ഓഫീസില്ലാതെ സോഷ്യല്‍ മീഡിയാ റീലുകളിലൂടെ 'ഇര'കളെ വലവീശി പിടിക്കും; ചതിക്കപ്പെട്ടുവെന്ന് പലരും അറിഞ്ഞത് സ്‌പെയിനില്‍ വിമാനം ഇറങ്ങിയ ശേഷം; മഹാരാഷ്ട്രയിലെ ഡോക്ടറുടെ പരാതിയില്‍ ആദ്യ അറസ്റ്റ്; പിന്നാലെ ഉത്തരാഖണ്ഡിലും കുടുങ്ങി; കേരളാ പോലീസ് കസ്റ്റഡിക്കാലത്ത് പഞ്ചനക്ഷത്ര ഹോട്ടലില്‍ രണ്ടു ദിവസ സുഖവാസം; അവിടെ ഒന്നാം പ്രതിയായ ഭര്‍ത്താവ് എത്തിയോ? മ്യൂസിയം പോലീസ് നഷ്ടപ്പെടുത്തിയത് വമ്പന്‍ സ്രാവുകളെ കുടുക്കാനുള്ള അവസരം

Update: 2025-05-21 07:19 GMT

തിരുവനന്തപുരം: മ്യൂസിയം പോലീസ് സ്റ്റേഷനിലെ എസ് ഐ ഷഫിന്‍ സസ്പെന്‍ഷനിലാകുന്നത് രാജ്യത്തുടനീളം റിക്രൂട്ട്മെന്റ് തട്ടിപ്പ് കേസില്‍ പല പോലീസ് സ്റ്റേഷനുകളില്‍ അറസ്റ്റിലായ ചരിത്രമുള്ള പ്രതിയെ. അര്‍ച്ചനാ ഗൗതമും ഭര്‍ത്താവ് രാഹുല്‍ ഗൗതുമുമാണ് തട്ടിപ്പിലെ പ്രധാനികള്‍. വിവേക് എന്ന വ്യക്തിയുമുണ്ട്. സ്വന്തമായി ഓഫീസ് പോലും തുറക്കാതെ സോഷ്യല്‍ മീഡിയ ഉപയോഗിച്ചാണ് തട്ടിപ്പ്. ഈ വലയില്‍ വീഴുന്നവരെ ഡല്‍ഹിയിലേയും ഗാസിയാബാദിലേയും എല്ലാം മാളുകളില്‍ വിളിച്ചു വരുത്തി അഭിമുഖം നടത്തും. മുമ്പ് ചിലരെയെല്ലാം എംബിബിഎസ് പഠിപ്പിക്കാന്‍ സ്പെയിനില്‍ അയച്ചിട്ടുണ്ടെന്ന് ഇവര്‍ പറയുന്നു. ഇവരുടെ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളില്‍ ഇത്തരം അവകാശ വാദങ്ങളും അങ്ങനെ പോയവരുടെ ചിത്രവുമുണ്ട്. സ്പെയിന്‍ എംബസിയിലുള്ള സ്വാധീനത്തിന് തെളിവായി ചിത്രങ്ങളും സജീവം. സോഷ്യല്‍ മീഡിയാ പരസ്യത്തിലൂടെ ആയതു കൊണ്ട് തന്നെ രാജ്യത്തുടനീളമുള്ള വിദ്യാര്‍ത്ഥികളെ കെണിയില്‍ വീഴ്ത്താന്‍ ഇവര്‍ക്കായി. വിവിധ കേസുകളില്‍ അര്‍ച്ചനാ ഗൗതം മാത്രമാണ് അറസ്റ്റിലായിട്ടുള്ളതെന്നാണ് സൂചനകള്‍. രാഹലും വിവേകും എന്നും കാണാമറയത്താണ്. ഇവരുടെ അഡ്രസു പോലും ആര്‍ക്കും അറിയില്ലെന്നതാണ് വസ്തുത.

