിന്നേയും പതിനഞ്ച് ഓവറുകള്‍ കളിയുടെ അവസാന ദിവസം അവശേഷിക്കുന്നുണ്ടായിരുന്നു. പരിക്കുമായി ബാറ്റ് ചെയ്ത അപരാജിതിനേയും വാലറ്റത്തെ രണ്ടു പേരേയും വലിയ ഭീഷണിയായി മധ്യപ്രദേശ് കണ്ടില്ല. അവര്‍ ജയം മുന്നില്‍ കണ്ടു. പക്ഷേ പത്താമനായി എത്തിയ നിധീഷ് മറ്റൊരു മൂഡിലായിരുന്നു. 35 പന്തുകള്‍ നിധീഷ് പ്രതിരോധിച്ചു. ഒരു ഫോര്‍ മാത്രമാണ് നേടിയത്. ആ ഫോറും സ്‌കോറിംഗ് ഷോട്ടിലൂടെയായിരുന്നില്ല. ബാറ്റില്‍ കൊണ്ട് അബദ്ധത്തില്‍ വിക്കറ്റിന് പുറകിലെ ബൗണ്ടറി കടന്ന പന്താണ് ആ നാലു റണ്‍സ് നല്‍കിയത്. നിധീഷിന്റെ പ്രതിരോധം ശക്തമാണെന്ന് തിരിച്ചറിഞ്ഞതോടെ മുഴുവന്‍ കളിപരിചയവും പുറത്തെടുത്ത അപരാജിതും മധ്യപ്രദേശിന് വിക്കറ്റ് നിഷേധിച്ചു. അങ്ങനെ ആ രഞ്ജി മത്സരത്തിലെ അവസാന പന്തും എറിഞ്ഞപ്പോള്‍ കേരളം എട്ട് വിക്കറ്റിന് 268 റണ്‍സ്. ആദ്യ ഇന്നിംഗ്സ് ലീഡിന്റെ ബലത്തില്‍ കേരളത്തിന് മൂന്ന് പോയിന്റ്. ഇതോടെ എലൈറ്റ് ഗ്രൂപ്പ് സിയില്‍ 21 പോയിന്റുമായി രണ്ടാം സ്ഥാനത്തും എത്തി. 14 ഓവറുകള്‍ നിധീഷ് ചെറുത്തില്ലായിരുന്നുവെങ്കില്‍ വലിപ്പെട്ട മൂന്ന് പോയിന്റെ നഷ്ടമാകുമായിരുന്നു. രഞ്ജി ലീഗിലെ അവസാന മത്സരത്തില്‍ കേരളത്തിന്റെ എതിരാളി ദുര്‍ബലരായ ബീഹാറാണ്. ബീഹാറിനെ തോല്‍പ്പിച്ചാല്‍ കേരളത്തിന് രഞ്ജിയിലെ നോക്കൗട്ട് റൗണ്ടില്‍ സ്ഥാനം ഉറപ്പാകും. അതിനാണ് സാധ്യത കൂടുതല്‍. അതേ സമയം മധ്യപ്രദേശിനോട് തോറ്റിരുന്നുവെങ്കില്‍ കേരളത്തിന് മുന്നിലെ സാധ്യതകളെല്ലാം അടയുമായിരുന്നു. അതുകൊണ്ടാണ് നിധീഷിന്റെ ആ നാലു റണ്‍സ് പ്രകടനം സെഞ്ച്വറി നേട്ടത്തിനും മുകളിലാകുന്നത്.

