ആനയറയിലെ ഗുണ്ട ശബരിമല സെക്യൂരിറ്റിയായി; പേട്ടയിലെ പ്രശ്നക്കാരന്‍ ഭക്തരെ കൈകാര്യം ചെയ്തപ്പോള്‍ പോലീസ് ഇടപെട്ടു; കണ്ടെത്തിയത് 'കാപ്പയും'; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വിശ്വസ്തനെ തൊട്ടപ്പോള്‍ ഹാലിളകിയത് വാസുവിനും; ഈ ഐപിഎസുകാരനെ ഇനി ശബരിമലയില്‍ വിടരുതെന്ന് പിണറായിക്ക് കത്തുമെഴുതിയ അപൂര്‍വ്വത; വാസു സഞ്ചരിച്ചത് വഴി തെറ്റി തന്നെ

Update: 2025-11-12 02:38 GMT

തിരുവനന്തപുരം: ശബരിമലയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് മാത്രമല്ല ഗുണ്ടകള്‍ക്കും എല്ലാ സഹായവും നല്‍കി എന്‍ വാസു. ശബരിമലയില്‍ ജോലിക്ക് എത്തുന്നത് ക്രിമിനലുകളാണെന്ന തിരിച്ചറിവില്‍ ഇടപെട്ട ഐപിഎസുകാരനേയും വാസു വെറുതെ വിട്ടില്ല. ഒരു പോലീസ് ഉദ്യോഗസ്ഥനെ ഇനി മേലാല്‍ ശബരിമല ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്ന് കത്തെഴുതിയ ഏക ദേവസ്വം ബോര്‍ഡ് പ്രസിഡന്റും വാസുവാണ്. അതുകൊണ്ട് തന്നെ വാസു അറസ്റ്റിലാകുമ്പോള്‍ പോലീസ് സേനയും ആ പഴയ കഥ ഓര്‍ത്തെടുക്കുന്നു.

ശബരിമലയില്‍ താല്‍കാലിക ജീവനക്കാരനെ കാണാതായ സംഭവത്തില്‍ പല ദുരൂഹതകളും ഉണ്ടായിരുന്നു. സന്നിധാനത്തെ ചില സെക്യൂരിറ്റി ജീവനക്കാര്‍ അടിച്ചു കൊന്നതാണെന്നും സംശയമെത്തി. എന്നാല്‍ കാണാതായ ആള്‍ മരിച്ചെന്ന് ഉറപ്പിക്കാന്‍ പോലും പൊലീസിന് കഴിയാത്ത വിധമായിരുന്നു തെളിവ് നശീകരണം. ഇത് മനസ്സിലാക്കിയാണ് 2019ല്‍ സന്നിധാനം സെപ്ഷ്യല്‍ പോലീസ് ഓഫീസറായ രാഹുല്‍ ആര്‍ നായര്‍ ഇടപെട്ടത്. ദേവസ്വം ബോര്‍ഡിലെ പ്രധാന സെക്യൂരിറ്റിക്കാരനെതിരെയായിരുന്നു നീക്കം. ഇത് വാസുവിന് പിടിച്ചില്ല. ഉടന്‍ മുഖ്യമന്ത്രിക്ക് കത്തെഴുതി. ഈ ഐപിഎസുകാരനെ ഇനി ശബരിമലയിലേക്ക് വിടരുതെന്ന്. അതിന് മുമ്പും ശേഷവും ഇത്തരമൊരു കത്ത് ആരും അയച്ചിട്ടില്ല.

തിരുവനന്തപുരത്തെ സ്റ്റേഷനുകളില്‍ സ്ഥിര പ്രശ്നക്കാരനായതോടെ കാപ്പ ചുമത്താന്‍ പോലും പൊലീസ് ഒരു ഘട്ടത്തില്‍ ആലോചിച്ച വ്യക്തിയായിരുന്നു ആ സെക്യൂരിറ്റിക്കാരന്‍. ഇത്തരത്തിലൊരു വ്യക്തിയാണ് ദേവസ്വം ബോര്‍ഡില്‍ അന്ന് സ്ഥിര ജീവനക്കാരനായത്. പി എസ് സിയിലും മറ്റും ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നതിന് മുമ്പ് പോലീസ് വെരിഫിക്കേഷന്‍ നിര്‍ബന്ധമാണ്. എന്നാല്‍ ദേവസ്വം ബോര്‍ഡില്‍ ആര്‍ക്കും അന്ന് ജോലിക്ക് കയറാമായിരുന്നു. ശബരിമല അയ്യപ്പന്റെ തിരുനടയായ സോപാനത്ത് സുരക്ഷയൊരുക്കിയത് ഈ ഉദ്യോഗസ്ഥനായിരുന്നു. സന്നിധാനത്തെ പ്രത്യേക സുരക്ഷാ മേഖലയില്‍ ഉണ്ടായ നിരവധി പരാതികളെ തുടര്‍ന്നാണ് ഈ സെക്യൂരിറ്റിക്കാരന്റെ പശ്ചാത്തലം പൊലീസ് അന്വേഷിച്ചത്. ആറ് കേസുകളിലെ പ്രതിയായിരുന്നു ഇയാളെന്ന് പൊലീസ് തിരിച്ചറിഞ്ഞു.

