ശബരിമലയില്‍ മട്ടന്നൂരിന് ദേഹാസ്വാസ്ഥം അനുഭവപ്പെട്ടു; പോലീസ് സേനയ്ക്ക് ശബരിമലയില്‍ ആംബുലന്‍സ് സൗകര്യമില്ലെന്ന് തായമ്പക വിദ്വാന്‍ തിരിച്ചറിഞ്ഞപ്പോള്‍ ഭീമ പണം മുടക്കി; ഇടനില നിന്നത് ഉണ്ണികൃഷ്ണന്‍ പോറ്റി; അങ്ങനെ പിണറായിയ്‌ക്കൊപ്പം ചിത്രം കിട്ടി; കാരേറ്റിലെ 'സ്‌പോണ്‍സര്‍' പോലീസിനെ പാട്ടിലാക്കിയത് ഇങ്ങനെ

Update: 2025-10-04 01:23 GMT

തിരുവനന്തപുരം: സന്നിധാനത്ത് കീഴ്ശാന്തിയുടെ പരികര്‍മിയായെത്തി ചുരുങ്ങിയ കാലം കൊണ്ട് അമ്പരിപ്പിക്കുന്ന വളര്‍ച്ചയാണ് കിളിമാനൂര്‍ കാരേറ്റ് സ്വദേശിയായ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടേത് അഭൂതപൂര്‍വ്വമായ വളര്‍ച്ച. സെക്രട്ടറിയേറ്റില്‍ പോലും വലിയ സ്വാധീനമുണ്ടായി. കഴിഞ്ഞ ഏതാനും വര്‍ഷമായി മട്ടന്നര്‍ ശങ്കരന്‍കുട്ടിയുടെ തായമ്പക സന്നിധാനത്ത് അവതരിപ്പിക്കുന്നതിനു മുന്‍കൈ എടുത്തതും അദ്ദേഹമാണ്. നിലവില്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ ഉന്നത ബന്ധങ്ങളും കോടികളുടെ ഇടപാടുകളും പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കുന്നുണ്ട്. ശബരിമലയില്‍ തുടര്‍ച്ചയായി സ്‌പോണ്‍സര്‍ഷിപ്പിന് പോറ്റിയെ തന്നെ ചുമതലപ്പെടുത്തുന്നതിനു പിന്നില്‍ കഥയാണ് തേടുന്നത്.

വന്‍ തുക പലിശയ്ക്കു കൊടുക്കുന്നുണ്ടെന്ന വിവരവുമുണ്ട്. മുഖ്യമന്ത്രിയുമായും ഡിജിപിയുമായും എഡിജിപിയുമായും ഒക്കെ വിവിധ പരിപാടികളുടെ പേരില്‍ അടുപ്പം പുലര്‍ത്തി ഫോട്ടോയെടുത്തത് കേരളത്തിനു പുറത്ത് ഉന്നതര്‍ക്കിടയില്‍ ദുരുപയോഗപ്പെടുത്തുന്നുമുണ്ട്. മുഖ്യമന്ത്രിയും ഡിജിപിയുമായി നില്‍ക്കുന്ന ഫോട്ടോയും പുറത്തു വന്നിരുന്നു. ശബരിമലയ്ക്ക് തലസ്ഥാനത്തെ ജ്വല്ലറിയുടമ ആംബുലന്‍സ് സ്‌പോണ്‍സര്‍ ചെയ്തതിന്റെ താക്കോല്‍ദാന ചടങ്ങിലാണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും ഒപ്പം ഫോട്ടോയില്‍ ഉള്‍പ്പെട്ടത്. ഡിജിപി റാവാഡ ചന്ദ്രശേഖറെയും എഡിജിപി എസ്.ശ്രീജിത്തിനെയും ഈ ചടങ്ങില്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റി ഷാള്‍ അണിയിക്കുകയും ചെയ്തിരുന്നു. ഇതിന് വേണ്ടിയാണ് ഈ ചടങ്ങ് തന്ത്രപരമായി സംഘടിപ്പിച്ചതെന്നും സൂചനയുണ്ട്. ഇതിന് വേണ്ടി മട്ടന്നൂരിനേയും സമര്‍ത്ഥമായി ഉപയോഗിച്ചു.

കേരള സംഗീത നാടക അക്കാദമി ചെയര്‍മാന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ ക്രിയാത്മകമായ ഇടപെടലിനെ തുടര്‍ന്ന് ശബരിമലയിലെ പോലീസ് സേനയ്ക്ക് ആംബുലന്‍സ് ലഭിച്ചുവെന്ന് അന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഭീമ ഗോള്‍ഡ് പ്രെവറ്റ് ലിമിറ്റഡാണ് പോലീസ് സേനയ്ക്ക് ആംബുലന്‍സ് നല്‍കിയത്. ശബരിമലയില്‍ പരിപാടി അവതരിപ്പിക്കാന്‍ എത്തിയ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിക്ക് ദേഹാസ്വാസ്ഥം അനുഭവപ്പെട്ടപ്പോഴാണ് പോലീസ് സേനയ്ക്ക് ശബരിമലയില്‍ ആംബുലന്‍സ് സൗകര്യമില്ലെന്ന് ചെയര്‍മാന്‍ മനസ്സിലാക്കിയത്.

