പി വി അന്‍വര്‍ ആവശ്യപ്പെട്ടത് രണ്ട് സീറ്റും മുന്നണി പ്രവേശനവും വിജയിച്ചാല്‍ മന്ത്രിസ്ഥാനവും വേണമെന്ന്; നടപ്പുള്ള കാര്യമല്ലെന്ന് യുഡിഎഫ് നേതാക്കള്‍; തിരുവമ്പാടി സീറ്റ് മാത്രം വിട്ടു നല്‍കാന്‍ തയ്യാറെന്ന നിലപാടില്‍ മുസ്ലിംലീഗ്; ഇപ്പോള്‍ നിലമ്പൂരില്‍ പിന്തുണ, മറ്റു കാര്യങ്ങളെല്ലാം പിന്നീട് നോക്കാമെന്ന നിലപാടില്‍ സതീശന്‍; അന്‍വര്‍ അടങ്ങുന്നത് ലീഗിന്റെ തിരുവമ്പാടി ഓഫറില്‍
പി വി അന്‍വര്‍ ആവശ്യപ്പെട്ടത് രണ്ട് സീറ്റും മുന്നണി പ്രവേശനവും വിജയിച്ചാല്‍ മന്ത്രിസ്ഥാനവും വേണമെന്ന്
മലപ്പുറം: ഇടതു മുന്നണി പാളയംവിട്ട് യുഡിഎഫില്‍ കയറാന്‍ വേണ്ടി പരക്കംപാഞ്ഞ് നടക്കുകയാണ് പി വി അന്‍വര്‍. എങ്ങനെയെങ്കിലും യുഡിഎഫില്‍ കയറുക എന്ന ലക്ഷ്യത്തോടെയാണ് നിലമ്പൂരിലെ എംഎല്‍എ സ്ഥാനം രാജിവെച്ച് അദ്ദേഹം ഉപതിരഞ്ഞെടുപ്പിന് കളമൊരുക്കിയതും. ഇങ്ങനെ രാജിപ്രഖ്യാപനം നടത്തിയ ശേഷം നിലമ്പൂര്‍ പൂര്‍ണമായും കൈവിടാതിരിക്കാന്‍ വേണ്ടിയാണ് അന്‍വര്‍ ശ്രമിച്ചത്. ഇതിനാണ് ആര്യാടന്‍ ഷൗക്കത്തിന്റെ പേര് അംഗീകരിക്കാതെ വിലപേശല്‍ നടത്തിയതും. എന്നാല്‍, ഇത് വിലപ്പോകാതെ വന്നതോടെ അന്‍വര്‍ മുസ്ലിംലീഗ് വെച്ചു നീട്ടിയ ഓഫറിന് മുന്നില്‍ അടങ്ങിയിരിക്കയാണ് തല്‍ക്കാലം.
സംഗതി ആളും ആരവവും ഇല്ലാത്ത ഈര്‍ക്കിള്‍ പാര്‍ട്ടിയാണെങ്കിലും അന്‍വര്‍ യുഡിഎഫ് നേതൃത്വത്തിന് മുന്നില്‍ വെച്ചത് വലിയ ഡിമാന്‍ഡുകളാണ്. വിലപേശല്‍ ശേഷിയില്ലെങ്കിലും അന്‍വര്‍ യുഡിഎഫ് നേതാക്കളുമായുള്ള ചര്‍ച്ചയില്‍ ആവശ്യപ്പെട്ടത് രണ്ട് സീറ്റുകള്‍ വേണമെന്നാണ്. കൂടാതെ തൃണമൂല്‍ കോണ്‍ഗ്രസിന് മുന്നണി പ്രവേശനവും യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ മന്ത്രിസ്ഥാനം വേണമെന്നും ആവശ്യം മുന്നോട്ടു വെച്ചു.