ഓഫീസില്ലാതെ സോഷ്യല്‍ മീഡിയാ റീലുകളിലൂടെ 'ഇര'കളെ വലവീശി പിടിക്കുന്നതാണ് അര്‍ച്ചനാ ഗൗതമിന്റെ രീതി. ദി ഇന്റര്‍നാണഷലി എന്ന പേരുപയോഗിച്ചായിരുന്നു തട്ടിപ്പ്. ഈ ഗ്രൂപ്പിന്റെ വലയില്‍ പെട്ട പലരും ചതിക്കപ്പെട്ടുവെന്ന് അറിഞ്ഞത് സ്പെയിനില്‍ വിമാനം ഇറങ്ങിയ ശേഷം മാത്രമാണ്. മഹാരാഷ്ട്രയിലെ ഡോക്ടറുടെ പരാതിയിലാണ് അര്‍ച്ചനയുടെ ആദ്യ അറസ്റ്റ്. പിന്നാലെ ഉത്തരാഖണ്ഡിലും കുടുങ്ങി. ഇത്ര കുപ്രസിദ്ധമായ തട്ടിപ്പ് കേസിലെ പ്രതിയ്ക്കാണ് കേരളാ പോലീസ് കസ്റ്റഡിക്കാലത്ത് പഞ്ചനക്ഷത്ര ഹോട്ടലില്‍ രണ്ടു ദിവസം സുഖവാസം കിട്ടിയത്. അവിടെ ഒന്നാം പ്രതിയായ ഭര്‍ത്താവ് എത്തിയോ എന്നും സംശയമാണ്. ഇയാളും പല കേസുകളില്‍ പടികിട്ടാ പുള്ളിയാണ്. ഉത്തരാഖണ്ഡിലെ കേസില്‍ അര്‍ച്ചനയ്ക്ക് ഹൈക്കോടതിയില്‍ നിന്നും ജാമ്യം കിട്ടുകയും ചെയ്തു. എന്നാല്‍ ഈ കേസിലൊന്നും അര്‍ച്ചനയുടെ ഭര്‍ത്താവ് അറസ്റ്റിലായിട്ടില്ല. അര്‍ച്ചനയുടെ ഭര്‍ത്താവ് കേരളാ പോലീസ് കസ്റ്റഡിക്കാലത്തെ അവരെ ബന്ധപ്പെട്ടോ എന്ന് സംശയമുണ്ട്. അവര്‍ പഞ്ചനക്ഷത്ര ഹോട്ടലിലും മറ്റും താമസിക്കാന്‍ പണം നല്‍കിയത് ആരെന്നത് നിര്‍ണ്ണായകമാണ്. ആ തുമ്പിലൂടെ സഞ്ചിരിച്ചിരുന്നുവെങ്കില്‍ അവരുടെ ഭര്‍ത്താവിനേയും പിടികൂടാമായിരുന്നു. അതായത് മ്യൂസിയം പോലീസ് നഷ്ടപ്പെടുത്തിയത് വമ്പന്‍ സ്രാവുകളെ കുടുക്കാനുള്ള സുവര്‍ണ്ണാവസരമായിരുന്നു.

ടൈംസ് ഓഫ് ഇന്ത്യ 2024ല്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ ഗാസിയാബാദിലെ ഒരു മാള്‍ കേന്ദ്രീകരിച്ചാണ് ഈ സംഘര്‍ത്തിന്റെ തട്ടിപ്പെന്ന് പറയുന്നു. അമ്പതോളം പേരെ ഇവര്‍ പറ്റിച്ചുവെന്നും ആ വാര്‍ത്തയില്‍ പറയുന്നുണ്ട്. കേരളത്തിലും രാജസ്ഥാനിലും ഉത്തരാഖണ്ഡിലും ഉത്തര്‍പ്രദേശിലും ഹരിയാനയിലും എല്ലാം തട്ടിപ്പിന് ഇരകളുണ്ടെന്നാണ് വാര്‍ത്ത പറയുന്നത്. മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷ എഴുതാന്‍ ആഗ്രഹിക്കാതെ ഡോക്ടര്‍മാരാകാന്‍ ശ്രമിക്കുന്നവരെയാണ് ഈ സംഘം വളച്ചെടുക്കുന്നത്. യൂറോപ്പിലെ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം ആഗ്രഹിക്കുന്നവരെയാണ് സ്പെയിനിലെ മെഡിക്കല്‍ പ്രവേശനമെന്ന വാഗ്ദാനത്തില്‍ പറ്റിക്കുന്നത്. ലക്ഷക്കണക്കിന് രൂപ ഫീസായി പോലും വാങ്ങിയ ശേഷം സന്ദര്‍ശക വിസയില്‍ കുട്ടികളെ സ്പെയിനില്‍ എത്തിക്കും. ഭാഷ പഠനത്തിന് ശേഷം എംബിബിഎസ് അഡ്മിഷന്‍ എന്നാകും വാഗ്ദാനം. സന്ദര്‍ശക വിസയില്‍ ബാഴ്സലോണയില്‍ എത്തുമ്പോഴാകും ചതി തിരിച്ചറിയുക. ഒരു കോഴ്സും പഠിക്കാന്‍ കഴിയില്ല. ഇതിന് ശേഷം വന്നവരുടെ പിഴവു കൊണ്ടാണ് എല്ലാം സംഭവിച്ചതെന്ന് പറഞ്ഞ് ഇവര്‍ കൈയ്യൊഴിയും. പരാതിക്കാര്‍ക്ക് പണം തിരികെ നല്‍കാമെന്ന വാഗ്ദാനത്തില്‍ കള്ള ചെക്കുകളും ഇവര്‍ കൊടുത്ത കേസുകളുണ്ട്. ഇങ്ങനെ സ്പെയിനില്‍ എത്തി തട്ടിപ്പിന് ഇരയായി മടങ്ങിയ കുട്ടിയുടെ പരാതിയിലാണ് ഈ സംഘം പ്രധാനമായി കുടുങ്ങിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ 2024ല്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ പറയുന്നു.

