മലബാറില്‍ മുസ്ലീം ലീഗിന് ബദലാകാന്‍ അന്‍വറിന്റെ പാര്‍ട്ടി വരുന്നു; കെ ടി ജലീലും കാരാട്ട് റസാഖും പിടിഎ റഹിമുമടക്കം നേതാക്കള്‍; കാന്തപുരത്തിന്റെയടക്കം പിന്തുണ; ഇടതിന് തലവേദനയായി ഇടതുസഹയാത്രികര്‍

മുസ്ലീം ലീഗിന് ബദലായി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ നീക്കം

Update: 2024-09-17 13:29 GMT

തിരുവനന്തപുരം: മലബാറില്‍ മുസ്ലീം ലീഗിന് ബദലായി മുസ്ലീം സമുദായത്തിലെ പ്രമുഖരുടെ പിന്തുണയോടെ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിന്റെ നേതൃത്വത്തില്‍ നീക്കം തുടങ്ങിയതായി സൂചന. പി വി അന്‍വറിനൊപ്പം കെ ടി ജലീല്‍ എം എല്‍എ, കാരാട്ട് റസാഖ്, പിടിഎ റഹിം എംഎല്‍എ എന്നിവരാണ് നീക്കത്തിന് ചുക്കാന്‍ പിടിക്കുന്നത്. ഇടതുപക്ഷത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന അന്‍വറിന്റെ നിലവിലെ നീക്കങ്ങള്‍ക്ക് കാന്തപുരം അബൂബക്കര്‍ മുസലിയാരെപ്പോലെയുള്ളവരുടെ പൂര്‍ണമായ പിന്തുണ ലഭിക്കുന്നതായാണ് സൂചന.

മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ തന്റെ രാഷ്ട്രീയ നീക്കത്തിന് തുടക്കമിട്ടത് ഇടതുപക്ഷത്തോട് ചേര്‍ന്നുനില്‍ക്കുന്നത് ഇനി നഷ്ടക്കച്ചവടമാണെന്ന തിരിച്ചറിവുകാരണമാണ്. രണ്ടു തവണ എംഎല്‍എയായി. മന്ത്രിയാകാനുള്ള അവസാന നീക്കങ്ങളും പരാജയപ്പെട്ടു. അതുകൊണ്ടുതന്നെ ഇടതുമുന്നണി ഇനി അന്‍വറിന് സീറ്റു കൊടുക്കാന്‍ സാധ്യത കുറവാണ്. പിണറായിയുടെ മരുമകന്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വന്നാല്‍ പിന്നെ അന്‍വറിന് മന്ത്രിസ്ഥാനം ലഭിക്കാനുള്ള അവസാന സാധ്യതയും ഇല്ലാതാകും. മുഹമ്മദ് റിയാസ് മുഖ്യമന്ത്രിയായാല്‍ അന്‍വറിനെപ്പോലെ വായില്‍ തോന്നുന്നത് വിളിച്ചുപറയുന്ന ഒരാളെ മന്ത്രിയാക്കില്ല.

ഇനി സിപിഎമ്മില്‍ ഒരു മാറ്റം വന്ന് എം വി ഗോവിന്ദന്‍ അധികാരത്തിലേക്ക് വന്നാലും പി വി അന്‍വറിന് ഒരു സീറ്റ് കിട്ടുമെന്ന കാര്യത്തില്‍ ഉറപ്പൊന്നുമില്ല. നിലവിലുള്ള സാഹചര്യത്തില്‍ പിണറായിക്കും മരുമകനുമെതിരെ ശബ്ദമുയര്‍ത്തുമ്പോള്‍ എതിര്‍ഭാഗത്തിന് ഒരു താല്‍പര്യം ഉണ്ടാകുമെന്നതിനാല്‍ പരിഗണിക്കപ്പെടാം. പാര്‍ട്ടിക്കുള്ളില്‍ തുടങ്ങിവച്ച കലാപം ഒരു നേതൃമാറ്റത്തിലേക്ക് വന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തേക്കാള്‍ അന്‍വറിന് ഗുണകരമാണ്. എന്നാല്‍ അതിനേക്കാള്‍ അന്‍വറിന് സാധ്യത തെളിയുന്നത് ഇടതുപക്ഷം അധികാരത്തില്‍ നിന്നും പുറത്താകുന്ന രാഷ്്ട്രീയ സാഹചര്യത്തിലാണ്.

