ട്രെയ്നിങ് കാലത്തുണ്ടായ സൗഹൃദം വീട്ടില്‍ പറഞ്ഞിരുന്നു; മകളുടെ ഇഷ്ടത്തിന് എതിര് നിന്നിട്ടില്ല; വിവാഹക്കാര്യം മാതാപിതാക്കളുമായി സംസാരിക്കുന്നതിനെ ആ പയ്യനാണ് എതിര്‍ത്തത്; വിവാഹം നീട്ടി കൊണ്ട് പോകുന്നതിലായിരുന്നു ഞങ്ങളുടെ എതിര്‍പ്പ്; ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തില്‍ ഉള്ളുരുകി അച്ഛന്‍ മധുസൂദനന്‍ മറുനാടനോട്
മേഘയുടെ മരണത്തില്‍ ഉള്ളുരുകി അച്ഛന്‍ മധുസൂദനന്‍ മറുനാടനോട്
കോന്നി: തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയായ മേഘ മധു (25) വിന്റെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് പിതാവ്. പത്തനംതിട്ട കോന്നി അതിരുങ്കല്‍ പുഴിക്കോടത്ത് വീട്ടില്‍ മധുസൂദനന്റെയും നിഷയുടെയും ഏക മകളാണ് ചാക്ക റെയില്‍വേ പാളത്തില്‍ ജീവനൊടുക്കിയത്.
മകള്‍ റെയില്‍വേ പാളത്തിനരികിലൂടെ ഫോണ്‍ വിളിച്ച് വരുമ്പോള്‍ പെട്ടെന്ന് ട്രെയിന് മുന്‍പിലേയ്ക്ക് ചാടുകയായിരുന്നുവെന്ന് ലോക്കോ പൈലറ്റ് പറഞ്ഞതായി അറിഞ്ഞു. സംഭവം നടക്കുന്ന രാവിലെ ഏഴ് മണിയോടെ ജോലി കഴിഞ്ഞ് റൂമിലേയ്ക്ക് പോകുന്നതായും ഭക്ഷണം കടയില്‍ നിന്നും വാങ്ങി കഴിക്കാമെന്ന് അമ്മയോട് ഫോണ്‍ വിളിച്ചു പറഞ്ഞിരുന്നു. അതിന് ശേഷം മകള്‍ എന്തിനാണ് റെയില്‍വേ പാളത്തിനരികിലൂടെ പോയതെന്ന് അറിയില്ലെന്ന് പിതാവ് മധുസൂദനന്‍ പറഞ്ഞു. റൂമിലേയ്ക്ക് പോകുന്ന വഴിയില്‍ റെയില്‍വേ ട്രാക്കൊന്നുമില്ല. റൂമിലേയ്ക്ക് പോകുന്നുവെന്ന് പറഞ്ഞിട്ട് റൂട്ട് മാറി പോയതാണ് സംശയത്തിന് കാരണമായത്
ആരോടാണ് ഫോണില്‍ വിളിച്ച് സംസാരിച്ചതെന്ന് അന്വേഷിക്കണമെന്നാണ് പിതാവിന്റെ ആവശ്യം. ഇത് സംബന്ധിച്ച് പോലീസില്‍ നാളെ പരാതി നല്‍കും. കൂടാതെ ഐബിയും അന്വേഷണം നടത്തുന്നുണ്ട്. മലമ്പുഴ ഐ. ടി. ഐയില്‍ അധ്യാപകനായിരുന്ന മധുസൂദനന്റെയും റവന്യൂ വിഭാഗം ഉദ്യോഗസ്ഥ നിഷയുടെയും ഏക മകളാണ് മേഘ.
അവളുടെ ഇഷ്ടങ്ങള്‍ക്കൊന്നും എതിര് നിന്നിട്ടില്ല. ജോധ്പൂരില്‍ ട്രെയ്നിങ് കാലത്ത് ഒപ്പമുണ്ടായിരുന്ന മലപ്പുറം സ്വദേശിയുമായി സൗഹൃദം ഉണ്ടായിരുന്നു. അക്കാര്യം മകള്‍ വീട്ടില്‍ പറഞ്ഞതുമാണ്. ഇഷ്ടമെങ്കില്‍ വിവാഹം കഴിച്ച് നല്‍കുന്നതിനും ഞങ്ങള്‍ക്ക് താല്‍പര്യമായിരുന്നതായി പിതാവ് പറഞ്ഞു. അക്കാര്യം യുവാവിന്റെ മാതാപിതാക്കളുമായി സംസാരിക്കാമെന്ന് പറഞ്ഞപ്പോള്‍ പയ്യന്‍ എതിര്‍ത്തിരുന്നു. വിവാഹം നീട്ടി കൊണ്ട് പോകുന്നതിലായിരുന്നു ഞങ്ങളുടെ എതിര്‍പ്പ്. അവരുടെ അഡ്രസ്സ് അറിയാം. ലാന്‍ഡ് ഫോണ്‍ നമ്പര്‍ നല്‍കിയിരുന്നു. ഞങ്ങള്‍ വിളിച്ചിട്ട് എടുത്തിട്ടില്ല. എറണാകുളത്താണ് ആ പയ്യന്‍ ജോലി ചെയ്യുന്നത്. അവര്‍ തമ്മിലുള്ള ബന്ധത്തില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ടോയെന്ന് അറിയില്ല. അവള്‍ മരിക്കുന്നതിന് മുന്‍പ് ആരുമായാണ് സംസാരിച്ചതെന്ന് അന്വേഷിക്കണം.
