കേരളത്തിലെ ആശുപത്രികളില്‍ പെരുമ്പാവൂരുകാരന്റെ മാഫിയാ പ്രവര്‍ത്തനം സജീവം; സ്വന്തം ആളുകളെ ഹോസ്പിറ്റലുകളില്‍ നിയോഗിച്ച് ഇയാളുടെ ഇടനില ബിസിനസ്; പണം മോഹിച്ച് ചതിയില്‍ വീഴുന്നവര്‍ക്ക് പറഞ്ഞുറപ്പിച്ച തുക കിട്ടിയില്ലെങ്കില്‍ നിയമ പോരാട്ടത്തിനും കഴിയാത്ത അവസ്ഥ; കൊച്ചിയില്‍ 'അവയവ ദാന' മാഫിയ വീണ്ടും സജീവം
കൊച്ചി: കേരളത്തില്‍ വീണ്ടും അവയവദാന മാഫിയ ശക്തമാകുന്നു. ആശുപത്രി അധികൃതരും, ഇടനിലക്കാരും ഉള്‍പ്പെടുന്ന റാക്കറ്റ് സജീവമായിട്ടും സംസ്ഥാനത്തെ നിയമവ്യവസ്ഥകള്‍ നോക്കുകുത്തികളായിരിക്കുകയാണ്. നിയമങ്ങളെല്ലാം ലംഘിച്ചാണ് പണം നല്‍കി അവയവദാനവും അവയവമാറ്റവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വലിയ റാക്കറ്റ് പ്രവര്‍ത്തിക്കുന്നത്. വന്‍കിട സ്വകാര്യ ആശുപത്രികളെ കേന്ദ്രീകരിച്ചാണ് റാക്കറ്റ് പ്രവര്‍ത്തിക്കുന്നത്. പെരുമ്പാവൂര്‍ സ്വദേശിയാണ് റാക്കറ്റിലെ പ്രധാന അംഗമെന്നാണ് മറുനാടന്‍ അന്വേഷണത്തില്‍ വ്യക്തമാകുന്നത്. ഇയാള്‍ ആശുപത്രികളിലെ ജീവനക്കാരെ സ്വാധീനിച്ച് വ്യാജ രേഖകള്‍ കെട്ടിച്ചമച്ചാണ് അവയവമാറ്റം നടത്തുന്നത്. വാഗ്ദാനം നല്‍കുന്ന തുകയും പലപ്പോഴും ദാതാക്കള്‍ക്ക് മുഴുവനായും ലഭിക്കാറില്ല.
അവയവമാറ്റവുമായി ബന്ധപ്പെട്ട് നിരവധി അറസ്റ്റുകള്‍ മുന്‍കാലങ്ങളില്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഈ റാക്കറ്റ് ഇപ്പോഴും സജീവമാണ്. അതീവരഹസ്യമായാണ് ഇത്തരം റാക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. എറണാകുളത്തെ പ്രമുഖ ആശുപത്രികള്‍ കേന്ദ്രീകരിച്ച് ഈ റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായാണ് മറുനാടന് ലഭിക്കുന്ന വിവരം. ഡോണര്‍മാരെ കണ്ടെത്തി ഇടനിലക്കാര്‍ പണം പറഞ്ഞുറപ്പിക്കുന്നു. ശേഷം വ്യാജ രേഖകള്‍ ചമച്ച് ആശുപത്രികള്‍ വഴി അവയവദാനം നടത്തും. ആവശ്യപ്പെടുന്ന പണം പല ഘട്ടങ്ങളായാണ് കൈപ്പറ്റുന്നത്. എന്നാല്‍ ആദ്യം വാഗ്ദാനം ചെയ്ത മുഴുവന്‍ തുകയും നല്‍കാതെ ഇടനിലക്കാര്‍ ഡോണര്‍മാരെ കബളിപ്പിക്കാറുമുണ്ട്.