യുഡിഎഫിന്റെ ഏറ്റവും വലിയ വെല്ലുവിളി മുസ്ലീം സമുദായത്തിലെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നതാണ്. മുസ്ലീം സമുദായത്തിന്റെ ഉന്മൂലനമാണ് മോദിയുടെയും സംഘപരിവാറിന്റെയും ലക്ഷ്യമെന്ന ദുഷ്പ്രചരണം കൊണ്ട് അറിഞ്ഞോ അറിയാതെയോ വിശ്വസിക്കുന്നവരുടെ എണ്ണം കൂടുതലാണ്. അത് പൊളിറ്റിക്കല്‍ ഇസ്ലാമിനെ നെഞ്ചോട് ചേര്‍ക്കുന്നവര്‍ മാത്രമല്ല, സാധാരണ മുസ്ലീം പോലും കരുതുന്നു മോദിയും സംഘവും ലക്ഷ്യമിടുന്നത് മുസ്ലീം സമുദായത്തിന്റെ ഉന്മൂലനമാണ്. പൗരത്വ ഭേദഗതി നിയമം അടക്കമുള്ളവ ഇതിനുവേണ്ടിയുള്ള തുടക്കമാണെന്ന് വിശ്വസിക്കുന്നവരാണ് ഏറെയും.


അതുകൊണ്ടാണ് മുഴുവന്‍ സീറ്റുകളും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും യുഡിഎഫിനും കിട്ടുമ്പോഴും നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് അധികാരത്തിലേറാന്‍ കഴിയുന്നത്. മറ്റു പല ഘടകങ്ങളും ഉണ്ടെങ്കിലും മുസ്ലീം വോട്ട് ബാങ്ക് പിണറായിയിലുടെ ഇടതുപക്ഷം സ്വന്തമാക്കിയിരുന്നു. മോദിക്കും സംഘപരിവാറിനും എതിരെ പോരാടാന്‍ ഏറ്റവും കരുത്തനായ നേതാവാണ് പിണറായി എന്ന വിശ്വാസം, ആ വിശ്വാസമാണ് രണ്ടാം ഭരണത്തിന്റെ പ്രധാന കാരണം. ആ വിശ്വാസത്തിന്റെ അടിത്തറ തകര്‍ക്കാന്‍ അന്‍വര്‍ വിവാദം ഉയര്‍ത്തുന്നത് വരെ യുഡിഎഫിന് കഴിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും ഇടതുപക്ഷം അധികാരത്തില്‍ വന്നാല്‍ പോലും അത്ഭുതമില്ല എന്നൊരു സാഹചര്യമുണ്ടായിരുന്നു. ഈ സാഹചര്യമാണ് അന്‍വറിന്റെ ഇടപെടലിലൂടെ ഇല്ലാതായിരിക്കുന്നത്.

വലിയ തോതില്‍ മുസ്ലീം സമുദായത്തെ ഇടതുപക്ഷത്തുനിന്നും അകറ്റാന്‍ അന്‍വറിന്റെ ഇടപെടലിന് സാധിച്ചിട്ടുണ്ട്. പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ നേട്ടമാണ് അന്‍വറിന്റെ പാര്‍ട്ടിയെ ശുദ്ധീകരിക്കാന്‍ എന്ന രീതിയിലുള്ള വിപ്ലവം യുഡിഎഫിന് ഉണ്ടാക്കിക്കൊടുത്തത്. അതുകൊണ്ടു തന്നെയാണ് ഈ വിവാദത്തിന്റെ ഏറ്റവും വലിയ കാതലായ പിണറായി വിജയന്റെ ആര്‍എസ്എസ് ബാന്ധവം അന്‍വര്‍ നേരിട്ട് വെളിപ്പെടുത്താതെ വി ഡി സതീശന് കൈമാറി സതീശനിലൂടെ വെളിപ്പെടുത്തിയത്. ഒരു പരിധിവരെ മറുനാടനെ പോലും തള്ളിപ്പറയാന്‍ സതീശന്‍ തയ്യാറായത് ഈ രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമാണ്.

