പാണക്കാട് തങ്ങളുമായുള്ള തരൂരിന്റെ രഹസ്യ ചര്‍ച്ച; മുസ്ലീംലീഗ് നേതാക്കളെ പോലും ഒഴിവാക്കിയുള്ള ആ സംസാരത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ അങ്കലാപ്പ്; മലബാറില്‍ നാലു ദിവസം തങ്ങി തിരുവനന്തപുരം എംപി നടത്തിയത് നിര്‍ണ്ണായക രാഷ്ട്രീയ നീക്കങ്ങള്‍; തദ്ദേശ ഫലം വന്നാല്‍ 'ലീഗ് മനസ്സ്' തെളിയും; കേരളത്തില്‍ 'കൈ' നോക്കാന്‍ വീണ്ടും തരൂര്‍ സജീവം

Update: 2025-01-25 05:21 GMT

കോഴിക്കോട്: കോണ്‍ഗ്രസിലെ ഗ്രൂപ്പ് മാനേജര്‍മാരെ ആശങ്കയിലാക്കി ശശി തരൂരിന്റെ 'മലബാര്‍ പര്യടനം'. മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പണക്കാട് തങ്ങള്‍ അടക്കമുള്ളവരുമായി ശശി തരൂര്‍ രഹസ്യ ചര്‍ച്ചയും നടത്തി. മുസ്ലീം ലീഗ് നേതാക്കളെ പോലും ഒഴിവാക്കി തരൂരും പാണക്കാട് തങ്ങളും നടത്തിയ സംഭാഷണം കോണ്‍ഗ്രസിലെ ഗ്രൂപ്പ് മാനേജര്‍മാരെ ഞെട്ടിച്ചിട്ടുണ്ട്. മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയുമായും തരൂര്‍ വിശദമായ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. അടുത്ത മുഖ്യമന്ത്രി ആരെന്ന ചര്‍ച്ച കോണ്‍ഗ്രസില്‍ സജീവമാണ്. മുസ്ലീം ലീഗ് പരിപാടിയില്‍ രമേശ് ചെന്നിത്തലയെ ക്ഷണിച്ചതും ചര്‍ച്ചയായി. മുമ്പ് തരൂരിനോട് കൂടുതല്‍ ആഭിമുഖ്യം ലീഗ് കാട്ടിയിരുന്നു. എന്നാല്‍ ഫലസ്തീന്‍ വിഷയത്തിലെ അടക്കം നിലപാടുകളില്‍ ചില പ്രശ്‌നങ്ങള്‍ ലീഗ് അണികള്‍ ഉയര്‍ത്തി. എന്നാല്‍ ഇതൊന്നും തരൂരുമായുള്ള സൗഹൃദത്തിന് തടസ്സമല്ലെന്ന് തെളിയിക്കുന്നതാണ് പാണക്കാട് തങ്ങളുടെ രഹസ്യ സംഭാഷണം. ഏറെ മാറിയിരുന്നുള്ള രാഷ്ട്രീയ ചര്‍ച്ചയുടെ ഫോട്ടോ മറുനാടന് കിട്ടി. ഇതിന് ശേഷമാണ് കുഞ്ഞാലിക്കുട്ടിയുടെ വീട്ടിലേക്കും തരൂര്‍ എത്തിയത്. നാലു ദിവസമായി തരൂര്‍ മലപ്പുറത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ദേശീയ വിഷയങ്ങളില്‍ അടക്കം മുസ്ലീം നേതൃത്വത്തിനോട് തരൂര്‍ തന്റെ നിലപാടുകള്‍ വിശദീകരിക്കുന്നുണ്ടെന്നാണ് കോണ്‍ഗ്രസിലെ ഗ്രൂപ്പ് മാനേജര്‍മാര്‍ വിലയിരുത്തുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പൊതു സമ്മത പരിവേഷത്തില്‍ യുഡിഎഫ് മുന്നണിയില്‍ നിന്നും ഉയരാനാണ് തരൂരിന്റെ ശ്രമമെന്ന ആശങ്കയാണ് പല കോണ്‍ഗ്രസ് പ്രമുഖര്‍ക്കും.

