ഇസ്രയേലില്‍ ഹമാസ് ആക്രമണം നടത്തിയത് ആളുകള്‍ സംഗീതോത്സവം ആഘോഷിക്കുന്നതിനിടെ; സമാനമായി പഹല്‍ഗാം ഭീകരാക്രമണം വിനോദ സഞ്ചാരികള്‍ അവധിക്കാലം ആസ്വദിക്കുമ്പോള്‍; ചെങ്കോട്ട ഭീകരാക്രമണപശ്ചാത്തലത്തില്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് തലവദനയായി പാക് ഭീകര സംഘടനകളുടെ ഹമാസ് ശൈലിയിലുള്ള ആക്രമണങ്ങള്‍; ഹമാസിന്റെ പുതിയ താവളമായി പാക്കിസ്ഥാന്‍ മാറുന്നു

ഹമാസിന്റെ പുതിയ താവളമായി പാക്കിസ്ഥാന്‍ മാറുന്നു

Update: 2025-11-18 12:57 GMT

ന്യൂഡല്‍ഹി: 2023 ല്‍, ഇസ്രയേലില്‍, ഹമാസ് നടത്തിയ കൂട്ടക്കൊലയുമായി സാമ്യമുള്ളതായിരുന്നു പഹല്‍ഗാമില്‍ ഈ വര്‍ഷാദ്യത്തെ ഭീകരാക്രമണം. ഹരിയാനയില്‍ പിടികൂടിയ വൈറ്റ് കോളര്‍ ഭീകര മൊഡ്യൂള്‍ ഹമാസ് ശൈലിയില്‍ ഡ്രോണ്‍ ആക്രമണത്തിന് പദ്ധതിയിട്ടതായ വിവരവും ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്.

ഡല്‍ഹിയിലെ ചെങ്കോട്ടയിലുണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് ഇന്ത്യയുടെ സുരക്ഷാ രംഗത്ത് പുതിയതും അതീവ ഗുരുതരവുമായ വെല്ലുവിളികള്‍ ഉയരുന്നത് മനസ്സിലാക്കിയത്. അമേരിക്ക ഭീകര സംഘടനയായി പ്രഖ്യാപിച്ച ഹമാസിന്റെ പ്രത്യയശാസ്ത്രപരമായ സ്വാധീനം ദക്ഷിണേഷ്യയിലേക്ക്, പ്രത്യേകിച്ച് പാക്കിസ്ഥാനിലേക്ക് വ്യാപിച്ചിട്ടുണ്ടെന്നും ഇത് ഇന്ത്യയ്ക്ക് വലിയ തലവേദന സൃഷ്ടിക്കുന്നതായും ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രയേലുമായുള്ള സംഘര്‍ഷത്തില്‍ ഏറെക്കുറെ നാശത്തിന്റെ വക്കിലായിരുന്നിട്ടും, ജെയ്ഷെ ഭീകരരുടെ ഏറ്റവും പുതിയ ആക്രമണരീതികളില്‍ ഹമാസിന്റെ തന്ത്രങ്ങളുമായി വലിയ സാമ്യമുണ്ട്.


ഡാനിഷിന്റെ അറസ്റ്റ് വഴിത്തിരിവായി

14 പേര്‍ കൊല്ലപ്പെട്ട ചെങ്കോട്ട ആക്രമണത്തിലെ പ്രതിയായ ജാസിര്‍ ബിലാല്‍ വാനിയെ എന്ന ഡാനിഷിനെ അറസ്റ്റ് ചെയ്തതിനെത്തുടര്‍ന്നാണ് ഈ ഗൂഢാലോചന പുറത്തുവന്നത്. ജയ്ഷ്-ഇ-മുഹമ്മദുമായി (JeM) ബന്ധമുള്ള ഈ സംഘം, വിവിധ നഗരങ്ങളില്‍ ആക്രമണത്തിനായി റോക്കറ്റ് ശൈലിയിലുള്ള ബോംബുകളായി ഡ്രോണുകളെ മാറ്റുന്ന തിരക്കിലായിരുന്നു എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ ഡ്രോണുകളില്‍ ഒരു ക്യാമറയും ഘടിപ്പിക്കാന്‍ പദ്ധതിയിട്ടിരുന്നു. 2023 ഒക്ടോബര്‍ 7-ന് ഇസ്രായേലില്‍ ഹമാസ് നടത്തിയ ആക്രമണത്തിന് സമാനമാണ് ഈ പ്രവര്‍ത്തന രീതി.