ഈ വാര്‍ത്ത അനുസരിച്ച് കേരളത്തില്‍ നിന്നുള്ള പ്രമോദ് രാഘവന്റെ മകളേയും എംബിബിഎസ് പ്രവേശനത്തിന്റെ പേരില്‍ ഇവര്‍ പറ്റിച്ചിട്ടുണ്ട്. ബാഴ്സലോണ യൂണിവേഴ്സിറ്റില്‍ എന്‍ട്രന്‍സ് പരീക്ഷ എഴുതാതെ എംബിബിഎസ് സീറ്റ് നല്‍കാമെന്ന് പറഞ്ഞ് വിവേകാണ് പണം വാങ്ങിയത്. ഗാസിയാ ബാദിലെത്തിയാണ് 15 ലക്ഷം കൈമാറിയത്. അതിന് ശേഷം മുംബൈയിലെ സ്പെയിന്‍ കോണ്‍സുല്‍ ജനറല്‍ ഓഫീസില്‍ വിസയ്ക്കായുള്ള അഭിമുഖത്തിന് പോയി. എന്നാല്‍ യൂണിവേഴ്സിറ്റി രേഖകള്‍ ശരിയല്ലെന്ന് പറഞ്ഞ് വിസ നിഷേധിച്ചു. എന്നാല്‍ വാങ്ങിയ പണം ദി ഇന്‍ര്‍നാഷണലി എന്ന ഏജന്‍സി തിരികെ നല്‍കിയതുമില്ല. വ്യാജ രേഖകള്‍ കാട്ടി പറ്റിച്ചാണ് തന്റെ മകന്റെ അഡ്മിഷന് വേണ്ടി 1000 യൂറോ വിവേകും അര്‍ച്ചനയും തട്ടിയതെന്ന് ഗാസിയാബാദില്‍ നിന്നുള്ള ഡോ പങ്കജ് ഗുപ്തയും പറയുന്നു. 2024 ജൂണില്‍ മുംബൈ പോലീസ് അര്‍ച്ചനയെ അറസ്റ്റ് ചെയ്തിരുന്നു. റേഡിയോളജി പിജി കോഴ്സിന് വേണ്ടി ഒരു ഡോക്ടറില്‍ നിന്നും 15 ലക്ഷം പറ്റിച്ച കേസിലായിരുന്നു ഇത്. എല്ലാ ഇരകളും രണ്ടു അക്കൗണ്ടിലാണ് പണമെല്ലാം നല്‍കിയിരുന്നത്. അതിലൊന്ന് അര്‍ച്ചനയുടേതാണ്. മറ്റൊന്ന് പോളണ്ടുകാരന്‍ നന്ദയിലേക്കും. ഈ പോളണ്ടുകാരനുമായി ചേര്‍ന്നാണ് ഇവര്‍ തട്ടിപ്പ് നടത്തിയതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ 2024ല്‍ നല്‍കിയ വാര്‍ത്തയില്‍ പറയുന്നത്.