2006ല്‍ നിയമസഭയില്‍ യുഡിഎഫ് അധികാരത്തില്‍ എത്താന്‍ കോണ്‍ഗ്രസ് കുറഞ്ഞത് 50 സീറ്റെങ്കിലും നേടണം. 63 സീറ്റാണ് പരമാവധി പ്രതിപക്ഷ നേതാവ് വിഡി സതീശനന്‍ പോലും പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തില്‍ അടുത്ത മുഖ്യമന്ത്രിയാരെന്ന് തീരുമാനിക്കും മുമ്പ് മുസ്ലീം ലീഗിനോട് പോലും കോണ്‍ഗ്രസിന് അഭിപ്രായം തേടേണ്ടി വരും. ഇതിനൊപ്പം കോണ്‍ഗ്രസിലെ ഗ്രൂപ്പ് പ്രശ്‌നവും കെപിസിസി അധ്യക്ഷ സ്ഥാനവും പ്രതിപക്ഷ നേതൃസ്ഥാനവും മുന്നില്‍ കണ്ടുള്ള കലഹവുമെല്ലാം ലീഗിനെ അലോസരപ്പെടുത്തുന്നുണ്ട്. രമേശ് ചെന്നിത്തലയെ പൊതു സമ്മതന്‍ എന്ന നിലയില്‍ ഉയര്‍ത്തികൊണ്ടു വരാനും ശ്രമിച്ചു. എന്നാല്‍ ചെന്നിത്തലയ്ക്ക് കേരളത്തിലെ മുഴുവന്‍ ജനവിഭാഗങ്ങളേയും ആകര്‍ഷിക്കാന്‍ കഴിയുമോ എന്ന ആശങ്ക ലീഗിനുണ്ട്. എന്‍ എസ് എസ് സ്വന്തം പുത്രനായി ചെന്നിത്തലയെ ഉയര്‍ത്തിക്കാട്ടിയത് മറ്റ് മത വിഭാഗങ്ങളെ സ്വാധീനിക്കുമോ എന്നതാണ് പ്രധാന ആശങ്ക. ഇതിനൊപ്പം യുവാക്കളുടെ വോട്ടും നിര്‍ണ്ണായകമാണ്. ശശി തരൂരിന് ആഗോള പൗരനെന്ന പരിവേഷമുണ്ട്. കേരളത്തെ മുമ്പോട്ട് നയിക്കാന്‍ തരൂരിന് കഴിയുമെന്ന് വിശ്വസിക്കുന്ന വലിയ ജനവിഭാഗമുണ്ട്. യൂവാക്കള്‍ക്കും സ്ത്രീകള്‍ക്കും പ്രിയങ്കരന്‍. ഈ സാഹചര്യത്തില്‍ തരൂരിനെ മുന്നില്‍ നിര്‍ത്തി 2026ല്‍ മത്സരിക്കണമെന്ന ആഗ്രഹം ലീഗിനുണ്ട്. തല്‍കാലം ഇത് ലീഗ് പറയില്ല. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് കോട്ടമുണ്ടായാല്‍ കോണ്‍ഗ്രസിനെ വരച്ച വരയില്‍ ലീഗ് നിര്‍ത്തും. ഈ സമയം തരൂരിനെ പരസ്യമായി തന്നെ ലീഗ് പിന്തുണയ്ക്കാനാണ് സാധ്യത. ഈ രാഷ്ട്രീയ സാഹചര്യം സൃഷ്ടിക്കാനാണ് മലപ്പുറത്തെ തരൂരിന്റെ നീക്കമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ സംശയം.

മുസ്ലീം ലീഗിന് സ്വാധീനമുള്ള തിരൂരങ്ങാടി യത്തീംഖാനാ സ്ഥാപകന്‍ എം.കെ. ഹാജിയുടെ ചരിത്രപുസ്തകം പ്രകാശനം ചെയ്യാന്‍ തരൂരിനെയാണ് ക്ഷണിച്ചത്. ചരിത്ര പുസ്തകങ്ങളുടെ വായനയും പഠനവും സമൂഹത്തെ ഉയര്‍ത്തുകയും മാറ്റിമറിക്കുകയും ചെയ്യുമെന്ന് ഡോ. ശശി തരൂര്‍ ഈ വേദിയില്‍ പറഞ്ഞു വച്ചു. ചെറുപ്പകാലം മുതല്‍ പ്രയാസങ്ങളും ദുരിതങ്ങളും നിറഞ്ഞ ജീവിതസാഹചര്യത്തിലൂടെ കടന്നുവന്ന് സമൂഹത്തിന് ദിശാബോധവും ഉന്നതിയും നല്‍കിയ മഹാനാണ് എം.കെ. ഹാജിയെന്നും അദ്ദേഹത്തിന്റെ ചരിത്രം വായിക്കപ്പെടണമെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു. പി.എസ്.എം.ഒ. കോളേജ് കാമ്പസില്‍ നടന്ന ചടങ്ങില്‍ യത്തീംഖാനാ ജനറല്‍ സെക്രട്ടറി എം.കെ. ബാവ അധ്യക്ഷത വഹിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി. എം.എല്‍.എ., കെ.പി.എ. മജീദ്. എം.എല്‍.എ., മുന്‍ മന്ത്രി പി.കെ. അബ്ദുറബ്ബ് തുടങ്ങിയ പ്രധാന ലീഗ് നേതാക്കളും ഈ പരിപാടിയില്‍ പങ്കെടുത്തു. ഇത്തരം പരിപാടികള്‍ക്ക് എത്തിയ തരൂര്‍ വിശദ ചര്‍ച്ചകള്‍ ലീഗ് നേതൃത്വവുമായി നടത്തുകയും ചെയ്തു. 2026ലെ തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ഒന്നിലേറെ തന്ത്രങ്ങള്‍ ലീഗ് ആസൂത്രണം ചെയ്യുന്നുണ്ട്. അതില്‍ പ്ലാന്‍ ബി തരൂരിനെ മുന്‍നിര്‍ത്തിയാണെന്നാണ് സൂചന. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം ഇക്കാര്യങ്ങളില്‍ ലീഗ് അന്തിമ തീരുമാനം എടുക്കും.