ഇത് വളരെ ശക്തമായ രാഷ്ട്രീയ വിഭജനത്തിന് കാരണമായിരിക്കുന്നു. ഇപ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നാല്‍ മുസ്ലീം സമുദായം ഒറ്റയടിക്ക് യുഡിഎഫിന് വോട്ടുചെയ്യും. നൂറ് സീറ്റിലേറെ നേടി യുഡിഎഫിന് അധികാരത്തില്‍ വരാന്‍ സാധിക്കുന്ന സാഹചര്യമാണ് ഇപ്പോള്‍ രൂപപ്പെട്ടിരിക്കുന്നത്. ഈ സാഹചര്യം രൂപപ്പെടുത്തിയതില്‍ അന്‍വറിനുള്ള റോള്‍ ചെറുതല്ല. പിണറായിക്കും പിണറായിയുടെ പൊലീസിനുമെതിരെ അന്‍വറിന്റെ യുദ്ധപ്രഖ്യാപനം അത് ആര്‍എസ്എസിന് എതിരായ യുദ്ധപ്രഖ്യാപനമാണെന്ന് തിരിച്ചറിഞ്ഞ് മലബാറിലെ മുസ്ലീം സമുദായം അന്‍വറിനെ അംഗീകരിച്ചിരിക്കുന്നു.


Full View

അന്‍വര്‍ മലബാറിലെ ഏറ്റവും കരുത്തനായ നേതാവായി മാറി. മുസ്ലീം ലീഗിന് സമുദായത്തിലുള്ള സ്വാധീനം നമുക്കറിയാം. പാണക്കാട് തങ്ങളും കുഞ്ഞാലിക്കുട്ടിയും ഒക്കെയാണ് മുസ്ലീം ലീഗിലെ ഏറ്റവും വലിയ നേതാക്കള്‍. അവരുടെ ഒക്കെ നിലയിലേക്ക്, ഒരു പക്ഷെ അവരേക്കാള്‍ ഒക്കെ ആദരവ് കിട്ടുന്ന നിലയിലേക്ക് അന്‍വറിന് ഉയരാന്‍ കഴിഞ്ഞു എന്നത് വാസ്തവമാണ്. ഈ രാഷ്ട്രീയ സാഹചര്യം മുതലെടുക്കാനുള്ള നീക്കത്തിലാണ് അന്‍വര്‍. വായില്‍ നിന്നും പുറത്തേക്ക് വരുന്ന ദുര്‍ഗന്ധം ഒഴിച്ചാല്‍ അന്‍വറിന്റെ ധീരതയെയും നിലപാടിനെയും അംഗീകരിക്കുന്ന മുസ്ലീം സമുദായത്തിലെ അംഗങ്ങളുടെ എണ്ണം കൂടിവരുന്നു. ഇത് എങ്ങനെ മുതലെടുക്കാം എന്ന ആലോചനയിലും ചര്‍ച്ചയിലുമാണ് അന്‍വര്‍.

അന്‍വറിന്റെ നേതൃത്വത്തില്‍ ഒരു പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതിനുള്ള നീക്കങ്ങള്‍ നടക്കുന്നു എന്ന സൂചനകളാണ് മലബാറിലെ രാഷ്ട്രീയ വൃത്തങ്ങള്‍ നല്‍കുന്നത്. അന്‍വറിന് അനുകൂലമായിരിക്കുന്ന മുസ്ലീം രാഷ്ട്രീയ ഹൃദയം മുതലെടുക്കുന്നതിന് വേണ്ടി അന്‍വറിനെ പിന്തുണയ്ക്കുന്ന പല പ്രമുഖരും നേതാക്കളും രംഗത്തുണ്ട്. കാന്തപുരം അബൂബക്കര്‍ മുസലിയാരെപ്പോലെയുള്ളവര്‍ അന്‍വറിനെ പൂര്‍ണമായും പിന്തുണയ്ക്കുന്നു എന്നത് ശ്രദ്ധേയമാണ്. അതിനിടെയാണ് അഡ്വ. ജയശങ്കര്‍ അന്‍വറിനെ മതരാഷ്ട്രവാദിയായി ഉയര്‍ത്തിയത്. അന്‍വറിനെ സംബന്ധിച്ചിടത്തോളം അത് വലിയ പ്രകോപനത്തിന് കാരണമായി.

