രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണം എന്ന് പറഞ്ഞതില്‍ ഇന്ന് അന്‍വര്‍ മാപ്പ് പറയും; ഡിസിസിയുടെ എതിര്‍പ്പ് മറികടക്കാന്‍ സതീശനുമായുള്ള ചര്‍ച്ചയില്‍ ധാരണ; പിണറായിക്ക് കൊടുത്ത ഡെഡ് ലൈന്‍ തീരുന്നതോടെ നാടകീയ നീക്കങ്ങളുമായി അന്‍വര്‍

വിമര്‍ശനത്തില്‍ മാപ്പു പറഞ്ഞ് വിവാദം ഒഴിവാക്കി വലതു പക്ഷത്തേക്ക് ചായാനാണ് അന്‍വറിന്റെ നീക്കം

Update: 2024-09-26 10:19 GMT


കൊച്ചി: രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണം എന്ന് പറഞ്ഞതില്‍ ഇന്ന് പിവി അന്‍വര്‍ മാപ്പ് പറയും. സിപിഎം വിട്ട് കോണ്‍ഗ്രസില്‍ ചേരുകയാണ് ലക്ഷ്യം. മലപ്പുറം ഡിസിസിയുടെ എതിര്‍പ്പ് മറികടക്കാന്‍ വിഡി സതീശനുമായുള്ള അന്‍വറിന്റെ ചര്‍ച്ചയില്‍ ധാരണയായി. പിണറായിക്ക് കൊടുത്ത ഡെഡ്ലൈന്‍ തീരുന്നതോടെ നാടകീയ നീക്കങ്ങളുമായി അന്‍വര്‍ മലപ്പുറം രാഷ്ട്രീയത്തില്‍ സജീവമാകുകയാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ ഇടതു മുന്നണിയ്ക്കായി വോട്ട് ചോദിക്കുമ്പോഴാണ് രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണമെന്ന വിവാദ പരാമര്‍ശം അന്‍വര്‍ നടത്തിയത്. ഇതിനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തിയതും ചര്‍ച്ചയായിരുന്നു. കോണ്‍ഗ്രസില്‍ ചേരാന്‍ അന്‍വറിന് മുന്നിലുള്ള ഏക പ്രതിസന്ധി രാഹുലിനെതിരായ ഈ വിമര്‍ശനമാണ്. ഈ വിമര്‍ശനത്തില്‍ മാപ്പു പറഞ്ഞ് വിവാദം ഒഴിവാക്കി വലതു പക്ഷത്തേക്ക് ചായാനാണ് അന്‍വറിന്റെ നീക്കം.

എംഎല്‍എ സ്ഥാനം അന്‍വര്‍ രാജിവയ്ക്കില്ല. സ്വതന്ത്ര എംഎല്‍എയായതു കൊണ്ട് തന്നെ വിപ്പ് പ്രശ്‌നം അന്‍വറിനുണ്ടാകില്ല. എന്നാല്‍ മുന്നണി മാറിയാല്‍ നിയമസഭയില്‍ അയോഗ്യമാക്കാനുള്ള സാധ്യതകള്‍ സിപിഎമ്മും തേടും. അതിനിടെ എംഎല്‍എ സ്ഥാനം രാജിവയ്ക്കുമെന്ന അഭ്യൂഹവും അന്‍വറുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ നടത്തുന്നുണ്ട്. രാജിവച്ച ശേഷം യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി നിലമ്പൂരില്‍ വീണ്ടും മത്സരിക്കാനാകും അന്‍വര്‍ ശ്രമിക്കുക. ഏതായാലും രാഹുല്‍ ഗാന്ധിയോട് കാട്ടിയ ക്രൂര അവഹേളനത്തില്‍ മാപ്പു പറഞ്ഞാല്‍ മാത്രമേ ഇതെല്ലാം നടക്കൂ. പ്രതിപക്ഷ നേതാവ് വിഡി സതീശനുമായുള്ള കൂടിയാലോചനകളില്‍ ഇതിന് അന്‍വര്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

