കുപ്രസിദ്ധിയില്‍ കേരളത്തിന് യുകെയില്‍ ഒന്നാം സ്ഥാനം; ആരോഗ്യ വകുപ്പ്-എച്ച്എംആര്‍സി ഉന്നത തല പരിശീലന യോഗത്തില്‍ അടിമക്കച്ചവടം കയറ്റുമതി നടത്തുന്നത് കേരളമാണെന്നു പേരെടുത്തു കുറ്റപ്പെടുത്തല്‍

ബ്രിട്ടനില്‍ നടന്ന വിസക്കച്ചവടത്തിനും കെയര്‍ ഹോമുകളിലേക്ക് ജോലിക്കെന്ന പേരില്‍ പണം വാങ്ങി ആളെക്കടത്തിയതിനും പേരുദോഷം കേള്‍പ്പിച്ചു കേരളം

Update: 2024-09-19 06:17 GMT

ലണ്ടന്‍: ബ്രിട്ടനില്‍ നടന്ന വിസക്കച്ചവടത്തിനും കെയര്‍ ഹോമുകളിലേക്ക് ജോലിക്കെന്ന പേരില്‍ പണം വാങ്ങി ആളെക്കടത്തിയതിനും പേരുദോഷം കേള്‍പ്പിച്ചു കേരളം. ലോകത്തെ പല നാടുകളില്‍ നിന്നും ബ്രിട്ടനിലേക്ക് വിസ കച്ചവട ലോബി ആളെ ഇറക്കിയെങ്കിലും ഒരു പരിധിയും ഇല്ലാത്ത വിധം വിസ കച്ചവടത്തിന് തയ്യാറായതാണ് കേരളത്തിന് മാത്രം പേരുദോഷം ബാക്കിയാകാന്‍ കാരണം.

നാലു വര്‍ഷം മുന്‍പ് കോവിഡാനന്തര സാഹചര്യത്തില്‍ ബ്രിട്ടനില്‍ ഒന്നര ലക്ഷത്തിലേറെ കെയര്‍ ജീവനക്കാരുടെ ഒഴിവുകള്‍ ഉണ്ടാകുന്നു എന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ടോറി സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ എടുത്തുമാറ്റി, കാര്യമായ യോഗ്യതകള്‍ ആവശ്യം ഇല്ലാത്ത കെയര്‍ ജോലി ഷോര്‍ട്ടേജ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതോടെ നാലു വര്‍ഷത്തിനിടയില്‍ പതിനായിരക്കണക്കിന് മലയാളി ചെറുപ്പക്കാരാണ് യുകെയില്‍ എത്തിയത്. ഇവര്‍ക്കൊപ്പം കുടുംബങ്ങള്‍ കൂടി എത്തിയതോടെ സര്‍ക്കാര്‍ നല്‍കിയ ഇളവുകള്‍ കാര്യമായി ദുരുപയോഗം ചെയ്യപ്പെട്ടു എന്ന് അധികൃതര്‍ക്കും ബോധ്യമായി.

മാത്രമല്ല തുടക്കത്തില്‍ നാലും അഞ്ചും ലക്ഷം രൂപ നല്‍കി സ്വന്തമാക്കിയ വിസയ്ക്ക് പൊടുന്നനെ 25 ലക്ഷ്യത്തിലേക്ക് ഉയര്‍ന്നതും പരിധിയില്ലാതെ ആളുകള്‍ എത്തി തുടങ്ങിയതോടെ ജോലി ഇല്ലാതായ സാഹചര്യവും ചേര്‍ത്ത് ആയിരകണക്കിന് പരാതികളാണ് ഹോം ഓഫിസില്‍ എത്തിച്ചത്. ഇക്കഴിഞ്ഞ മാര്‍ച്ച് മുതല്‍ ബ്രിട്ടനിലേക്ക് കെയര്‍ വിസയില്‍ വരിക എന്നത് അത്ര എളുപ്പം അല്ലാതായതോടെ മലയാളികള്‍ക്ക് മറ്റു രാജ്യങ്ങള്‍ തേടേണ്ട ഗതികേട് വന്നെങ്കിലും ഇപ്പോള്‍ ബ്രിട്ടന്‍ കെയര്‍ വിസ ദുരുപയോഗം സംബന്ധിച്ച് നടത്തുന്ന പഠനങ്ങളില്‍ കേരളത്തിന്റെ പേരെടുത്തു പറഞ്ഞു നടത്തുന്ന കുറ്റപ്പെടുത്തല്‍ ഭാവിയിലും മലയാളികള്‍ക്ക് ബ്രിട്ടന്റെ വാതില്‍ അടഞ്ഞു തന്നെ കിടക്കും എന്നതിന്റെ മുന്നറിയിപ്പായി മാറുകയാണ്.