എന്നാല്‍ ആവശ്യങ്ങളില്‍ മിക്കതും യുഡിഎഫ് നേതാക്കള്‍ തള്ളി. പി വി അന്‍വര്‍ ആദ്യം നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പുമായി സഹകരിക്കട്ടെ, അതിന് ശേഷം പിന്നീടാകാം മറ്റു കാര്യങ്ങളിലെ ചര്‍ച്ചകള്‍ എന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മുന്നോട്ടു വെച്ച കാര്യം. ഈ നിലപാടില്‍ ഉറച്ചു നിന്ന് അന്‍വറിന്റെ വിലപേശലിന് വഴങ്ങില്ലെന്ന സൂചനയാണ് സതീശന്‍ നല്‍കിയത്. അന്‍വറിന് ഒരു സീറ്റ് നല്‍കി ഒപ്പം കൂട്ടണം എന്ന നിലപാടിലാണ് കെ സുധാകരനും കെ മുരളീധരനും. ഇക്കാര്യം വ്യക്തമാക്കാന്‍ വേണ്ടിയാണ് ജയന്തും പ്രവീണ്‍കുമാറിനും അന്‍വറിന്റെ വസതിയില്‍ എത്തി കണ്ടത്.
ഇതോടെയാണ് ലീഗ് നേതാക്കളുമായി അന്‍വര്‍ ചര്‍ച്ചകളിലേക്ക് കടന്നത്. കുഞ്ഞാലിക്കുട്ടിയും പിഎംഎ സലാമും പി വി അബ്ദുള്‍ വഹാബുമായി അന്‍വര്‍ ചര്‍ച്ച നടത്തി. കുഞ്ഞാലിക്കുട്ടിയുമായുള്ള ചര്‍ച്ചയില്‍ അന്‍വറിന് ഒരുസീറ്റ് നല്‍കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി. എന്നാല്‍, അതിനൊപ്പം തന്നെ ആ സീറ്റ് ലീഗിന്റെ ബാധ്യതയായി ഏറ്റെടുക്കാന്‍ ആകില്ലെന്ന സൂചനയും കുഞ്ഞാലിക്കുട്ടി നല്‍കി. വിജയസാധ്യതയുള്ള തിരുവമ്പാടി സീറ്റ് വിട്ടു നല്‍കാന്‍ ലീഗ് തയ്യാറാണ്. എന്നാല്‍, പകരം കോണ്‍ഗ്രസ്് മത്സരിക്കുന്ന പൂഞ്ഞാര്‍ സീറ്റ് ലീഗ് കോണ്‍ഗ്രസില്‍ നിന്നും ആവശ്യപ്പെടും. ഇതോടെ കോണ്‍ഗ്രസിന്റെ ചെലവിലാകും അന്‍വറിന്റെ അക്കോമഡേഷന്‍. എന്നാല്‍, ഇത്തരം ചര്‍ച്ചകളൊന്നും ഇപ്പോള്‍ വേണ്ടെന്നാണ് സതീശന്‍ നിലപാട് സ്വീകരിച്ചത്.
അതേസമയം അന്‍വറിനെ മലപ്പുറത്ത് അടുപ്പിക്കില്ലെന്ന നിലപാടിലാണ് ഡിസിസി ഉള്ളത്. അന്‍വറിന് മലപ്പുറത്ത് സീറ്റ് നല്കാന് കഴിയില്ലെന്ന നിലപാടും അവര്‍ വ്യക്തമാക്കുന്നു. തൃണമൂല്‍ കോണ്‍ഗ്രസിനെ മുന്നണിയില്‍ എടുക്കാനും സാധിക്കില്ലെന്ന നിലപാടിലാണ് ഹൈക്കമാന്‍ഡുള്ളത്. അതുകൊണ്ട് യുഡിഎഫിലേക്ക് പ്രവേശിക്കുക എന്നത് അന്‍വറിനെ സംബന്ധിച്ചിടത്തോളം നടക്കുന്ന കാര്യമല്ല. മുന്നണി പ്രവേശനത്തില്‍ അടക്കം ഒരു കാര്യങ്ങളിലും അന്തിമ ഉറപ്പ് ലഭിക്കാതെയാണ് അന്‍വര്‍ അടങ്ങാന്‍ ഒരുങ്ങുന്നത്.
