ഇന്ത്യന്‍ വ്യോമസേനാ പൈലറ്റുമാര്‍ ബ്രിട്ടീഷ് എയര്‍ ഫോഴ്സിന്റെ പൈലറ്റ് ട്രെയിനിമാര്‍ക്ക് പരിശീലനം നല്‍കും; ഇന്ത്യന്‍ യുദ്ധവിമാന പൈലറ്റുമാരെ യുകെയിലേക്ക് അയക്കുന്നത് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന പ്രകാരം; ഇന്‍ഡോ-യുകെ ബന്ധം കൂടുതല്‍ ഉയരങ്ങളില്‍

Update: 2025-10-17 02:28 GMT

ന്യൂഡല്‍ഹി: കാലം കാത്തുവെച്ച കാവ്യ നീതിയെന്നോ, ദൈവത്തിന്റെ കുസൃതി എന്നോ ഒക്കെ പറയാം. ഒരുകാലത്ത് ആയുധശക്തി കൊണ്ട് ഇന്ത്യയെ അടക്കിവാണ ബ്രിട്ടീഷ് സാമ്രാജ്യത്തിലെ വര്‍ത്തമാനകാല സൈനികരെ പരിശീലിപ്പിക്കാന്‍ അവര്‍ അപേക്ഷിക്കുന്നത് ഇന്ത്യയോട്. ഇന്ത്യന്‍ വ്യോമസേനയിലെ കാറ്റഗറി എ1, എ2 വിഭാഗത്തില്‍ പെട്ട പൈലറ്റ് പരിശീലകരെ ബ്രിട്ടന്റെ റോയല്‍ എയര്‍ഫോഴ്സ് പൈലറ്റുമാരെ പരിശീലിപ്പിക്കുന്നതിനായി അയയ്ക്കണമെന്ന ബ്രിട്ടന്റെ അപേക്ഷ ഇന്ത്യ സ്വീകരിച്ചു. ഇന്ത്യയും ബ്രിട്ടനുമായുള്ള ബന്ധം ശക്തിപ്പെടുന്നു എന്നതിന്റെ സൂചനയാണിത്.

ഇരു രാജ്യങ്ങള്‍ക്കും ഇടയിലെ പുതിയ പ്രതിരോധ കരാറിന്റെ ഭാഗമായി ഇന്ത്യന്‍ വ്യോമസേനയിലെ പരിശീലകര്‍, റോയല്‍ എയര്‍ഫോഴ്സിലെ പൈലറ്റുമാരുടെ പരിശീലകരായി സേവനം അനുഷ്ഠിക്കും. ആര്‍ എ എഫ് പൈലറ്റ് കേഡറ്റുകളുടെ പ്രവൃത്തന ജ്ഞാനം വിപുലീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്.ആധുനിക വിമാനങ്ങളില്‍ ഏറെ അനുഭവ പരിചയമുള്ള, ഉയര്‍ന്ന യോഗ്യതകളുള്ള കാറ്റഗറി എ 1 , എ2 വിഭാഗത്തില്‍ പെടുന്ന പൈലറ്റുമാരെയാണ് ഇതിനായി നിയോഗിക്കുക.

വ്യോമ പ്രതിരോധ മേഖലയില്‍ വര്‍ദ്ധിച്ചു വരുന്ന ഇന്ത്യയുടെ പ്രശസ്തിക്ക് അടിവരയിടുന്നതാണ് ഈ കരാര്‍. രണ്ടാം ലോക മഹായുദ്ധകാലം മുതല്‍ തന്നെ ഇന്ത്യയും ബ്രിട്ടനുമായി സൈനിക സഹവര്‍ത്തിത്തം നിലനില്‍ക്കുന്നുണ്ട്. അന്ന് പരിശീലനം ലഭിച്ച ഇന്ത്യന്‍ പൈലറ്റുമാര്‍ ബ്രിട്ടീഷ് റോയല്‍ എയര്‍ഫോഴ്സിന്റെ ഭാഗമായിരുന്നു. അടുത്ത കാലത്തായി ഈ ബന്ധം കൂടുതല്‍ തന്ത്രപരമായ ബന്ധമായി വളര്‍ന്നിരുന്നു. ഇരു രാജ്യങ്ങളും യോജിച്ചുകൊണ്ടുള്ള സൈനിക പരിശീലനങ്ങളും നടത്തിയിരുന്നു.

അതിനോടൊപ്പം, സൈനിക തലത്തില്‍ സാങ്കേതിക വിദ്യയുടെ കൈമാറ്റവും, സാമ്പത്തിക കരാറുകളും നിലവിലുണ്ട്. 2025 ജൂലായില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിട്ടന്‍ സന്ദര്‍ശിച്ചപ്പോള്‍ ഒപ്പു വച്ച സമഗ്ര സാമ്പത്തിക വ്യാപാര കരാറിന്റെ (സി ഇ ടി എ) ഭാഗമായിട്ടുള്ളതാണ് പ്രതിരോധ രംഗത്തെ സഹകരണവും.ഈ കാരാര്‍ വഴി ഇരു രാജ്യങ്ങള്‍ക്കും ഇടയിലെ വ്യാപാരം കൂടുതല്‍ വിപുലമാവുകയും, നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യും.

ഭാവിയില്‍ ഈ ബന്ധം വ്യോമയാന രംഗത്തെ സാങ്കേതിക വിദ്യ, പ്രതിരോധ രംഗത്തെ പരിശീലനം, എന്നിവയിലെക്ക് കൂടി വ്യാപിക്കുകയും ഐ എ എഫും, ആര്‍ എ എഫും യോജിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ എയര്‍ഫോഴ്സ് പരിശീലകരില്‍ നിന്നും ലഭിക്കുന്ന പരിശീലനം ആഗോളതലത്തില്‍ മാറിവരുന്ന സുരക്ഷാ ആശങ്കകളെ ഫലപ്രദമായി പ്രതിരോധിക്കാന്‍ ബ്രിട്ടീഷ് എയര്‍ഫോഴ്സിനെ സഹായിക്കും എന്ന് ബ്രിട്ടീഷ് പ്രതിരോധ വിദഗ്ധര്‍ വിലയിരുത്തുന്നു.

ഇന്ത്യയ്ക്ക്, പ്രതിരോധ മേഖലയിലെ സോഫ്റ്റ് പവര്‍ കൂടുതല്‍ രംഗങ്ങളില്‍ ഉപയോഗിക്കുവാനും അതുവഴി അന്താരാഷ്ട്ര തലത്തില്‍ തന്നെ കൂടുതല്‍ സജീവമാകാനും സഹായിക്കും.

Tags:    

Similar News