പാകിസ്ഥാനിലേക്ക് ഹമാസിന്റെ സ്വാധീനം വ്യാപിക്കുന്നു

കഴിഞ്ഞ 12 മാസത്തിനിടെ ദക്ഷിണേഷ്യയില്‍ ഹമാസിന്റെ സ്വാധീനം വര്‍ദ്ധിച്ചുവരികയാണ്. ഗസ്സയില്‍ ഇസ്രായേലുമായി നടന്ന രണ്ട് വര്‍ഷത്തെ യുദ്ധത്തെത്തുടര്‍ന്ന് മധ്യേഷ്യയില്‍ ദുര്‍ബലമായ ഹമാസ് പ്രവര്‍ത്തകര്‍ പാകിസ്ഥാനില്‍ അഭയം കണ്ടെത്തുകയാണെന്ന് യുഎസ് ആസ്ഥാനമായുള്ള മിഡില്‍ ഈസ്റ്റ് ഫോറം റിപ്പോര്‍ട്ട് ചെയ്യുന്നു.

കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി ഇന്ത്യയ്ക്ക് ആശങ്കയുണ്ടാക്കുന്ന ഭീകരസംഘടനകളുടെ കൂട്ടത്തില്‍ ഹമാസിനെയും ഉള്‍പ്പെടുത്തി പരാമര്‍ശിച്ചിരുന്നു. ജയ്ഷ്, ലഷ്‌കര്‍-ഇ-ത്വയ്ബ തുടങ്ങിയ പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകരസംഘടനകള്‍ക്കൊപ്പം ഹമാസിന്റെ പേര് ഒരു ഉന്നത സൈനിക ഉദ്യോഗസ്ഥന്‍ പറയുന്നതിത് ആദ്യമായിട്ടാണ്. എന്നാല്‍, ഇന്ത്യ ഔദ്യോഗികമായി ഹമാസിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചിട്ടില്ല.

'ഹമാസ്, ലഷ്‌കറി തോയിബ ടിആര്‍എഫ് തുടങ്ങിയ ഭീകരസംഘടനകള്‍ ഇന്ത്യക്ക് ആശങ്കയുണ്ടാക്കുന്നവയാണ്' ആഗസ്റ്റില്‍ ഐഐടി-മദ്രാസ് സംഘടിപ്പിച്ച പരിപാടിയില്‍ കരസേനാ മേധാവി പറഞ്ഞു. ഈ വര്‍ഷം ഫെബ്രുവരിയില്‍ പാകിസ്ഥാന്‍ അധിനിവേശ കശ്മീരിലെ (PoK) ഒരു 'ഇന്ത്യാ വിരുദ്ധ' സമ്മേളനത്തില്‍ ഹമാസിന്റെ ചില ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തതിനെത്തുടര്‍ന്നാണ് ഹമാസ് ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികളുടെ നിരീക്ഷണത്തിലായത്.

കശ്മീരിലും ഹമാസിന്റെ കണ്ണികള്‍

നാളിതുവരെ കശ്മീര്‍ സംഘര്‍ഷത്തില്‍ ഹമാസ് ഇടപെട്ടിട്ടില്ല. എന്നിരുന്നാലും, പാകിസ്ഥാനില്‍ 'കശ്മീര്‍ ഐക്യദാര്‍ഢ്യ ദിനമായി' ആചരിക്കുന്ന ഫെബ്രുവരി 5-ന്, ലഷ്‌കര്‍, ജയ്ഷ്, മറ്റ് പാകിസ്ഥാന്‍ പിന്തുണയുള്ള ഭീകരസംഘടനകള്‍ ഹമാസ് നേതാക്കള്‍ക്ക് ചുവന്ന പരവതാനി സ്വീകരണം നല്‍കുന്നതിന്റെ വീഡിയോകള്‍ വൈറലായിരുന്നു. ഇറാനിലെ ഹമാസിന്റെ പ്രതിനിധി ഡോ. ഖാലിദ് അല്‍-ഖദൂമിയാണ് പ്രതിനിധി സംഘത്തെ നയിച്ചത്. 2024-ല്‍ ഖദൂമിയെ പാകിസ്ഥാന്‍ പാര്‍ലമെന്റില്‍ അഭിസംബോധന ചെയ്യാന്‍ ക്ഷണിക്കുകയും ചെയ്തിരുന്നു.

