ശങ്കരദാസിന് മാപ്പുസാക്ഷിയാകാന്‍ താ്ല്‍പ്പര്യം; പത്മകുമാറിനെ കുറ്റപ്പെടുത്തി സത്യമെല്ലാം കോടതിയെ അറിയിക്കാന്‍ വാസുവും റെഡി; പോറ്റിക്ക് സ്വര്‍ണം പൂശാന്‍ പാളികള്‍ വിട്ടുനല്‍കിയത് തന്റെ മാത്രം തീരുമാനമല്ലെന്നും ബോര്‍ഡിലെ മറ്റംഗങ്ങള്‍ക്കും അറിവുണ്ടായിരുന്നെന്നും പത്മകുമാറിന്റെ മൊഴിയും; ശബരിമല കൊള്ളയില്‍ ഇനി നിര്‍ണ്ണായക നീക്കങ്ങള്‍

Update: 2025-11-23 00:36 GMT

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളായ എന്‍ വിജയകുമാറിനെയും കെ പി ശങ്കരദാസിനെയും പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും. അതിന് ശേഷം അറസ്റ്റു ചെയ്യാനാണ് സാധ്യത. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഉടന്‍ നോട്ടീസ് നല്‍കും. കട്ടിളപ്പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം കൊടുത്തുവിടുന്നതിന് എ പത്മകുമാര്‍ ആദ്യം ഇടപെടല്‍ നടത്തിയത് ഇവര്‍കൂടി അംഗങ്ങളായ ബോര്‍ഡിലായിരുന്നു. ഇതില്‍ ശങ്കരദാസിനെ മാപ്പു സാക്ഷിയാക്കാനും സാധ്യതയുണ്ട്. അതിനിടെ വാസുവും മാപ്പു സാക്ഷിയാകന്‍ സമ്മതിച്ചേക്കുമെന്നും സൂചനയുണ്ട്, കേസില്‍ അതിവേഗ കുറ്റപത്രം കൊടക്കണം. അതിന് മാപ്പു സാക്ഷി അനിവാര്യമാണ്.

ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വര്‍ണം പൂശാന്‍ ശബരിമലയിലെ പാളികള്‍ വിട്ടുനല്‍കിയത് തന്റെ മാത്രം തീരുമാനമല്ലെന്നും ബോര്‍ഡിലെ മറ്റംഗങ്ങള്‍ക്കും അറിവുണ്ടായിരുന്നെന്നും പത്മകുമാറിന്റെ മൊഴിയുണ്ട്. ബോര്‍ഡംഗങ്ങളായിരുന്ന കെ.പി. ശങ്കരദാസും എ. വിജയകുമാറും ഇതോടെ കുരുക്കിലായി. 2019 കാലത്തെ തന്ത്രിക്കെതിരേയും പത്മകുമാര്‍ മൊഴി നല്‍കി. തന്ത്രിയുടെ മൊഴിയും പ്രത്യേക അന്വേഷണസംഘം രേഖപ്പെടുത്തും. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടുത്ത ബന്ധമുള്ള നിരവധി ഉന്നതരുടെ പേരുകള്‍ പത്മകുമാര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

ഉണ്ണികൃഷ്ണന്‍ പോറ്റി ദേവസ്വം ബോര്‍ഡിന് അപേക്ഷ നല്‍കട്ടെ എന്നതായിരുന്നു അന്ന് എന്‍ വിജയകുമാറും കെ പി ശങ്കരദാസും എടുത്ത നിലപാട്. നേരത്തെ ഇവര് രണ്ടുപേരെയും അന്വേഷണസംഘം പ്രാഥമിക ചോദ്യം ചെയ്യല്‍ നടത്തിയിരുന്നു. സ്വര്‍ണകൊള്ളയില്‍ എ പത്മകുമാറിന്റെ പങ്ക് സ്ഥിരീകരിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ ലഭിച്ച സാഹചര്യത്തിലാണ് കാര്യത്തില്‍ വ്യക്തത വരുത്താനായി ഇരുവരെയും ചോദ്യംചെയ്യുക. എ പത്മകുമാറിനെ വിശദമായി ചോദ്യംചെയ്യാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. തിങ്കളാഴ്ച കൊല്ലം വിജിലന്‍സ് കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കും. എന്‍ വാസുവിനെ വീണ്ടും ചോദ്യം ചെയ്യാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. ഈ നടപടികളും നിര്‍ണ്ണായകമാകും.

