വോട്ട് പിടിക്കാന്‍ സര്‍ക്കാര്‍ വക 20 കോടി ഡിഫിക്ക്; സര്‍ക്കാറിന്റെ നവകേരളയുടെ പേരില്‍ നടത്തുന്ന സ്വജനപക്ഷപാതത്തിന്റെ ഞെട്ടിക്കുന്ന രേഖയിതാ! 80 ലക്ഷം വീടുകളിലെത്തി വിവരം ശേഖരിക്കുക ഡി.വൈ.എഫ്.ഐക്കാര്‍; സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് മൂന്നാം ഇടത് സര്‍ക്കാറിനായുള്ള പ്രകടന പത്രിക തയ്യാറാക്കാനുള്ള സമഗ്ര ഡേറ്റ ശേഖരണം
വോട്ട് പിടിക്കാന്‍ സര്‍ക്കാര്‍ വക 20 കോടി ഡിഫിക്ക്
തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് ശേഷം പാര്‍ട്ടിക്കാരെ പിന്‍വാതില്‍ വഴി സര്‍ക്കാറില്‍ തിരുകി കയറ്റുകയും ഇഷ്ടക്കാര്‍ക്കാര്‍ ടെണ്ടറില്ലാതെ കരാറുകള്‍ നല്‍കുകയും ചെയ്യുന്നതുമൊക്കെ പതിവ് പരിപാടിയാണ്. ഇതിനെതിരെ ആരൊക്കെ ശബ്ധമുയര്‍ത്തിയാലും അതൊന്നും സര്‍ക്കാര്‍ വകവെക്കാറില്ല എന്നതാണ് വസ്തുത. ഇപ്പോഴിതാ പിണറായി സര്‍ക്കാറിന്റെ സ്വജനപക്ഷപാതം വ്യക്തമാക്കുന്ന മറ്റൊരു തെളിവുകള്‍ കൂടി പുറത്തുവന്നിരിക്കകയാണ്.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സര്‍ക്കാറിനെ സംബന്ധിച്ച ജനഹിതമറിയാന്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന നവകേരള ക്ഷേമ സര്‍വേക്കുള്ള വളന്റിയര്‍മാരെ 'റിക്രൂട്ട് ചെയ്യാന്‍' സര്‍ക്കാര്‍ ഖജനാവില്‍ നിന്നുമാണ് പണം മുടക്കുന്നത്. സര്‍ക്കാര്‍ പരിപാടിയില്‍ ഡിവൈഎഫ്‌ഐയെ പങ്കാളിയാക്കി കോടികള്‍ നല്‍കാനാണ് നീക്കം നടക്കുന്നത്. ഇക്കാര്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ എതിര്‍പ്പുയര്‍ത്തിയെങ്കിലും പരിപാടിയുമായി മുന്നോട്ടു പോകാനാണ് സര്‍ക്കാറിന്റെ ശ്രമം.
സര്‍ക്കാര്‍ ഖജനാവില്‍നിന്ന് ഇതിനകം 20 കോടി രൂപ അനുവദിച്ച സര്‍വേ ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് നടക്കുക. കോളജ് വിദ്യാര്‍ഥികളടക്കമുള്ള വളന്റിയര്‍മാര്‍ 80 ലക്ഷം വീടുകളിലെത്തി വിവരം ശേഖരിക്കുമെന്നാണ് സര്‍വേ പ്രഖ്യാപിച്ച വാര്‍ത്തസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. എന്നാല്‍, ഈ കോളേജ് വിദ്യാര്‍ഥികള്‍ പാര്‍ട്ടിയെ അനുസരിക്കുന്ന ഡിവൈഎഫ്‌ഐ അനുയായികള്‍ ആകുമെന്നതാണ് വസ്തുത. ഇവര്‍ക്ക് അവസരം ഒരുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
ജനങ്ങളെ കേള്‍ക്കുകയും വികസനവും ക്ഷേമവും സംബന്ധിച്ച അഭിപ്രായങ്ങള്‍ സ്വരൂപിക്കുകയുമാണ് ലക്ഷ്യമെന്നാണ് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയത്. എന്നാല്‍, ജനങ്ങളെ കേള്‍ക്കുന്നതിനൊപ്പം മൂന്നാം ഇടത് സര്‍ക്കാറിനായുള്ള പ്രകടന പത്രികയിലേക്കടക്കമുള്ള സമഗ്ര ഡേറ്റ ശേഖരണമാണ് അണിയറ ലക്ഷ്യം. ഇത് മുന്‍നിര്‍ത്തിയാണ് പാര്‍ട്ടിക്കാരെയും ഇടത് അനുഭാവികളെയും പരമാവധിയിടങ്ങളില്‍ വളന്റിയര്‍മാരായി നിയോഗിക്കാന്‍ സര്‍ക്കാര്‍ ഒത്താശയില്‍ സി.പി.എം തീരുമാനിച്ചത്.