ആ പ്രകോപനത്തിന് പകരമായി തന്റെ മതേതര പ്രതിച്ഛായ സൂക്ഷിക്കാന്‍ അന്‍വര്‍ എസ്ഡിപിഐയെയും ജമാഅത്തെ ഇസ്ലാമിയെയും ആര്‍എസ്എസിനോട് താതാത്മ്യം ചെയ്തത് മാത്രമാണ് ഈ നീക്കത്തിലുണ്ടായ ഏകതിരിച്ചടി. വാസ്തവത്തില്‍ അന്‍വറിനെ സ്‌പോണ്‍സര്‍ ചെയ്തത് റിപ്പോര്‍ട്ടര്‍ ചാനല്‍ ആണെങ്കിലും അന്‍വറിസത്തിന്റെ വക്താക്കളായി രംഗത്ത് വന്നത് ജമാഅത്തെ ഇസ്ലാമിയുടെ ചാനലായ മീഡിയ വണ്‍ ആയിരുന്നു. റിപ്പോര്‍ട്ടര്‍ വിട്ടിട്ടും അന്‍വറിനെ ഹീറോയാക്കി മീഡിയാവണ്‍ മുന്നോട്ട് പോകുമ്പോഴാണ് ജമാഅത്തെ ഇസ്ലാമിയെ അന്‍വര്‍ തള്ളിപ്പറയുന്ന സാഹചര്യമുണ്ടായത്. അത്തരത്തില്‍ മലബാറില്‍ മുസ്ലീം ലീഗിന് ബദലായി ഒരു ഇസ്ലാമിക സംഘടന സംവിധാനത്തിന് രൂപം കൊടുക്കാന്‍ അന്‍വര്‍ ശ്രമം തുടങ്ങിക്കഴിഞ്ഞു.

ഇടതുപക്ഷത്തോട് ചേര്‍ന്നുനില്‍ക്കുന്ന അന്‍വറിനെ പിന്തുണയ്ക്കുന്നത് കാന്തപുരം അടക്കമുള്ളവരാണ്. കൂടാതെ മുസ്ലീം സമുദായത്തിലെ ഒരുപാട് പ്രമാണിമാരുടെ പിന്തുണയുമുണ്ട്. പി വി അന്‍വര്‍, കെ ടി ജലീല്‍, കാരാട്ട് റസാഖ്, പിടിഎ റഹിം ഈ നാല് പേരാണ് നീക്കത്തിന് ചുക്കാന്‍ പിടിക്കുന്നത്. ഇതില്‍ മൂന്ന് പേര്‍ എംഎല്‍എമാരാണ്. ഈ നാല് പേര്‍ക്ക് ഒപ്പം മന്ത്രി അബ്ദുറഹ്‌മാനും ചേര്‍ന്നേക്കുമെന്നാണ് സൂചന. ഒരു കാലത്ത് മുസ്ലീം ലീഗിലെ പ്രമാണിമാരായിരുന്ന, സമ്പന്നന്മാരായിരുന്ന ഇവരൊക്കെ പിന്നീട് ഇടതുപക്ഷത്തിന്റെ സഹയാത്രികരായി മാറുകയായിരുന്നു. അവരെയൊക്കെ മുസ്ലീം ലീഗിനെ തകര്‍ക്കാന്‍ ഇടതുപക്ഷം ബുദ്ധിപൂര്‍വം ഉപയോഗിച്ചു. അവരൊക്കെയാണ് ഇപ്പോള്‍ ഇടതുപക്ഷത്തിന് തലവേദനയായി മാറുന്നത്.