ഉണ്ണികൃഷ്ണന്‍ പോറ്റിക്കായി പത്മകുമാര്‍ നടത്തിയ ഇടപെടലില്‍ നിര്‍ണായക വിവരങ്ങള്‍ നല്‍കാന്‍ കഴിയുന്ന ദേവസ്വം ബോര്‍ഡിലെ മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ രാജേന്ദ്രന്‍ അടക്കമുള്ളവരെ അന്വേഷണസംഘം ചോദ്യം ചെയ്യും. പല ഓഫീസുകളിലും ഉദ്യോഗസ്ഥരെ പത്മകുമാര്‍ സ്വാധീനിച്ചു എന്നാണ് എന്‍ വാസുവിന്റെയും മൊഴി. കട്ടിളപ്പാളികളും ശ്രീകോവിലെ വാതിലുമായി ഉണ്ണികൃഷ്ണന്‍ പോറ്റി വിവിധ സ്ഥലങ്ങളില്‍ പൂജ നടത്തിയെന്നു നേരത്തെ കണ്ടെത്തിയിട്ടുണ്ട്.പൂജയുടെ ഭാഗമായ നടന്‍ ജയറാം അടക്കമുള്ളവരുടെയും മൊഴി രേഖപ്പെടുത്തും. മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും എസ്‌ഐടി ചോദ്യം ചെയ്‌തേക്കും.

കട്ടിളപ്പാളികള്‍ പോറ്റിക്ക് കൈമാറണമെന്ന കാര്യം പരിശോധിക്കാന്‍ സര്‍ക്കാറും ആവശ്യപ്പെട്ടെന്ന പത്മകുമാറിന്റെ മൊഴിയാണ് കടകംപള്ളിക്ക് കുരുക്കാകുന്നത്. പോറ്റിക്ക് പാളികള്‍ കൈമാറാന്‍ പത്മകുമാര്‍ ദേവസ്വം മിനുട്‌സില്‍ സ്വന്തം കൈപ്പടയില്‍ ചെമ്പ് പാളികളെന്ന എഴുതിച്ചേര്‍ത്തെന്നാണ് എസ്‌ഐടിയുടെ നിര്‍ണായക കണ്ടെത്തല്‍. ഉദ്യോഗസ്ഥര്‍ നല്‍കിയ ഫയലില്‍ തീരുമാനമെടുക്കുക മാത്രമായിരുന്നെന്ന് പത്മകുമാര്‍ ചോദ്യംചെയ്യലില്‍ ആവര്‍ത്തിച്ചിരുന്നു. പക്ഷേ, ബോര്‍ഡ് യോഗത്തിനുള്ള അജന്‍ഡ നോട്ടിലെ മുപ്പതാം ഇനത്തില്‍ പിത്തളയില്‍ എന്ന ഭാഗം വെട്ടി സ്വന്തം കൈപ്പടയില്‍ 'ചെമ്പ് പാളികള്‍' എന്നെഴുതിയതും, പാളികള്‍ പോറ്റിക്ക് നല്‍കാമോയെന്ന ഭാഗത്ത് അനുവദിക്കുന്നു എന്നെഴുതി ഒപ്പിട്ടു നല്‍കിയതുമാണ് കുരുക്കായത്. കട്ടിളപ്പാളിയില്‍ സ്വര്‍ണമുണ്ടെന്ന് അറിവുണ്ടായിരിക്കെയാണ് ഇതു ചെയ്തത്. കൃത്യനിര്‍വഹണത്തില്‍ വീഴ്ചവരുത്തിയാണ് ബോര്‍ഡ് ഈ തീരുമാനമെടുത്തതെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. പത്മകുമാറും ഉണ്ണികൃഷ്ണന്‍ പോറ്റിയും തമ്മിലെ സാമ്പത്തിക ഇടപാട് അഴിമതിക്ക് തെളിവാണ്.

ബോര്‍ഡ് തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ 2019 മാര്‍ച്ച് 20ന് ദേവസ്വം സെക്രട്ടറി പോറ്റിക്ക് സ്വര്‍ണപ്പാളികള്‍ നല്‍കാന്‍ ഉത്തരവിറക്കി. പോറ്റിയും കൂട്ടാളികളും ചേര്‍ന്നുള്ള സ്വര്‍ണക്കൊള്ളയ്ക്ക് പത്മകുമാര്‍ ഒത്താശ ചെയ്‌തെന്നും ദേവസ്വത്തിനും ശബരിമലയ്ക്കും നഷ്ടം വരുത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്.

Tags:    

Similar News