്അതേസമയം, യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിനെതിരെ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണെന്നും പിവി അന്‍വര്‍ ഇന്നലെ പറഞ്ഞിരുന്നു. ഷൗക്കത്തിനെക്കുറിച്ച് പറഞ്ഞത് വസ്തുകളാണ്. യുഡിഎഫിന് പുറത്തുള്ള കക്ഷി എന്ന നിലയിലാണ് ഷൗക്കത്തിനെക്കുറിച്ചുള്ള കാര്യങ്ങള്‍ പറഞ്ഞത്. തൃണമൂല്‍ കോണ്‍ഗ്രസ് യുഡിഎഫിന് അകത്തായാല്‍ മുന്നണിയുടെ നിലപാട് പറയും എന്നാണ് അന്‍വര്‍ പറഞ്ഞത്. എന്നാല്‍, ആദ്യം അന്‍വര്‍ ഷൗക്കത്തിന്റെ കാര്യത്തില്‍ തിരുത്തല്‍ വരുത്തേണ്ടി വരും.
അന്‍വറിന്റെ വിലപേശലിന് കോണ്‍ഗ്രസ് വഴങ്ങാത്ത സാഹചര്യത്തിലാണ് പിവി അന്‍വര്‍ അബ്ദുല്‍ വഹാബ് എംപിയുടെ വീട്ടിലെത്തി പിവി അന്‍വര്‍ ചര്‍ച്ച നടത്തിയിരുന്നു. യുഡിഎഫ് കടുപ്പിച്ചപ്പോള്‍ അന്‍വര്‍ അയഞ്ഞെന്ന സൂചനയാണ് അന്‍വര്‍ നല്‍കുന്നതും. ഇന്ന് നിലപാട് പ്രഖ്യാപിക്കാനിരിക്കയാണ് താനും. സ്വന്തമായി മത്സരിക്കും എന്നതടക്കം കടുത്ത നിലപാടില്‍ നിന്ന് മയപ്പെട്ട അന്‍വര്‍ ലീഗ് മധ്യസ്ഥതയിലൂടെയുള്ള ചര്‍ച്ചകളില്‍ തൃപ്തനാണ് എന്നാണ് സൂചന. സ്വന്തമായി മത്സരിച്ചാല്‍ അത് ഗുണകരമാകില്ലെന്ന തിരിച്ചറിവാലാണ് അന്‍വറുള്ളത്. ഇക്കാര്യം ബോധ്യമായതോടെയാണ് അന്‍വര്‍ അടങ്ങുന്നത്. വി ഡി സതീശന്‍ ശക്തമായ നിലപാട് സ്വീകരിച്ചതോടയാണ് അന്‍വറിന് വഴങ്ങേണ്ടി വന്നത്.
അന്‍വര്‍ പ്രതീക്ഷിക്കുന്ന പോലെ ഘടകക്ഷി സ്റ്റാറ്റസ് ലഭിക്കുമോ എന്ന് സംശയമാണ്. അസോസിയേറ് മെമ്പര്‍ സ്റ്റാറ്റസ് കൊണ്ട് അന്‍വറും കൂട്ടരും തൃപ്തിപ്പെടുമോ എന്നും അറിയേണ്ടതുണ്ട്. അതേസമയം ഫുട്‌ബോഡില്‍ നിന്നാണെങ്കിലും ലക്ഷ്യത്തിലെത്തിയാല്‍ മതിയല്ലോയെന്ന് പറഞ്ഞ അന്‍വര്‍ ഘടകകക്ഷിയാക്കണമെന്ന കടുംപിടുത്തത്തില്‍ നിന്ന് പിന്നോട്ടു പോയിട്ടുണ്ട്. അന്‍വറിന്റ സമ്മര്‍ദത്തിന് വഴങ്ങില്ല. അന്‍വറിന് വേണമെങ്കില്‍ യുഡിഎഫിനെ പിന്തുണയ്ക്കാം. ആര്യാടന്‍ ഷൗക്കത്തിനെതിരെ അന്‍വര്‍ നടത്തിയ പരാമര്‍ശങ്ങള്‍ തിരുത്തി പറഞ്ഞാല്‍ അന്‍വറിനെ മുന്നണിയില്‍ അസോഷ്യേറ്റ് അംഗമാക്കുന്ന കാര്യം പരിഗണിക്കാം. ഇതായിരുന്നു യുഡിഎഫിന്റെ നിലപാട് . സമ്മര്‍ദം വിജയിക്കില്ലെന്ന് കണ്ടതോടെ അന്‍വര്‍ വീണ്ടും പി കെ കുഞ്ഞാലിക്കുട്ടിയുമായി ചര്‍ച്ച നടത്തി ഇതിന്‌ശേഷമാണ് നിലപാട് മായപ്പെടുത്തിയത്.