ഒരവസരം മുന്നില്‍ എത്തിയപ്പോള്‍ ഏറ്റവും നന്നായി ദുരുപയോഗം ചെയ്ത നാടെന്ന കുപ്രസിദ്ധിയുടെ കീര്‍ത്തി മുദ്രയാണ് ഇപ്പോള്‍ കേരളത്തിന് യുകെയില്‍ നിന്നും ലഭിക്കുന്നത്. മുന്‍പ് നൈജീരിയ അടക്കമുള്ള ആഫ്രിക്കന്‍ നാടുകള്‍ക്ക് ലഭിച്ചിരുന്ന കുപ്രസിദ്ധിയാണ് ഇപ്പോള്‍ കേരളത്തിന് കിട്ടികൊണ്ടിരിക്കുന്നത്. മിടുക്കരും പ്രഗത്ഭരും ആയവരുടെ നാട് എന്ന പേരാണ് ഇപ്പോള്‍ തട്ടിപ്പുകാരും മനുഷ്യക്കടത്തുകാരും നിറഞ്ഞ നാടെന്ന പേരിലേക്ക് നീങ്ങുന്നത്.

കെയര്‍ വിസ തട്ടിപ്പിനെ തുടര്‍ന്ന് നഴ്‌സിംഗ് ജോലിക്കായുള്ള ഒഇടി പരീക്ഷ തട്ടിപ്പിലും കേരളത്തിന്റെ പേര് ബ്ലാക് ലിസ്റ്റില്‍ ഉള്‍പ്പെടാനുള്ള സാധ്യത വളരുകയാണ്. ഇംഗ്ലീഷ് യോഗ്യത പരീക്ഷയില്‍ തട്ടിപ്പ് നടന്നുവെന്ന് ബോധ്യമായ എന്‍എംസി അനേകം മലയാളി നഴ്‌സുമാര്‍ക്ക് വിശദീകരണ കത്തുകള്‍ നല്‍കിയ സാഹചര്യത്തില്‍ ഒരു മലയാളി നഴ്സ് അടുത്തകാലത്ത് ആത്മഹത്യ ചെയ്തിരുന്നു. ഇതേതുടര്‍ന്ന് എന്‍എംസി നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്.

നഴ്‌സിംഗ് യോഗ്യത പരീക്ഷയില്‍ നൈജീരിയന്‍ ഏജന്‍സികള്‍ തട്ടിപ്പ് നടത്തി എന്ന് ബോധ്യമായതിന്റെ വെളിച്ചത്തില്‍ ഏറെക്കാലമായി നൈജീരിയയില്‍ നിന്നുള്ള നഴ്‌സുമാര്‍ യുകെയില്‍ എത്തുന്നതിനു വിലക്കുണ്ടായിരുന്നു. ഇപ്പോള്‍ ഇതേസാഹചര്യം മറ്റു പല കാരണങ്ങള്‍ കൊണ്ട് കേരളത്തില്‍ നിന്നുള്ള നഴ്സുമാരും യുകെ റിക്രൂട്മെന്റില്‍ നേരിടുകയാണ്. ഒരിക്കല്‍ കബളിക്കപ്പെട്ടു എന്ന് ബോധ്യമായാല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുന്ന രാജ്യം എന്ന നിലയില്‍ യുകെ റിക്രൂട്മെന്റിനെ അവസരം ആയി കരുതാതെ തട്ടിപ്പിന് ഉള്ള ഇടമായി കരുതിയ മലയാളികള്‍ തന്നെയാണ് ഭാവിയില്‍ ഈ നാട്ടിലേക്കുള്ള വഴി അടഞ്ഞു പോകുന്നതിനു കാരണക്കാരായി മാറുന്നതും.