 



കേരളത്തില്‍ കോണ്‍ഗ്രസിന്റെ നേതൃനിരയുടെ മുന്നിലേക്ക് തരൂര്‍ വരണമെന്നുള്ള സൂചന ലീഗ് നേരത്തെ തന്നെ മുന്നോട്ടു വെച്ചിട്ടുള്ളതാണ്. കേരളത്തിലുടനീളം തരൂര്‍ നടത്തിയ ജനസമ്പര്‍ക്ക പരിപാടിയേയും ലീഗ് പിന്തുണച്ചിരുന്നു. ആ പര്യടനത്തിന് എന്‍എസ്എസ്സിന്റെയും കത്തോലിക്ക സഭയുടെയും മാത്രമല്ല ലീഗിന്റെയും പിന്തുണ ഉണ്ടായിരുന്നുവെന്നുള്ളത് രഹസ്യമല്ല. 2026 ല്‍ നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ തരൂരായിരിക്കണം യുഡിഎഫിനെ നയിക്കേണ്ടത് എന്ന ചിന്ത ലീഗ് നേതൃത്വം കോണ്‍ഗ്രസിന്റെ സമുന്നത നേതൃത്വവുമായി പങ്കുവെച്ചിട്ടുണ്ടെന്നാണ് ലീഗുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടത് മുന്നണിയെ കേരളത്തില്‍ പിടിച്ചുകെട്ടണമെങ്കില്‍ തരൂരിനെപ്പോലെ വ്യക്തി പ്രഭാവമുള്ള ഒരാള്‍ യുഡിഎഫിന്റെ മുന്‍നിരയിലുണ്ടാവണമെന്നാണ് ലീഗ് ആഗ്രഹിക്കുന്നത്. ഒരു വട്ടം കൂടി സിപിഎം മുന്നണി കേരളത്തില്‍ അധികാരം നിലനിര്‍ത്തിയാല്‍ അത് ലീഗിന്റെ തന്നെ കെട്ടുറപ്പിനെ ബാധിച്ചേക്കും. ഇനി അധികാരമില്ലാതെ മുമ്പോട്ട് പോകാനാകില്ലെന്ന സന്ദേശം പാണക്കാട് തങ്ങള്‍ തന്നെ പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു കഴിഞ്ഞു. ഇനി ലോക്‌സഭയിലേക്ക് മത്സരിക്കില്ലെന്ന നിലപാടിലാണ് തരൂര്‍. ലക്ഷ്യം നിയമസഭാ മത്സരമാണെന്നും വ്യക്തം. വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ താന്‍ തയ്യാറാണെന്ന് തരൂര്‍ ഇതിനകം പലവട്ടം സൂചന നല്‍കിക്കഴിഞ്ഞു. അതായത് 2026 ല്‍ കളത്തിലിറങ്ങാന്‍ തരൂരിനെ സംബന്ധിച്ചിടത്തോളം എംപി സ്ഥാനം ഒരു തടസ്സമായിരിക്കില്ല.

കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തോട് മുഖം തിരിക്കില്ലെന്ന് തരൂര്‍ പരസ്യമായി പറഞ്ഞിട്ടുണ്ട്. ലീഗും എന്‍എസ്എസ്സും കത്തോലിക്ക സഭയും ഒരുപോലെ തരൂരിന് പിന്നില്‍ അണിനിരന്നാല്‍ അത് നിര്‍ണ്ണായകമാകും. രണ്ട് വട്ടം കൈവിട്ടുപോയ കേരളം തിരിച്ചുപിടിക്കുന്നതില്‍ ഇനിയിപ്പോള്‍ ഒരു റിസ്‌കും ലീഗ് എടുക്കാന്‍ തയ്യാറല്ല. ദിശയിലേക്കുള്ള യാത്രയില്‍ തരൂരിനൊപ്പം ലീഗമുണ്ടാവും എന്ന സന്ദേശം വീണ്ടും ഉയര്‍ത്തുകയാണ് മലപ്പുറത്തെ പുതിയ നീക്കങ്ങള്‍.

Tags:    

Similar News