പിന്നാലെ ഈ നിലക്കുള്ള ഒരുക്കവും സംഘടന തലത്തില്‍ തുടങ്ങി. സംസ്ഥാന നേതൃത്വം ഇതുസംബന്ധിച്ച അറിയിപ്പ് ജില്ല കമ്മിറ്റികള്‍ക്ക് നല്‍കിയതോടെ ലോക്കല്‍ കമ്മിറ്റികള്‍ വാര്‍ഡ് അടിസ്ഥാനത്തിലുള്ള വളന്റിയര്‍ പട്ടിക തയാറാക്കിത്തുടങ്ങി. ഈ അറിയിപ്പിന്റെ പകര്‍പ്പ് പുറത്തുവന്നിട്ടുണ്ട്. സര്‍വേക്ക് താല്‍പര്യമുള്ള ഇടത് അനുഭാവികളെ വളന്റിയര്‍മാര്‍ക്കുള്ള ആപ്പില്‍ രജിസ്റ്റര്‍ ചെയ്യിക്കുന്നതടക്കം ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പലയിടത്തും നടക്കുന്നത്. ഇവരുടെ പട്ടിക സര്‍വേക്ക് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രിയുടെ ഓഫിസ് അംഗീകരിക്കുന്നതോടെ പ്രത്യേക പരിശീലനം നല്‍കും.
കുടുംബശ്രീ, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവയിലെ ഇടത് അനുഭാവികള്‍, പാര്‍ട്ടിയുടെ വര്‍ഗ ബഹുജന സംഘടനകളുടെ പ്രാദേശിക ഭാരവാഹികള്‍ എന്നിവര്‍ക്കൊപ്പം പലയിടത്തും പാര്‍ട്ടി അംഗങ്ങളെയും വളന്റിയര്‍മാരായി തിരഞ്ഞെടുക്കുന്നുണ്ട്. പഞ്ചായത്ത് വാര്‍ഡുകളില്‍ ആറും നഗരസഭ വാര്‍ഡുകളില്‍ എട്ടും പേരെയാണ് വളന്റിയര്‍ സേനയില്‍ ഉള്‍പ്പെടുത്തുക. സര്‍വേയുടെ മേല്‍നോട്ടത്തിനായി ചുമതലപ്പെടുത്തുന്നതും പാര്‍ട്ടിക്കാരായ ഉദ്യോഗസ്ഥരെയാണ്.
സര്‍ക്കാറിന്റെ അവസാന ഘട്ടത്തില്‍ നടത്തുന്ന സര്‍വേക്ക് രാഷ്ട്രീയ ലക്ഷ്യം മാത്രമാണെന്ന് ചൂണ്ടിക്കാട്ടി മറ്റു പാര്‍ട്ടിക്കാര്‍ ഒഴിഞ്ഞുനില്‍ക്കുകയാണ്. ഇവര്‍ക്കു പ്രതിഫലം സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല. പിന്നീട് പ്രതിഫലം പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. ഇപ്പോഴത്തെ നിലയില്‍ സര്‍ക്കാര്‍ ഫണ്ട് പോക്കറ്റിലാക്കാനുള്ള അവസരമാണ് ഡിവൈഎഫ്‌ഐക്ക് കൈവരുന്നത് എന്നതാണ് വസ്തുത.
പക്ഷേ, തിരഞ്ഞെടുപ്പിനു മുന്‍പുള്ള എല്‍ഡിഎഫിന്റെ സ്‌ക്വാഡ് വര്‍ക്ക് ആയി സര്‍വേ മാറുമെന്ന വിമര്‍ശനത്തെ ഉറപ്പിക്കുന്നതാണ് ഈ നീക്കം. സര്‍ക്കാരിന്റെ സര്‍വേ ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ നടത്തുമെന്നാണു പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍, മാര്‍ച്ച് 31 വരെ പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ളവരെ റിക്രൂട്ട് ചെയ്യാനുള്ള പാര്‍ട്ടി നിര്‍ദേശവും തിരഞ്ഞെടുപ്പ് കണക്കിലെടുത്തു തന്നെ.