ഹമാസ് നേതാക്കള്‍ ഇന്ത്യാ വിരുദ്ധ പ്രസംഗങ്ങള്‍ നടത്തുന്നതും, കശ്മീരിനെയും ഫലസ്തീനെയും മുസ്ലിങ്ങള്‍ക്ക് വേണ്ടിയുള്ള 'ഇരട്ട പോരാട്ടങ്ങളായി' ചിത്രീകരിക്കുന്നതും സുരക്ഷാ കേന്ദ്രങ്ങളില്‍ ആശങ്കയുണ്ടാക്കിയിരുന്നു. കശ്മീര്‍ എല്ലായ്‌പ്പോഴും രാജ്യത്തിന്റെ അവിഭാജ്യഘടകവും അന്യാധീനപ്പെടുത്താനാവാത്തതുമായ ഭാഗമാണ് എന്നതാണ് ഇന്ത്യയുടെ നിലപാട്.

ദിവസങ്ങള്‍ക്ക് ശേഷം, ഒരു ഹമാസ് സംഘം ജയ്ഷ്-ഇ-മുഹമ്മദിന്റെ ബഹാവല്‍പൂരിലെ ആസ്ഥാനവും അതിര്‍ത്തി പ്രതിരോധത്തിനായി ചുമതലപ്പെടുത്തിയ ഒരു പാകിസ്ഥാന്‍ സൈനിക കേന്ദ്രവും സന്ദര്‍ശിച്ചതായും റിപ്പോര്‍ട്ടുണ്ട്. 2024 മുതല്‍, പാകിസ്ഥാനിലെ ഹമാസിന്റെ പ്രതിനിധിയായ ഡോ. നജി സഹീര്‍, ജയ്ഷ്, ലഷ്‌കര്‍ തുടങ്ങിയ തീവ്രവാദ സംഘടനകള്‍ സംഘടിപ്പിക്കുന്ന റാലികളിലും പരിപാടികളിലും സ്ഥിരം സാന്നിധ്യമാണ്.

പഹല്‍ഗാം ആക്രമണത്തിലെ ഹമാസ് തന്ത്രങ്ങള്‍

ഫെബ്രുവരി 5-ലെ യോഗത്തിന് ഏതാനും ആഴ്ചകള്‍ക്ക് ശേഷം നടന്ന പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഈ പ്രത്യയശാസ്ത്രപരമായ സംഗമത്തിന്റെ സ്വാധീനം പ്രകടമായിരുന്നു. ഈ ആക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടു. വിനോദ സഞ്ചാര കേന്ദ്രത്തില്‍ വെച്ച് ലഷ്‌കര്‍ ഭീകരര്‍ ഹെല്‍മെറ്റില്‍ ഘടിപ്പിച്ച ബോഡി ക്യാമറകള്‍ ഉപയോഗിച്ച് ആളുകളുടെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കുകയും തുടര്‍ന്ന് അമുസ്ലിങ്ങളെ വെടിവച്ചു കൊല്ലുകയും ചെയ്തത് സാധാരണയായി ഹമാസുമായി ബന്ധപ്പെട്ട തന്ത്രങ്ങളാണ്. പഹല്‍ഗാമില്‍, മനോഹരമായ ബൈസരണ്‍ താഴ്വരയില്‍ വിനോദസഞ്ചാരികള്‍ അവധിക്കാലം ആസ്വദിക്കുമ്പോഴാണ് ആക്രമിക്കപ്പെട്ടത്. ഇസ്രായേലില്‍, ആളുകള്‍ ഒരു സംഗീതോത്സവം ആഘോഷിക്കുമ്പോളാണ് ഹമാസ് ആക്രമിച്ചത്.

'ഒരു അവധിക്കാല കേന്ദ്രത്തിലെ, മധ്യവര്‍ഗ്ഗക്കാരായ ഹിന്ദുക്കളെ ലക്ഷ്യമിടുന്നത്, പാക്കിസ്ഥാനികള്‍ ഹമാസിന്റെ അതേ തന്ത്രം പരീക്ഷിക്കാന്‍ ശ്രമിക്കുന്നു എന്നതിന് തെളിവാണ്, പഹല്‍ഗാം കൂട്ടക്കൊലയ്ക്ക് ശേഷം മുന്‍ യുഎസ് പെന്റഗണ്‍ ഉദ്യോഗസ്ഥന്‍ മൈക്കിള്‍ റൂബിന്‍ പറഞ്ഞു.