തുടര്‍ച്ചയായ ആരോപണങ്ങളിലൂടെ സര്‍ക്കാരിനെയും പാര്‍ട്ടിയെയും പ്രതിക്കൂട്ടിലാക്കിയ ഇടത് എംഎല്‍എ പിവി അന്‍വര്‍ സ്ഥാനം രാജിവയ്ക്കുമെന്ന് അഭ്യൂഹം ശക്തമാണ്. നിലമ്പൂരില്‍ വനം വകുപ്പിന്റെ കെട്ടിടത്തിന്റെയും സംരക്ഷണ വേലിയുടെയും ഉദ്ഘാടന ചടങ്ങില്‍ ഇതുസംബന്ധിച്ച സൂചനയും എംഎല്‍എ നല്‍കി. ചടങ്ങില്‍ വനംവകുപ്പ് മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ഉദ്യോഗസ്ഥരെ വിമര്‍ശിക്കുന്നതിനിടെയാണ് പി വി അന്‍വര്‍ രാജി സൂചന നല്‍കിയത്.'ഉദ്യോഗസ്ഥര്‍ക്ക് സൗകര്യം വേണമെന്നതില്‍ തര്‍ക്കമില്ല. എന്നാലത് ആഡംബരമാകരുത്. റേഞ്ച് ഓഫീസ് പുതിയത് പണിയുമ്പോ പഴയത് റെസ്റ്റ് റൂം ആക്കാം. വീണ്ടുമൊരു കെട്ടിടം പണിയേണ്ട ആവശ്യമുണ്ടായിരുന്നില്ല. ആന ശല്യത്തെക്കുറിച്ച് പരാതി പറയാന്‍ പോയ ആളോട് ഫോറസ്റ്റ് ഓഫീസര്‍ പത്ത് ലക്ഷം കിട്ടില്ലേയെന്ന് ചോദിച്ചു.

ഇതൊക്കെ ഇവിടയെ നടക്കൂ. ഞാനിത് ഇപ്പോള്‍ പറയുന്നത് മന്ത്രിയുള്ളത് കൊണ്ടാണ്. സാധാരണ നിയമസഭയിലാണ് പറയാറുള്ളത്. എന്നാല്‍ ഇനി നിയമസഭയില്‍ പറയാന്‍ കഴിയുമോയെന്ന് അറിയില്ല. പറയാനുള്ളതെല്ലാം മുന്‍കൂറായി പറഞ്ഞ് പോവുകയാണ്. വനം ഉദ്യോഗസ്ഥരുടെ രീതി ശരിയല്ല'- എന്നായിരുന്നു ചടങ്ങില്‍ പി വി അന്‍വര്‍ പറഞ്ഞത്.സിപിഎമ്മിലുള്ള വിശ്വാസം ആയിരം ശതമാനം നഷ്ടപ്പെട്ടുവെന്നും പി വി അന്‍വര്‍ മലപ്പുറത്ത് പറഞ്ഞു. അന്‍വറിന്റെ ഈ വാക്കുകള്‍ രാജിയുടെ സൂചനകളായി മാറിയിട്ടുണ്ട്.

'ഞാന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ എന്നെ പ്രതിയാക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. പാര്‍ട്ടി പറഞ്ഞതനുസരിച്ച് ഞാന്‍ കീഴടങ്ങിയിരുന്നു. ഞാന്‍ ഉന്നയിച്ച ആരോപണങ്ങള്‍ പാര്‍ട്ടി വിശദമായി പരിശോധിക്കുമെന്ന് പറഞ്ഞപ്പോഴായിരുന്നു അത്. എന്നാല്‍ അത്തരമൊരു പരിശോധന നടക്കുന്നില്ല. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കെതിരായ ആരോപണങ്ങളാണ് പാര്‍ട്ടി അന്വേഷിക്കേണ്ടത്. അതിന്റെ ഗതിയെന്താണെന്ന് കഴിഞ്ഞദിവസം വ്യക്തമായി. പറയാനുള്ളതെല്ലാം വൈകിട്ട് പറയും'- എംഎല്‍എ വ്യക്തമാക്കി. ഇന്ന് വൈകിട്ട് മാദ്ധ്യമങ്ങളെ കാണുമെന്ന് ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു.

Tags:    

Similar News