പാലക്കാട് നിന്നും അര്‍ദ്ധരാത്രിയില്‍ പുറപ്പെട്ട് പുലര്‍ച്ചയോടെ എത്തിയത് അടൂരിലെ കുടുംബ വീട്ടില്‍; 15 ദിവസത്തെ ഒളി ജീവിതം അവസാനിപ്പിച്ച പാലക്കാട്ടെ എംഎല്‍എ നാട്ടിലേക്ക് ഓടിയെത്തിയത് അമ്മയുടെ അടുത്തേക്ക്; ഹൈക്കോടതിയില്‍ നിന്നും പ്രതീക്ഷിക്കുന്നത് അനുകൂല വിധി; ജാമ്യം കിട്ടിയില്ലെങ്കിലും ഇനി ഒളിവില്‍ പോകില്ല; ലൊക്കേഷന്‍ ഉറപ്പിക്കാന്‍ പോലീസില്‍ പ്രത്യേക സംവിധാനം; രാഹുല്‍ മാങ്കൂട്ടത്തില്‍ അടൂരില്‍

Update: 2025-12-12 03:50 GMT

പത്തനംതിട്ട: രാഹുല്‍ മാങ്കൂട്ടത്തില്‍ അടൂരിലെ വീട്ടിലെത്തി. അമ്മയെ കാണാനാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ അടൂരിലെ വീട്ടിലെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയില്‍ പാലക്കാട്ടെ വീട്ടില്‍ നിന്നിറങ്ങിയ രാഹുല്‍ പുലര്‍ച്ചയാണ് അടൂരിലെത്തിയത്. അമ്മയെ കണ്ട രാഹുല്‍ പാലക്കാട്ടേക്ക് മടങ്ങാനാണ് സാധ്യത. ആദ്യ ബലാത്സംഗ കേസില്‍ രാഹുലിന് ഹൈക്കോടതിയില്‍ നിന്നും ആശ്വാസം കിട്ടിയിരുന്നു. മുന്‍ കൂര്‍ ജാമ്യത്തില്‍ തീരുമാനം ഉണ്ടാകും വരെ അറസ്റ്റ് ചെയ്യരുതെന്നാണ് നിര്‍ദ്ദേശം. രണ്ടാമത്തെ കേസില്‍ തിരുവനന്തപുരം സെഷന്‍സ് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ നിലവില്‍ രാഹുലിനെ അറസ്റ്റു ചെയ്യാന്‍ പോലീസിന് കഴിയില്ല. രണ്ടാം കേസിലെ ജാമ്യം റദ്ദാക്കാനുള്ള നടപടികള്‍ പ്രോസിക്യൂഷന്‍ എടുത്തിട്ടുണ്ട്. അപ്പീല്‍ ഹൈക്കോടതിയില്‍ എത്തി കഴിഞ്ഞു. ഈ സാഹചര്യത്തിലും ഇനി ഒളിവില്‍ പോകാനില്ലെന്ന സന്ദേശമാണ് രാഹുല്‍ പുറത്തേക്ക് നല്‍കുന്നത്. ഇന്നലെ രാത്രി പാലക്കാട് വിട്ട രാഹുലിനെ കണ്ടെത്താന്‍ പോലീസും ഊര്‍ജ്ജിത ശ്രമത്തിലാണ്. അതിനിടെയാണ് അടൂരിലെ വീട്ടില്‍ രാഹുല്‍ ഉണ്ടെന്ന് വ്യക്തമാകുന്നത്.

പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ നിരീക്ഷണത്തില്‍ ആക്കാന്‍ പോലീസിന് സര്‍ക്കാരില്‍ നിന്നും നിര്‍ദ്ദേശം. ഒളിവിലേക്ക് പോകാന്‍ രാഹുലിനെ അനുവദിക്കരുതെന്നതാണ് പോലീസിന് സര്‍ക്കാരില്‍ നിന്നും ലഭിച്ച നിര്‍ദ്ദേശം. രാഹുലിനെ പോലീസ് പിന്തുടരും. ഹൈക്കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം ഹര്‍ജിയില്‍ അനുകൂല വിധിയുണ്ടായില്ലെങ്കില്‍ അറസ്റ്റു ചെയ്യും. രാഹുലിനെതിരായ ആദ്യ ബലാത്സംഗ കേസില്‍ ഹൈക്കോടതിയില്‍ നിന്നും അനുകൂല വിധിയാണ് പ്രോസിക്യൂഷന്‍ പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തിലാണ് റഡാറില്‍ തന്നെയുണ്ട് രാഹുല്‍ എന്ന് ഉറപ്പിക്കുന്നത്.

കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍ നിന്ന് കോയമ്പത്തൂര്‍ എത്തി അവിടെ നിന്ന് പാലക്കാട്ട് സുഹൃത്തിന്റെ വീട്ടിലെത്തിയെന്നാണ് ലഭ്യമായ വിവരം. എംഎല്‍എയുടെ വാഹനം അവിടേയ്ക്ക് വരുത്തി വോട്ടു ചെയ്യാന്‍ വന്നു. മൂന്നു ദിവസം മുന്‍പ് വരെ പൊലീസ് അന്വേഷണ സംഘം രാഹുലിന്റെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നുണ്ടായിരുന്നുവെന്നാണ് അവകാശ വാദം. എന്നാല്‍ രാഹുലിനെ കുറിച്ചൊരു തുമ്പും പോലീസിന് കിട്ടിയിരുന്നില്ല. മുന്‍കൂര്‍ ജാമ്യം ലഭിച്ചതോടെ നിര്‍ത്തി. 15 ദിവസത്തെ ഒളിവു ജീവിതം അവസാനിപ്പിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് എത്തിയത് മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമാണ്. വോട്ട് ചെയ്യാന്‍ എത്തുമെന്ന് പാലക്കാട്ടെ രാഹുലിന്റെ സുഹൃത്തുക്കള്‍ക്ക് ഇന്നലെയാണ് വിവരം ലഭിച്ചത്.

രണ്ടാമത്തെ ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചാല്‍ രാഹുല്‍ വോട്ട് ചെയ്യാന്‍ എത്തുമെന്നായിരുന്നു അറിയിപ്പ്. ഇന്നലെ ഉച്ചയ്ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കിയ വിധി വന്നതോടെ രാഹുലിന്റെ വരവ് അനുയായികള്‍ ഉറപ്പിച്ചു. എംഎല്‍എ ആയ ശേഷമുള്ള രാഹുലിന്റെ ആദ്യ വോട്ടായിരുന്നു ഇത്തവണത്തേത്. രാവിലെ വോട്ട് ചെയ്യാനെത്തിയാല്‍ തിരഞ്ഞെടുപ്പ് ദിവസത്തെ ചര്‍ച്ചാ വിഷയം ഇതാകുമെന്നും അത് ദോഷകരമാകുമെന്നും മുന്‍കൂട്ടി കണ്ടാണ് വൈകിട്ട് വോട്ട് ചെയ്യാന്‍ എത്തിയാല്‍ മതിയെന്ന തീരുമാനത്തിലേക്ക് എത്തിയത്. ബൊക്കെ നല്‍കിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാഹുലിനെ സ്വീകരിച്ചത്. രാഹുല്‍ ഉച്ചയ്ക്ക് തന്നെ പാലക്കാട്ട് എത്തിയിരുന്നുവെന്നും വോട്ടെടുപ്പിന്റെ അവസാന മണിക്കൂറാകാനായി കാത്തിരിക്കുക ആയിരുന്നുവെന്നുമാണ് വിലയിരുത്തല്‍.

പാലക്കാട് നഗരസഭയിലെ കുന്നത്തൂര്‍മേട് സൗത്തിലെ സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളിലെ ബൂത്ത് നമ്പര്‍ രണ്ടിലാണ് രാഹുല്‍ വോട്ട് ചെയ്തത്. കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റായ ഈ വാര്‍ഡിലാണ് രാഹുല്‍ താമസിക്കുന്ന ഫ്‌ളാറ്റുള്ളത്. സത്യം വിജയിക്കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വോട്ട് ചെയ്യാന്‍ എത്തിയ രാഹുലിനെ കൂക്കു വിളിലൂടെയാണ് സിപിഎം പ്രവര്‍ത്തകര്‍ എതിരേറ്റത്. പീഡനപരാതി വന്നതിന് പിന്നാലെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവില്‍പോയത്. ഇതിനിടെ ആദ്യ പീഡനക്കേസില്‍ ഹൈക്കോടതി രാഹുലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. രണ്ടാം കേസില്‍ ജാമ്യവും കിട്ടി.

15 ദിവസത്തെ ഒളിവുജീവിതം അവസാനിപ്പിച്ചാണ് രാഹുല്‍ വോട്ടുചെയ്യാനെത്തിയത്. പാലക്കാട് നഗരസഭയിലെ കുന്നത്തൂര്‍മേട് സൗത്തിലെ സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളിലെ ബൂത്ത് നമ്പര്‍ രണ്ടിലാണ് രാഹുല്‍ വോട്ട് ചെയ്തത്. കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റായ ഈ വാര്‍ഡിലാണ് രാഹുല്‍ താമസിക്കുന്ന ഫ്ളാറ്റുള്ളത്.

Tags:    

Similar News