മത്സരത്തിലെ അവസാന പന്ത് നിധീഷ് നേരിടുമ്പോള്‍ വിക്കറ്റ് കീപ്പറുള്‍പ്പെടെ എട്ട് ഫീല്‍ഡര്‍മാരെയാണ് ക്രീസിനോട് ചേര്‍ന്ന് ഉണ്ടായിരുന്നത്. അതായത് ചെറിയൊരു പിഴവു പോലും വിക്കറ്റ് പോകുന്ന അവസ്ഥ. ഇവിടെയാണ് ആത്മവിശ്വാസത്തോടെ പന്തിനെ മുട്ടിയിട്ട് കേരളത്തിന് നിധീഷ് സമനില സമ്മാനിച്ചത്. ആദ്യ ഇന്നിംഗ്സില്‍ പതിനൊന്നാമനായിട്ടായിരുന്നു നിധീഷ് ബാറ്റിംഗിന് ഇറങ്ങിയത്. ആദ്യ ഇന്നിംഗ്സില്‍ എട്ടാം വിക്കറ്റായി കേരളത്തിന് നഷ്ടമായത് ബാസിലിന്റെ വിക്കറ്റായിരുന്നു. അപ്പോള്‍ സ്‌കോര്‍ 152 ആയിരുന്നു. പിന്നീട് ക്രീസിലെത്തിയത് ബാബ അപരാജിത്തായിരുന്നു. സര്‍വാത്തെയുമൊത്ത് പതിയെ കളിച്ച് അപരാജിത് കേരളത്തിന് ലീഡ് നല്‍കി. പിന്നീട് റിട്ടയേര്‍ഡ് ഹാര്‍ട്ടായി. അങ്ങനെ പതിനൊന്നാമനായി നിധീഷ് ക്രീസിലെത്തി. അസാമാന്യ ചെറുത്തു നില്‍പ്പായിരുന്നു നിധീഷിന്റേത്. 22 പന്തുകള്‍ പ്രതിരോധിച്ചു. റണ്‍സൊന്നും എടുത്തില്ല. പക്ഷേ പുറത്താകാതെ മികച്ച പിന്തുണ സര്‍വാത്തെയ്ക്ക് കൊടുത്തു. ആദ്യ ഇന്നിംഗ്സിലെ ഈ പ്രതിരോധമാണ് രണ്ടാം ഇന്നിംഗ്സില്‍ ബാസിലിന് മുമ്പേ നിധീഷിനെ ബാറ്റിംഗിന് അയക്കാന്‍ കാരണമായത്. അത് കേരളത്തിന് സൂപ്പര്‍ സമനിലയായി മാറുകയും ചെയ്തു. എറണാകുളത്ത് കാഞ്ഞിരമറ്റത്താണ് നിധീഷിന്റെ വീട്. ശ്രീശാന്തിന്റെ ബൗളിംഗിനോടാണ് ആരാധന. ശ്രീയുടെ ബൗളിംഗ് കണ്ട് ഭ്രമം കയറിയ നിധീഷ് ക്രിക്കറ്റില്‍ പ്രൊഫഷണലാകുന്നത് തൃപ്പുണ്ണിത്തുറ ക്ലബ്ബിലൂടെയാണ്. ഇതുവരെ അഞ്ച് അഞ്ചു വിക്കറ്റ് നേട്ടം നിധീഷിന് കിട്ടിയിട്ടുണ്ട്. മമ്മൂട്ടിയുടെ നാടായ ചെമ്പിലാണ് നിധീഷിന്റേയും ജനനം. ഡിഗ്രിക്ക് പഠിക്കാനായി തൃപ്പുണ്ണിത്തുറയില്‍ എത്തിയതോടെയാണ് ക്രിക്കറ്റ് കളി ഗൗരവത്തോടെ എടുക്കുന്നത്. തൃപ്പുണ്ണിത്തുറ ക്രിക്കറ്റ് ക്ലബ്ബില്‍ ചേര്‍ന്നു. കോച്ച് സുനില്‍ നിധീഷിലെ പേസറെ രാകി മിനുക്കി. എസ് ബി ടിയില്‍ ഗസ്റ്റ് കളിച്ചു. എസ് ബി ഐ ആയപ്പോഴും തുടര്‍ന്നു. പെരിന്തല്‍മണ്ണ ജോളി റോവേഴ്സിലും താരമായി. ഇതിനിടെ ഐപിഎല്ലില്‍ മുംബൈ ടീമില്‍ ഇടം കിട്ടി. പക്ഷേ കളിക്കാനായില്ല. 


'ശ്രീശാന്താണ് എന്റെ പ്രചോദനം. അദ്ദേഹം ഇന്ത്യയ്ക്കായി പന്തെറിയുന്നത് കണ്ടാണ് ഞാന്‍ ഒരു ഫാസ്റ്റ് ബൗളറാകണമെന്ന് തീരുമാനിച്ചത്. അദ്ദേഹത്തോടൊപ്പം കളിക്കാന്‍ എനിക്കും ഭാഗ്യമുണ്ടായി. ഇപ്പോള്‍ പോലും, എന്റെ ബൗളിംഗിനെക്കുറിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ ശ്രീശാന്ത് എന്നെ സഹായിക്കുന്നു. ശ്രീശാന്തിന്റെ വീട്ടിലെ നെറ്റ്സിലും പന്തെറിയാന്‍ നിധീഷിന് അവസരമുണ്ട്. ഇതെല്ലാം നന്ദിയോടെ അനുസ്മരിക്കുകയാണ് നിധീഷ്. 'ഒരു ബൗളര്‍ എന്ന നിലയില്‍ ഞാന്‍ നേടിയ എല്ലാ നേട്ടങ്ങളുടേയും കാരണക്കാരന്‍ ശ്രീശാന്താണ്, എന്റെ എല്ലാ രഞ്ജി അഞ്ച് വിക്കറ്റ് നേട്ടങ്ങളും അദ്ദേഹത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശമില്ലാതെ സാധ്യമാകുമായിരുന്നില്ല,' നിധീഷ് കൂട്ടിച്ചേര്‍ക്കുന്നു. മധ്യപ്രദേശിനെതിരെ 33-കാരന്‍ തന്റെ ബൗളിംഗില്‍ ആദ്യ ഇന്നിംഗ്സില്‍ സ്ഥിരത പുലര്‍ത്തിയെന്നതാണ് വസ്തുത. ഈ ബൗളിംഗ് പ്രകടനത്തിനും അപ്പുറം നിധീഷിന്റെ ബാറ്റിംഗിലെ പ്രതിരോധമാണ് കേരളത്തിന് സമനില നല്‍കിയത്. രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്ഥാനമുറപ്പിക്കാനൊരുങ്ങുന്ന കേരളത്തിന്റെ ഗ്രൂപ്പിലെ അവസാന മത്സരത്തിലെ എതിരാളികള്‍ ബിഹാറാണ്. എലൈറ്റ് ഗ്രൂപ്പ് സിയില്‍ ആറ് കളികളില്‍ രണ്ട് ജയവും നാല് സമനിലയുമുള്ള കേരളം 21 പോയന്റുമായി പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണിപ്പോള്‍.