കേരളത്തെപ്പറ്റി കുറ്റപ്പെടുത്തല്‍ കേട്ട് കുനിഞ്ഞ ശിരസ്സോടെ യുകെ മലയാളികള്‍

ആരോഗ്യ വകുപ്പ്, എച്ച്എംആര്‍സി, എസ്ടിആര്‍ഒ, ജിഎല്‍എഎ, എന്‍എച്ച്എസ്, റിക്രൂട്ടിങ് കണ്‍സള്‍ട്ടന്‍സികള്‍, യൂണിവേഴ്‌സിറ്റി വിദഗ്ധര്‍ തുടങ്ങി വിവിധ മേഖലകളിലെ വിദഗ്ധര്‍ ഇന്നലെ നടന്ന അവലോകനത്തില്‍ പങ്കെടുത്തപ്പോള്‍ വിസ രംഗം എങ്ങനെ ദുരുപയോഗം ചെയ്യപ്പെട്ടു എന്നതിന് മനുഷ്യക്കടത്തു നിയന്ത്രിക്കാന്‍ ചുമതലപ്പെട്ട ഗാങ് മാസ്റ്റര്‍ ആന്‍ഡ് ലേബര്‍ അബ്യുസ് അതോറിറ്റി നടത്തിയ കേസ് സ്റ്റഡി അവലോകനത്തിലാണ് കേരളത്തെ പേരെടുത്തു പറഞ്ഞു കുറ്റപ്പെടുത്തിയത്. മാത്രമല്ല ഒരു പടികൂടി കടന്നു യുകെയിലേക്ക് കെയര്‍ വിസയുടെ പേരില്‍ നടന്ന മനുഷ്യക്കടത്തില്‍ കേരളത്തിന് ഈ തട്ടിപ്പിന്റെ കേന്ദ്ര ആസ്ഥാനം എന്ന വിശേഷണം നല്‍കാനും ജിഎല്‍എഎ മടിച്ചില്ല.

നാലു വര്‍ഷം മുന്‍പ് നോര്‍ത്ത് വെയ്ല്‍സില്‍ ജിഎല്‍എഎ റെയ്ഡില്‍ കുടുങ്ങിയ 60 മലയാളി വിദ്യാര്‍ത്ഥി വിസക്കാരുടെ ജീവിതം അടിസ്ഥാനമാക്കിയാണ് ജിഎല്‍എഎ കേസ് സ്റ്റഡി തയ്യാറാക്കിയത്. ഈ സംഭവത്തെ തുടര്‍ന്നാണ് വിസ കച്ചവട ലോബിക്കെതിരെ ബ്രിട്ടീഷ് മലയാളി നിരന്തര കാമ്പയിന്‍ ആരംഭിക്കുന്നതും.

എന്നാല്‍ വിസ കച്ചവട ലോബി അഴിഞ്ഞാടിയിട്ടും യുകെയിലെ സാമൂഹ്യ രംഗത്തെ മലയാളി സംഘടനകള്‍ പോലും നിശബ്ദമായി നിന്നതും ഇപ്പോള്‍ കേരളത്തിന് യുകെയില്‍ പേരുദോഷം കേള്‍ക്കാന്‍ ഇടയാക്കിയ സാഹചര്യത്തിന് കാരണമാണ്. നോര്‍ത്ത് വെയ്ല്‍സില്‍ നഴ്‌സിംഗ് ഏജന്‍സി നടത്തിയിരുന്ന ഭാര്യ ഭര്‍ത്താക്കന്മാരായ നഴ്‌സുമാര്‍ക്ക് കേസിനെ തുടര്‍ന്ന് എന്‍എംസി പിന്‍ നമ്പര്‍ നഷ്ടമായതും അന്ന് വാര്‍ത്തകളില്‍ നിറഞ്ഞ സംഭവമാണ്. എന്നാല്‍ തുടര്‍ന്നും വിസ കച്ചവട ലോബി കയ്യില്‍ എത്തുന്ന ലക്ഷക്കണക്കിന് രൂപയുടെ മഞ്ഞളിപ്പില്‍ നിയമ ലംഘനം ഒരു മറയും ഇല്ലാതെ തുടരുക ആയിരുന്നു.

നോര്‍ത്ത് വെയ്ല്‍സില്‍ മനുഷ്യക്കടത്തിന് കേസെടുത്ത ജിഎല്‍എഎ അഞ്ചു മലയാളികളെ കോടതിയില്‍ എത്തിച്ചാണ് സ്‌ളേവറി ആന്‍ഡ് ട്രാഫിക്കിങ് റിസ്‌ക് ഓര്‍ഡര്‍ - എസ്ടിആര്‍ഒ - ലിസ്റ്റില്‍ പേര് ചേര്‍ത്തത്. ഇത്തരത്തില്‍ നിയമ നടപടി നേരിടുന്ന ആദ്യ യുകെ മലയാളികളാണ് ഇവര്‍ അഞ്ചു പേരും. ഇവരില്‍ നാലുപേരും ഉറ്റ ബന്ധുക്കള്‍ കൂടി ആയിരുന്നു എന്നതാണ് പിന്നീട് പുറത്തു വന്ന വിവരം. ഇവരുടെ പേരുവിവരങ്ങള്‍ കോടതി വിധി പുറത്തു വന്നതോടെ ബ്രിട്ടീഷ് മലയാളി പ്രസിദ്ധീകരിച്ചിരുന്നു.