ഇഷ്ടപ്പെട്ട് തെരഞ്ഞെടുത്ത ജോലിയാണ് ഇത്. അങ്ങനെ പെട്ടെന്ന് ഒന്നും തളരുന്ന പ്രകൃതക്കാരിയായിരുന്നില്ല മേഘ. ചെറുപ്പം മുതല്‍ കുറ്റാന്വേഷണം ഇഷ്ടപ്പെട്ടിരുന്നയാളാണ്. അങ്ങനെയുള്ള പുസ്തകങ്ങള്‍ വായിക്കുമായിരുന്നു. വ്യത്യസ്തമായ തൊഴില്‍ കണ്ടെത്തുന്നതിനായി ഫോറന്‍സിക് സയന്‍സ് തെരഞ്ഞെടുക്കുകയായിരുന്നു. പഠനത്തിലും മിടുക്കിയായിരുന്നു. നോയിഡ അമിറ്റി യൂണിവേഴ്സിറ്റിയിലാണ് പഠിച്ചത്. ഒപ്പം ജോലി ചെയ്യുന്നവരൊക്കെ നല്ല സഹായമായിരുന്നു. പുതുതായി വീട് വച്ചപ്പോള്‍ മേഘയുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ചാണ്് നിര്‍മ്മാണം നടത്തിയതെന്നും അച്ഛന്‍ പറഞ്ഞു.
മേഘയുടെ മരണം കുടുംബത്തിനും സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കും വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. തങ്ങളോട് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നുവെന്നു പറഞ്ഞ മേഘ പെട്ടെന്ന് റൂട്ട് മാറ്റാന്‍ കാരണമെന്തെന്നറിയണമെന്ന് കുടുംബവും ആവര്‍ത്തിക്കുന്നു. മരണത്തിലും ദുരൂഹതയുണ്ടെന്ന് കുടുംബം പറയുന്നു. പത്തനംതിട്ട കലഞ്ഞൂരിലെ വീട്ടുവളപ്പിലാണ് മേഘയെ സംസ്‌കരിച്ചത്.
തിരുവനന്തപുരത്ത് നിന്നും കൊല്ലം ഭാഗത്തേക്കു വരികയായിരുന്ന ട്രെയിനിടിച്ചാണ് മേഘ മരിച്ചത്. ലോക്കോപൈലറ്റ് തന്നെയാണ് വിവരം പൊലീസിനെ അറിയിച്ചത്. ട്രെയിന്‍ വരുമ്പോള്‍ ട്രാക്കിന്റെ സമീപത്തുകൂടി ഫോണില്‍ സംസാരിച്ചു നടക്കുകയായിരുന്ന മേഘ പെട്ടെന്നാണ് അതിവേഗത്തില്‍ ട്രാക്കിലേക്ക് ഓടിക്കയറിയത്. ഫോണ്‍വിളി നിര്‍ത്താതെ തന്നെ ട്രാക്കില്‍ തലവച്ചുകിടന്നു, ട്രെയിന്‍ ശരീരത്തിലൂടെ കയറിയിറങ്ങി. മൊബൈല്‍ഫോണ്‍ തകര്‍ന്നു തരിപ്പണമായി. ഒരു വര്‍ഷം മുന്‍പാണ് മേഘ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയില്‍ ജോലിക്കു കയറിയത്. മരണപ്പെടുന്നതിനു തലേദിവസം ഞായറാഴ്ച നൈറ്റ് ഡ്യൂട്ടിയായിരുന്നു. വിമാനത്താവളത്തിനു ഒന്നര കിലോമീറ്റര്‍ അപ്പുറത്താണ് വാടകവീട്ടില്‍ സുഹൃത്തുക്കള്‍ക്കൊപ്പം മേഘ താമസിച്ചിരുന്നത്. രാവിലെ ഡ്യൂട്ടി കഴിഞ്ഞിറങ്ങിയ മേഘ സാധാരണ പോകുന്ന വഴിമാറ്റി ഇടവഴിയിലൂടെ അടക്കം സഞ്ചരിച്ചാണ് റെയില്‍വേ ട്രാക്കിലെത്തിയത്.
ഐഡി കാര്‍ഡ് കണ്ടാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്. ഫോണ്‍ തകര്‍ന്ന അവസ്ഥയിലായതിനാല്‍ ഏറ്റവും ഒടുവില്‍ വിളിച്ചയാളെ കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. ജീവനൊടുക്കാന്‍ മാത്രം പോന്ന പ്രശ്നമെന്തായിരുന്നുവെന്ന് കണ്ടെത്തണമെങ്കില്‍ മേഘ അവസാനമായി സംസാരിച്ചതാരെയെന്ന് കണ്ടെത്തണം, ഫോണ്‍വിളി വിവരങ്ങള്‍ ഐബി കണ്ടെത്തിയെന്നാണ് സൂചന.