അത്യാധുനിക മൊബൈല്‍ ഫോണുമായി നടക്കുന്ന ഇയാള്‍ക്ക് ഇത് മറ്റാരോ വാങ്ങി നല്‍കിയതാണെന്നും വ്യക്തമായി. ഇത് സന്നിധാനത്ത് എത്തുന്ന ഭക്തരില്‍ നിന്ന് വാങ്ങിയാതാണെന്നും കണ്ടെത്തി. ദൂബായില്‍ നിന്നാണ് ഈ ഫോണ്‍ വാങ്ങിയിരിക്കുന്നത്. പൊലീസുകാരനെ ആക്രമിച്ചതില്‍ അടക്കം നിരവധി കേസുകളില്‍ പ്രതിയായിരുന്നു അയാള്‍. ആനയറക്കാരനായ ഈ സെക്യൂരിറ്റിക്കെതിരെ പേട്ടയിലും മ്യൂസിയത്തുമെല്ലാം അന്ന് കേസുകളുണ്ടായിരുന്നു. ഇന്ന് കേസില്‍ പ്രതിയാകുന്നവര്‍ക്ക് ശബരിമലയില്‍ നിയമനം കിട്ടില്ല. പോലീസ് വെരിഫിക്കേഷന്‍ നിര്‍ബന്ധമാണ്. 2019വരെ അതായിരുന്നില്ല സ്ഥിതി. ഉണ്ണികൃഷ്ണന്‍ പോറ്റി അടക്കമുള്ളവരുടെ പിന്തുണ ആ സെക്യൂരിറ്റിക്കാരനുണ്ടായിരുന്നു. ആനയറയിലെ ക്ഷേത്രത്തില്‍ നവീകരണത്തിന് ഉണ്ണികൃഷ്ണന്‍ പോറ്റി എത്തിയതും ഈ സെക്യൂരിറ്റിയുടെ കൂടെ ഇടപെടല്‍ കാരണമാണെന്നും സൂചനയുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ കര്‍ശന നിര്‍ദ്ദേശം പരിഗണിച്ച് ഭക്തരോട് കരുതലുകളെടുത്താണ് പൊലീസ് പെരുമാറുന്നത്. ദേവസ്വം ഗാര്‍ഡുമാര്‍ സുരക്ഷ നോക്കിന്നിടത്ത് ഇത് നടക്കുന്നില്ലെന്നായിരുന്നു അന്ന് ഉയര്‍ന്ന ആക്ഷേപം. ദര്‍ശനത്തിന് എത്തുന്നവരെ ദേവസ്വം ഗാര്‍ഡുകള്‍ കൈകാര്യം ചെയ്യുന്നതായി പൊലീസിന് മുമ്പില്‍ പല പരാതികള്‍ കിട്ടി. ഇതോടെയാണ് ഗാര്‍ഡിനെ കുറിച്ച് അന്വേഷണം തുടങ്ങിയത്. വിവരങ്ങള്‍ തിരിച്ചറിഞ്ഞ് പൊലീസുകാര്‍ തന്നെ ഞെട്ടി. പൊലീസിന് കിട്ടിയ പരാതിയിലെ ആരോപണ വിധേയന്‍ കുപ്രിസിദ്ധ ഗുണ്ട പ്രതിയായ കേസിലെ കുട്ടു പ്രതിയായിരുന്നു. ഇയാളെ സന്നിധാനം പൊലീസ് ചോദ്യം ചെയ്യുകയും ചെയ്തു. കേസുകളെ കുറിച്ച് സമ്മതിച്ചു.

അന്ന് സോപാനത്തെ നിയന്ത്രിക്കുന്ന സെക്യൂരിറ്റിക്കാരന്റെ ക്രിമിനല്‍ പശ്ചാത്തലം ഐബിയും സ്‌പെഷ്യല്‍ ബ്രാഞ്ചും അന്വേഷിച്ചു. ഒരു സംഭവത്തില്‍ അന്വേഷണം നടക്കുമമ്പോള്‍ മറ്റൊരു തീര്‍ത്ഥാടകനയേും സോപാനത്തിന് മുമ്പിലിട്ട് കൈയേറ്റം ചെയ്തു. ഇയാളോട് മോശമായി സെക്യൂരിറ്റിക്കാരന്‍ പെരുമാറി. ഇത് പൊലീസ് ചോദ്യം ചെയ്‌തെങ്കിലും വാക്കേറ്റത്തിന് ദേവസ്വം ജീവനക്കാരന്‍ ശ്രമിക്കുകയാണ് ചെയ്തത്. പൊലീസിന്റെ നിര്‍ദ്ദേശം അവഗണിച്ച് ദേവസ്വം ജീവനക്കാരന്‍ ഫോട്ടോ എടുക്കുകയും ചെയ്തു. ഈ മേഖലയില്‍ ഫോട്ടോഗ്രഫി നിരോധിച്ചിട്ടുണ്ട്.

ഇവിടെയാണ് അത്യാധുനിക ക്യാമറാ ഫോണ്‍ ഉപയോഗിച്ച് സെക്യൂരിറ്റിക്കാരന്‍ ചിത്രമെടുത്തത്. ഇക്കാര്യങ്ങളെല്ലാം അവിടെയുണ്ടായിരുന്ന സിഐയോട് പൊലീസുകാരന്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. സിഐ കാര്യങ്ങള്‍ തിരക്കിയപ്പോഴും സിഐയെ ഭീഷണിപ്പെടുത്തി. ഈ സംഭവത്തില്‍ പൊലീസ് കേസെടുക്കുകയും ചെയ്തു. ഇത് വാസുവിന് പിടിച്ചില്ല. അങ്ങനെയാണ് രാഹുല്‍ ആര്‍ നായര്‍ക്കെതിരെ കത്തയച്ചത്. രാഹുല്‍ കേന്ദ്ര ഡെപ്യൂട്ടേഷനില്‍ ഇപ്പോള്‍ ഡല്‍ഹിയിലാണ്. എന്‍ എസ് ജിയില്‍ ഡിഐജി. ഈ സമയത്താണ് വാസു സ്വര്‍ണ്ണ കൊള്ളക്കേസില്‍ അകത്താകുന്നത്.

Tags:    

Similar News