ഇവരില്‍ ഏറ്റവും മുതിര്‍ന്ന നേതാവ് പിടിഎ റഹിം തന്നെയാണ്. രണ്ട് തവണ എംഎല്‍എ ആയിട്ടും മന്ത്രിസ്ഥാനം കിട്ടാത്തതിന്റെ ഒരു അസ്വാരസ്യം റഹിമിനുണ്ട്. ഐഎന്‍എല്ലിലേക്ക് ചേക്കേറിയെങ്കിലും വേണ്ട പരിഗണന സിപിഎം കൊടുത്തില്ല. അതേ സമയം അബ്ദുറഹ്‌മാനെ രണ്ടര വര്‍ഷം പൂര്‍ത്തിയാക്കിയിട്ടും മന്ത്രിസ്ഥാനത്ത് നിന്നും മാറ്റിയില്ല. അതിന്റെയൊക്കെ അസ്വസ്ഥത ഉണ്ടെങ്കിലും ഇപ്പോള്‍ അന്‍വര്‍ ഉണ്ടാക്കിയിരിക്കുന്ന ഹൈപ്പ് നിലനിര്‍ത്താന്‍ ഇവര്‍ ഒരുമിച്ച് ചേരുകയാണ്. വാസ്തവത്തില്‍ കാരാട്ട് റസാഖ് കഴിഞ്ഞ തവണ തോറ്റപ്പോള്‍ ആ തോല്‍വിക്ക് പിന്നില്‍ പിടിഎ റഹിം ആണെന്ന് ആരോപിച്ചിരുന്നു. അത്തരം ഭിന്നതകള്‍ അങ്ങോട്ടുമിങ്ങോട്ടുമുണ്ട്. എന്നാല്‍ ഈ ഭിന്നതകള്‍ മറന്ന് ഇവരുടെ കൂട്ടായ്മ മലബാറിലെ നിര്‍ണായക രാഷ്ട്രീയ ശക്തിയായി മാറാന്‍ ലീഗ് രാഷ്ട്രീയത്തിന് ബദല്‍ ശക്തിയായി മാറാനുള്ള നീക്കത്തിലാണ്.

മലബാറിലെ മുസ്ലീം സംഘടനകള്‍ക്കിടയിലുള്ള ഇവരുടെ സ്വാധീനം ഉപയോഗിച്ചുകൊണ്ട് രാഷ്ട്രീയ പാര്‍ട്ടിയായി മാറാനും ഇടതുമുന്നണിയോടും വലതുമുന്നണിയോടും വിലപേശാനുള്ള നീക്കവുമാണ് നടക്കുന്നത്. യുഡിഎഫിന്റെ ഒരു ഘടകകക്ഷിയായി വന്നാല്‍ പോലും അത്ഭുതപ്പെടാനില്ല. എന്നാല്‍ ലീഗ് അതിനോട് യോജിക്കുമോ എന്നതാണ് അറിയേണ്ടത്. മലബാറില്‍ ലീഗിന് ബദലായി പല പരീക്ഷണങ്ങള്‍ നടന്നെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല. കാന്തപുരത്തിന്റെ പിന്തുണയോടെ മലബാറിലെ പല മുസ്ലീം പ്രബലന്മാരുടെയും പിന്തുണയോടെ അന്‍വറിന്റെ നേതൃത്വത്തില്‍ നീക്കം നടക്കുന്നത്. ഈ നീക്കം തിരിച്ചറിഞ്ഞ് അന്‍വറിന് മന്ത്രിസ്ഥാനം നല്‍കി കൂടെ നിര്‍ത്തിയാലും അത്ഭുതപ്പെടാനില്ല. അന്‍വര്‍ തുടക്കമിട്ട കലാപം യുഡിഎഫിനുണ്ടാക്കിയ നേട്ടവും തിരിച്ചറിയുന്നുണ്ട്.

Tags:    

Similar News