നിരവധി ഭക്തജനങ്ങളും കലാകാരന്മാരും ഉദ്യോഗസ്ഥരും വന്നു ചേരുന്ന ശബരിമലയില്‍ പേലീസ് സേനയ്ക്ക് ആംബുലന്‍സ് അത്യാവശ്യമാണെന്ന് മനസ്സിലാക്കിയ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി ഭീമ ഗോള്‍ഡ് പ്രെവറ്റ് ലിമിറ്റഡുമായി ആശയവിനിമയം നടത്തി ആംബുലന്‍സ് ഉറപ്പാക്കുകയായിരുന്നു. സ്വകാര്യ സ്ഥാപനത്തില്‍ നിന്നും ആംബുലന്‍സ് സ്വീകരിക്കുന്നതില്‍ പോലീസ് സേനയ്ക്ക് നിയമതടസ്സം ഉള്ളതിനാല്‍, ഈ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധ ക്ഷണിക്കുന്നതിനായി ചെയര്‍മാന്‍ നേരിട്ട് ഇടപെട്ടു.

അദ്ദേഹത്തിന്റെ ഇടപെടല്‍ഫലം കണ്ടു.മുഖ്യമന്ത്രി ഈ വിഷയത്തില്‍ ഇടപെടുകയും ആംബുലന്‍സ് സ്വീകരിക്കാന്‍ പോലീസ് സേനയ്ക്ക് അനുമതി നല്‍കി ഉത്തരവ് ഇറക്കി. ആംബുലന്‍സ് ലഭിച്ചതോടെ അടിയന്തരഘട്ടത്തില്‍ ഇടപെടുന്നതിന് പോലീസ് സേനയ്ക്ക് ആംബുലന്‍സ് എത്തി. അങ്ങനെ മട്ടന്നൂരുമായി അടുപ്പമുള്ള ഉണ്ണികൃഷ്ണന്‍ പോറ്റി ആ ചടങ്ങിലുമെത്തി. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ ശബരിമലയിലെ സ്വര്‍ണം പൂശുന്നതിന്റെയും വഴിപാടുകളുടെയും മറ്റു പൂജകളുടെയും പേരില്‍ ഇയാള്‍ വ്യാപക പണപ്പിരിവ് നടത്തിയെന്നും ആരോപണമുണ്ട്. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ ഇടപാടുകളില്‍ ദേവസ്വം വിജിലന്‍സ് അടിമുടി ദുരൂഹത സംശയിക്കുന്നു. സ്വര്‍ണപ്പാളി വിവാദത്തില്‍ ഹൈക്കോടതി ഇദ്ദേഹത്തിന്റെ സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങള്‍ തേടിയിരുന്നു. ഇതിനിടെയാണ് ഫോട്ടോകളും പുറത്തു വന്നത്.

ദ്വാരപാലക ശില്‍പം മാത്രമല്ല ശ്രീകോവിലില്‍ വാതിലും ഉണ്ണിക്കൃഷ്ണന്‍ മുന്‍കൈ എടുത്ത് സ്വര്‍ണം പൂശി നല്‍കി. അതിനു പുറമേ എല്ലാവര്‍ഷവും മകരവിളക്കു കാലത്ത് സന്നിധാനത്ത് സദ്യനടത്താറുണ്ട്. ദ്വാരപാലക ശില്‍പങ്ങളുടെ താങ്ങു പീഠങ്ങളും താന്‍ ശബരിമലയില്‍ നല്‍കിയെന്നും അവ ഇപ്പോള്‍ കാണാനില്ലെന്നുമുള്ള ഇദ്ദേഹത്തിന്റെ പ്രസ്താവന വലിയ വിവാദമായിരുന്നു. എന്നാല്‍ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ഇദ്ദേഹത്തിന്റെ വെഞ്ഞാറമ്മൂട്ടിലെ ബന്ധുവീട്ടില്‍നിന്നു തന്നെ ഇവ കണ്ടെടുത്തു. ഇതോടെയാണ് വിവാദം ഉണ്ടാകുന്നത്.

ശബരിമലയിലെ ശ്രീകോവിലിന്റെ വാതിലും കട്ടിളയുമാണെന്ന് അവകാശപ്പെട്ട് ഉണ്ണിക്കൃഷ്ണന്‍ പോറ്റി പ്രദര്‍ശനവും പൂജയും നടത്തിയിരുന്നു. ശബരിമലയിലേക്കുള്ള കട്ടിളപ്പടിയുടെ പൂജ എന്നു പറഞ്ഞ് ചലച്ചിത്ര മേഖലയിലെ ഉള്‍പ്പെടെ പ്രമുഖരെ ക്ഷണിക്കുകയും ചെയ്തു. 2019 ല്‍ ഇദ്ദേഹം ശബരിമലയിലേക്ക് ഒരു വാതില്‍ സ്‌പോണ്‍സര്‍ ചെയ്തിരുന്നെന്നും സന്നിധാനത്ത് വലിയ ബന്ധങ്ങളുണ്ടെന്നു വരുത്താനാണ് ഇത്തരം കാര്യങ്ങള്‍ ചെയ്തതെന്നുമാണു സൂചന.

Tags:    

Similar News