ആശുപത്രികളില്‍ ഏജന്റുമാരെ നിയോഗിച്ചാണ് പെരുമ്പാവൂരുകാരന്‍ പിടിമുറുക്കുന്നത്. പലരും അനധികൃത മാഫിയയുടെ ചതിയില്‍ വീണ് അവയവം ദാനം ചെയ്യുന്നത് കഷ്ടപ്പാടു കാരണമാണ്. പണത്തിന് വേണ്ടി ചെയ്യുന്നവര്‍ക്കും ഇത് നിയമവിരുദ്ധമാണെന്ന് അറിയാം. അതുകൊണ്ട് തന്നെ പറഞ്ഞുറപ്പിച്ച പണം കിട്ടിയില്ലെങ്കിലും നിയമ പോരാട്ടം നടത്താന്‍ അവര്‍ക്ക് കഴിയില്ല. ഈ പഴുതുപയോഗിച്ചാണ് പെരുമ്പാവൂരുകാരന്‍ പാവങ്ങളെ പറ്റിക്കുന്നത്. വമ്പന്‍ മാഫിയയുടെ കണ്ണി മാത്രമാണ് ഇയാള്‍. പോലീസ് രഹസ്യാന്വേണ വിഭാഗത്തിന് അടക്കം ഇതെല്ലാം അറിയാം. എന്നാല്‍ ആശുപത്രി മാഫിയയുടെ സ്വാധീനവും കൈക്കൂലിയും എല്ലാം അന്വേഷണങ്ങള്‍ക്ക് തടയിടുന്നുവെന്നാണ് വസ്തുത.
അവയവദാനവുമായി ബന്ധപ്പെട്ട് നിരവധി അറസ്റ്റുകള്‍ മുന്‍പ് ഉണ്ടായിട്ടുണ്ടെങ്കിലും ഈ റാക്കറ്റ് ഇന്നും സജീവമാണെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഇത്തരം നിയമവിരുദ്ധമായ ഇടപാടുകളില്‍ പങ്കുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അന്യസംസ്ഥാനങ്ങളില്‍ നിന്നും ദാതാക്കളെ ഇടനിലക്കാര്‍ കേരളത്തില്‍ എത്തിക്കാറുണ്ട്. അടുത്തിടെ ആന്ധ്രാപ്രദേശ്, തെലങ്കാന, ഉത്തര്‍പ്രദേശ്, ഡല്‍ഹി, കേരളം എന്നിവിടങ്ങളില്‍ നിന്നുള്ള എല്ലാ ദാതാക്കളെയും അന്വേഷണ സംഘം തിരിച്ചറിഞ്ഞിരുന്നു. ആദ്യം വാഗ്ദാനം ചെയ്ത മുഴുവന്‍ തുകയും നല്‍കാതെ അവരില്‍ ചിലരെ ഏജന്റുമാര്‍ വഞ്ചിച്ചതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
അന്താരാഷ്ട്ര അവയവ റാക്കറ്റിലെ കണ്ണിയായ മലയാളിയടക്കം കഴിഞ്ഞ മെയില്‍ ഹൈദരാബാദില്‍ അറസ്റ്റിലായിരുന്നു. അവയവമാറ്റത്തിലൂടെ പണം സമ്പാദിക്കാനെത്തിയ ഇയാള്‍ പിന്നീട് റാക്കറ്റിന്റെ പ്രധാന കണ്ണിയാവുകയായിരുന്നു. ഏജന്റായാല്‍ കൂടുതല്‍ പണം സമ്പാദിക്കാമെന്ന് മനസ്സിലാക്കിയതോടെയാണ് റാക്കറ്റില്‍ അംഗമാകുന്നത്. അവയവ കച്ചവടവുമായി ബന്ധപ്പെട്ട്ശ്രീലങ്കയില്‍ അടക്കം ഇയാള്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇരുപതോളം പേരെ ഇയാള്‍ അവയവ മാറ്റത്തിന് ഇരയാക്കിയെന്നും അന്വേഷണത് സംഘത്തിന് കണ്ടെത്താനായി. ഇറാനിലെ ആശുപത്രിയിലായിരുന്നു ഇവരുടെ അവയവ മാറ്റം നടന്നത്. അവയവ റാക്കറ്റിന്റെ മുഖ്യകണ്ണിയായ ഇറാനിലെ മലയാളി ഡോക്ടറെക്കുറിച്ചും അന്വേഷണ സംഘത്തിന് സുപ്രധാന വിവരങ്ങള്‍ കണ്ടെത്താനായി.
അര്‍ഹതപ്പെട്ടവര്‍ക്ക് അവയവം ലഭിക്കുന്ന പ്രവര്‍ത്തനം കുറ്റമറ്റ രീതിയില്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കുമ്പോളും സജീവമായിരിക്കുകയാണ് ഇത്തരം റാക്കറ്റുകള്‍. കടക്കെണിയിലും മറ്റുമായ കുടുംബങ്ങളില്‍പെട്ടവരെയാണ് അവയവദാനത്തിനായി ഇടനിലക്കാര്‍ സമീപിക്കുന്നത്. അവയവദാനയുമായി ബന്ധപ്പെട്ട് കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ടെങ്കിലും നിയമങ്ങളെ കാറ്റില്‍ പറത്തിയാണ് വ്യാജ രേഖകള്‍ ചമച്ച് ഇടനിലക്കാര്‍ വന്‍ ലാഭം കൊയ്യുന്നത്.