മുഖ്യമന്ത്രിയുടെ നെഞ്ചത്ത് നോക്കി കുറിക്കു കൊള്ളുന്ന വിധം തനിക്ക് സംസാരിക്കാന്‍ അറിയാമെന്ന ചാക്കോയുടെ വാക്കുകള്‍ പിണറായിക്ക് കൊണ്ടു; അടുത്ത ഇടതു യോഗത്തില്‍ എന്‍സിപി വിശദീകരണം നല്‍കേണ്ടി വരും; പുതിയ പാര്‍ട്ടിയുണ്ടാക്കുമെന്ന ചാക്കോ ചര്‍ച്ചയും സിപിഎം ഗൗരവത്തില്‍ എടുക്കും; എന്‍സിപി പിളരും; മന്ത്രിയായി ശശീന്ദ്രന്‍ തുടരും

Update: 2025-02-02 05:31 GMT

തിരുവനന്തപുരം: തിരുവനന്തപുരത്തെ എന്‍സിപിയും പിളര്‍പ്പിലേക്ക്. മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുന്ന എന്‍.സി.പി സംസ്ഥാന പ്രസിഡിന്റ് പി.സി ചാക്കോയുടെ പ്രസംഗം പുറത്തു വന്ന സാഹചര്യം പാര്‍ട്ടിയിലെ വിഭാഗിയതയ്ക്ക് തെളിവാണ്. മന്ത്രിമാറ്റത്തിന് മുഖ്യമന്ത്രി തയ്യാറാകാത്തതിനെ തുടര്‍ന്നായിരുന്നു ചാക്കോയുടെ വിമര്‍ശനം. ഈ വിമര്‍ശനം സിപിഎം ഗൗരവത്തില്‍ എടുക്കും. എന്‍സിപിയിലെ പിസി ചാക്കോ വിഭാഗത്തെ ഇടതുപക്ഷത്ത് നിന്നും മാറ്റണമെന്ന ആവശ്യം സിപിഎമ്മില്‍ ഒരു വിഭാഗത്തിനുണ്ട്. മന്ത്രിമാറ്റ വിവാദം ആളികത്തിയത് പിസി ചാക്കോ കാരണമാണെന്നാണ് ഉയരുന്ന വാദം. ഏതായാലും മന്ത്രിയായി എകെ ശശീന്ദ്രന്‍ തുടരും. എന്‍സിപി പിളര്‍ന്നാലും ശശീന്ദ്രനെ ഇടതുമുന്നണിയില്‍ തുടരാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുവദിക്കും.

ഇത് കൂടുതല്‍ ചര്‍ച്ചകളില്‍ എത്തിക്കുന്നതാണ് പുറത്തു വന്ന ഓഡിയോ. കുറിക്ക് കൊള്ളും വിധം മുഖ്യമന്ത്രിക്ക് മറുപടി നല്‍കാന്‍ തനിക്കറിയാമെന്ന് പി.സി ചാക്കോ എന്‍സിപി തിരിവനന്തപുരം ജില്ലാ നേതൃയോഗത്തില്‍ പ്രസംഗിച്ചതിന്റെ ശബ്ദസന്ദേശമാണ് പുറത്തുവന്നത്. ഇത് ആരോ റെക്കോഡ് ചെയ്ത് പുറത്തുവിടുകയായിരുന്നു. എന്‍സിപി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ കുറേ നാളായി വലിയ തോതില്‍ വിഭാഗീയത നിലനില്‍ക്കുന്നുണ്ട്. മന്ത്രിമാറ്റത്തിന് തയാറാകാതിരുന്ന മുഖ്യമന്ത്രിയുടെ നെഞ്ചത്ത് നോക്കി കുറിക്കു കൊള്ളുന്ന വിധം തനിക്ക് സംസാരിക്കാന്‍ അറിയാമെന്നാണ് പി.സി. ചാക്കോ പറഞ്ഞത്. ഈ ഓഡിയോ സിപിഎം വിശദമായി പരിശോധിക്കുന്നുണ്ട്. അടുത്ത ഇടതു യോഗത്തില്‍ എന്‍സിപിയോട് നേതൃത്വം വിശദീകരണം ചോദിക്കും. ഈ സമയം മുഖ്യമന്ത്രിയുടെ നെഞ്ചത്തു നോക്കി ചാക്കോ മറുപടി പറയുമോ എന്നതാണ് ഉയരുന്ന ചോദ്യം. ഓഡിയോ കേട്ടതോടെ കടുത്ത അതൃപ്തിയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍.