മൈ പൂനെ പള്‍സ് എന്ന മാധ്യമവും ഇവര്‍ക്കെതിരെ വിശദ വാര്‍ത്തകള്‍ 2024 ജൂണില്‍ നല്‍കിയിട്ടുണ്ട്. ഗൂഗിള്‍ മീറ്റുകളിലൂടെയുള്ള ആശയ വിനിമയത്തിലൂടെ മികച്ച പ്രൊഫഷണല്‍ സമീപനവുമായാണ് ഇരകളെ തട്ടിപ്പുകാര്‍ വീഴ്ത്തിയിരുന്നത്. സ്പെയിനില്‍ എത്തിയ ശേഷമാണ് പലരും തട്ടിപ്പിനെ കുറിച്ച് മനസ്സിലാക്കിയത്. പലരും വിദേശത്ത് കുടുങ്ങുന്ന അവസ്ഥ പോലും ഉണ്ടായി. ദി ഇന്റര്‍നാഷണലി എന്ന ഇന്‍സ്റ്റാ ഗ്രാം പേജിലൂടെയാണ് ഇവരുടെ തട്ടിപ്പ്. രജിസ്റ്റേര്‍ഡ് ഓഫീസു പോലും സ്വന്തമായി ഇല്ല. പലവിധ റീലുകളിലൂടെ ഇരകളെ അടുപ്പിക്കും. സ്പെയിനില്‍ ജോലി വാഗ്ദാനം ചെയ്തു ഇവര്‍ നിരവധി പേരെ തട്ടിച്ചിട്ടുണ്ട്. മഹരാഷ്ട്രയിലെ ഡോങ്ക്രി പോലീസാണ് അര്‍ച്ചനയെ ആദ്യം അറസ്റ്റു ചെയ്തതെന്നാണ് സൂചന. പിന്നീട് ഉത്തരാഖണ്ഡിലെ പോലീസും അറസ്റ്റു ചെയ്തു. ഈ സാഹചര്യത്തിലാണ് കേരളത്തിലെ പരാതിയില്‍ മ്യൂസിയം പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയതും തെളിവെടുപ്പിന് തിരുവനന്തപുരത്തേക്ക് കൊണ്ടു വന്നതും. അതിനിടെയാണ് മ്യൂസിയം എസ് ഐ ഷഫീന്‍ വിവാദത്തില്‍ കുടുങ്ങുന്നതും. കസ്റ്റഡി തടവുകാരിയെ അനധികൃതമായി രണ്ടുദിവസം ഹോട്ടലില്‍ താമസിപ്പിച്ചതിനാണ് എസ്ഐയ്ക്ക് സസ്‌പെന്‍ഷന്‍ കിട്ടുന്നത്. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിലെ എസ്ഐ ഷെഫിനെതിരെയാണ് നടപടി. ബാഴ്സലോണയില്‍ എംബിബിഎസിന് പ്രവേശനം വാഗ്ദാനംചെയ്ത് വഴുതയ്ക്കാട് സ്വദേശിയില്‍ നിന്ന് 15 ലക്ഷം തട്ടിയെടുത്ത കേസിലെ പ്രതിയ്ക്ക് വഴിവിട്ട സഹായം എസ്ഐ നല്‍കിയെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

കേസിലെ പരാതിക്കാരാണ് എസ്ഐയ്ക്കെതിരെ സിറ്റിപൊലീസ് കമീഷണറെ സമീപിച്ചത്. തുടര്‍ന്ന് അതീവരഹസ്യമായി ക്രൈംബ്രാഞ്ച് പരാതിയില്‍ അന്വേഷണം നടത്തുകയായിരുന്നു. ഒരു വനിത കോണ്‍സ്റ്റബിള്‍, സിവില്‍ പൊലീസ് ഓഫീസര്‍ എന്നിവര്‍ക്കെതിരെയും ഉടന്‍ നടപടിയുണ്ടായേക്കും. ബാഴ്സലോണയില്‍ എം.ബി.ബി.എസിന് പ്രവേശനം വാഗ്ദാനംചെയ്ത് വഴുതക്കാട് സ്വദേശിയില്‍ നിന്ന് 15 ലക്ഷം തട്ടിയെടുത്ത കേസിലെ മൂന്നാം പ്രതിയാണ് അര്‍ച്ചന ഗൗതം. രാജ്യാന്തര തലത്തില്‍ പ്രവര്‍ത്തിക്കുന്ന തട്ടിപ്പ് ഏജന്‍സിയായിരുന്നു ഇവരുടേത്. രാജ്യത്തിന്റെ പല ഭാഗത്തും ഇവര്‍ക്കെതിരെ സമാന കേസുകളുണ്ട്. ഉത്തരാഖണ്ഡിലെ കേസില്‍ കഴിഞ്ഞ മാസം ജാമ്യം നേടുകയും ചെയ്തു. സോഷ്യല്‍ മീഡിയാ അക്കൗണ്ടില്‍ റീല്‍സുകളും വീഡിയോകളും ഇട്ട് പാവപ്പെട്ട വിദ്യാര്‍ത്ഥികളെ ചതിക്കലാണ് രീതി. സ്പാനിഷ് എംബിസിയില്‍ സ്വാധീനമുണ്ടെന്ന തരത്തിലാണ് എല്ലാം ചെയ്യുന്നത്. പണം കൊടുത്ത ശേഷം ഇവര്‍ക്ക് വിസ കിട്ടില്ല. തിരുവനന്തപുരം കമ്മിഷണറുടെ നിര്‍ദ്ദേശപ്രകാരം ക്രൈംബ്രാഞ്ചാണ് എസ്.ഐക്ക് എതിരായ ആരോപണം അന്വേഷിച്ചത്. മറ്റൊരു കേസില്‍ ഉത്തരാഖണ്ഡിലെ ഹരിദ്വാര്‍ ജയിലിലായിരുന്നു അര്‍ച്ചന ഗൗതം. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ ഹാജരാക്കി.

