ഒറ്റക്കാഴ്ചയില്‍ കേന്ദ്ര സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റ്; സൂക്ഷിച്ചു നോക്കിയാല്‍ തട്ടിപ്പ് വ്യക്തമാകും; സര്‍ട്ടിഫിക്കറ്റുകളില്‍ രജിസ്ട്രാറിന്റെ ഭാഗത്ത് ഒപ്പിട്ടിരുന്നത് പന്ത്രണ്ടാം ക്ലാസ്സ് മാത്രം യോഗ്യതയുള്ള രാജീവ്; പഠിച്ചിറങ്ങിയാല്‍ ഉടന്‍ ജോലിയെന്ന വാഗ്ദാനത്തില്‍ വീണത് നിരവധി വിദ്യാര്‍ത്ഥികള്‍; ഗുരുതര കുറ്റകൃത്യം തെളിഞ്ഞിട്ടും നടപടിയില്ല; 'മിനര്‍വ' സംഘത്തിന്റെ 'സ്‌കില്‍ ഡെവലപ്മെന്റ്' തട്ടിപ്പില്‍ അന്വേഷണ റിപ്പോര്‍ട്ട് ഞെട്ടിക്കുന്നത്
തൃശൂര്‍: മിനര്‍വ അക്കാദമി വ്യാജ സര്‍ട്ടിഫിക്കറ്റ് തട്ടിപ്പ് കേസില്‍ പുറത്ത് വരുന്നത് നിര്‍ണായക വിവരങ്ങള്‍. ഗുരുതര കുറ്റകൃത്യമെന്ന് കണ്ടെത്തിയിട്ടും പ്രതികള്‍ക്കെതിരെ നടപടികളൊന്നും പോലീസ് എടുക്കുന്നില്ല. ഇത് ദൂരൂഹമായി തുടരുന്നു. അതിനിടെ വിഷയത്തില്‍ അസിസ്റ്റന്റ് കമ്മീഷണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് മറുനാടന്‍ പുറത്തു വിടുന്നു. ഗുരുതര കണ്ടെത്തലാണ് ഈ റിപ്പോര്‍ട്ടിലുള്ളത്. റീജിയണല്‍ ഡയറക്ടറേറ്റ് ഓഫ് സ്‌കില്‍ ഡെവലപ്‌മെന്റ് ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പ് മന്ത്രാലയത്തിന്റെ അറിയിപ്പ് പ്രകാരം പ്രകാരം നേറ്റീവ് സ്‌കില്‍ ഡെവലപ്‌മെന്റ് ആന്‍ഡ് ട്രെയിനിങ് കൗണ്‍സിലിന് ( എന്‍.എസ്.ഡി.ടി.സി ) നൈപുണ്യ വികസന കോഴ്സുകള്‍ നടത്താനുള്ള അംഗീകാരമില്ലെന്നാണ് ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. കേന്ദ്ര സര്‍ക്കാര്‍ അംഗീകാരമുള്ള എന്‍.എസ്.ഡി.ടി.സി സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ എന്ന വ്യാജേനയാണ് വിദ്യാര്‍ത്ഥികളെ കബളിപ്പിച്ചത്. എന്‍.എസ്.ഡി.ടി.സി ബോര്‍ഡില്‍ നിയമനം നടത്തിയിരിക്കുന്നതിലും അപാകതയുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
നിരവധി വിദ്യാര്‍ത്ഥികളാണ് തൃശൂരിലെ അക്കാദമിക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നത്. സംഭവത്തില്‍ തൃശൂര്‍ ഈസ്റ്റ് പോലീസ് കേസെടുത്തിരുന്നു. മിനര്‍വ അക്കാദമി ചെയര്‍മാന്‍ കമലാസനന്‍, മാനേജിങ് ഡയറക്ടര്‍ രാജേഷ്, ലയ, പ്രിന്‍സിപ്പല്‍ അനിത, വൈസ് പ്രിന്‍സിപ്പല്‍ ശരണ്യ എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. കോഴ്‌സുകള്‍ക്കായി 50,000 മുതല്‍ ആറ് ലക്ഷം വരെ ഫീസ് വാങ്ങിയെന്നും അംഗീകാരമില്ലാത്ത സ്ഥാപനമാണെന്നുമാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. കൂടാതെ വിവിധ കോഴ്സുകള്‍ക്കായി മിനര്‍വ അക്കാദമി നല്‍കിയിരുന്ന സര്‍ട്ടിഫിക്കറ്റുകളില്‍ രജിസ്ട്രാറിന്റെ ഭാഗത്ത് ഒപ്പിട്ടിരുന്നത് പന്ത്രണ്ടാം ക്ലാസ്സ് മാത്രം യോഗ്യതയുള്ള രാജീവ് എന്ന വ്യക്തിയാണെന്നും, 8000 രൂപ ശമ്പളം നല്‍കി രജിസ്ട്രാറായി കമലാസനന്‍ നിയമിച്ചതാണെന്നും ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