ജനുവരി 27ന് തിരുവനന്തപുരത്ത് ചേര്‍ന്ന എന്‍.സി.പി യോഗമാണ് അലങ്കോലമായത്. ഈ യോഗത്തിലായിരുന്നു മന്ത്രിമാറ്റത്തില്‍ മുഖ്യമന്ത്രിയോടുള്ള അതൃപ്തി പി.സി. ചാക്കോ പരസ്യമാക്കിയത്. മുഖ്യമന്ത്രിയെ കണ്ട് സംസാരിച്ചപ്പോള്‍ ഇപ്പോള്‍ ഒരു ചേയ്ഞ്ച് വേണോയെന്നാണ് ചോദിച്ചതെന്നാണ് ശബ്ദരേഖയില്‍ പി.സി. ചാക്കോ പറയുന്നത്. നിങ്ങള്‍ അതില്‍ നിര്‍ബന്ധം പിടിക്കരുതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ശരത് പവാറിന്റെ നേതൃത്വത്തില്‍ എടുത്ത തീരുമാനം ആണെന്ന് താന്‍ മറുപടി നല്‍കി. പാര്‍ട്ടിയുടെ തീരുമാനമാണെന്നും പറഞ്ഞു. അങ്ങ് അത് നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു. അതിനപ്പുറത്തോട്ട് ഒന്നും താന്‍ പറഞ്ഞില്ല. പലതും പറയാമായിരുന്നുവെന്നും ഇടതുപക്ഷ മുന്നണിയില്‍ ഇക്കാര്യം ഉന്നയിക്കാമായിരുന്നെന്നും പി.സി. ചാക്കോ പറയുന്നുണ്ട്. അങ്ങനെ ചെയ്താല്‍ നല്ല പബ്ലിസിറ്റി കിട്ടും. തനിക്ക് നല്ല കുറിക്ക് കൊള്ളുന്നത് പോലെ മുഖ്യമന്ത്രിയുടെ നെഞ്ചത്ത് നോക്കി സംസാരിക്കാമെന്നും അല്ലെങ്കില്‍ കൊള്ളുന്ന പോലെ ചെയ്യാമെന്നും ശബ്ദരേഖയില്‍ പി.സി. ചാക്കോ പറയുന്നുണ്ട്. എല്‍.ഡി.എഫ് വിടുമെന്ന സൂചനയും ചാക്കോ യോഗത്തില്‍ നല്‍കിയെന്നും എതിര്‍ ചേരിയിലുള്ളവര്‍ പറയുന്നുണ്ട്.

പുതിയ പാര്‍ട്ടി ഉണ്ടാക്കേണ്ടിവരുമെന്ന് ചാക്കോ പറഞ്ഞതിനെ ചൊല്ലി എന്‍സിപിയില്‍ ഭിന്നതയുണ്ടായെന്നും എതിര്‍ വിഭാഗം പറയുന്നു. യോഗത്തില്‍ ചാക്കോയും തിരുവനന്തപുരം മുന്‍ ജില്ലാ പ്രസിഡന്റ് ആറ്റുുകാല്‍ അജിയും തമ്മില്‍ വാക്കേറ്റമുണ്ടായി. അതിനിടെയാണ് ചാക്കോക്കെതിരെ അജി കോഴ ആരോപണം ഉയര്‍ത്തിയത്. പാര്‍ട്ടിക്ക് അനുവദിച്ച പിഎസ് സി അംഗത്വ നിയമിക്കാന്‍ പി സി ചാക്കോ കോഴ വാങ്ങിയെന്നായിരുന്നു തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ആട്ടുകാല്‍ അജിയുടെ ആരോപിച്ചത്. എന്നാല്‍, ചാക്കോ ഇത് നിഷേധിച്ചു. പിന്നീട് ചേരിതിരിഞ്ഞ് വാക്കുതര്‍ക്കമുണ്ടായി.

പിന്നാലെ അജിയെ ആദ്യം ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കി. മാധ്യമങ്ങള്‍ക്ക് മുന്നിലും കോഴ ആരോപണം ആവര്‍ത്തിച്ചതിന് പിന്നാലെ അജിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. കോഴ ആരോപണം ചാക്കോ നിഷേധിച്ചിരുന്നു. അജിക്ക് പകരം ചാക്കോ നിയമിച്ച പുതിയ ജില്ലാ പ്രസിഡന്റ് അഡ്വ. സതീഷിന് ഇതുവരെ ജില്ലാ കമ്മറ്റി ഓഫീസില്‍ പോലും കയറാനായിട്ടില്ല. അജിയുടെ നേതൃത്വത്തില്‍ ജില്ലാ ഘടകം ചാക്കോക്കെതിരെ ശക്തമായ നിലപാടിലാണ്. സിപിഎം പിന്തുണയും ഇവിടെയുണ്ട്. നേരത്തെ അച്ചടക്കനടപടി നേരിട്ട മുന്‍ ജില്ലാ പ്രസിഡന്റ് ആറ്റുകാല്‍ സജിയും സംസ്ഥാന പ്രസിഡന്റും തമ്മിലുള്ള തര്‍ക്കം കുറേക്കാലമായി രൂക്ഷമാണ്.

സജിയെ പിന്തുണയ്ക്കുന്ന നിരവധി പേര്‍ നിലവിലെ ജില്ലാ കമ്മിറ്റിയിലുമുണ്ട്. കഴിഞ്ഞ തവണ ജില്ലാ കമ്മിറ്റി യോഗത്തിനുശേഷം പി.സി ചാക്കോയ്ക്കെതിരേ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളും ആരോപണങ്ങളും ഉയര്‍ന്നിരുന്നു. സംഭവത്തെക്കുറിച്ച് പി.സി ചാക്കോ പ്രതികരിച്ചിട്ടില്ല. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലുള്ളവരും വിഷയത്തില്‍ വ്യക്തമായ മറുപടി തന്നിട്ടില്ല. മന്ത്രിമാറ്റം ഉണ്ടാവണമെന്നും എ.കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കണമെന്നാണ് പി.സി ചാക്കോ വിഭാത്തിന്റെ നിലപാട്. ഇത് അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി വളരെ നേരത്തെ നിലപാട് എടുത്തിട്ടുണ്ട്.

Tags:    

Similar News