ഇന്നലെ നടന്ന യോഗത്തില്‍ വീണ്ടും ജിഎല്‍എഎ പ്രധിനിധി ഇക്കാര്യങ്ങള്‍ ആവര്‍ത്തിച്ചപ്പോള്‍ യോഗത്തില്‍ ഉണ്ടായിരുന്ന മലയാളികള്‍ക്ക് നാണക്കേട് ഓര്‍ത്തു തല കുനിച്ചിരിക്കേണ്ട സാഹചര്യമായിരുന്നു. നിങ്ങളുടെ നാട്ടുകാര്‍ അല്ലേ എന്ന മട്ടില്‍ യോഗത്തില്‍ പങ്കെടുത്ത മറ്റുള്ളവര്‍ തങ്ങളെ നോക്കിയിരുന്നതായും യോഗത്തില്‍ പങ്കെടുത്തവര്‍ പിന്നീട് വെളിപ്പെടുത്തി. 2021 ഡിസംബറിലും 2022 മെയ് മാസത്തിനും ഇടയിലാണ് അഞ്ചു പേരും നോര്‍ത്ത് വെയ്ല്‍സ് പോലീസിന്റെ പിടിയില്‍ ആകുന്നത്.

ബ്രിട്ടനിലേക്കുള്ള വാതില്‍ തുറന്നിട്ടില്ല, അടച്ചുറപ്പ് വന്നത് പാരയായത് മലയാളികള്‍ക്ക്

ഇതിന്റെ ബാക്കി പത്രമായി ബ്രിട്ടീഷ് മാധ്യമങ്ങളും വിസ കച്ചവടം സംബന്ധിച്ച് വാര്‍ത്തകള്‍ നല്‍കിയതോടെ വിശദമായ കണക്കുകള്‍ സഹിതം ഹോം ഓഫിസ് റിപ്പോര്‍ട്ട് അന്നത്തെ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലിന്റെ മുന്നിലും എത്തി. പ്രീതി രാജി വച്ച ശേഷം എത്തിയ ആഭ്യന്തര സെക്രട്ടറി സ്യുവേല ബ്രെവര്‍മാന്‍ കര്‍ക്കശ നിലപാട് ആവശ്യം ആണെന്ന് അന്നത്തെ പ്രധാനമന്ത്രി ഋഷി സുനകിനെ ബോധ്യപ്പെടുത്തിയതോടെയാണ് ബ്രിട്ടന്‍ കെയര്‍ വിസയില്‍ യുകെയില്‍ എത്താനുള്ള വാതിലിനു അടച്ചുറപ്പ് ഉറപ്പാക്കിയത്.

ഇതോടെ വിസ കച്ചവട ലോബിക്ക് താല്‍ക്കാലികമായി പത്തി മടക്കി മാളത്തില്‍ ഒളിക്കേണ്ടി വന്നത്. എന്നാല്‍ അധ്വാനിക്കാതെ കിട്ടിയ ഈ പണത്തില്‍ മില്യണുകള്‍ സ്വന്തമാക്കിയവര്‍ യുകെയിലും കേരളത്തിലും നിരവധിയാണ്. ലക്ഷക്കണക്കിന് രൂപയുടെ വാച്ചും കോട്ടും ധരിച്ചു നടക്കുന്ന മലയാളി വിസ ഏജന്റുമാര്‍ പറ്റിച്ചുണ്ടാക്കിയ പണം കൊണ്ടാണ് ആഡംബര ജീവിതം നയിക്കുന്നത് എന്ന സത്യം ബാക്കിയാകുമ്പോള്‍ യുകെ വിസ മോഹം കയറി ലക്ഷക്കണക്കിന് രൂപ വ്യാജ ഏജന്‍സികള്‍ക്ക് നല്‍കി ഇന്നും കേരളത്തില്‍ കാത്തിരിക്കുന്നത് പതിനായിരങ്ങളാണ്.