ഇന്ത്യയിലെ ഇസ്രായേല്‍ അംബാസഡര്‍ റൂവന്‍ അസറും ഈ അഭിപ്രായത്തോട് യോജിച്ചു. 'പഹല്‍ഗാം ആക്രമണവും ഒക്ടോബര്‍ 7-ന് (2023) ഇസ്രായേലില്‍ നടന്ന സംഭവവും തമ്മില്‍ സാമ്യങ്ങളുണ്ട്,' അസാര്‍ പറഞ്ഞു.

ഓപ്പറേഷന്‍ സിന്ദൂറിനിടെ, പാകിസ്ഥാന്‍ ഇന്ത്യയിലേക്ക് ചെലവ് കുറഞ്ഞ അതിവേഗ റോക്കറ്റുകള്‍ തൊടുത്തുവിടുന്നത് കണ്ടിരുന്നു. ഇത്തരം ആക്രമണങ്ങള്‍ ഹമാസും, സിറിയ, ഇറാഖ്, ഇസ്രായേല്‍ എന്നിവിടങ്ങളില്‍ ഐഎസും നടത്തുന്ന ആക്രമണങ്ങള്‍ക്ക് സമാനമാണ്.

ഹമാസിന് പുതിയ താവളമായി പാകിസ്ഥാന്‍?

പാകിസ്ഥാന്‍ സൈന്യവും ഭീകരസംഘടനകളും ഹമാസുമായി ബന്ധപ്പെട്ട തന്ത്രങ്ങള്‍ കൂടുതലായി സ്വീകരിക്കുന്ന സാഹചര്യത്തില്‍, പാകിസ്ഥാന്‍ ഹമാസ് പ്രവര്‍ത്തകര്‍ക്ക് പുതിയ താവളമായി ഉയര്‍ന്നുവരികയാണെന്ന് യുഎസ് ആസ്ഥാനമായുള്ള മിഡില്‍ ഈസ്റ്റ് ഫോറം ഒക്ടോബറിലെ ഒരു റിപ്പോര്‍ട്ടില്‍ പറഞ്ഞു.

'ഗസ്സയിലെ ഹമാസിനെ നിരായുധീകരിക്കുന്നതില്‍ അന്താരാഷ്ട്ര സമൂഹം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍, പാകിസ്ഥാന്‍ ഹമാസിന് പുനരുജ്ജീവിക്കാന്‍ അടുത്ത വളക്കൂറുള്ള മണ്ണായി മാറുന്നത് അവഗണിക്കാന്‍ കഴിയില്ല,' റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

ഇപ്പോള്‍, ഡല്‍ഹി സ്‌ഫോടനക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമ്പോള്‍, അതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ജയ്ഷ്-ഹമാസ് ബന്ധം വെളിച്ചത്തുവന്നിരിക്കുന്നു. അങ്കാറ ആസ്ഥാനമായുള്ള ഒരു ജയ്ഷ് ഹാന്‍ഡ്ലര്‍ ചെങ്കോട്ടയില്‍ ചാവേറാക്രമണം നടത്തിയ ഡോ. ഉമറുമായി നേരിട്ട് ബന്ധപ്പെട്ടിരുന്നുവെന്ന് അന്വേഷഷണ ഉദ്യോഗസ്ഥര്‍ വിശ്വസിക്കുന്നു. ഡോ. ഉമറും ഫരീദാബാദ് ഭീകരസംഘത്തിലെ ചില അംഗങ്ങളും 2022-ല്‍ തുര്‍ക്കിയിലേക്ക് യാത്ര ചെയ്തിരുന്നുവെന്നും അവിടെ വെച്ച് അവര്‍ ഹാന്‍ഡ്ലറെ കണ്ടുവെന്നും വൃത്തങ്ങള്‍ അറിയിച്ചു. തുര്‍ക്കി ആരോപണങ്ങള്‍ നിഷേധിച്ചിട്ടുണ്ടെങ്കിലും, അവര്‍ ഹമാസിനെ ശക്തമായി പിന്തുണയ്ക്കുന്ന രാജ്യമാണ്. ജയ്ഷ്, ഹമാസ് പ്രവര്‍ത്തകര്‍ തമ്മില്‍ ബന്ധം രൂപപ്പെട്ടതായാണ് നിഗമനം. ഈ സാഹചര്യത്തില്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ ഉള്‍പ്പെടെയുള്ള നൂതന ഭീകരവാദ തന്ത്രങ്ങള്‍ ഇന്ത്യക്ക് ഒരു പുതിയ ഭീഷണിയായി ഉയര്‍ന്നു വന്നിരിക്കുന്നു.

Tags:    

Similar News