രാജീവിന് സ്ഥാപനത്തില്‍ നടത്തിയിരുന്ന കോഴ്സുകളുടെ അംഗീകാരത്തിനെപ്പറ്റിയോ മറ്റും ഒരു വിവരവും ഉണ്ടായിരുന്നില്ല. മിനര്‍വ അക്കാദമിക്കെതിരെ 33ഓളം കേസുകളാണ് മലപ്പുറം പെരിന്തല്‍മണ്ണ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്‍.എസ്.ഡി.ടി.സി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്ന 25ഓളം സ്ഥാപനങ്ങളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. പാരാമെഡിക്കല്‍, ഫയര്‍ ആന്‍ഡ് സേഫ്റ്റി, മോണ്ടിസോറി ടിടിസി തുടങ്ങിയ നിരവധി എന്‍.എസ്.ഡി.ടി.സി സര്‍ട്ടിഫിക്കറ്റ് കോഴ്സുകളാണ്. എന്നാല്‍ നൈപുണ്യ വികസന കോഴ്സുകള്‍ നടത്താനുള്ള ഓരോ അംഗീകാരവും എന്‍.എസ്.ഡി.ടി.സിക്കില്ല. 11 അംഗങ്ങള്‍ അടങ്ങുന്ന ബോര്‍ഡാണ് എന്‍.എസ്.ഡി.ടി.സി.
ഇതില്‍ ട്രെഷററായി നിയമിച്ചിരിക്കുന്ന തൃശൂര്‍ സ്വദേശിയായ വിനിന്‍ എന്നയാള്‍ക്ക് ബോര്‍ഡുമായി ഒരു ബന്ധമില്ലെന്നും, വ്യാജ രേഖ ചമച്ചാണ് വിനിന്റെ പേര് ബോര്‍ഡിന്റെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നുമാണ് സൂചന. സംഭവുമായി ബന്ധപ്പെട്ട് വിനിന്‍ നല്‍കിയ പരാതിയില്‍ അന്തിക്കാട് പോലീസ് കേസെടുത്തിരുന്നു. വിനിന്റെ ഒപ്പ് വ്യാജമായി രേഖപ്പെടുത്തി എന്‍.എസ്.ഡി.ടി.സി ബോര്‍ഡ് രജിസ്ട്രാര്‍ ഓഫ് സൊസൈറ്റിസ് സൗത്ത് ഈസ്റ്റ് ഡിസ്ട്രിക്ട് ഗവണ്മെന്റ് ഓഫ് എന്‍സിടി ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതായാണ് പരാതി. ഈ കേസിലെ പ്രതികളും മിനര്‍വ അക്കാഡമി വ്യാജ സര്‍ട്ടിഫിക്കറ്റ് കേസുമായി ബന്ധപ്പെട്ടവരായിരുന്നു.
മിനര്‍വ അക്കാദമി വ്യാജ സര്‍ട്ടിഫിക്കറ്റ് കേസിലെ ഒന്നാം പ്രതിയായ കമലാസനനാണ് എന്‍.എസ്.ഡി.ടി.സി ബോര്‍ഡിന്റെ പ്രസിഡന്റ. അക്കാദമിയുടെ മാനേജിങ് ഡയറക്ടര്‍ രാജേഷ് ബോര്‍ഡിന്റെ സെക്രട്ടറിയുമാണ്. ക്രൈം ബ്രാഞ്ചിന്റെ അന്വേഷണത്തില്‍ കേസിലെ പ്രതികളെ കൂടാതെ ബോര്‍ഡിലുള്ള 3 പേരെയാണ് ബന്ധപ്പെടാന്‍ സാധിച്ചത്. യോഗ പ്രോത്സാഹിപ്പിക്കുന്നതിനും ദുര്‍ബല വിഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ വികസനത്തിനുമായാണ് പ്രവര്‍ത്തിക്കുന്നതെന്ന വ്യാജേനെയാണ് ഇവരെ ബോര്ഡില് നിയമിച്ചിരുന്നത്. അതേസമയം, കേസ് പിന്‍വലിക്കാന്‍ വിനിന് സമ്മര്‍ദ്ദവും ഭീഷണിയുമുണ്ടെന്നാണ് ആരോപണം. എന്‍.എസ്.ഡി.ടി.സി സര്‍ട്ടിഫിക്കറ്റുകള്‍ക്ക് കോഴ്സുകള്‍ക്ക് പരിശീലനം നല്‍കാന്‍ അംഗീകാരമില്ലാതിരിക്കെയാണ് വിവിധ ജില്ലകളില്‍ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത്.