ഈ തട്ടിപ്പില്‍ രാഷ്ട്രീയ, ഉദ്യോഗസ്ഥ ലോബിയുടെ പിന്തുണ കിട്ടിയവരാണ് തഴച്ചു വളര്‍ന്നത്. നൂറുകണക്കിന് ആളുകളെ യുകെയില്‍ എത്തിച്ച ഏജന്റിനെ കുറിച്ച് ജോലിയില്ലാതായവര്‍ ഉയര്‍ത്തിയ പരാതികള്‍ കേരളത്തിലെ മുന്‍ നിര പത്രത്തില്‍ വാര്‍ത്തയായപ്പോള്‍ പിറ്റേന്നു അതേ പത്രത്തില്‍ തന്നെ ഏജന്റിനെ മാന്യനാക്കും വിധത്തില്‍ വാര്‍ത്ത വന്നതും വിസക്കച്ചവടക്കാരുടെ കരുത്താണ് തെളിയിച്ചത്. കേരളത്തില്‍ ഉടനീളം ആയിരകണക്കിന് വാടക മുറികള്‍ യുകെ വിസയ്ക്കുള്ള സ്വര്‍ഗ്ഗവാതില്‍ ആയി മാറിയപ്പോഴും കാണാന്‍ കണ്ണില്ലാതെ പോയ സര്‍ക്കാരും കേരള പോലീസും വിദേശ നാടുകളില്‍ കേരളത്തിന് ഉണ്ടാകാനിടയുള്ള ചീത്തപ്പേരിനെ കുറിച്ച് മാത്രം ചിന്തിച്ചില്ല എന്നതാണ് ഇപ്പോള്‍ ബ്രിട്ടന്‍ കേരളത്തിന് നല്‍കിയ കുപ്രസിദ്ധിയുടെ സര്‍ട്ടിഫിക്കറ്റില്‍ തെളിഞ്ഞു കിടക്കുന്നത്. ചുരുങ്ങിയത് പത്തു വര്‍ഷത്തെ ജയിലില്‍ കിടക്കാനുള്ള വകുപ്പ് ചാര്‍ജ് ചെയ്യാവുന്ന നിയമം ഇന്ത്യയില്‍ ഉണ്ടെങ്കിലും യുകെയിലേക്ക് ആളെക്കടത്തിയതിനു ഇന്നേവരെ ഒരു കേസ് പോലും കേരളത്തില്‍ ചാര്‍ജ് ചെയ്യപ്പെട്ടിട്ടില്ല എന്ന വിവരം പുറത്തു വരുമ്പോഴാണ് രാഷ്ട്രീയ, ഉദ്യോഗസ്ഥ മേധാവികള്‍ മറപിടിച്ച വ്യാജ വിസ ലോബിയുടെ മുഖംമൂടി അഴിഞ്ഞു വീഴുന്നത്.

നാല്‍പതു വര്‍ഷം മുന്‍പ് ഗള്‍ഫ് നാടുകളിലേക്ക് നടന്ന വ്യാജ വിസ കച്ചവടം മുതല്‍ ദുര്‍ബല വകുപ്പുകള്‍ ചേര്‍ത്ത് വ്യാജ വിസ വില്‍പനക്കാര്‍ക്ക് രക്ഷപെടാന്‍ വഴി ഒരുക്കി നല്‍കിയിരുന്ന പോലീസ് സംവിധാനം തന്നെയാണ് അടുത്തകാലത്ത് യുകെ, കാനഡ അടക്കമുള്ള വിസ തട്ടിപ്പുകളില്‍ ഒന്നാം പ്രതിയായി നില്‍ക്കേണ്ടതും. ഇക്കാര്യങ്ങള്‍ യുകെയില്‍ നിന്നും തന്നെ നോര്‍ക്കയെയും വകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിയുടെ ഓഫീസിനെയും അറിയിച്ചു കൊണ്ടിരുന്നപ്പോഴും എല്ലാം ശരിയാക്കാം എന്ന പല്ലവി ആവര്‍ത്തിക്കപ്പെട്ടതോടെ പരാതികള്‍ പോലും പതിയെ ഇല്ലാതാവുക ആയിരുന്നു. കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ നൂറുകണക്കിന് കോടി രൂപയുടെ വിസക്കച്ചവടമാണ് കേരളത്തില്‍ നിന്നും യുകെയുടെ പേരില്‍ ഏജന്റുമാര്‍ സ്വന്തം പോക്കറ്റിലാക്കിയത്. കൂട്ടത്തില്‍ കൂടുതല്‍ സമര്‍ത്ഥരായ വ്യാജ വിസ കച്ചവടക്കാര്‍ മുന്‍ നിര മാധ്യമങ്ങളെ കൂട്ട് പിടിച്ചു ഒറ്റയടിക്ക് തന്നെ നൂറു കോടിയിലേറെ രൂപ പോക്കറ്റിലാക്കിയതും ഒറ്റപ്പെട്ട സംഭവമല്ല.

Tags:    

Similar News