ആറ് കളികളില്‍ മൂന്ന് ജയവും മൂന്ന് സമനിലകളുമായി 26 പോയന്റുള്ള ഹരിയാനയാണ് ഒന്നാം സ്ഥാനത്ത്. ആറ് കളികളില്‍ രണ്ട് ജയവും നാല് സമനിലയുമായി 19 പോയന്റുള്ള കര്‍ണാടക കേരളത്തിന് തൊട്ടുപിന്നില്‍ മൂന്നാം സ്ഥാനത്തുണ്ട്. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ കര്‍ണാടകയുടെ എതിരാളികള്‍ ഒന്നാം സ്ഥാനക്കാരായ ഹരിയാനയാണെന്നത് കേരളത്തിന് അനുകൂലമാണ്. അവസാന മത്സരത്തിലെ കേരളത്തിന്റെ എതിരാളികളായ ബിഹാര്‍ ആകട്ടെ കളിച്ച ആറ് കളികളില്‍ അഞ്ചിലും തോറ്റ് പോയന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. ഒരു മത്സരം ഫലമില്ലാതെ അവസാനിച്ചപ്പോള്‍ ഇതില്‍ നിന്ന് ലഭിച്ച ഒരു പോയന്റ് മാത്രമാണ് ബിഹാറിന്റെ സമ്പാദ്യം. തോറ്റ അഞ്ച് മത്സരങ്ങളില്‍ നാലിലും ബിഹാര്‍ ഇന്നിംഗ്സ് തോല്‍വിയാണ് വഴങ്ങിയത്. അവസാന മത്സരത്തില്‍ ബിഹാറിനെതിരെ ജയം നേടിയാല്‍ നിലവില്‍ 21 പോയന്റുള്ള കേരളത്തിന് 27 പോയന്റുമായി ക്വാര്‍ട്ടര്‍ ഉറപ്പിക്കാം. ഹരിയാനക്കെതിരായ മത്സരത്തില്‍ കര്‍ണാടക ഇന്നിംഗ്സ് ജയം നേടിയാലും പിന്നീട് കേരളത്തെ മറികടക്കാന്‍ അവര്‍ക്ക് കഴിയില്ല. ബിഹാറിനെതിരെ ഇന്നിംഗ്സ് ജയമാണ് കേരളം സ്വന്തമാക്കുന്നതെങ്കില്‍ ബോണസ് പോയന്റ് അടക്കം ഏഴ് പോയന്റ് ലഭിക്കും. ഇതോടെ കേരളത്തിന് 28 പോയന്റാവും.




ഹോം ഗ്രൗണ്ടിലാണ് ബിഹാറിനെതിരായ കേരളത്തിന്റെ അവസാന മത്സരമെന്നതും കേരളത്തിന് അനുകൂല ഘടകമാണ്. ഒന്നാം സ്ഥാനത്തുള്ള ഹരിയാനക്കാകട്ടെ കര്‍ണാടകക്കെതിരായ മത്സരം എവേ മത്സരമാണ്. കര്‍ണാടകക്കെതിരെ സമനില നേടിയാലും തോറ്റാല്‍ പോലും ഹരിയാനക്ക് ക്വാര്‍ട്ടര്‍ പ്രതീക്ഷയുണ്ട്. കര്‍ണാടകക്കെതിരെ ഇന്നിംഗ്സ് തോല്‍വി വഴങ്ങിയില്ലെങ്കില്‍ ഹരിയാനക്ക് ക്വാര്‍ട്ടറിലെത്താനാവും. ബെംഗലൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് കര്‍ണാടക-ഹരിയാന പോരാട്ടം. കഴിഞ്ഞ മത്സരത്തില്‍ ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തിലിറങ്ങിയ പഞ്ചാബിനെതിരെ ഇന്നിംഗ്സ് ജയം നേടിയാണ് കര്‍ണാടക മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നത്.



 


Tags:    

Similar News