പഞ്ചായത്ത് വാര്‍ഡില്‍നിന്ന് 6 പേരെയും നഗരസഭാ വാര്‍ഡില്‍നിന്ന് 8 പേരെയുമാണ് വാര്‍ഡുതല കര്‍മസേനയിലേക്കു വേണ്ടത്. ഇവരുടെ മേല്‍നോട്ടത്തിനായി തദ്ദേശ സ്ഥാപനതലത്തില്‍ ഒരു ഉദ്യോഗസ്ഥനും 2 സന്നദ്ധ പ്രവര്‍ത്തകരും അടങ്ങുന്ന ടീമിനെ നിയോഗിക്കും. ഈ ടീമിനെ നിശ്ചയിക്കേണ്ടതും ബന്ധപ്പെട്ട പാര്‍ട്ടി ഘടകമായിരിക്കും.
നിയമസഭാ മണ്ഡലംതല സമിതിക്കായി ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെയും കേന്ദ്ര, സംസ്ഥാന സര്‍വീസുകളില്‍നിന്നു വിരമിച്ച എല്‍ഡിഎഫ് അനുഭാവമുള്ള ഒരാളെയും കണ്ടെത്തണം. ജില്ലാതല മേല്‍നോട്ടത്തിന് എല്‍ഡിഎഫ് അനുഭാവമുള്ള മൂന്നംഗ ടീമാണ് വേണ്ടത്. ജില്ലാ, നിയമസഭാ മണ്ഡല, തദ്ദേശ സ്ഥാപന തലത്തില്‍ ഇങ്ങനെ കണ്ടെത്തുന്നവരുടെ പട്ടിക സംസ്ഥാന സെന്ററിന് കൈമാറാനും ജില്ലാ കമ്മിറ്റികള്‍ക്കു നിര്‍ദേശം നല്‍കി. സിപിഎം നേതൃത്വം ക്രോഡീകരിക്കുന്ന ഈ പട്ടികയായിരിക്കും സര്‍ക്കാര്‍ സമിതികളായി പിന്നീടു മാറുക.
അതേസമയം സര്‍ക്കാരിന്റെ ചെലവില്‍ സ്‌ക്വാഡ് രൂപീകരിച്ച് രാഷ്ട്രീയപ്രവര്‍ത്തനം നടത്താനുള്ള സിപിഎമ്മിന്റെ നീക്കത്തെ പ്രതിപക്ഷം ശക്തമായി എതിര്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വ്യക്തമാക്കിയിട്ടുണ്ട്. സിപിഎമ്മിന് രാഷ്ട്രീയ പ്രവര്‍ത്തനമാകാം. അതിനൊന്നും ആരും എതിരല്ല. പക്ഷെ അത് സര്‍ക്കാര്‍ ചെലവിലായിരിക്കരുത്. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച്, നാട്ടുകാരുടെ ചെലവില്‍ സ്‌ക്വാഡ് ഉണ്ടാക്കി, സര്‍വേ എന്ന പേരില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ കേരളത്തില്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്നും വിഡി സതീശന്‍ പറഞ്ഞു.
കേരളം കടത്തിന്റെ കാണാക്കയങ്ങളിലേക്ക് ആണ്ടുകൊണ്ടിരിക്കുകയാണ്. അഞ്ചു നയാപൈസയില്ലാത്ത അവസ്ഥയാണ്. കടം മേടിച്ചു മേടിച്ച് കേരളം മുടിഞ്ഞിരിക്കുകയാണ്. ആ അവസരത്തില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്താന്‍ വേണ്ടി സര്‍ക്കാരിന്റെ നവകേരള സര്‍വേ എന്ന പേരില്‍ ഒരു സര്‍വേ നടത്താന്‍ ശ്രമിക്കുന്നു. എല്ലാവരും പാര്‍ട്ടിക്കാര്‍ വേണമെന്നാണ് സിപിഎം സംസ്ഥാന കമ്മിറ്റി നിര്‍ദേശം കൊടുത്തിട്ടുള്ളത്. പാര്‍ട്ടിയുടെ ചെലവില്‍ നടത്തിക്കോട്ടെ. നാട്ടുകാരുടെ പണമെടുത്ത് രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നത് നിന്ദ്യമായ ഏര്‍പ്പാടാണെന്ന് വിഡി സതീശന്‍ പറഞ്ഞു.