തിരികെ ഹരിദ്വാര്‍ ജയിലിലേക്ക് കൊണ്ടുപോയ പ്രതിയെ കോടതിയില്‍ ഹാജരാക്കാതെ രണ്ടു ദിവസം ഡല്‍ഹിയില്‍ ഹോട്ടലില്‍ താമസിപ്പിച്ചു. ഒപ്പമുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെയും പ്രതിയെയും ഫൈസലാബാദില്‍ സുരക്ഷിതമല്ലാത്ത സ്ഥലത്ത് വാഹനത്തില്‍ ഇരുത്തിയ ശേഷം വിവര ശേഖരണത്തിനെന്ന പേരില്‍ ഷെഫിന്‍ പോയതായും അന്വേഷണത്തില്‍ കണ്ടത്തി. ഒന്നര മണിക്കൂര്‍ ഇവര്‍ വാഹനത്തിലിരിക്കേണ്ടിവന്നു. പ്രതിയുടെ ചെലവില്‍ ഫ്ലൈറ്റിലാണ് എസ്.ഐയും സംഘവും തിരികെയെത്തിയത്. എന്നാല്‍, ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുകയും ഇത് സി.ഐക്ക് മുമ്പാകെ ഹാജരാക്കുകയും ചെയ്തു. ഫ്ലൈറ്റില്‍ നാട്ടിലെത്തിയ വിവരം സ്റ്റേഷനില്‍ അറിയിച്ചില്ല. പകരം അനധികൃത അവധിയില്‍ തുടര്‍ന്നു. തട്ടിപ്പുകേസില്‍ പരാതി നല്‍കിയ വഴുതക്കാട് സ്വദേശിയാണ് പ്രതിക്ക് എസ്.ഐ ഒത്താശ ചെയ്തതായുള്ള വിവരങ്ങള്‍ തെളിവുസഹിതം സിറ്റിപൊലീസ് കമ്മിഷണര്‍ക്ക് കൈമാറിയത്. ഒപ്പമുണ്ടായിരുന്ന പൊലീസുകാര്‍ക്കെതിരെയുള്ള അന്വേഷണം പുരോഗമിക്കുകയാണ്. മേലുദ്യോഗസ്ഥന്‍ പറഞ്ഞത് അനുസരിക്കുക മാത്രമാണുണ്ടായതെന്നാണ് ഇവരുടെ നിലപാട്.

ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി അവധിയെടുത്ത് വകുപ്പുതല അനുമതി വാങ്ങാതെ എസ്.ഐ ഷെഫിന്‍ ഇടുക്കിയില്‍ സിനിമയില്‍ അഭിനയിക്കാനും പോയെന്നും കണ്ടെത്തി. ഉത്തരാഖണ്ഡില്‍ നിന്ന് നാട്ടിലെത്തി ഒരാഴ്ചയ്ക്കു ശേഷമാണ് സിനിമയില്‍ അഭിനയിക്കാനായി നാലു ദിവസം അനധികൃത അവധിയെടുത്തത്. ഇതും വിവാദമായിട്ടുണ്ട്.

Tags:    

Similar News